പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Thursday, March 5, 2009

ചില വേറിട്ട ചിന്തകള്‍

കഴിഞ്ഞയാഴ്ച അവിചാരിതമായി കണ്ടുമുട്ടിയ ഒരു പ്രശസ്ത വ്യക്തിയുമായിനടത്തിയ ചെറിയ ചര്‍ച്ചക്കിടയില്‍, എന്റെ വാദങ്ങള്‍ക്കു ബദലായും അല്ലാതെയും അദ്ദേഹം പങ്കുവെച്ച ചില ആശയങ്ങളില്‍ എന്നെ ചിന്തിപ്പിച്ച ചിലതാണ്‌ താഴെ എന്റെ ഭാഷയില്‍. ഇതു നിങ്ങളുടെ ചിന്തക്കായും മറുപടികള്‍ക്കായും ഞാന്‍ ഇവിടെ നല്‍കുന്നു.
ചിന്തകള്‍ക്കു പ്രാധാന്യം ഉണ്ടാകട്ടെ എന്നു കരുതുന്നു. അതിനാല്‍ വ്യക്തിയുടെ പേരു വിവരങള്‍ വഴിയെ പറയാം.

എക്സ്‌പ്രസ്സ്‌ ഹൈവേ എന്ന തെക്കുവടക്കു അതിവേഗപാതക്കു ഒരു ബദല്‍
ഇന്ധനവിലയും, അവയുടെ ലഭ്യതയും, നിരത്തുകളിലെ അപകടങ്ങളും, പരിസ്ഥിതി സുരക്ഷയും എല്ലാം കണക്കിലെടുക്കുമ്പോള്‍ ആയിരക്കണക്കിനു കാറുകള്‍ക്കു സമാനമായ ട്രെയിനുകളും അവക്കുപോകാന്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ നീളമുള്ള ഒരു പുതിയ അതിവേഗ ട്രയിന്‍പാതയുമാണ്‌ നമുക്കു വേണ്ടത്‌.

നിരവധി ടോളുകളും, വളരെക്കുറച്ചു എന്‍‌ട്രികളുമുള്ള, 60മീറ്ററോ 100മീറ്ററോ വീതിയുള്ള (അതും ഈ നൂലുപോലുള്ള കേരളത്തില്‍), മാറിവരുന്ന കാലാവസ്ഥക്കനുസരിച്ചു കോലം മാറുന്ന ഒരു റോഡിനേക്കാള്‍ നല്ലതിനി ഒരു രണ്ട്‌ വരിപ്പാതക്കു സമാനമായ വീതിപോലും വേണ്ടാത്ത ഒരു റെയില്‍പാതയല്ലേ?

മനുഷ്യന്റെ ആവശ്യങ്ങള്‍ക്കു പരിമിതികള്‍ ഉണ്ട്‌.
ലക്ഷങ്ങളോ കോടികള്‍ തന്നെയോ കയ്യിലുണ്ടായിരുന്നാലും ഒരാള്‍ക്കു ഒരു നേരം കഴിക്കുന്ന ഭക്ഷണത്തിനു പരിമിതിയുണ്ട്‌. ഇന്നു അഞ്ചു ബിരിയാണി കഴിച്ചേക്കാം എന്നു തീരുമാനിച്ചാല്‍ എന്താകും അവസ്ഥ? എത്ര മുറികളുള്ള വീടുണ്ടായാലും ഒരു സമയം എത്ര മുറിയില്‍ ഉറങ്ങാന്‍ കഴിയും. പത്തു മുറികളുള്ള വീടിന്റെ മൂന്നു മുറികളിലായി ഇന്നുറങ്ങും എന്നൊരുവന്‍ തീരുമാനിച്ചാല്‍ അവനന്നു ഉറങ്ങാന്‍ കഴിയുമോ? നിരവധി ഉടുപ്പുകള്‍ ഉണ്ടെന്നതിന്റെ പേരില്‍ മൂന്നു ഉടുപ്പുമിട്ടൊരുവന്‍ പൊതുജനത്തിന്റെ മുന്നില്‍ വന്നാല്‍ എന്തായിരിക്കുമവന്റെ അവസ്ഥ?

