പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Thursday, December 18, 2008

അതിഭീകരം, ഈ മാധ്യമ ഭീകരത

ലണ്ടന്‍ സ്ഫോടനത്തിന്റെ അലയൊലികളും പുകപടലങ്ങളും കൊണ്ട്‌ മാധ്യമങ്ങള്‍ ആഘോഷം നടത്തുന്ന കാലം. കഥകളും ഉപകഥകളും കൊണ്ടു പത്രത്താളുകളന്നു സമൃദ്ധം. ബാംഗളൂരിലെ ഒരു ഡോക്ടര്‍ ചെക്കന്‍, അങ്ങ്‌ ആസ്ത്രേലിയയില്‍ തടവിലാകുകയും അന്വേഷണങ്ങള്‍ ഇന്ത്യയിലും തകൃതിയായി നടക്കുന്നുണ്ടെന്നു നാം വിശ്വസിക്കുകയും, മാധ്യമങ്ങളില്‍ വരുന്ന അന്വേഷണവിവര വിവരണങ്ങളെ ആവേശത്തോടെ വായിക്കുകയും ചര്‍ച്ചചെയ്യുകയും, അന്വേഷണ ഉദ്യോഗസ്ഥരെ പുകഴ്ത്തുകയും പ്രതികളെ ശപിക്കുകയും ചെയ്തു നാം സ്വസ്ഥമായി ഉറങ്ങിയിരുന്ന കാലം. തിരുവനന്തപുരം സിഡാകിലെ സൈബര്‍ ഫോറന്‍സിക്‌ വിഭാഗം, പ്രതിയുടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്കില്‍ നിന്നും കണ്ടെത്തിയ തെളിവുകളും, പരീക്ഷണ-നിരീക്ഷണ മാര്‍ഗ്ഗങ്ങളുടെ ഉദ്യോഗജനകമായ വിവരണങ്ങളും പത്രത്താളുകളില്‍ നിന്നും വായിച്ചു നിങ്ങളോടൊക്കെയൊപ്പം ഞാനും ഉള്‍പുളകമണിഞ്ഞിരുന്ന കാലം. ഈ കണ്ടെത്തലുകള്‍ക്കു പിന്നിലെ എന്റെ പരിചയക്കാര്‍ കൂടിയായ ചില വ്യക്തികളുടെ പേരുവിവരങ്ങള്‍ ഞാന്‍ അഭിമാനത്തോടെ വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന കാലം....

ഒരു ദിവസം, ഒരു പത്ര വാര്‍ത്ത കണ്ട്‌ ഞാന്‍ ഞെട്ടി. "ലണ്ടന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട യാതൊരു വിധ സാധന സാമഗ്രികളും സിഡാക്കില്‍ പരിശോധനക്കു എത്തിയിട്ടില്ലെന്നും, അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ ഇവിടുള്ളയാരും പങ്കാളികളല്ല" എന്നുമായിരുന്നു അതിന്റെ ചുരുക്കം. മാധ്യമങ്ങളിലെ കള്ളക്കഥകള്‍ ഉദ്യോഗസ്ഥരുടെ വ്യക്തി ജീവിതത്തെ കൂടി ബാധിച്ചു തുടങ്ങിയപ്പോഴാണ്‌ ഈ സത്യം പത്രപ്പരസ്യം ആക്കേണ്ടിവന്നതു എന്ന വസ്തുത പിന്നീട്‌ അറിയാന്‍ കഴിഞ്ഞു. അപ്പോഴും(ഇപ്പോഴും) ഒരു സംശയം ബാക്കി. ആരാണീ കള്ളക്കഥകള്‍ ഇത്ര ആധികാരികതയോടെ, അന്വേഷണ വഴികളില്‍ ഉപയോഗിക്കുന്ന സകല സാങ്കേതിക പദങ്ങളും ഉപയോഗിച്ചു തയ്യാറാക്കുന്നതും പ്രചരിപ്പിക്കുന്നതും???

