പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Saturday, July 25, 2015

തട്ടത്തിൻ മറയത്ത്....

നമുക്കോരോരുത്തർക്കും ഓരോരോ ശീലങ്ങളുണ്ട്. അതിൽ നിന്നുമുള്ള മാറ്റം നല്ലതിലേക്കോ മോശമായതിലേക്കോ ആയാലും മാനസിക പ്രയാസമുളവാക്കുന്നതാണ്. ഇരുന്നുമാത്രം മൂത്രമൊഴിച്ചും, കുളിമുറിക്കുള്ളിൽ കുളിക്കുമ്പോൾ പോലും നഗ്നത മറച്ചും ശീലിച്ചവർക്കു സിനിമാ തീയേറ്ററുകളിലെയും മറ്റും ടോയ്ലറ്റുകളിൽ ആൾക്കൂട്ടത്തിനിടയിൽ നിന്നു മൂത്രമൊഴിക്കാൻ വളരെ പാടാണ്. അതുപോലെതന്നെ വീട്ടിനുള്ളിലും എപ്പോഴും ഷർട്ടിട്ടു നടക്കുന്നവർ,  മുണ്ട് മടക്കിക്കുത്തുന്ന ശീലമില്ലാത്തവർ, വിനോദയാത്രകളിലും മറ്റും വെള്ളത്തിലിറങ്ങുമ്പോൾ പോലും പാന്റിടുന്നവർ അങ്ങനെ എത്രയോ ശീലക്കാർ?

പറഞ്ഞു വന്നതു പെട്ടെന്നുള്ള മാറ്റമുണ്ടാക്കുന്ന മാനസിക പ്രശ്നങ്ങളെക്കുറിച്ചാണ്. ജീവിതത്തിലെ പ്രധാനപ്പെട്ട സമയങ്ങളിൽ അധിക സമ്മർദ്ധമില്ലാതെ കാര്യങ്ങൾ ചെയ്യുന്നതിനു ഉപകരിക്കുന്നതു, ഇന്നലെ വരെയുണ്ടായിരുന്ന സാഹചര്യം നിലനിന്നു കിട്ടുകയെന്നതാണ്. വർഷങ്ങളായി കയ്യും തലയും മറച്ചുകൊണ്ട് മാത്രം പുറത്തിറങ്ങി ശീലിച്ചവർക്കു, തുറിച്ചു നോക്കുന്ന കണ്ണുകൾക്കുമുന്നിൽ അവയില്ലാതെ പരീക്ഷയെഴുതുന്നതു എത്ര വലിയ മാനസിക സമ്മർദ്ധമായിരിക്കുമുണ്ടാക്കുക? തീർച്ചയായും അത്തരം വിലക്കുകൾ  മത്സരങ്ങളിൽ അവരെ പിന്നിലേക്കു കൊണ്ടു പോകാനുള്ള സാദ്ധ്യത വളരെക്കൂടുതലാണ്. (സ്കൂളുകളിലും കോളേജുകളിലുമൊക്കെവല്ലപ്പോഴും സാരിയുടുത്തുകൊണ്ട് പോകുന്ന കുട്ടികളുടെ വെപ്രാളങ്ങൾ ശ്രദ്ധിച്ചിട്ടുള്ളവർക്കും അങ്ങനെ പോയ ഓർമ്മയുള്ളവർക്കും കാര്യങ്ങൾ കുറച്ചു കൂടി മനസ്സിലാകും.)


എൻ‌ട്രൻസ് പോലെയുള്ള മത്സരപരീക്ഷകളിൽ തുണ്ടെഴുതി കയറുന്നതു പോലുള്ള കോപ്പിയടി മാർഗ്ഗങ്ങൾ എത്രമാത്രം ഉപകാരപ്പെടുമെന്ന കാര്യം നിരവധി മത്സരപരീക്ഷകളിൽ പങ്കെടുത്തിട്ടുള്ള എനിക്കു മനസ്സിലായിട്ടില്ല. മാത്രമല്ല, തലയിലെ തൊപ്പിയും ശിരോ വസ്ത്രവുമൊക്കെ കോപ്പിയടിക്കു സഹായിക്കുന്നതിനേക്കാളേറെ സഹായം അടിവസ്ത്രങ്ങളിൽ നിന്നും മറ്റു മേൽവസ്ത്രങ്ങളിൽ നിന്നും ലഭിക്കാനുള്ള സാധ്യതയില്ലേ? എന്ന സംശയവും ഉണ്ട്.

