പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Tuesday, April 26, 2011

വികാരങ്ങള്‍ക്കപ്പുറം

എന്‍ഡോസള്‍ഫാന്‍, നാട്ടിലിന്നു ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന വാക്കു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തില്‍ ഉപയോഗിക്കുന്ന വിരൂപികളായ നമ്മുടെ സഹോദരങ്ങളുടെ ചിത്രങ്ങള്‍ അസ്വസ്ഥതയുളവാക്കാത്തവരാരുമുണ്ടാവില്ല. ഓരോ ദുരന്തവും കാണുമ്പോള്‍ ഇതിനു കാരണമായവയെ നാട്ടില്‍ നിന്നും കെട്ടു കെട്ടിക്കണമെന്ന വികാരം നമ്മളിലുണരും. നമ്മുടെ ആവേശവും വികാരവും സദുദ്ദേശത്തോടെ രാജ്യനന്മക്കായി ഉപയോഗിക്കുന്നവരെക്കാളധികം, അതിനെ ചൂഷണം ചെയ്തു മറ്റു ചിലര്‍ക്കെതിരെയുള്ള ആയുധമാക്കാനാണ് പലര്‍ക്കും താല്‍പ്പര്യം എന്നു നാം മറന്നു പോവുകയും ചെയ്യും.

ഒരു ഉപയോഗവുമില്ലാത്ത മദ്യമെന്ന വിഷം, സര്‍ക്കാര്‍ വിറ്റഴിക്കുന്ന നാടാണ് നമ്മുടേതു. പല രാജ്യങ്ങളും (നമ്മള്‍ പോലും) നിരോധിച്ച മരുന്നുകള്‍ പോലും ഇവിടെ നമ്മളറിയാതെ പരീക്ഷിക്കപ്പെടുകയും വിറ്റഴിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്നു വാര്‍ത്തകള്‍. എന്നാല്‍, അതിനു വ്യത്യസ്തമായി, കീടനാശിനികള്‍ വിഷമാണെന്നും അതു മനുഷ്യനു ദോഷം ചെയ്യുമെന്നും നമുക്കറിയാം. വിഷം കഴിച്ചു ആത്മഹത്യ ചെയ്യുവാന്‍ തിരഞ്ഞെടുക്കുന്നതും കീടനാശിനികള്‍ തന്നെ.  എങ്കിലും നാമവ ചില നിര്‍ബന്ധിത സാഹചര്യങ്ങളില്‍ കൃഷിക്കായും മറ്റും ഉപയോഗിക്കേണ്ടി വരുന്നു. ഈ ബോധം മനസ്സില്‍ നിലനിര്‍ത്തിക്കൊണ്ടു വേണം നാം പല പ്രശ്നങ്ങളെയും സമീപിക്കാന്‍.

എന്തു കൊണ്ട് കീടനാശിനികള്‍?

കൃഷിസ്ഥലങ്ങളിലെ കീടങ്ങളെ കണ്ടെത്തി അടിച്ചു കൊല്ലാനുള്ള ഉപകരണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തിടത്തോളം കാലം നമ്മള്‍ അതിനായി വിഷം ഉപയോഗിക്കാതെ നിവൃത്തിയില്ല. ഭക്ഷണം മനുഷ്യനു ആവശ്യമുള്ളിടത്തോളം കാലം ഇതു തുടരുകയും ചെയ്യും. അത്യാവശ്യമുള്ള കീടനാശിനി ആവശ്യത്തിനു മാത്രം, വേണ്ടിടത്തു മാത്രം, വേണ്ടതു പോലെ ഉപയോഗിക്കുക എന്നതാണു നല്ലതു. എല്ലാ കീടനാശിനികളും നിരോധിച്ച രാജ്യങ്ങളൊന്നും ഉണ്ടാവില്ലല്ലോ?

