പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Thursday, March 5, 2009

ചില വേറിട്ട ചിന്തകള്‍

കഴിഞ്ഞയാഴ്ച അവിചാരിതമായി കണ്ടുമുട്ടിയ ഒരു പ്രശസ്ത വ്യക്തിയുമായിനടത്തിയ ചെറിയ ചര്‍ച്ചക്കിടയില്‍, എന്റെ വാദങ്ങള്‍ക്കു ബദലായും അല്ലാതെയും അദ്ദേഹം പങ്കുവെച്ച ചില ആശയങ്ങളില്‍ എന്നെ ചിന്തിപ്പിച്ച ചിലതാണ്‌ താഴെ എന്റെ ഭാഷയില്‍. ഇതു നിങ്ങളുടെ ചിന്തക്കായും മറുപടികള്‍ക്കായും ഞാന്‍ ഇവിടെ നല്‍കുന്നു.
ചിന്തകള്‍ക്കു പ്രാധാന്യം ഉണ്ടാകട്ടെ എന്നു കരുതുന്നു. അതിനാല്‍ വ്യക്തിയുടെ പേരു വിവരങള്‍ വഴിയെ പറയാം.

എക്സ്‌പ്രസ്സ്‌ ഹൈവേ എന്ന തെക്കുവടക്കു അതിവേഗപാതക്കു ഒരു ബദല്‍
ഇന്ധനവിലയും, അവയുടെ ലഭ്യതയും, നിരത്തുകളിലെ അപകടങ്ങളും, പരിസ്ഥിതി സുരക്ഷയും എല്ലാം കണക്കിലെടുക്കുമ്പോള്‍ ആയിരക്കണക്കിനു കാറുകള്‍ക്കു സമാനമായ ട്രെയിനുകളും അവക്കുപോകാന്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ നീളമുള്ള ഒരു പുതിയ അതിവേഗ ട്രയിന്‍പാതയുമാണ്‌ നമുക്കു വേണ്ടത്‌.

നിരവധി ടോളുകളും, വളരെക്കുറച്ചു എന്‍‌ട്രികളുമുള്ള, 60മീറ്ററോ 100മീറ്ററോ വീതിയുള്ള (അതും ഈ നൂലുപോലുള്ള കേരളത്തില്‍), മാറിവരുന്ന കാലാവസ്ഥക്കനുസരിച്ചു കോലം മാറുന്ന ഒരു റോഡിനേക്കാള്‍ നല്ലതിനി ഒരു രണ്ട്‌ വരിപ്പാതക്കു സമാനമായ വീതിപോലും വേണ്ടാത്ത ഒരു റെയില്‍പാതയല്ലേ?

മനുഷ്യന്റെ ആവശ്യങ്ങള്‍ക്കു പരിമിതികള്‍ ഉണ്ട്‌.
ലക്ഷങ്ങളോ കോടികള്‍ തന്നെയോ കയ്യിലുണ്ടായിരുന്നാലും ഒരാള്‍ക്കു ഒരു നേരം കഴിക്കുന്ന ഭക്ഷണത്തിനു പരിമിതിയുണ്ട്‌. ഇന്നു അഞ്ചു ബിരിയാണി കഴിച്ചേക്കാം എന്നു തീരുമാനിച്ചാല്‍ എന്താകും അവസ്ഥ? എത്ര മുറികളുള്ള വീടുണ്ടായാലും ഒരു സമയം എത്ര മുറിയില്‍ ഉറങ്ങാന്‍ കഴിയും. പത്തു മുറികളുള്ള വീടിന്റെ മൂന്നു മുറികളിലായി ഇന്നുറങ്ങും എന്നൊരുവന്‍ തീരുമാനിച്ചാല്‍ അവനന്നു ഉറങ്ങാന്‍ കഴിയുമോ? നിരവധി ഉടുപ്പുകള്‍ ഉണ്ടെന്നതിന്റെ പേരില്‍ മൂന്നു ഉടുപ്പുമിട്ടൊരുവന്‍ പൊതുജനത്തിന്റെ മുന്നില്‍ വന്നാല്‍ എന്തായിരിക്കുമവന്റെ അവസ്ഥ?

