എന്റെ ഭാഷ :
വൈകുന്നേരം തിരുവനന്തപുരത്തെ ഓഫീസില്‍ നിന്നുമിറങ്ങി സുഹൃത്തുമൊന്നിച്ചു സിറ്റിയിലേക്കു ഒരു യാത്രപോയി. സാധാരണ വണ്ടിയോടിക്കുന്നതു ഞാനായതിനാല്‍ റോഡിലെ നോട്ടം വിട്ടു ചുറ്റുവട്ടം നോക്കാന്‍ കഴിയാറില്ല. അന്നു പിന്നിലിരുന്നു കാഴ്ചകള്‍ കണ്ട് നീങ്ങുന്നതിന്നിടയിലാണ് ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത്. എല്ലാ കടകളുടെയും പേരുകള്‍ എഴുതിയിരിക്കുന്നതു ഇംഗ്ലീഷില്‍. പിന്നീട് മലയാളം പേരുള്ളവയെ തിരയലായി പരിപാടി. പറ്റെ വേരറ്റുപോയിട്ടില്ലയെന്നു കാണിക്കാന്‍ കിട്ടി ചിലതൊക്കെ. അവിയില്‍ ഒട്ടുമിക്കതും രണ്ടാം പേരുകളായിരുന്നു. ഇത്തിരി വലിപ്പത്തിലെഴുതിയവര്‍ എച്. എസ്. ബി. സി, കൊഡക് മഹീന്ദ്ര തുടങ്ങിയ മറുദേശ സ്ഥാപനങ്ങളും, വിദേശ മദ്യവും ചില തദ്ദേശീയ ബാങ്കുകളും, ലാഭം, ത്രിവേണി തുടങ്ങിയ സര്‍ക്കാര്‍ സംരംഭങ്ങളും മാത്രം. പിന്നീട് നാട്ടിന്‍ പുറമെന്നു ഞാന്‍ കരുതുന്ന എന്റെ നാട്ടില്‍ ചെന്നപ്പോഴും ശ്രദ്ധിച്ചു. അവിടെയും ഇംഗ്ലീഷിനു തന്നെ പ്രാമുഖ്യം. ഗ്രാമവും നഗരവുമൊക്കെ ഇക്കാര്യത്തില്‍ ഒരുപോലെയായി.
എന്റെ വസ്ത്രധാരണം :
ഞാനും മുണ്ട് ഉടുക്കുന്നത് ചിങ്ങമൊന്നിന്റെ പുതുവത്സരപുലരിയിലും ഓഫീസിലെ പൂക്കളമത്സരത്തിന്റെ ദിനത്തിലും മാത്രമായി. പണ്ട് വെള്ളിയാഴ്ചകളിലെയും, പെരുന്നാള്‍ ദിനത്തിലെയും പള്ളിയില്‍പോക്കും മുണ്ടിലായിരുന്നു. ഇപ്പോള്‍ പെരുന്നാള്‍ ദിനത്തില്‍ പോലും മുണ്ടില്‍ കയറുന്നതു അപൂര്‍വ്വം. പെരുന്നാളിന്ന് മുണ്ട് കിട്ടാനായുള്ള വാശിപിടുത്തങ്ങള്‍ മറവിയിലേക്കു പോകാതെ ഓര്‍മ്മകളില്‍ തന്നെ ഒരു വാശിയോടെ നില്‍ക്കുന്നു. ഓഫീസ് വിട്ടെത്തിയാല്‍ ആദ്യം കയറുന്ന കൈലിക്കും മുണ്ടിനും അല്‍പ്പം അകന്ന ബന്ധമെങ്കിലും ഉണ്ടെന്നതാണ് ആശ്വാസം. അതുപോലെ തന്നെ, കൂടെ ജോലി ചെയ്യുന്നവരിലൊരാളെ (മലയാളി തന്നെ) മുണ്ടുടിപ്പിച്ചു ചിങ്ങമൊന്നിനെ വരവേറ്റപ്പോള്‍ "സ്വന്തമായി മുണ്ടുടുക്കാന്‍ അറിയാം" എന്നതില്‍ അഭിമാനം കൊള്ളലായിപ്പോള്‍.