ചിലവാക്കാത്ത, കൂട്ടിക്കൂട്ടിവെക്കുന്ന സമ്പത്തിനു എന്തു പ്രസക്തിയാണുള്ളതു? അതും നമ്മുടെ ആവശ്യങള്‍ക്കു പരിമിതി ഉള്ളപ്പോള്‍. പരിമിതി ഇല്ലാത്തതു ‘ആര്‍ത്തിക്കു’മാത്രം.

കേരള സമൂഹത്തിലെ മൂന്നു ആസക്തികള്‍

1. മദ്യത്തോടും മയക്കുമരുന്നിനോടുമുള്ള ആസക്തി : കുതിച്ചു കയറുന്ന ബിവറേജ്‌ കോര്‍പ്പറേഷന്റെ വരുമാനം സാക്ഷി.

2.ലൈംഗികാസക്തി : ഒരുവാക്കുമാരോടും പറയാതെ കൂട്ടുകാരികളോടൊത്തു മരണത്തിലേക്കു യാത്രയാകുന്ന കുഞ്ഞു പെങ്ങന്മാരുടെ മൃതദേഹങ്ങള്‍ സാക്ഷി.

3. ജീവിതാസക്തി : ഏതു അടിമപ്പണിക്കും തയ്യാറാകുന്ന, നൂറ്റാണ്ടുകളോളം പൊരുതി നേടിയ അവകാശങ്ങള്‍ക്കു വില കല്‍പ്പിക്കാത്ത, അരാഷ്ട്രീയ വാദം കൊടികുത്തിയിരിക്കുന്ന നമ്മുടെ കാമ്പസ്സുകള്‍ സാക്ഷി.

ലോകമഹായുദ്ധങ്ങള്‍
എന്തുകൊണ്ട്‌ ലോകയുദ്ധങ്ങളെ മഹായുദ്ധങ്ങള്‍ എന്നു വിളിക്കുന്നു. വലിയവ എന്ന ഉദ്ദേശത്തില്‍ മാത്രമാണോ അവയെ അങ്ങനെ വിളിക്കുന്നതു? യദാര്‍ത്ഥത്തില്‍ അവയെ ഭീകര യുദ്ധങ്ങള്‍ എന്നല്ലേ വിളിക്കേണ്ടത്‌. മഹത്തരമായ യുദ്ധം എന്നൊരു ധ്വനി കൂടി മഹായുദ്ധമെന്നതിലില്ലേ? യുദ്ധങ്ങള്‍ മഹത്തരമോ? ആര്‍ക്കാണവ മഹത്തായ യുദ്ധങ്ങളാകുന്നതു?

അധിനിവേശത്തിന്റെ ഭാഷ്യം

അമേരിക്ക കണ്ടുപിടിച്ചതാര്‌?
ഉ. കൊളംബസ്‌.
വര്‍ഷങ്ങളായി നാം പഠിക്കുന്ന ചോദ്യവും ഉത്തരവും. എന്തേ അതിനുമുന്‍പ്‌ അമേരിക്ക അവിടെ ഉണ്ടായിരുന്നില്ലേ?
“പ്രാചീന അമേരിക്കന്‍ സമൂഹത്തിനു മേലുള്ള അധിനിവേശത്തിനു നാന്ദി കുറിച്ചതു ആരു?“ എന്ന ചോദ്യമല്ലേ ശരി.

കുറിപ്പ്: ഇവ പെട്ടെന്നു ഓര്‍മയില്‍ വന്നവയാണ്. ബാക്കി ഓര്‍ക്കുന്ന മുറക്കു കമന്റായോ പുതിയ പോസ്റ്റായോ ഇടാം.

9 comments:

  1. ലക്ഷങ്ങളോ കോടികള്‍ തന്നെയോ കയ്യിലുണ്ടായിരുന്നാലും ഒരാള്‍ക്കു ഒരു നേരം കഴിക്കുന്ന ഭക്ഷണത്തിനു പരിമിതിയുണ്ട്‌. ഇന്നു അഞ്ചു ബിരിയാണി കഴിച്ചേക്കാം എന്നു തീരുമാനിച്ചാല്‍ എന്താകും അവസ്ഥ? എത്ര മുറികളുള്ള വീടുണ്ടായാലും ഒരു സമയം എത്ര മുറിയില്‍ ഉറങ്ങാന്‍ കഴിയും. പത്തു മുറികളുള്ള വീടിന്റെ മൂന്നു മുറികളിലായി ഇന്നുറങ്ങും എന്നൊരുവന്‍ തീരുമാനിച്ചാല്‍ അവനന്നു ഉറങ്ങാന്‍ കഴിയുമോ? നിരവധി ഉടുപ്പുകള്‍ ഉണ്ടെന്നതിന്റെ പേരില്‍ മൂന്നു ഉടുപ്പുമിട്ടൊരുവന്‍ പൊതുജനത്തിന്റെ മുന്നില്‍ വന്നാല്‍ എന്തായിരിക്കുമവന്റെ അവസ്ഥ?