എന്തായാലും വാര്‍ത്തകളെ കണ്ണുമടച്ചു വിശ്വസിക്കാതിരിക്കാന്‍ ഈ സംഭവമെപ്പോഴും എന്നെ ഓര്‍മ്മിപ്പിക്കുന്നു. വാര്‍ത്തകള്‍ നല്ലയൊരളവില്‍ നമ്മുടെ വിചാരങ്ങളെയും സമീപനങ്ങളെയും സ്വാധീനിക്കും എന്നതു സത്യം. ഏതോ ഒരു നാട്ടിലെ ഒരു ചെറുപ്പക്കാരനെ ചൂണ്ടിക്കാണിച്ചു ഇവന്‍ തീവ്രവാദിയാണ്‌ എന്നു ആരെങ്കിലും പറഞ്ഞാല്‍ നമ്മില്‍ എത്രപേര്‍ അതിനെ അവിശ്വസിക്കും. പറയുന്നതു ഉത്തരവാദപ്പെട്ട വ്യക്തികളോ, മാധ്യമങ്ങളോ, ഭരണകൂടെങ്ങളോ ആണെങ്കിലോ? വെറുതെ നാമെന്തിനു അതിനെ അവിശ്വസിക്കണം, അല്ലെ? അപ്പോള്‍ സകലമാധ്യമങ്ങളും ഒരേ കാര്യങ്ങള്‍ ആധികാരികതയോടെ അധികൃതരുടെ വാക്കുകള്‍ എന്ന രീതിയില്‍ അവതരിപ്പിച്ചാല്‍ സാധാരണക്കാരന്‍ വിശ്വസിച്ചില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

'സത്യം എന്നെങ്കിലും പുറത്തുവരും' എന്നു വിശ്വസിച്ചു കഴിയേണ്ടിവരുന്നതു ശരിയല്ല. വൈകി വരുന്ന സത്യം നീതി കൊണ്ടുവരികയുമില്ല. അതുകൊണ്ട്‌ തന്നെ അന്വേഷണങ്ങള്‍ക്കു പുറകേ മാധ്യമങ്ങള്‍ സഞ്ചരിക്കേണ്ടതുണ്ട്‌. പിന്നാലെ മാത്രം മാധ്യമങ്ങള്‍ സഞ്ചരിച്ചാല്‍ മതിയാകും താനും. അന്വേഷണങ്ങളെ വഴിതെറ്റിക്കാനും ജനങ്ങളുടെ മനസ്സില്‍ എല്ലാത്തിനോടും അവിശ്വാസം വളരാനും മാത്രമെ ഇന്നത്തെ ഈ മുന്നില്‍പോക്കും ഭാവനാ ശൃഷ്ടികളും ഉപകരിക്കൂ.

മാധ്യമങ്ങളുടെയും മറ്റും ചോദ്യങ്ങള്‍ക്കുള്ള അധികൃതരുടെ എഴുതിതയ്യാറാക്കിയ ഉത്തരങ്ങള്‍ യാതൊരുവിധ തിരുത്തലും കൂടാതെ പ്രസിദ്ധീകരിക്കാനുള്ള സ്ഥലം എല്ലാ മാധ്യമങ്ങളിലും ഉണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അസത്യവാര്‍ത്തകളുടെ ഉറവിടങ്ങളെ കണ്ടെത്തി ശിക്ഷിക്കേണ്ടതും അത്യന്താപേക്ഷിതമാണ്‌. എങ്കിലേ നമ്മുടെ സമാധാനപരമായ ജീവിതവും, നാടിന്റെ കെട്ടുറപ്പുമൊക്കെ നിലനിന്നു പോകയൂള്ളൂ. ഇന്ത്യയിലെ എതൊരു വിഭാഗത്തിന്റെ നാശവും, മതേതര ഭാരതത്തിന്റെ നാശം തന്നെയായിരിക്കും എന്ന തിരിച്ചറിവുണ്ടായാല്‍ നന്ന്.

എന്തായാലും ഇന്നു കുറച്ചു മാധ്യമങ്ങളെങ്കിലും അധികൃതരോട്‌ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു. അധികൃതരുടെ കഥക്കു അനുബന്ധങ്ങളെ ചേര്‍ക്കുന്നതിനു പകരം അവരുടെ ഭാഷ്യങ്ങളിലെ പിഴവുകള്‍ വിളിച്ചു പറഞ്ഞു തുടങ്ങിയിരിക്കുന്നു. അവരില്‍ ഞാനൊരു നീരുറവ കണ്ടെത്തുന്നു.

Related Posts with Thumbnails