പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Friday, May 25, 2007

കയ്യേറ്റവും കുടിയിറക്കും.

സമകാലിക വാര്‍ത്തകളില്‍ ഏറ്റവും തിളക്കത്തോടെ നിലകൊള്ളുന്നതു മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങളുടെ ഒഴിപ്പിക്കലാണാല്ലൊ? കടലും, കരയും ഒരുപോലെ ഈ നാട്ടില്‍ കയ്യേറ്റങ്ങല്‍ക്കു ഇരയാവുന്നു. ഗ്രാമമെന്നൊ നഗരമെന്നോ വ്യത്യാസവുമില്ല. കേരളത്തിന്റെ തനതു കലാരൂപങ്ങളില്‍ ഒന്നായി തീര്‍ന്നിരിക്കുന്നു കയ്യേറ്റങ്ങള്‍. പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള കയ്യേറ്റങ്ങളെ അംഗീകൃതമാക്കുക വഴി നാം അതിനു വളം വെച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. മുന്‍ കാലങ്ങളില്‍ താമസത്തിനും കൃഷിക്കുമായിട്ടാണു കയ്യേറ്റങ്ങള്‍ നടന്നിരുന്നതെങ്കില്‍ ഇന്നു കയ്യേറ്റങ്ങള്‍ ആര്‍ഭാടങ്ങള്‍ക്കു വേണ്ടിയായിരിക്കുന്നു.

സ്ഥലം കയ്യേറുക, പട്ടയം സംഘടിപ്പിക്കുക പിന്നെ അതു മറ്റാര്‍ക്കെങ്കിലും വില്‍ക്കുക എന്നതാണു ഇവിടുത്തെ രീതി. ഇതിനൊക്കെ കൂട്ടു നില്‍ക്കുന്ന കുറെ ഉദ്യോഗസ്തരും രാഷ്ട്രീയക്കാരും. ഒടുവില്‍ ഒഴിപ്പിക്കപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നതു മറ്റു ചിലര്‍ക്കും. എങ്കിലും ഇതു വേണ്ടതു തന്നെ. ഇനിയെങ്കിലും വാങ്ങുന്നവര്‍ ഇതൊക്കെയൊന്നു ശ്രദ്ധിക്കുമല്ലൊ?

കയ്യേറ്റങ്ങളെ തടയുക എന്ന പ്രാഥമിക ജോലി കഴിഞ്ഞുപോയ കാവലാളുകല്‍ നിറവേറ്റിയിട്ടില്ല എന്നതാണു യാദാര്‍ത്ഥ്യം. നാടിന്റെ സ്വത്തും മുതലും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായിരുന്നവരുടെ അപരാധങ്ങള്‍ക്കു ശിക്ഷ ലഭിക്കേണ്ടതല്ലെ? ആരതു നിര്‍വ്വഹിക്കും?

ബഹു: മുഖ്യമന്ത്രി ഈ തീരുമാനമെടുക്കാന്‍ കാണിച്ച ചങ്കൂറ്റത്തെയും അതിനായി അധ്വാനിക്കുന്ന സംഘത്തെയും അഭിനന്ദിക്കാതെ വയ്യ.

നാടിനെ എ.ഡി.ബിക്കു തീറെഴുതിയ മുഖ്യമന്ത്രി എന്ന അപഖ്യാതി മായില്ലെങ്കിലും കുത്തകകള്‍ക്കെതിരെ ധൈര്യം കാണിച്ച മുഖ്യന്‍ എന്നു തല്‍ക്കാലം വിധിയെഴുതാം. എ.ഡി.ബി കാര്യത്തിലെ കുറ്റങ്ങള്‍ പാര്‍ട്ടിക്കുമേല്‍ വെച്ചുകെട്ടുകയും ചെയ്യാം.

അപ്പോഴും ചില സംശയങ്ങള്‍?

ഇതും സി. ഡി റെയ്ഡ്‌ പോലെ വമ്പന്മാര്‍ക്കു വെണ്ടിയുള്ള വഴിയൊരുക്കലാണൊ? സി. ഡി റെയ്ഡ്‌ കഴിഞ്ഞപ്പോള്‍ മോസര്‍ ബെയര്‍ പോലുള്ള ആഗോള ഭീമന്മാര്‍ അരങ്ങത്തെത്തിയിരിക്കുന്നു. അതുപോലെ തന്നെ അധികാരത്തിലേറി ആറുമാസം തികയും മുന്‍പെ വന്‍പാല്‍ക്ഷാമവും വിലകൂട്ടലും. ഇപ്പോള്‍ കേള്‍ക്കുന്നതു അമുല്‍ പാല്‍ വില്‍പ്പനക്കായി മാത്രം നാല്‍പ്പതോളം സ്റ്റാളുകള്‍ തിരുവനന്തപുരം നഗരത്തില്‍ തുറക്കുന്നതിനെ പറ്റിയും. പാല്‍ ക്ഷാമം താനെ ഉണ്ടായതൊ ശൃഷ്ടിച്ചതൊ?

എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഫലം വന്നിരിക്കുന്നു. മോഡറേഷന്‍ കൂടാതെ തന്നെ റെക്കോര്‍ഡ്‌ വിജയം. പരീക്ഷകളിലും അതിന്റെ നടത്തിപ്പിലും മൂല്യനിര്‍ണ്ണയത്തിലുമൊക്കെ മലയാളിക്കു വിശ്വാസം നഷ്ടപ്പെട്ടിട്ട്‌ ഏറെ നാളായി. എങ്കിലും ഇതൊരു സന്തോഷവാര്‍ത്ത തന്നെ. നമ്മുടെ കുട്ടികള്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടു മോഡറേഷന്‍ കൂടാതെ റെക്കോര്‍ഡ്‌ വിജയം നേടാന്‍ പ്രാപ്തരായി എന്നതു കുറഞ്ഞ കാര്യമാണൊ? പഴയ റെക്കോര്‍ഡ്‌ മോഡറേഷനോടു കൂടിയുള്ളതു 70%. ഇപ്പോഴത്തേതു 82%. എന്തൊരു വളര്‍ച്ച. ആഹ്ലാദിക്കാന്‍ ഇതില്‍പരം എന്തു വേണം. രണ്ടു വര്‍ഷംകൊണ്ടു നാം നൂറു മേനി കൊയ്യും. എന്തായിരിക്കും ഇതിനു കാരണം? ഭരണം മാറിയപ്പോള്‍ നാട്ടിലെ സമരങ്ങള്‍ കുറഞ്ഞതു കൊണ്ടാവുമൊ? എന്തെങ്കിലുമാവട്ടെ. പക്ഷെ ഇവര്‍ക്കു ഉപരിപടനത്തിനു അവസരമെവിടെ? ഉടന്‍ വന്നു മന്ത്രിയുടെ വാഗ്ദാനം. പുതിയ +2 സ്കൂളുകള്‍ അനുവദിക്കും. എത്ര ന്യായമായ കാര്യം. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ അനുവദിച്ചതു പോലെ നിക്ഷ്പക്ഷമായും(?) സുതാര്യമായും(?) തന്നെയാവും എന്നു വിശ്വസിക്കാം.

വീണ്ടും അല്‍പ്പം മൂന്നാര്‍ ചിന്തകള്‍......

മൂന്നാറിലെ റിസോര്‍ട്ടുകള്‍, കയ്യേറിയ സ്ഥലത്താണെങ്കില്‍ ഒഴിപ്പിക്കേണ്ടതു തന്നെ. കെട്ടിടങ്ങള്‍ തകര്‍ത്തെറിയണമായിരുന്നൊ? അതു സര്‍ക്കാരിലേക്കു സ്വരുക്കൂട്ടിയിരുന്നെങ്കില്‍ അതല്ലായിരുന്നൊ നല്ലത്‌. മൂന്നാര്‍ ഇന്നു ഒരു വിനോദസ്ഥലമാണു. അവിടെ ലാഭമുണ്ടാക്കാന്‍ എറ്റവും ഉചിതമായതു റിസോര്‍ട്ടുകള്‍ തന്നെ. കെട്ടിടങ്ങള്‍ തകര്‍ത്തെറിഞ്ഞ സ്ഥലങ്ങളില്‍ പ്രകൃതിക്കിണങ്ങിയ രീതിയില്‍ പുനസൃഷ്ടിക്കുകയാനു ഉദ്ദേശ്മെങ്കില്‍ നല്ലതു.

സി.ഡി കടകള്‍ക്കു പകരം മൊസേര്‍ ബയെറിന്റെ കുത്തക വന്നതു പോലെ, മില്‍മക്കു പകരം അമുല്‍ വരുന്നതു പോലെ, സര്‍വ്വ പ്രതിരോധങ്ങളെയും നാണം കെടുത്തി എ.ഡി.ബി സവ്വവും വിഴുങ്ങുന്നതു പോലെ, ചെറിയ റിയല്‍ എസ്റ്റേറ്റ്‌ മാഫിയയെ ഒഴുപ്പിച്ചു റ്റീകോം പോലുള്ള വന്‍ മാഫിയക്കു സ്ഥലം കാഴ്ച്ചവെക്കുകയാണൊ ഉദ്ദേശമെന്നു സംശയിക്കാതിരിക്കാനും വയ്യ.

സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ചു ശുഭാപ്തി വിശ്വാസമൊന്നും എനിക്കില്ല. ഒരു നേട്ടവും കാണിക്കാനില്ലാതെ ഒരു വര്‍ഷം കടന്നു പോകുന്നതു ഒഴിവാക്കാന്‍ കഴിഞ്ഞു എന്നു മാത്രം. സ്മാര്‍ട്ട്‌ സിറ്റി ഈ ഗവണ്മന്റിന്റെ നേട്ടമായി ഞാന്‍ കാണുന്നില്ല. കരാറില്‍ എന്തു നേട്ടം ഉണ്ടായാലും (ഏറെയൊന്നുമില്ല എന്നതിനു മുഖ്യന്റെ മൗനം സാക്ഷി) അതു, നഷ്ടപ്പെടുത്തിയ മൂന്നു വര്‍ഷങ്ങള്‍ക്കു സമമാകില്ലയെന്നു ഇവിടുത്തെ അഭ്യസ്തവിദ്യനു മനസ്സിലാകും. നടപ്പിലാക്കാന്‍ ഇടതുപക്ഷം തയ്യാറയതു തന്നെ ഈ ജനത അതു വളരെയധികം ആഗ്രഹിക്കുന്നു എന്നതുകൊണ്ടു മാത്രമാണു താനും.

എങ്കിലും, വളരെ നിലവാരം കുറഞ്ഞ ഒരു പറ്റം മന്ത്രിമാരെയും വഹിച്ചു നീങ്ങുന്നതിന്നിടയില്‍ നിലനില്‍പ്പിനു വേണ്ടിയാണെങ്കില്‍കൂടി കടന്നു കയറ്റങ്ങളെ എതിര്‍ക്കുന്ന, ഒഴിപ്പിക്കാന്‍ ചങ്കൂറ്റം കാണിക്കുന്ന ബഹു: മുഖ്യമന്ത്രിയില്‍ ഞാന്‍ ഇന്നൊരു നീറുറവ കണ്ടെത്തുന്നു.

Related Posts with Thumbnails