    ReplyDelete
  2. ആഴമുള്ള ചിന്തകള്‍. ഒ.വി. വിജയന്റെ മകനെ ഒരു ദിവസം ഫൊട്ടോഗ്രഫി പഠിപ്പിച്ചശേഷം ജോണ്‍ ഏബ്രഹാം പറഞ്ഞു, " ഇവനു തലയുണ്ട്‌. ഇവനെക്കൊല്ലണം."
    സുഹ്രുത്തേ നിങ്ങള്‍ക്ക്‌ ചിന്തിക്കാന്‍ കഴിയുന്നുണ്ട്‌. നിങ്ങളെ കൊല്ലേണ്ടതെങ്ങിനെയെന്ന് ഇപ്പോഴെ ആരെങ്കിലും ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാവും.
    ഏതോ ഒരു കാലത്ത്‌ ക്യാമ്പസുകള്‍ വലിയ "സംഭവങ്ങള്‍" ആയിരുന്നു എന്നും ഇന്ന് "അരാഷ്‌ട്രീയത" അവയെ അടിമക്കൂടാരങ്ങളാക്കിയിരിക്കുന്നു എന്നുമുള്ള ആ അഭിപ്രായം മാത്രം എത്ര ചിന്തിച്ചിട്ടും പിടികിട്ടിയില്ല. കുറേ രാഷ്‌ട്രീയ കൊജ്‌ഞ്ഞാണന്മാര്‍ക്കുവേണ്ടി സഹപാഠികളുടെ വയറ്റില്‍ കഠാര കുത്തിയിറക്കാന്‍ യൂണിവേഴ്സിറ്റി കോളജിലും മഹാരാജാസ്‌ കോളജിലും എല്ലാക്കാലത്തും കുറേ ചാവേറുകളുണ്ടായിരുന്നതുപോലെ ഇന്നു ലഭ്യമല്ല എന്നതില്‍ തങ്കളേപ്പൊലെ ഒരാള്‍ക്ക്‌ വിഷം തൊന്നേണ്ട ഒരാവശ്യവും എനിക്കു തോന്നുന്നില്ല. ക്യാമ്പസുകള്‍ സാമൂഹ്യമാറ്റങ്ങള്‍ക്കു തുടക്കം കുറിച്ചിരുന്നു വിദ്യാര്‍ഥികളുടെ പ്രതികരണ ബോദ്ധം നഷ്‌ടപ്പെട്ടുപോയി ഹാ കഷ്‌ടം എന്നൊക്കെയുള്ള വിലാപങ്ങളുതിര്‍ക്കുന്നത്‌ എന്നും ക്യാമ്പസുകളില്‍നിന്നുതന്നെ രാഷ്‌ട്രീയ സ്വാര്‍ധത്തിനുവേണ്ടി മാത്രം ചാവേറുകളെയും രക്തസാക്ഷികളേയും സ്രുഷ്‌ടിച്ചുകൊണ്ടിരുന്നവരാണ്. ഈ രക്തസാക്ഷികളുടെ കൂട്ടത്തില്‍ മന്ത്രിപുത്രന്മാരും പണക്കാരുടെ കുട്ടികളും ഉണ്ടായിരുന്നിട്ടുമില്ല.

    ReplyDelete
  3. വളരെ പ്രസക്തമായ ചിന്തകള്‍.