എന്റെ ദേശം :
കഴിഞ്ഞുപോയതു 63-ആം സ്വാതന്ത്ര്യ ദിനം. ഇമെയില്‍ വഴും ഓര്‍ക്കൂട്ട് വഴിയുമൊക്കെ ഒരുപാട് ആശംസാ കാര്‍ഡുകള്‍ കിട്ടി. കാര്‍ഡുകള്‍ ചിലവില്ലാതെ അയച്ചാണെങ്കിലും ഐ.ടി. മേഖല എല്ലാ ദിനങ്ങളും ആഘോഷിക്കും. ഇത്തവണ കിട്ടിയ ത്രിവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞ കാര്‍ഡുകളിലേറെയും ഭഗത്‌സിംഗും, രാജഗുരുവും, സുഭാഷ് ചന്ദ്രബോസിനെയും കൊണ്ട് നിറഞ്ഞവയായിരുന്നു. രക്തസാക്ഷികളെ വാഴ്ത്തുന്നവ. ഒരൊറ്റ ഗാന്ധിജിയെപ്പോലും കിട്ടിയില്ല എന്നതാണ് എടുത്തു പറയേണ്ടുന്ന സംഗതി. ദേശസ്നേഹത്താല്‍ കൊല്ലാനും മരിക്കാനും നാം തയ്യാറാണ്, പൊരുതി വിജയിയായി ജീവിക്കാന്‍ നാം തയ്യാറാണോ എന്നിടത്താണ് ശങ്ക. പൊരുതാനും മരിക്കാനും തയ്യാറായി ജീവിക്കാന്‍ നമ്മെ പഠിപ്പിച്ച മഹാന്‍ പാഠപുസ്തകങ്ങളില്‍ നിന്നുപോലും അപ്രത്യക്ഷമാകുമ്പോള്‍ ഇതൊന്നും അത്ഭുതപ്പെടാനില്ല. അഹിംസാ മാര്‍ഗം മുറുകെപ്പിടിച്ചു രക്തസാക്ഷിത്വം വരിച്ചവര്‍ രണ്ടാം തരമെന്നു നമ്മുടെ സമൂഹം കരുതുന്നുവോ? മാര്‍ഗ്ഗവും ലക്ഷ്യവും വഴിമാറിപ്പോയാലും, പ്രവര്‍ത്തി തെറ്റിപ്പോകില്ലയെന്ന ഗുണം അഹിംസക്കുണ്ടെന്നു നാം തിരിച്ചറിയേണ്ടതുണ്ട്. യുദ്ധം പ്രഖ്യാപിച്ചെത്തുന്ന പ്രത്യക്ഷ ശത്രുവിനോട് ആയുധപോരാട്ടം വേണം. എന്നാല്‍ ആ ശത്രുക്കളെയും രാജ്യത്തിനകത്തെ എതിരാളികളെയും നിലക്കു നിര്‍ത്താന്‍ ഏറ്റവും നല്ല ആയുധം അഹിംസയും, ക്ഷമയും, ബഹിഷ്കരണവും, സത്യാഗ്രഹവും, ഉപരോധവുമൊക്കെയുള്ള അഹിംസാ മാര്‍ഗങ്ങളല്ലേ? അമേരിക്കയുടേയും ചൈനയുടേയും പാകിസ്ഥാന്റെയും ഇസ്രായേലിന്റെയുമൊക്കെ സാധനങ്ങളെ കെട്ടിപ്പുണര്‍ന്നു അനുഭവിച്ചുകൊണ്ട് അവരുടെ ചെയ്തികളെ കുറ്റം പറയുന്നതില്‍ എന്തു അര്‍ത്ഥമാണുള്ളതു? മറ്റുള്ളവരെ നിയന്ത്രിക്കാന്‍ ഇറങ്ങും മുന്‍പ് സ്വയം നിയന്ത്രിക്കാനൊരു ശീലം നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഇന്ത്യയെപ്പോലെയൊരു ബഹുസ്വര സമൂഹം അഹിംസ ശീലിച്ചേ മതിയാവൂ. കുറഞ്ഞപക്ഷം ശരി ചെയ്തില്ലെങ്കിലും തെറ്റു ചെയ്തില്ല എന്നു സമാശ്വസിക്കാന്‍ അതു പിന്നീട് വക നല്‍കും. അക്രമത്തിനും ഉന്മൂലന സിദ്ധാന്തങ്ങള്‍ക്കും വേരോട്ടമുണ്ടാകുന്ന സമൂഹത്തില്‍ അശാന്തികള്‍ പടര്‍ന്നുകൊണ്ടേയിരിക്കും എന്നതാണ് സത്യം. നാമിന്നു കാണുന്നതും അതു തന്നെയല്ലേ?