ചിലവാക്കാത്ത, കൂട്ടിക്കൂട്ടിവെക്കുന്ന സമ്പത്തിനു എന്തു പ്രസക്തിയാണുള്ളതു? അതും നമ്മുടെ ആവശ്യങള്‍ക്കു പരിമിതി ഉള്ളപ്പോള്‍. പരിമിതി ഇല്ലാത്തതു ‘ആര്‍ത്തിക്കു’മാത്രം.

കേരള സമൂഹത്തിലെ മൂന്നു ആസക്തികള്‍

1. മദ്യത്തോടും മയക്കുമരുന്നിനോടുമുള്ള ആസക്തി : കുതിച്ചു കയറുന്ന ബിവറേജ്‌ കോര്‍പ്പറേഷന്റെ വരുമാനം സാക്ഷി.

2.ലൈംഗികാസക്തി : ഒരുവാക്കുമാരോടും പറയാതെ കൂട്ടുകാരികളോടൊത്തു മരണത്തിലേക്കു യാത്രയാകുന്ന കുഞ്ഞു പെങ്ങന്മാരുടെ മൃതദേഹങ്ങള്‍ സാക്ഷി.

3. ജീവിതാസക്തി : ഏതു അടിമപ്പണിക്കും തയ്യാറാകുന്ന, നൂറ്റാണ്ടുകളോളം പൊരുതി നേടിയ അവകാശങ്ങള്‍ക്കു വില കല്‍പ്പിക്കാത്ത, അരാഷ്ട്രീയ വാദം കൊടികുത്തിയിരിക്കുന്ന നമ്മുടെ കാമ്പസ്സുകള്‍ സാക്ഷി.

ലോകമഹായുദ്ധങ്ങള്‍
എന്തുകൊണ്ട്‌ ലോകയുദ്ധങ്ങളെ മഹായുദ്ധങ്ങള്‍ എന്നു വിളിക്കുന്നു. വലിയവ എന്ന ഉദ്ദേശത്തില്‍ മാത്രമാണോ അവയെ അങ്ങനെ വിളിക്കുന്നതു? യദാര്‍ത്ഥത്തില്‍ അവയെ ഭീകര യുദ്ധങ്ങള്‍ എന്നല്ലേ വിളിക്കേണ്ടത്‌. മഹത്തരമായ യുദ്ധം എന്നൊരു ധ്വനി കൂടി മഹായുദ്ധമെന്നതിലില്ലേ? യുദ്ധങ്ങള്‍ മഹത്തരമോ? ആര്‍ക്കാണവ മഹത്തായ യുദ്ധങ്ങളാകുന്നതു?

അധിനിവേശത്തിന്റെ ഭാഷ്യം

അമേരിക്ക കണ്ടുപിടിച്ചതാര്‌?
ഉ. കൊളംബസ്‌.
വര്‍ഷങ്ങളായി നാം പഠിക്കുന്ന ചോദ്യവും ഉത്തരവും. എന്തേ അതിനുമുന്‍പ്‌ അമേരിക്ക അവിടെ ഉണ്ടായിരുന്നില്ലേ?
“പ്രാചീന അമേരിക്കന്‍ സമൂഹത്തിനു മേലുള്ള അധിനിവേശത്തിനു നാന്ദി കുറിച്ചതു ആരു?“ എന്ന ചോദ്യമല്ലേ ശരി.

കുറിപ്പ്: ഇവ പെട്ടെന്നു ഓര്‍മയില്‍ വന്നവയാണ്. ബാക്കി ഓര്‍ക്കുന്ന മുറക്കു കമന്റായോ പുതിയ പോസ്റ്റായോ ഇടാം.

Related Posts with Thumbnails