    ReplyDelete
  4. പോളേട്ടാ, വളരെ വിശദമായ ഒരു മറുപടിയോടെ ഈ ചര്‍ച്ചയില്‍ പങ്കെടുത്തതില്‍ വളരെ സന്തോഷം. ഞാന്‍ അരാഷ്ട്രീയം വേരുപിടിക്കുന്നു എന്നുദ്ദേശിച്ചതു, രാഷ്ട്രീയക്കാരനു വേണ്ടി ജീവന്‍ ത്യജിക്കുന്ന, അവരുടെ താളത്തിനൊത്തു തുള്ളുന്ന കുരങന്‍മാരുടെ സമൂഹം നഷ്ടപ്പെടുന്നു എന്നതല്ല(അതില്‍ ഞാന്‍ സന്തോഷിക്കുന്നുമുണ്ട്). പക്ഷെ വൃത്തികെട്ട രാഷ്ടീയത്തിനപ്പുറം, ‘രാഷ്ട്രീയബോധവും‘ സാമൂഹ്യബോധവും കാമ്പസ്സുകളില്‍ നിന്നും അന്യമാകുന്നു എന്നാണ്. തന്നിലേക്കു മാത്രം ചുരുങുന്ന, എന്നാല്‍ മറ്റുള്ളവര്‍ തങള്‍ക്കുവേണ്ടിയാണെന്നു കരുതുന്ന, മറ്റുള്ളവന്റെ ത്യാഗത്തിനും പ്രവര്‍ത്തനത്തിനും ഒരു നല്ല വാക്കുപോലും പറയാന്‍ കഴിയാത്ത(അറിയാത്ത) ഒരു സമൂഹമാണ് നമ്മുടെ ക്യാമ്പസ്സില്‍ ശൃഷ്ടിക്കപ്പെടുന്നത്. ഒന്നാമതെത്തലും ജോലിയും മാത്രം ലക്ഷ്യമാകുന്നു. അതും വേണ്ടതാണ്. അതു മാത്രമാകുന്നതാണ് പ്രശ്നം.

    കടമകളെക്കുറിച്ചും അവകാശങളെക്കുറിച്ചും ബോധമുണ്ടായിരുന്ന ഒരു കാമ്പസ് നമുക്കുണ്ടായിരുന്നു. ദിശാബോധത്തോടെ കാമ്പസ് പ്രവര്‍ത്തിച്ചകാലം. സ്വാതന്ത്ര്യസമരങളുടെയും മറ്റും കാലം. പിന്നെ കടമകള്‍ മറന്ന, അവകാശങള്‍മാത്രം ഉരുവിട്ടുകൊണ്ടിരുന്ന ഒരു കാമ്പസ്സായിരുന്നു ഇന്നലെവരെ. പക്ഷെ ഇന്നവര്‍ക്കു അവകാശങളെക്കുറിച്ചു പോലും ബോധമില്ലാതായിരിക്കുന്നു. ‘8മണിക്കൂര്‍ ജോലി‘ എന്നതു എത്രകാലത്തെ എത്രപേരുടെ പരിശ്രമമാണെന്നു അവര്‍ക്കറിയില്ല. ലോകത്തുണ്ടായ വിപ്ലവങള്‍ വെറുതെയായിരുന്നെന്നു കരുതുന്നെതു ശരിയല്ല. എസ്. എസ്. എല്‍. സി റിസള്‍ട്ടു വരുമ്പോള്‍ പത്രങളില്‍ ചരമ വാര്‍ത്തകള്‍ കൂടാറുണ്ടായിരുന്നു. എന്നാല്‍ ലൈംഗികാതിക്രമത്താല്‍ നമ്മുടെ പെങന്മാര്‍ ക്ലാസ്സ്മുറികളില്‍ ജീവനൊടുക്കിയിരുന്നോ? റാഗ്ഗിംഗ് ഇപ്പോഴത്തേതിനേക്കാള്‍ വികൃതമായി മുന്‍‌കാമ്പസ്സുകളില്‍ ഉണ്ടായിരുന്നു. എന്നാല്‍ എസ്.എം.ഇ യിലും മറ്റും നടന്നതുപോലുള്ളവ എനിക്കു കേട്ടു കേഴ്വി പോലുമില്ല. അതിലും ഏറ്റവും വേദനാജനകമാകുന്നതു കുറ്റവാളികള്‍ സഹപാഠികളാണ് (സീനിയേര്‍സ്)എന്നുള്ളതാണ്.

    കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനവും (1994-97) പിന്നെ ഈ നൂറ്റാണ്ടിന്റെ ആദ്യവും(2003-2006) രണ്ട് പ്രഫഷണല്‍ കോളേജുകളില്‍ റെഗുലര്‍ വിദ്യാഭ്യാസം നടത്താന്‍ കഴിഞ ഒരാളാണ് ഞാന്‍. തീര്‍ച്ചയായും എന്റെ പ്രായവ്യത്യാസവും പഴയ ക്യാമ്പസ്സുകളുടെ ഓര്‍മ്മകളും ഇങനെ ഒരു നിഗമനത്തിലെത്തുന്നതിനു കാരണമായേക്കും.
    എന്നിരുന്നാലും....

    ReplyDelete
  5. പ്രകടിപ്പിച്ചിട്ടുള്ള മറ്റെല്ലാ ആശയങ്ങള്‍ക്കും (ഇപ്പോള്‍ ഇതിനും) പൂര്‍ണമായ പിന്തുണ അറിയിക്കുന്നു. സൂപ്പര്‍ ഹയ്‌വേ മറ്റ്‌ പല മള്‍ട്ടിമില്യണ്‍ പ്രോജക്‍റ്റുകളും പോലെ തന്നെ സാധാരണക്കാരനുവേണ്ടിയുള്ളതല്ല. പ്രതിപക്ഷത്തും ഭരണത്തിലും ഇരിക്കുന്ന പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളുടെ തലതൊട്ടപ്പന്മാര്‍ക്ക്‌ സാധാരണക്കാരന്‍ വിയര്‍ത്തും വിശന്നും നല്‍കുന്ന നികുതിപ്പണം ഏതെങ്കിലും ഒരു ഫാരിസിന്റേയോ മാഫിയ ഡോണിന്റേയൊ മദ്യമുതലാളിയുടേയൊ ബിനാമിപ്പേരില്‍ കോടികളുടെ ബ്ലാക്‌ മണിയാക്കി അടിച്ചുമാറ്റാന്‍ വേണ്ടി മാത്രമുള്ള ഒരു പ്രോജക്‍റ്റാണത്‌.

    ReplyDelete
  6. ഇങനെയൊരു പോസ്റ്റ് ഇടാന്‍ കാരണമാക്കിയത് “എക്സ്പ്രസ്‌ഹൈവെയ്ക്ക് ഒരു ബദല്‍ ആശയം” വന്നു എന്നതാണ്. വര്‍ഷങളായി നാം ചര്‍ച്ചചെയ്യുന്ന ഒരു പദ്ധതി. ഇവക്കെതിരായി നിരവധി സഘടനകള്‍(ഇപ്പോഴത്തെ ഭരണപക്ഷം പോലും) നിരവധി പ്രക്ഷോഭങള്‍ നടത്തിയിട്ടും ഫലപ്രദമായ ഒരു ബദല്‍ മുന്നോട്ട് വെച്ചതായി കണ്ടില്ല. വാഹനബാഹുല്യവും, യാത്രാക്ലേശവും അനുദിനം വര്‍ദ്ധിക്കേ, എന്തിനേയും കണ്ണുമടച്ചു എതിര്‍ക്കുന്ന, അധികാരത്തിലെത്തുമ്പോള്‍ അവയെല്ലാം ഒറ്റയടിക്കുവിഴുങുന്ന ഒരുവിഭാഗത്തിന്റെ വാദഗതിയെ മനസ്സുകൊണ്ട് തള്ളാന്‍ എനിക്കു ഏറെയൊന്നു ആലോചിക്കേണ്ടിവന്നില്ല എന്നതാണ് സത്യം.

