പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Tuesday, July 28, 2009

ആരാണിനിയാശ്രയം?

അങ്ങനെ ഒടുവില്‍ ഞങ്ങടെ ബേബി സഖാവും കൂട്ടരും വിജയിച്ചിരിക്കുന്നു. എതിര്‍ത്തു തോല്‍പ്പിക്കാന്‍ കഴിയാത്തവരെ പ്രലോഭിപ്പിച്ചു തോല്‍പ്പിച്ചിരിക്കുന്നു. സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജിലുണ്ടായിരുന്ന മെറിറ്റ്‌ സീറ്റിലെ ഫീസിലും നാലിരട്ടിയിലേറെ വരുന്ന വന്‍വര്‍ദ്ധന നല്‍കി ഇടഞ്ഞു നിന്നവരെ ഞങ്ങള്‍ വരുതിയിലാക്കി. ഒപ്പം പേയ്‌മന്റ്‌ സീറ്റിലും എന്‍.ആര്‍.ഐ സീറ്റിലുമൊക്കെ ഫീസ്‌ വര്‍ദ്ധനയും ഡിപ്പോസിറ്റുകളും. ഒരേ ക്ലാസ്സില്‍ രണ്ട്‌ ഫീസുകള്‍ പാടില്ലെന്ന കോടതി വിധിയെയും തന്ത്രപരമായി മറികടന്നിരിക്കുന്നു. രണ്ട്‌ ഫീസ്‌ എന്നതിനെയല്ലേ കോടതി തള്ളിയതു. അതുകൊണ്ട്‌ ഫീസുകള്‍ മൂന്നു തലത്തിലാക്കി. മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ് പ്രധാനമെന്നു മനസ്സിലാക്കുക.

ചിലര്‍ക്കിതു, പാവപ്പെട്ടവന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രതീക്ഷകളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയടി. എന്നാല്‍ പള്ളിമണികളും കൂട്ടമണികളും ബേബികുഞ്ഞാടിന്റെ മരണമണിയടിയും എല്ലാം കൂടിക്കഴിഞ്ഞപ്പോള്‍ ആകെമൊത്തം ണിം ണിം.... പാവം സമ്പന്നന്റെ മടിശീലകളില്‍ ഇത്തിരി കനംവെച്ച മണികിലുക്കം.ഇതല്ലേ സാമൂഹ്യ നീതി?

ഇനി പൊതുജനമെന്ന വിഢ്ഢികള്‍ക്കുമുന്നില്‍ ഞങ്ങളുടെ കുട്ടി സഖാക്കന്മാരുടെ ചില നാടകങ്ങള്‍. ഭരിക്കുമ്പോള്‍ തെരുവുകളില്‍ നാടകം കളിക്കുന്നതു മോശമല്ലേ? അതുകൊണ്ട്‌ എല്ലില്ലാത്ത നാക്കിനാല്‍ ചില ചാനല്‍ വിരുന്നുകള്‍. പൊരുതി മരിക്കാനും കൊന്നു തള്ളാനും ഞങ്ങളുടെ മുത്തച്ഛന്‍, സഖാവ്‌. പ്രോക്യുസ്റ്റസ്സിന്റെ മൂശയില്‍ പാകപ്പെടുത്തിയ വില്ലാളികള്‍ റെഡി.

ഇനി മാമാങ്കം. എല്ലാം മറയ്ക്കാന്‍ പുലികളിക്കു സമയമായി. എല്ലാ തോന്ന്യാസങ്ങള്‍ക്കു ശേഷവും നടത്തുന്ന അതേ കളി. ചേരിതിരിഞ്ഞുള്ള കളി. കളി കഴിഞ്ഞും കളിക്കുമുന്‍പും ഞങ്ങള്‍ ഒന്നു തന്നെ. വേള്‍ഡ്‌ റെസലിംഗ്‌ ഫൗണ്ടേഷന്‍ നടത്തുന്നപോലത്തെ ഒരു വിനോദ പരിപാടി. കൊട്ടും കുരവയും തുടങ്ങിക്കഴിഞ്ഞു. കളി തുടങ്ങി. മറുപക്ഷത്താണു തങ്ങളെന്നു ചാനലുകളില്‍ പറഞ്ഞു തീരും മുന്‍പേ, മറ്റു ചിലര്‍ക്കൂടി മറുപക്ഷത്തെത്തിയതില്‍ പ്രതിഷേധിച്ചു വീണ്ടും സ്വന്തം പാളയത്തില്‍. ഭാഗം 1, പൂഴിക്കടകന്‍ -ശുഭം.