എന്റെ സംസ്കാരം :
അബ്ദുല്‍കലാമും, മമ്മൂട്ടിയും, ഷാരൂഖ് ഖാനും, ഇവ മൂന്നു വെറും പേരുകളല്ല. മൂന്നുപേരും അതുല്യ പ്രതിഭകള്‍. ഇവര്‍ക്കു മൂവര്‍ക്കും സാമ്യമുള്ളവസ്തുതകളില്‍ പ്രധാനപ്പെട്ടതു അവരുടെ മുസ്ലിം നാമവും കറുത്ത തൊലിയും തന്നെ. ഇതു രണ്ടും അമേരിക്കയെന്ന രാഷ്ട്രം ഭയക്കണം. കാരണം ഇവയടങ്ങിയ കോടിക്കണക്കിന്ന് മനുഷ്യരുടെ ആത്മാക്കളെ ശരീരത്തില്‍ നിന്നും വേര്‍പെടുത്തിയവര്‍ ഭയപ്പെടാന്‍ യോഗ്യര്‍ തന്നെ. പക്ഷെ പ്രശ്നം മറ്റൊന്നാണ്. അവരുടെ ഭയത്തെ കയറ്റിയയച്ചു, മുസ്ലിം ഉന്മൂലനമെന്ന ആശയം വിളകൊയ്യുകയാണിന്ന്. വഴിയേ പോകുന്ന എതങ്കിലും കറുത്ത-മുസ്ലിമല്ല മമ്മൂട്ടിയും ഷാരൂഖും ശ്രീ. അബ്ദുല്‍ കലാമുമൊക്കെ. ലോകം വിരല്‍ തുമ്പത്തു എത്തിയ ഇന്നത്തെ കാലത്ത്, ലോകത്ത് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന ഇന്ത്യാക്കാരാണവര്‍. ഇന്റര്‍നെറ്റിലൊന്നു പരതിയാല്‍ വിരല്‍ തുമ്പത്തു അവരുടെ ജീവ ചരിത്രം വന്നെത്തും. അങ്ങനെയുള്ളവരെ പരിശോധിക്കുമ്പോള്‍ മുറിപ്പെടുത്താത്ത വാക്കുകളെങ്കിലും ഉപയോഗിക്കേണ്ടതുണ്ട്. നമ്മളിലെ ഏറ്റവും സുപ്രശസ്തരായാവര്‍ക്ക് (കുറഞ്ഞപക്ഷം അബ്ദുല്‍ കലാമെന്ന മുന്‍രാഷ്ട്രപതിയെങ്കിലും സുപ്രശസ്ഥനെന്നു നിങ്ങള്‍ അങ്ങീകരിക്കില്ലെ?) പീഡനം നല്‍കുക വഴി, അവര്‍ നമ്മിലേക്കു പകര്‍ന്നു നല്‍കുന്ന ചില സന്ദേശങ്ങളുണ്ട്. ഒപ്പം ഒരു വിഭാഗത്തെ കുറിച്ചു മറ്റുള്ളവരിലേക്കു പകരുന്ന ഭീതിയും അതു വിതക്കുന്ന അശാന്തിയും കാണണം. അമേരിക്ക ചെയ്യുന്നതു അവരുടെ സംസ്കാരമായിരിക്കാം. എന്നാല്‍ ഈ ബൂലോകത്തും പുറത്തും നാം തന്നെ, 'അവര്‍ അതിനര്‍ഹരാണ്' എന്നു പറയാനും സ്ഥാപിക്കാനും തുടങ്ങുമ്പോഴാണ്, ഇതു നമ്മുടെ സംസ്കാരമല്ലെന്നു ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത്.