    ഇന്നു നമ്മുടെ ചര്‍ച്ചകളുടെ അതിര്‍വരമ്പുകള്‍ നാം അറിയാതെ മറ്റുചിലര്‍ തീരുമാനിക്കു എന്നു തോന്നുന്നു. എക്സ്പ്രസ്‌ഹൈവേ എന്ന ആശയം ജനങ്ങള്‍ക്കിടയിലേക്കിട്ടു ‘എക്സ്പ്രസ്‌ഹൈവേയും ദേശീയപാതാ വികസനവും‘ ചര്‍ച്ചചെയ്തും പ്രക്ഷോഭം നടത്തിയും ‘റോഡുവികസനമെന്ന’ ലക്ഷ്യത്തില്‍മാത്രം നാം തളച്ചിടപ്പെട്ടു. അതുവേണമെന്നു നമ്മെക്കൊണ്ട് ആഗ്രഹിപ്പിച്ചു(പകരമൊരു റെയില്‍‌പാതയെക്കുറിച്ചു നാമെന്തെ ചിന്തിച്ചില്ല? ഇനി ആരെങ്കിലും അതിനെക്കുറിച്ചു പറഞെങ്കില്‍, ക്ഷമിക്കണം ഞാന്‍ അറിഞതേയില്ല). പിന്നെ ‘60മീറ്റര്‍ വീതിയുള്ള തെക്കുവടക്കു ഇടനാഴി‘ വേണോ, ‘100 മീറ്റര്‍ വീതിയുള്ള എക്സ്‌പ്രെസ്സ് ഹൈവെ’ വേണോ എന്നതായി ചര്‍ച്ച. അതിനിടയില്‍ ടോള്‍ പിരിവും, ഈ റോഡിലേക്കുള്ള മറ്റുറോഡുകളുടെ നിയന്ത്രണങളും മുന്‍പ് പറഞ പലകാര്യങളും നമ്മില്‍നിന്നും വിസ്മരിക്കപ്പെടുകയും ചെയ്തു. അങനെ ഇവയിലേതാണ് നല്ലതെന്നും, ആ‍രാണ് നാടിനുവേണ്ടി ഇതൊക്കെ ചെയ്യുക എന്നു ചിന്തിച്ചു രോഷവും നിരാശയുമൊക്കെയായി കാലംകഴിക്കെയാണ് ഒരു ഉത്ഘാടനത്തിനെത്തിയ ജമാ‍‌അത്തെ ഇസ്ലാമിയുടെ കേരളത്തിലെ രണ്ടാമന്‍ ‘ശ്രീ. ശൈഖ് മുഹമ്മദ് കാരക്കുന്നു’ എന്ന വ്യക്തിയെ പരിചയപ്പെടാന്‍ ഇടയായതും ഇങനെ ചില ആശയങള്‍ കിട്ടിയതും. ജമാ‍‌അത്തെ ഇസ്ലാമി എന്ന പ്രസ്ഥാനത്തോട് വലിയ പരിചയമൊന്നും ഇല്ലാത്ത(അതുകൊണ്ട് തന്നെ എന്റെ ധാരണകള്‍ പലതും തെറ്റിധാരണയാണെന്നാണ് അവരുടെ വാദം ) എന്നോട് അവയെക്കുറിച്ചു ചോദിക്കപ്പെടാതിരിക്കാനും, വ്യക്തി കേന്ദ്രീകൃതമായി അനുകൂലമോ പ്രതികൂലമോ ആയ അഭിപ്രായങള്‍ വരാതിരിക്കാനും വേണ്ടിയാണ് ഞാന്‍ പോസ്റ്റില്‍ നിന്നും അദ്ദേഹത്തിനെ പേര്‍ ഇതുവരെ ഒഴിവാക്കിയത്.

    ഷംനാര്‍, ചിന്തകന്‍, പോള്‍ വളരെ നന്ദിയുണ്ട് ഇവിടെ വന്നതിന്നും അഭിപ്രായം അറിയിച്ചതിനും.

    ReplyDelete
  7. നല്ല പോസ്റ്റ്.
    കലികാലത്തിലെ സംഭവങ്ങളെ കുറിച്ച് നല്ല വിവരണം

    ReplyDelete
  8. കാര്യമാത്രപ്രസക്തമായ ഒരു ബ്ലോഗ് കണ്ടതില്‍ നല്ലൊരു പോസ്റ്റ് വായിച്ചതില്‍ സന്തോഷം. തലക്കെട്ട് അന്വര്‍ത്ഥമക്കുന്ന പോലെ ശരിക്കും
    “ചില വേറിട്ട ചിന്തകള്‍ ”...ഗൌരവമായ വസ്തുതകളെ പറ്റി ചര്‍ച്ച ചെയ്യാന്‍ തയ്യാറായതില്‍ അഭിനന്ദനങ്ങള്‍.

    ReplyDelete

എന്താണ് പറയണമെന്നു തോന്നിയതു? അതെന്തായാലും ഇവിടെയെഴുതൂ...

Related Posts with Thumbnails