ഇതു, സകലശുദ്ധമനസ്കരേയും ഒറ്റയടിക്കു പറ്റിച്ചതിലെ ഞങ്ങളുടെ ആഘോഷം. ഒപ്പം എല്ലാ അശനിപാതവും മറക്കാനായ്‌ നാടിനൊരു ദിവ്യ ഔഷധം. പ്രിയ നാട്ടുകാരേ, ബാക്കിയൊക്കെ മറക്കുക. സ്വാശ്രയ സീറ്റുപോയതും, ഫീസ്‌ കൂട്ടിയതും, കറന്റടിച്ചതും, വെള്ളമിറക്കാനാവാതെ ചാവുന്നതും എല്ലാം മറക്കുക. ഈ പുലി കളിയും കാവടിയാട്ടവും മതിയാവോളം കാണുക. പ്രതിപക്ഷത്തായിരുന്നെങ്കില്‍ നിങള്‍ക്കായ് കുറച്ചു ഫയര്‍വര്‍ക്ക്സും ഞങ്ങള്‍ നടത്തുമായിരുന്നു. പിന്നെ നിങ്ങളുടെ കുട്ടികളുടെ പഠിപ്പുകള്‍ മുടക്കി ഞങ്ങള്‍ കുളിക്കാന്‍ കൊണ്ടുപോയേനെ. ആ കുളികള്‍ ചാനലുകള്‍ വഴി കാണിച്ചു ഞങ്ങള്‍ നിങ്ങളെ കുളിരണിയിച്ചേനെ. കുളിക്കിടയിലോ കൂട്ടയോട്ടങ്ങള്‍ക്കിടയിലോ കൂട്ടത്തിലെ ഏറ്റവും മണ്ടന്മാക്കു ഞങ്ങള്‍ വെടിയുണ്ടകളെ തിന്നാന്‍ വാങ്ങിക്കൊടുത്തേനെ. എല്ലാം ശുഭമായി അവസാനിക്കുമ്പോള്‍ സ്മാരകങ്ങള്‍ പണിയാന്‍ ബക്കറ്റും കുലുക്കി ഞങ്ങള്‍ നിങ്ങള്‍ക്കുടെ മുന്നില്‍ വന്നേനെ. എന്തുചെയ്യാം. ഇതു സുഖിക്കാനുള്ള സമയമായിപ്പോയി.

പിന്നെ, നിങ്ങളുടെ നക്കാപിച്ചയില്‍ തീര്‍ക്കാന്‍ കഴിയുന്നതു ചില രക്തസാക്ഷി മണ്ഡപങ്ങള്‍ മാത്രമല്ലേ. കുളിക്കാനും കിടക്കാനും, മാളികളും പാര്‍ക്കുകളും പണിയണമെങ്കില്‍ ലിസോ, മാര്‍ട്ടിനോ ഒക്കെ സഹായിക്കേണ്ടി വരും. ഭരിക്കുമ്പോള്‍ ഞങ്ങള്‍ കൊള്ളാവുന്ന ലാവ്ലിന്‍, എ.ഡി.ബി പോലുള്ളവരുമായികൂടി നല്ല പദ്ധതികള്‍ കൊണ്ടുവരും. പ്രതിപക്ഷത്താകുമ്പോള്‍ വിദേശ ബന്ധങ്ങളിലെ കാണാച്ചരടുകള്‍ ഇഴകീറിയെടുത്തു സമൂഹത്തെ ബോധവല്‍ക്കരിക്കുകയും, തല്ലുകയും, തകര്‍ക്കുകയും ചെയ്യുന്നതിനൊരു പ്രായശ്ചിത്തം. എല്ലാവരും ഭരിച്ചു കഴിയുമ്പോള്‍ നാടിനു ചില കോടികള്‍ നഷ്ടമായെന്നു വരും, എങ്കിലു പാര്‍ട്ടിക്കൊരു നഷ്ടവും വരാതെ നോക്കാന്‍ ഞങ്ങള്‍ക്കു നന്നായറിയാം.

