പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Monday, December 31, 2007

2007- മറവിയിലേക്ക്‌

2006 ഡിസംബര്‍ 30-ന്റെ പ്രഭാതത്തില്‍ സമാധാനം ആഗ്രഹിക്കുന്ന ലോകജനതക്കുമുന്നിലേക്കു പറന്നെത്തിയ വാര്‍ത്ത "സദ്ദാം ഹുസ്സൈനിനെ തൂക്കിലേറ്റി" എന്നതായിരുന്നു. 2007 എന്ന പുതുവര്‍ഷത്തിന്റെ സമാധാനത്തിനു അതനിവാര്യമാണെന്നായിരുന്നു അതു നടത്തിയവരുടെ വാദം. പിന്നെയും വര്‍ഷം ഒന്നു കഴിഞ്ഞു. ഡിസംബറും എത്തി. ഈദും ക്രിസ്തുമസ്സും ആഘോഷപൂര്‍വ്വം കടന്നു പോയി. ഡിസംബറിന്റെ ദു:ഖാങ്ങളില്‍ ഒരു പേരുകൂടി കൂട്ടിച്ചേര്‍ത്തു "കിഴക്കിന്റെ പുത്രി - ബേനസീര്‍ ഭൂട്ടോ"യും കടന്നുപോയി. അതും ആര്‍ക്കൊക്കെയോ സമാധാനത്തോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാനാവും. അങ്ങനെ ഒരു ദു:ഖത്തില്‍ തുടങ്ങി മറ്റൊരു ദു:ഖത്തില്‍ 2007 അവസാനിക്കുന്നു.

സദ്ദാമില്ലാത്ത ലോകം, സദ്ദാം ഭരണാധികാരിയായിരുന്ന കാലത്തെ ലോകത്തേക്കാള്‍ ഇറാക്കിലും ലോകത്തിലും സമാധാനം കൊണ്ടുവന്നില്ല. പാകിസ്ഥാനിലോ, പാലസ്ഥീനിലോ, അഫ്ഗാനിസ്ഥാനിലോ, ഇറാനിലോ, യൂറോപ്പിലോ അമേരിക്കയിലോ എവിടെയും അരക്ഷിതാവസ്തകള്‍ വളരുന്നു എന്നതിനപ്പുറം സമാധാനത്തിലേക്കു ഒരുമാറ്റവും 2007 കൊണ്ടുവന്നിട്ടില്ല. ഹ്യൂഗോ ഷാവേസും. അഹമ്മദി നജാദുമൊക്കെയടങ്ങുന്ന ചുണക്കുട്ടികളുടെ ഒരു "ചങ്കൂറ്റത്തിന്റെ അച്ചുതണ്ട്‌" ഉയര്‍ന്നു വരുന്നതും ആയുധങ്ങള്‍ കൊണ്ടുവരുന്ന സമാധാനങ്ങള്‍ക്കുമപ്പുറം, ഇരകളുടെ കൂട്ടായ്മകളില്‍ നിന്നും ഉയര്‍ന്നുവരുന്ന ഉണര്‍ത്തുപാട്ടുകള്‍ കെട്ടിപ്പടുക്കുന്ന സമാധാനത്തിന്റെ ഒരു ലാഞ്ചന കണ്ടുവരുന്നു എന്നുള്ളതുമാണു ഇന്നിന്റെ പ്രതീക്ഷ.

ഏതൊരു ജനതക്കും അവരുടെ നിലവാരത്തിനൊത്ത ഭരണാധികാരികളയെ ലഭിക്കൂ എന്നാണ്‌ പറയാറ്‌. സാമ്പത്തിക രംഗത്ത്‌ ഭാരതമൊരു കുതിച്ചു ചാട്ടം തന്നെ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ, ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന അസമത്വവും, അസഹിഷ്ണുതയും, ജാതി-മത-ഭാഷാ വര്‍ഗ്ഗീയതയും, ഒപ്പം അവയെ വളര്‍ത്താനും വോട്ടുബാങ്കുകളെ ശൃഷ്ടിച്ചു അവരെ തങ്ങളുടെ ചേരികളിലാക്കാനുള്ള പ്രസ്ഥാനങ്ങളുടെ ശ്രമവും നാടിനെ നാശത്തിലേക്കു നയിക്കുന്നു.