വാല്‍ക്കഷ്ണം: ഇത്ര നാളും നാം കേട്ടിരുന്ന പരാതിയും പരിഭവങ്ങളും ഓരോരുത്തരെ ഇകഴ്ത്തി പറയുന്നതു എന്നതു കൊണ്ടായിരുന്നു. ദാ ഇപ്പോള്‍ ഒരു മനുഷ്യന്‍ ഒരാളെ പുകഴ്ത്തി പുസ്തകമെഴുതിയപ്പോഴും കഥ അങ്ങനെ തന്നെ.
പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......
Friday, August 21, 2009
എന്താഡോ ഇങ്ങനൊക്കെ?
Subscribe to:
Post Comments (Atom)
അമേരിക്ക ചെയ്യുന്നതു അവരുടെ സംസ്കാരമായിരിക്കാം. എന്നാല്‍ ഈ ബൂലോകത്തും പുറത്തും നാം തന്നെ, 'അവര്‍ അതിനര്‍ഹരാണ്' എന്നു പറയാനും സ്ഥാപിക്കാനും തുടങ്ങുമ്പോഴാണ്, ഇതു നമ്മുടെ സംസ്കാരമല്ലെന്നു ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത്.
ReplyDeleteനല്ല കുറിപ്പ്, ഒട്ടേറെ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചു പറഞ്ഞത്. മനസ്സിനെ കുറച്ചു നേരത്തേക്കെങ്കിലും പിടിച്ചുലച്ചിരിക്കുന്നുവീ അത്ഭുതങ്ങളൊന്നുമില്ലാത്തയീ കുറിപ്പ്, അതുകൊണ്ടു തന്നെ തുടര്‍വയന ആവശ്യപ്പെടുന്നു, ചിന്തകളും പ്രവര്‍ത്തനവും.
ReplyDeleteആശംസകള്‍.
ഏറ്റവും കൂടുതല്‍ സമയമെടുത്ത് പുറത്തുവന്ന ഇന്ത്യയിലെ ആദ്യത്തെ കമ്മീഷന്‍ റിപ്പോര്‍ട്ട്. എം.എസ്സ്. ലിബറാന്‍ (മന്മോഹന്‍ സിങ്ങ് ലിബറാന്‍-പൂര്‍ണ്ണമായ പേര് പുറത്തുവിട്ടത് ഹിന്ദു പത്രം) പറയുന്നതിന് എത്രയോ മുന്‍പെ ജനങള്‍ അറിഞ്ഞ വിവരം. 17 വര്‍ഷത്തിനു ശേഷം പുറത്തു വരുന്ന ഒരു റിപ്പോര്‍ട്ടിന്മേല്‍ എന്തു നടപടിയാണ് എടുക്കുക. എല്ലാം കളികള്‍. പാര്‍ലമെന്റിലേക്ക് ജയിച്ചു കയറുന്ന കള്ളനും കുള്ളനും കോമാളിക്കും സമയം കളയാന്‍ ഓരോരൊ കാര്യങ്ങള്‍. അല്ലാതെന്ത?
ReplyDeleteലേഖനം കാര്യമാത്രപ്രസക്തമായി.