ഒറ്റ തന്തക്കു പിറന്നവരെന്നാ ഞങ്ങള്‍ സ്വയം വിശേഷിപ്പിക്കുന്നതു. വാക്കുകളില്‍ ചാഞ്ചട്ടമില്ലാതെ ഒറ്റവാക്കുപറയുന്നവനെ ‘ഒറ്റതന്തക്കുപിറന്നവനെന്നു‘ നാട്ടുപറച്ചില്‍. സ്വാശ്രയകോളേജുകളെ പൂട്ടിക്കലാണ്‌ ഞങ്ങളുടെ ലക്ഷ്യമെന്നു നിങ്ങള്‍ക്കറിയാമല്ലോ? ഇപ്പോള്‍ ചിലരൊക്കെ ഞങ്ങള്‍ വാക്കുമാറ്റിയില്ലേയെന്നു സംശയിക്കും. അവരോട് ഞാന്‍ ഒരു രഹസ്യം പറയാം. നിങള്‍ക്കു ഞങളെക്കുറിച്ചു ഒന്നുമറിയില്ല. ഞങ്ങള്‍ ഈ നാടു ഭരിച്ചു മുടിക്കും. അപ്പോള്‍ നിങ്ങളെല്ലാം സമന്മാരാകും, എല്ലാവരും പാവങ്ങള്‍. അങ്ങനെ ഞങ്ങള്‍ നാട്ടില്‍ സോഷ്യലിസം കൊണ്ടുവരും (ഇതു ഞങ്ങളുടെ മറ്റൊരു ലക്ഷ്യം). എപ്പോഴും പറയാറുള്ളതുപോലെ ഇപ്പോഴും പറയുന്നു. നിങ്ങള്‍ ബംഗാളിലേക്കു നോക്കൂ.....നിങള്‍ക്കവിടെക്കാണാം ഞങളുടെ പരീക്ഷണഫലങ്ങള്‍. നിങ്ങള്‍ ബുദ്ധിയില്ലാത്തവര്‍, അഞ്ചു കൊല്ലം കൂടുമ്പോള്‍ ഞങ്ങളെ മാറ്റുന്നതു കൊണ്ടാണ്‌ ഇവിടെ സോഷ്യലിസത്തിലേക്കുള്ള യാത്ര വളരെ പതിയെ ആകുന്നതു. എല്ലാ വര്‍ഷവും നാലഞ്ചിരട്ടി ഫീസ്‌ വര്‍ദ്ധിപ്പിച്ച്‌ ഒടുവില്‍ നിങ്ങള്‍ക്കാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരത്തില്‍ സ്വാശ്രയ കോളേജിലെ ഫീസ്‌ എത്തിക്കും. ഭരണവും പകര്‍ച്ചവ്യാധികളും വിലക്കയറ്റവും എല്ലാം കഴിയുമ്പോള്‍ നിങ്ങള്‍ക്കു സ്വപ്നം കാണാനാവുന്നതിലും മേലെയാകും ഫീസുകള്‍. ഇക്കൊല്ലം ഒന്‍പതു കോളേജുകള്‍ തുടങ്ങാന്‍ അനുമതി കൊടുത്തതുപോലെ എല്ലാവര്‍ഷവും പുതിയ കോളേജുകള്‍ തുടങ്ങും. ഒടുവില്‍ ആളെക്കിട്ടാതെ സ്വാശ്രയക്കോളേജുകള്‍ മൂക്കുകുത്തും. അന്നേ നിങ്ങള്‍, ഞങ്ങളെയും ഞങ്ങളുടെ ബുദ്ധിയെയും അഭിനന്ദിക്കൂ.

ഇരുട്ടിന്റെ മറവു ഞങള്‍ക്കു ആവശ്യമില്ല.എന്നിരുന്നാലും ചില നല്ലകാര്യങള്‍ക്കു പാതിരാത്രികള്‍ നല്ലതാ. സ്വാതന്ത്ര്യം തന്നെ ഇരുട്ടത്തു തന്നാല്‍ മതിയെന്നു നിര്‍ബന്ധം പിടിച്ചവരല്ലേ നാം. പുതിയ സ്വാതന്ത്ര്യം -സ്വാശ്രയം- (ആരുടെ സ്വാതന്ത്ര്യം എന്ന് ചോദിക്കരുതു), അതും ഇരുട്ടിന്റെ മറവിലാകട്ടേയെന്നു കരുതി. അതുകൊണ്ടാണ് കരാര്‍ അലോട്ട്മെന്റിന്റെ തലേദിവസം പാതിരാത്രിയില്‍ തുല്യം ചാര്‍ത്തിയതു.