സാങ്കേതിക വിദ്യയുടെ ഈ കാലത്തു, വലിയ ആൾക്കൂട്ടത്തിനിടയിലെ പോക്കറ്റടിക്കാരെ വരെ കൃത്യമായി കണ്ടെത്താൻ സഹായിക്കുന്നത്ര പവർഫുൾ ക്യാമറകളും (സരിത മറിച്ചു കാണിച്ച പേപ്പറിലെ എഴുത്തുകൾ വരെ അവ ഒപ്പിയെടുത്തിരിക്കുന്നു :) ), ഏതൊരു ഇലക്ട്രോണിക് സാധനത്തിന്റെയും പ്രവർത്തനങ്ങളെ തടഞ്ഞു നിർത്താനാവുന്ന ജാമറുകളും ഉള്ള ഈ കാലത്തു, അത്തരം സാങ്കേതിക വിദ്യകളും തുണിയഴിച്ചു പരിശോധനയ്ക്കു നിർത്താനുദ്ദേശിക്കുന്ന അധിക സ്റ്റാഫുകളെയും ക്ലാസ്സിൽ നിരീക്ഷണത്തിനുപയോഗിച്ചാൽ കുറേയൊക്കെ ഒഴിവാക്കാനായേക്കും. (നിരീക്ഷണത്തിനു നിർത്തിയിരിക്കുന്ന വ്യക്തിയുടെ സഹായമനസ്കത ഇല്ലാതാക്കാൻ എന്തു ചെയ്യാനാവും എന്നതാണ് സത്യത്തിൽ വലിയ പ്രശ്നം)

ഭരണഘടനാ വിരുദ്ധമെന്നു ഒറ്റനോട്ടത്തിൽ തോന്നുന്ന ഒരുകാര്യം നടപ്പാക്കി പുതിയ കീഴ്‌വഴക്കമുണ്ടാക്കാൻ സുപ്രീം കോടതിയൊക്കെ അനുമതി നൽകുന്നതിൽ വളരെ ആശങ്കയുണ്ട്. കടലു പോലുള്ള സിലബസിൽ നിന്നും, ഒറ്റവാക്കു ഉത്തരങ്ങൾ എഴുതുന്ന മത്സര പരീക്ഷകളേക്കാൾ കോപ്പിയടി നടക്കുന്നതു, പഠിച്ച ഭാഗത്തു നിന്നുമാത്രം ഉത്തരങ്ങൾ വാരി വലിച്ചെഴുതേണ്ടി വരുന്ന സ്കൂൾ കോളേജ് എക്സാമുകളിലാണ് എന്ന കാര്യം പറഞ്ഞ് അവിടങ്ങളിലും ഇത്തരം നിയമങ്ങൾ കൊണ്ടുവരാനുള്ള സാദ്ധ്യതയാണുള്ളതു. തകർക്കപ്പെടുന്ന വ്യക്തി സ്വാതന്ത്ര്യവും, വിശ്വാസത്തിന്മേലുള്ള കടന്നു കയറ്റവും, മതേതരത്വത്തോടുള്ള വെല്ലു വിളികളും നാം കണ്ടില്ലെന്നു നടിച്ചു കൂടാ....

5 comments:

  1. സുപ്രീം കോടതിയുടെ ഈ വിധിയില്‍ നിയമതാല്പര്യങ്ങളല്ല മറിച്ച് ഏതോ വിരോധം തീര്‍ക്കുന്ന ഹിഡന്‍ അജെന്‍ഡയാണ് കാണുന്നത്

    ReplyDelete
  2. ആര്‍ക്കും ഒരു ഗുണവും ഉണ്ടാക്കാതെ സമയം കളയുന്ന ചില വേലകള്‍.

    ReplyDelete
    Replies
    1. ഗുണമുണ്ടാക്കുന്നില്ലെങ്കിലും അത്യാവശ്യം ദോഷമുണ്ടാക്കുന്നുണ്ട്.

      Delete
  3. നല്ല പോസ്റ്റ്‌ -ആശംസകള്‍ - വേണ്ടും വരാം-പുതിയ പോസ്റ്റുകളുടെ ലിങ്കുകള്‍ 'ബ്ലോഗ്‌ പോസ്റ്റ്‌ ലിങ്കുകള്‍' എന്ന ഫെയിസ്ബുക്ക് ഗ്രൂപ്പില്‍ ചേര്‍ക്കൂ... വായനക്കാര്‍ക്ക് പെട്ടെന്ന് പോസ്റ്റിലേക്ക് എത്തിച്ചേരാന്‍ കഴിയും.
    https://www.facebook.com/groups/398702893601948/

    ReplyDelete

എന്താണ് പറയണമെന്നു തോന്നിയതു? അതെന്തായാലും ഇവിടെയെഴുതൂ...

Related Posts with Thumbnails