ഭരണകൂടഭീകരതകളാണു കഴിഞ്ഞ വര്‍ഷങ്ങളില്‍ വ്യത്യസ്ത സംസ്ഥാങ്ങളില്‍ വ്യത്യസ്ത രീതികളില്‍ കണ്ടതിലൊന്നു. ഗുജറാത്തിലെ വംശീയ ഹത്യയും, ബംഗാളിലെ നന്ദിഗ്രാം കൂട്ടക്കൊലയും അവയില്‍ ചിലതുമാത്രം. വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാള്‍ "വധിക്കപ്പെടേണ്ടയാള്‍ തന്നെ"യെന്നും, നന്ദിഗ്രാമില്‍ "അതേ നാണയത്തില്‍ പകരം ചോദിച്ചു" എന്നുമൊക്കെ അവിടങ്ങളിലെ ഭരണാധികാരികള്‍ തന്നെ പറയുമ്പോളാണ്‌ ഭരണകൂട ഭീകരതയുടെ ആഴം മനസ്സിലാകുക. ആണവക്കരാറും അതുണ്ടാക്കിയ പ്രതിസന്ധികളുമാണു കഴിഞ്ഞ വര്‍ഷത്തെ കേന്ദ്രഭരണവുമായി ബന്ധപ്പെട്ടു എടുത്തു പറയാനുള്ളതു. അമേരിക്കയിലെ ഹൈഡ്‌ ആക്റ്റ്‌ ഇന്ത്യയെ ബാധിക്കുന്നതു എങ്ങനെയെന്നു ഇന്നും എനിക്കു മനസ്സിലായിട്ടില്ല. ഒരു രാജ്യത്തെ നിയമങ്ങള്‍ മറ്റൊരു രാജ്യത്തിന്നു ബാധകമാകുന്നതു എങ്ങനെയാണ്‌. നമ്മുടെ ഏതെങ്കിലും ഒരു നിയമം ലോകത്തിനു മുഴുവന്‍ ബാധകമാണെന്നു നാം തീരുമാനിച്ചു എന്നാല്‍ പോലും അതു മറ്റൊരു സ്വതന്ത്ര രാജ്യത്തിനു ബാധകമാകുമൊ?

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തിനെ കണ്ടതു അപൂര്‍വ്വമായി മാത്രം. പിശാചുക്കളുടെ താണ്ഡവ നടനം കഴിഞ്ഞു നാട്‌ വിറങ്ങലിച്ചു നില്‍ക്കുന്നു. "വിവാദങ്ങളുടെ നാടെന്നോ" മറ്റോ വിശേഷിപ്പിക്കുന്നതാവും ഉചിതം. ഇച്ഛാശക്തിയില്ലാത്ത, ദാര്‍ഷ്ഠ്യം മാത്രം കൈമുതലായുള്ള ഭരണകര്‍ത്താക്കള്‍ പ്രശ്നങ്ങള്‍ക്കു ഉചിതമായ പ്രതിവിധി കാണാനാകാതെയലയുന്ന കാഴ്ച. തകര്‍ന്ന ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങള്‍. തകര്‍ന്ന രോഡുകള്‍. കൂട്ടുത്തരവാദിത്തം പോലും തകര്‍ന്ന മന്ത്രി സഭ. കുതിച്ചു കയറുന്ന വിലക്കയറ്റം. തകര്‍ന്ന സമ്പത്‌ വ്യവസ്ത. ക്രമസമാധാനത്തകര്‍ച്ച. കണ്ണൂരിലും മറ്റും തിരിച്ചുവരുന്ന രാഷ്ട്രീയ കൊലപാതക പരമ്പരകള്‍. വിശ്വാസം നഷ്ടപ്പെട്ട മത സമൂഹങ്ങള്‍. എല്ലാംകൂടി ബഹുരസം. സംസാരിക്കാന്‍ വിഷയദാരിദ്ര്യം എന്നൊന്നു ഇല്ലേയില്ല.

ഈ കൊച്ചു നാട്ടിലിരുന്നു, "വീണ്ടുമൊരുനാള്‍ വരും" എന്നുറക്കെ പാടി നല്ലതു വരാന്‍ പ്രാര്‍ത്ഥിച്ച്‌, പുതുവര്‍ഷം പ്രമാണിച്ചു സര്‍ക്കാര്‍ കനിഞ്ഞു നല്‍കുന്ന പവര്‍കട്ട്‌ രണ്ടു കയ്യും നീട്ടി വാങ്ങി നമുക്കു വലതുകാല്‍ വെച്ചു അടുത്ത വര്‍ഷത്തേക്കു കയറാം. ഹാപ്പീ ന്യൂ ഇയര്‍.........

Related Posts with Thumbnails