അനുബന്ധമായി ഒന്നുരണ്ട്‌ കാര്യങ്ങള്‍കൂടി. പണ്ടേ ഞങ്ങള്‍ സെസ്സിനും സ്മാര്‍ട്ട്‌സിറ്റികള്‍ക്കും അതിവേഗ-ബഹുദൂരപാതകള്‍ക്കുമൊക്കെയെതിരാണെന്നു അറിയാമല്ലോ? പിന്നെ അറിവില്ലാത്ത സമൂഹം വല്ലാതങ്ങ്‌ ഇവയൊക്കെ ആഗ്രഹിച്ചു പോകുമ്പോള്‍, അവരെ അനുകൂലിക്കുന്നതായി ഞങ്ങള്‍ നടിക്കുന്നുവേന്നു മാത്രം. എങ്കിലും തെറ്റൊന്നും ചെയ്യരുതല്ലോ? അതു കൊണ്ട്‌ ഒന്നും ചെയ്യാതെയിരിക്കുന്നു. പിന്നെയിടക്കിടക്കു പഴകി അഴിയുന്ന കെട്ടുകളെ ഒന്നു കൂടി മുറുക്കി കെട്ടും. അതിന്നു ഞങ്ങള്‍ ഞങ്ങളുടെ കൊടിപോലും ഉപയോഗിക്കും. ചില ദുഷ്ടന്മാര്‍ അതിനെ ‘ചുവപ്പു നാട‘യെന്നു വിളിക്കും. എങ്കിലും സാരമില്ല. ഇതു ഈ നാട്ടിലേക്കുവരുന്ന മുതലാളിമാര്‍ക്കൊരു പാഠമാകണം. ഇവിടെ എന്തെങ്കിലും പരിപാടിയുമായി വരുന്നവര്‍ പണ്ടാരമടങ്ങിപ്പോകണം. അവന്റെ ചരമ കഥ കേട്ടു സകല മുതലാളി വേതാളന്മാരും നിലവിളിച്ചോടണം. ആരൊക്കെയെന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ നിങ്ങളെ സംരക്ഷിച്ചുകൊണ്ടേയിരിക്കും.

എല്ലാം ശുഭമായി അവസാനിക്കുന്ന കാലത്ത്‌ ഈ നാട്ടില്‍ തൊഴിലു കൊടുക്കാനും, തൊഴികൊടുക്കാനും ഉള്ളതു ഞങ്ങള്‍ മാത്രമാവും. ഇപ്പോള്‍ തന്നെ ചെറിയ തോതില്‍ അവയൊക്കെ തുടങ്ങിയിട്ടുണ്ട്‌. ഇന്നു ഞങ്ങളെ എതിര്‍ക്കുന്നവരൊക്കെ അന്നു “മൊയലാളീ” എന്നും വിളിച്ചു ഞങ്ങളുടെ കാല്‍ച്ചുവട്ടില്‍ വരും. ഓര്‍ത്താല്‍ നന്ന്.