അതിനായി ഇത്രയേറെ പ്രശ്നങ്ങളുണ്ടാക്കുന്ന എന്‍ഡോസള്‍ഫാന്‍ തന്നെ വേണോ?
ഈ ചോദ്യത്തിനു, ദുരിതബാധിതമല്ലാത്ത ഒരു പ്രദേശത്തെ ജനങ്ങള്‍ക്കു സ്വാഭാവികമായി ഉയരുന്ന ഒരു മറു ചോദ്യം ഉണ്ടാവും. നാം കാണുന്ന പ്രശ്നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലം തന്നെയാണോ, ആണെങ്കില്‍ രാജ്യവ്യാപകമായി ഉപയോഗിക്കുന്ന ഈ കീടനാശിനി ഒരു കാര്‍ഷിക സംസ്ഥാനമേയല്ലാത്ത കേരളത്തില്‍ എന്തു കൊണ്ട് ഇത്രമാത്രം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു? എന്‍ഡോസള്‍ഫാന്‍ പ്രശ്നമില്ലാത്ത നാടുകളിലും വൈകല്യങ്ങളുള്ള ആള്‍ക്കാര്‍ ഇല്ലേ?

അധികമായതും, അശാസ്ത്രീയമായതുമായ ഉപയോഗവുമാണ് അത്തരം പ്രശ്നങ്ങള്‍ക്കു കാരണം എന്നാണതിനുത്തരം കിട്ടുക. അധികമായാല്‍ അമൃതും വിഷം എന്ന പല്ലവി ഓര്‍ക്കുക. കൂടുതല്‍ മരുന്നു കഴിച്ചാലും സമയം തെറ്റി മരുന്നു കഴിച്ചാലും മരണത്തിലേക്കു നാം ഓടിയെത്തും എന്നിരിക്കെ ഏതു വിഷത്തിന്റെയും അമിതമായതും അശാസ്ത്രീയവുമായ ഉപയോഗം ആപത്തു വരുത്തും എന്നതു സ്വാഭാവികം. അതിന്നു പരിഹാരം നിരോധനമാണോ, മിതമായതും ശാസ്ത്രീയമായതുമായ ഉപയോഗമാണോ എന്നു നാം തന്നെ തീരുമാനിക്കേണ്ടിയിരിക്കുന്നു. അണക്കെട്ടുകളുടെ കാര്യത്തിലും, ആണവ പദ്ധതികളുടെ കാര്യത്തിലുമൊക്കെ നാം അത്തരം ചില തീരുമാനങ്ങളെടുക്കേണ്ടിയിരിക്കുന്നു.

രാജ്യ പുരോഗതിയും നിയമവും മറ്റും നോക്കി തീരുമാനം എടുക്കേണ്ട ഉത്തരവാദിത്വമുള്ള അധികാരികള്‍ക്കു ഒരു മധ്യപാതയേ സാദ്ധ്യമാവൂ എന്നതാണു സത്യം. ഒരു ചെറിയ വിഭാഗത്തിന്റെ പ്രക്ഷോഭമൊന്നും നയം മാറ്റത്തിന്നു മതിയായ കാരണമാക്കാന്‍ അവര്‍ക്കു പറ്റില്ല തന്നെ. (അധികാരത്തിനു പുറത്തിരിക്കുമ്പോള്‍ ജനവികാരത്തിനൊപ്പം നില്‍ക്കുകയും, നടപ്പാക്കില്ല എന്നു ഉറപ്പു നല്‍കുകയും ചെയ്യുന്ന കാര്യങ്ങള്‍ ഇടതുപക്ഷം അധികാരത്തിലേറിക്കഴിയുമ്പോള്‍ പോലും നടപ്പിലാക്കേണ്ടി വരുന്നതു, ഏ.ഡീ.ബിക്കാര്യത്തിലും ദേശീയപാതയുടെ ടോള്‍ പിരിവിന്റെ കാര്യത്തിലും, സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലുമൊക്കെ നാം കണ്ടതാണല്ലോ?)

എന്‍ഡോസള്‍ഫാന്റെ ഉപയോഗം കേരളത്തില്‍ നിരോധിച്ച് കൊണ്ട് കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവു പുറത്തിറങ്ങിയതു 2010 നവംബര്‍ 18 നാണ്. അതായതു പത്തു പതിനഞ്ചു കൊല്ലങ്ങളായി നമ്മളുടെ കണ്മുന്നില്‍ നാം കണ്ട ദുരിതങ്ങള്‍ക്കു വിരാമമിടാന്‍ നമ്മുടെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവു ഇറങ്ങിയിട്ടു ആറുമാസം തികഞ്ഞിട്ടില്ല. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സംസ്ഥാനങ്ങളുടെ എണ്ണത്തിന്റെ പത്തിലൊന്നു പോലും സംസ്ഥാനങ്ങള്‍ നിരോധനത്തിനായി ശബ്ദിച്ചു തുടങ്ങിയിട്ടുമില്ല. എങ്കിലും ദുരിതത്തെ ബോധ്യപ്പെട്ട് നിരോധിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം ചോദ്യം ചെയ്യുന്നില്ല എന്ന വസ്തുതയും നാം കാണാതിരുന്നു കൂടാ.