ആ കാലത്തു ഞങ്ങള്‍ സ്വാശ്രയ കോളേജുകള്‍ക്കു പകരം എല്ലാവരെയും എല്ലാം ഫ്രീയായി പഠിപ്പിക്കും. ഇപ്പോഴേതുടങ്ങിവെച്ച സര്‍വ്വശിക്ഷ വളര്‍ന്നു ഒരു മഹാശിക്ഷയാകും. ഇപ്പോള്‍ കണ്ടു തുടങ്ങിയ സാമൂഹ്യപാഠങ്ങള്‍ വ്യാപകമാകും. സ്കൂളല്ലാതെ വേറൊരു സ്ഥലവും ഞങ്ങള്‍ക്കു പാര്‍ട്ടിക്ലാസ്സുകള്‍ക്കു വേണ്ടാതാവും. ആകാശത്തിന്നു താഴെയും ഭൂമിക്കു മുകളിലുള്ളതിനെക്കുറിച്ചെല്ലാം (അവയൊന്നും നമ്മെ നേരിട്ടു ബാധിക്കാത്തവയാകണമെന്നു മാത്രം) നമ്മള്‍ ചര്‍ച്ച ചെയ്യും. "കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളും ബ്ലോഗുകളും" തുടങ്ങിയ വിഷയങ്ങളില്‍ ഡോക്ട്രേറ്റുകള്‍ വാരി നല്‍കും. ബുദ്ധിജീവികളെയും പോഴന്മാരെയും ഞങ്ങള്‍ തന്നെ ശൃഷ്ടിക്കും. എന്നിട്ടതു പ്രചരിപ്പിച്ചു ഞങ്ങളുടെ ബുദ്ധിയില്ലാ ജീവികളെ ഞങ്ങള്‍ മഹാന്മാരാക്കും. (ഇതൊന്നും ആരോടും പറയണ്ട കെട്ടോ).

എന്തു മനോഹരം? ഇനി പറയൂ, സ്വാശ്രയത്തിന്റെ കാര്യത്തില്‍ മാത്രമല്ല, എല്ലാ കാര്യത്തിലും ഞങ്ങളല്ലാതെ ആരാണു നിങ്ങള്‍ക്കാശ്രയം?.

6 comments:

 1. ഒറ്റ തന്തക്കു പിറന്നവരെന്നാ ഞങ്ങള്‍ സ്വയം വിശേഷിപ്പിക്കുന്നതു. വാക്കുകളില്‍ ചാഞ്ചട്ടമില്ലാത്ത, ഒറ്റവാക്കുപറയുന്നവന്‍ ‘ഒറ്റതന്തക്കുപിറന്നവനെന്നു‘ നാട്ടുപറച്ചില്‍. സ്വാശ്രയകോളേജുകളെ പൂട്ടിക്കലാണ്‌ ഞങ്ങളുടെ ലക്ഷ്യമെന്നു നിങ്ങള്‍ക്കറിയാമല്ലോ? ഇപ്പോള്‍ ചിലരൊക്കെ ഞങ്ങള്‍ വാക്കുമാറ്റിയില്ലേയെന്നു സംശയിക്കും. അവരോട് ഞാന്‍ ഒരു രഹസ്യം പറയാം. നിങള്‍ക്കു ഞങളെക്കുറിച്ചു ഒന്നുമറിയില്ല. ഞങ്ങള്‍ ഈ നാടു ഭരിച്ചു മുടിക്കും. അപ്പോള്‍ നിങ്ങളെല്ലാം സമന്മാരാകും, എല്ലാവരും പാവങ്ങള്‍. അങ്ങനെ ഞങ്ങള്‍ നാട്ടില്‍ സോഷ്യലിസം കൊണ്ടുവരും

  ReplyDelete
 2. സ്വാശ്രയവും രജനിയുമൊക്കെയാണ്‍ ഈ സര്‍ക്കാരിന്‍ വഴിതെളിയിച്ചത്. അന്നാളുകളിലെ കുട്ടിസ്ഖാകളുടെ ലോകമഹായുദ്ധങ്ങള്‍ കണ്ട് പാവപ്പെട്ട ജനങ്ങള്‍ എന്തോ ഒന്ന് സംഭവികാന്‍ പോകുന്നുവെന്ന് ഭയന്ന് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു. സ്വാഭാവികമായും ഭരണം കയ്യില്‍ കിട്ടിയപ്പോഴാണ്‍ അണ്ടിപോയ അണ്ണാന്‍റെ മനോവേദന അനുഭവിച്ചറിഞ്ഞത് (അണ്ടിപോയ അച്ചുദാനന്ദന്‍ എന്ന പ്രയോഗം ഒഴിവാക്കുന്നു). യു ഡി എഫ് ഭരിച്ചപ്പോഴുണ്ടായതിനേകാള്‍ ഫീസ് വര്‍ദ്ധനയും രണ്ടു തരം വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കുന്നു എന്ന് അലറിയവര്‍ വന്നപ്പോള്‍ എത്ര തരം വിദ്യാര്‍ത്ഥികളാണുണ്ടാകാന്‍ പോകുന്നതെന്നവര്‍ക്കു തന്നെ പിടിയില്ലാത്ത അവസ്ഥാ വിശേഷം. രജനികെന്തു സംഭവിച്ചു? അവരുടെ മതാപിതാകള്‍ അവരെ വിറ്റ് അധികാരം നേടിയവരുടെ വഞ്ചനയെക്കുറിച്ച് ഒരാഴ്ച്ച മുമ്പ് ചാനലുകളില്‍ വിലപിക്കുന്നതു കണ്ടു. രജനികുശേഷം എത്രയെത്ര സഹോദരിമാര്‍ ആത്മഹത്യചെയ്തുവെന്നോ പഠനമുപേക്ഷിച്ചുവെന്നോ കുട്ടിസഖാക്കള്‍കോ നരച്ച താടിയുള്ള ബേബിക്കോ അറിയില്ല. അറിവില്ല എന്നത് ഒരു തെറ്റല്ല, എന്നാല്‍ അറിവില്ല എന്നതിന്‍റെ അഹങ്കാരം വന്‍ തെറ്റുതന്നെയാണ്.

  ReplyDelete
 3. കടത്തുകാരാ,

  ഏതുകാലത്തും, കുറഞ്ഞതു അതിന്നു മുന്‍പത്തെ വെറും 5 വര്‍ഷത്തെ കേരള ചരിത്രം അറിയാവുന്ന കുട്ടികള്‍ പാര്‍ട്ടിക്കാരനാകാന്‍ ഒന്നുമടിക്കും. ഉറപ്പ്. അത്രക്കുണ്ട് ഓരോരുത്തരുടേയും വാക്കിലും പ്രവര്‍ത്തിയിലും, പ്രതിപക്ഷത്തുനിന്നും ഭരണപക്ഷത്തിലേക്കുള്ള അകലം.

  പഠിക്കാന്‍ പറ്റാത്ത രജനിമാരില്‍ നിന്നും പഠിപ്പിക്കാന്‍ ലോണെടുത്ത് മുടിഞ്ഞ് പോകുന്ന മാതാപിതാക്കളുടെ ആത്മഹത്യകളുടെ കാലം എത്താറായി.

  ReplyDelete
 4. എനിക്കും വേണം ഈ പാര്‍ട്ടിയില്‍ ഒരു അംഗത്വം ....

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. നാട്ടുകാരാ,
  നിങളാരെയെങ്കിലും ചതിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ ചതിക്കാന്‍ ഉദ്ദേശമുണ്ടോ?
  നിങല്‍ നാട്ടില് നാലാള്‍ അറിയുന്ന ഗുണ്ടയാണോ?
  ഇടക്കിടക്കു പോലീസ് സ്റ്റേഷന്‍ ആക്രമിക്കാ‍മോ?
  പറയുന്നവാക്ക്, നില്‍ക്കുന്ന നില്‍പ്പില്‍ മാറ്റിപ്പറയാന്‍ പറ്റുമോ?

  ഇങനെ ചിലതൊക്കെയാണ് ഞങളുടെ യോഗ്യതകള്‍. താങ്കളിലുള്ള ഇവയുടെ ഏറ്റക്കുറച്ചിലുകളായിരിക്കും പാര്‍ട്ടിയിലും ഭരണത്തിലും നിങളുടെ സ്ഥാനം നിര്‍ണ്ണയിക്കുക.

  നിങളുടെ ഗുണങള്‍ കുറയുന്നതനുസരിച്ചു ഞങളുടെ വിവിധ ഘടകങളില്‍ നിന്നും പുറത്താക്കിക്കൊണ്ടേയിരിക്കും. നിങളില്‍ എല്ലാ ഗുണങളും വേരറ്റു പോകുമ്പോള്‍ പിടിച്ചു പാര്‍ട്ടിക്കു പുറത്താക്കുകയും ചെയ്യും.

  സമ്മതമാണെങ്കില്‍ താങ്കളുടെ ഈവക ഗുണങള്‍ ഉള്‍പ്പെടുത്തിയ ഒരു ബയോഡേറ്റ സഹിതം അപേക്ഷിക്കുക.

  ReplyDelete

എന്താണ് പറയണമെന്നു തോന്നിയതു? അതെന്തായാലും ഇവിടെയെഴുതൂ...

Related Posts with Thumbnails