സംസ്ഥാനം ഇതിനെ നിരോധിച്ചതും, നിരോധിച്ചതിനെ ആരും ചോദ്യം ചെയ്യാത്തതും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കൂട്ടായ്മയുടെ വിജയം തന്നെയാണ്. ഇന്ത്യ മുഴുവന്‍ നിരോധിക്കുക, പിന്നെ ലോകം മുഴുവന്‍ നിരോധിക്കുക എന്നതാണു അടുത്ത പടി.

ഇനി ഇന്ത്യയൊട്ടാകെ ഇതു നിരോധിക്കാന്‍ എന്തുവഴിയാണ് സ്വീകരിക്കേണ്ടതു എന്നതാണ് മറ്റൊരു ചോദ്യം?

കേന്ദ്ര സര്‍ക്കാരിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക എന്നതാണൊരു കാര്യം. കൂട്ടുകക്ഷി ഭരണത്തിന്റെ ഈ കാലത്തു അതിനേക്കാള്‍ എളുപ്പമുള്ള വഴി വേറെയില്ല. കേരളത്തിലെ എല്ലാ പാര്‍ട്ടികളും ഇതു നിരോധിക്കണമെന്ന വികാരമുള്ളവരാണെന്നാണ് പുറമേ നിന്നു നോക്കുമ്പോള്‍ മനസ്സിലാവുക. കോണ്‍ഗ്രസ്സിനു കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ പ്രശ്നം 90% കഴിഞ്ഞു. ഇപ്പോള്‍ നിരോധനം സാധ്യമല്ലെന്നു പറഞ്ഞ ഭക്ഷ്യമന്ത്രി പവാറിന്റെ പ്രസ്ഥാനം ഇവിടെ ഇടതു പക്ഷത്താണ്. അവരതു അദ്ദേഹത്തെ ബോധ്യപ്പെടുത്തിയാലും പ്രശ്നം ഏറെക്കുറെ പരിഹരിക്കപ്പെടും.

മറ്റൊരു വഴി, കൂടുതല്‍ സംസ്ഥാനങ്ങളെക്കൊണ്ട് ഈ ആവശ്യമുന്നയിപ്പിക്കുക എന്നതാണ്. കര്‍ണാടക ഭരിക്കുന്ന ബിജെപിയും, കേരളം ഭരിക്കുന്ന ഇടതു പക്ഷവും തങ്ങള്‍ ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളെക്കൊണ്ട് കൂടി ഈ ആവശ്യം ഉന്നയിപ്പിച്ചാലും പ്രശ്നപരിഹാരത്തിനു വേഗത ലഭിക്കുമായിരുന്നു.

ഇനിയൊരു വഴി കോടതിയാണ്. ആ രീതി ഈ വിഷയത്തില്‍ എത്രമാത്രം സ്വീകരിച്ചിട്ടുണ്ട്? ഏറ്റവും നീതിപൂര്‍വ്വമായ വഴിയും അതാണെന്നാണ് എന്റെ അഭിപ്രായം. കേന്ദ്രം ഒരു സര്‍ക്കാര്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്റെ പിന്‍ബലമില്ലാ‍തെ, ജനസമ്മര്‍ദ്ധത്താല്‍ ഇനി ഇതു നിരോധിച്ചാലും കേസ് കോടതിയിലെത്താനും കോടതി നിരോധനം നീക്കാനും സാദ്ധ്യതയില്ലേ? അങ്ങനെയാണെങ്കില്‍ ഇതിനെതിരെ ഒരു റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തു നില്‍ക്കുകയാണ് നല്ലതു. അതിനു കാലതാമസം ഉണ്ടാകാതിരിക്കാനുള്ള ഉറപ്പുകളാണ് ആദ്യം വാങ്ങിയെടുക്കേണ്ടതു.

കാരണം 2002 മാര്‍ച്ചില്‍  എന്‍ഡോസള്‍ഫാന്‍ ദോഷരഹിതമായ കീടനാശിനിയാണെന്ന്‌ ഡുബെ കമ്മീഷന്‍ കേന്ദ്രഗവണ്‍മെന്റിന്‌ റിപ്പോര്‍ട്ട്‌ നല്‍കി. എങ്കിലും 2004 സെപ്‌തംബറില്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം പഠിക്കുന്നതിനായി പുതിയൊരു കമ്മീഷനെ (സിഡി. മായി (CD Mayee) കമ്മീഷന്‍ ) കേന്ദ്രഗവണ്‍മെന്റ്‌ നിയമിച്ചു. 2004 ഡിസംബറില്‍ എന്‍ഡോസള്‍ഫാന്‍ ദോഷരഹിതമാണെന്ന്‌ മായീ കമ്മീഷനും റിപ്പോര്‍ട്ട്‌ നല്‍കി. (റിപ്പോര്‍ട്ട്‌ ഔദ്യോഗിക രേഖയാണെന്ന പേരില്‍ പുറത്തുവിട്ടില്ല). ഇങ്ങനൊരവസ്ഥയില്‍ എന്‍ഡോസള്‍ഫാന്‍ കുഴപ്പമാണെന്ന ഒരു നിലപാട് എങ്ങനെ കേന്ദ്രത്തിനെടുക്കാന്‍ കഴിയും?

73 രാഷ്ട്രങ്ങള്‍ നിരോധിച്ചു എന്നതു അപ്പോഴും നമ്മളുടെ മുന്നില്‍ ഒരു വസ്തുതയായി മുന്നില്‍ നില്‍ക്കുന്നു. അതില്‍ തന്നെ പല കേമന്മാരുമുണ്ട്. അതുകൊണ്ടു തന്നെ ഇവിടെയും നിരോധിക്കാന്‍ കഴിഞ്ഞാല്‍ അതു തന്നെ നല്ലതു എന്നാണു ഒരു സാധാരണക്കാരനെന്ന നിലയില്‍ എന്റെ അഭിപ്രായം. അതിനു വ്യക്തമായ റിപ്പോര്‍ട്ട് നമുക്കു കാണിക്കാനും കഴിയണം. ക്രോഡീകരിക്കപ്പെട്ട വസ്തുതകളുടെ പിന്‍ബലത്തില്‍ നിരോധനമുണ്ടാകുന്നതാണ് നല്ലതു. അതു വേഗത്തിലുണ്ടാവാന്‍ ഈ സമ്മര്‍ദ്ധങ്ങള്‍ നല്ലതു തന്നെ. നമുക്കു അതിനായ് ശ്രമിക്കാം. എന്‍ഡോസള്‍ഫാനല്ലെങ്കില്‍ മറ്റെന്താണതിനു കാരണം എന്നു കൂടി കണ്ടെത്തേണ്ടതുണ്ട്. 

2002 -ല്‍ നല്‍കിയ ഒരു റിപ്പോര്‍ട്ട് കേന്ദ്രത്തിന്റെ മുന്നിലുണ്ടെന്നും, അതില്‍ എന്‍ഡോസള്‍ഫാനുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ വിവരിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞതായി വാര്‍ത്ത കണ്ടു. അതു സത്യമാണെങ്കില്‍, അതിന്മേല്‍ ഒരു നടപടിയെടുക്കാതെ ഒന്നിനു പിറകേ മറ്റൊന്നു എന്ന രീതിയില്‍ അന്വേഷണം മാത്രം നടത്തി സമയം കളയാനാണ് കേന്ദ്ര സര്‍ക്കാരിനു താല്‍പ്പര്യമെങ്കില്‍ അതു ശുദ്ധ ചെറ്റത്തരമാണ്. പിന്നെ പ്രക്ഷോഭങ്ങളല്ലാതെ വേറെ വഴിയില്ല. അപ്പോഴും (എപ്പോഴും) കൂട്ടത്തിലെ കള്ളനാണയങ്ങളെ കരുതിയിരിക്കുക. അവര്‍ ജനങ്ങളുടെ പ്രക്ഷോഭങ്ങളെ ഹൈജാക്ക് ചെയ്തേക്കും.

Related Posts with Thumbnails