പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Tuesday, February 16, 2010

സ്ഫോടനങ്ങള്‍ ഉണ്ടാവുന്നത് | മാധ്യമം

സ്ഫോടനങ്ങള്‍ ഉണ്ടാവുന്നത് | മാധ്യമം


ഒരു രാജ്യം വേറൊരു രാജ്യത്തെ തകര്‍ക്കാന്‍ അല്ലെങ്കില്‍ വെട്ടിപ്പിടിക്കാന്‍ നേര്‍ക്കുനേരെ നടത്തുന്ന മുറയാണ് യുദ്ധം. യുദ്ധത്തിന്റെ ഭാഗമായി ചാരപ്പണികളും ചാവേറുകളുമൊക്കെ കടന്നുവരിക പണ്ടേയുള്ള വഴക്കമാണ്. എന്നാല്‍, തീവ്രവാദപ്രവര്‍ത്തനങ്ങളുടെ മുഖം ഇതാണോ? ഉശിരും അന്തസ്സും കുറഞ്ഞ ഭരണകൂടത്തിനു മാത്രമേ വേറൊരു രാജ്യത്തെ, തീവ്രവാദ ഭീകരപ്രവര്‍ത്തനങ്ങളിലൂടെ ശല്യം ചെയ്യാനാവുകയുള്ളൂ. വിശേഷിച്ച് ഭീകരപ്രവര്‍ത്തനത്തിന്റെ ഇരകള്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. പോര്‍മുഖത്ത് പടച്ചട്ടയണിഞ്ഞ് നില്‍ക്കുന്ന യോദ്ധാക്കളല്ല അവര്‍. അതുകൊണ്ടുതന്നെ ശൂരത്വമെന്ന് ധരിച്ച് നടത്തുന്ന ഭീരുത്വ പ്രകടനമാണ് എല്ലാതരം ഭീകരവാദ പ്രവര്‍ത്തനങ്ങളും.

നമ്മുടെ രാജ്യം ഭീകരതയുടെ പിടിയിലാണെന്ന പ്രചാരണംതന്നെ ഒരര്‍ഥത്തില്‍ യുക്തിസഹമല്ല. സമനില തെറ്റിയ, മത^ജാതിവൈരത്തിന്റെ പാഷാണം പൂശിയ മസ്തിഷ്കഭാവനകളുടെ ഒരു തരം ഭ്രാന്തമായ അവസ്ഥയാണത്. എന്തിനും തയാറാണ് ഇക്കൂട്ടര്‍. അതിസാഹസിക കാര്യങ്ങള്‍ ചിന്തിക്കും. അത് നടപ്പാക്കല്‍ വിനോദമായെടുക്കും. വേഗവും ആര്‍ജവവും ഭ്രാന്തും ചേരുമ്പോള്‍ സ്ഫോടനങ്ങള്‍ ഉണ്ടാവുന്നു. നിരപരാധികള്‍ മരിക്കുന്നു. ഭീകരതയുടെ പുതിയ ഒരിനം എന്ന നിലക്കും ഇതിനെ കാണാനാവും. പക്ഷേ, ഒരു വില്ലന്‍ ഇതിന്റെയൊക്കെ പിന്നിലുണ്ട്. അയാള്‍ക്ക് ഭ്രാന്തില്ല. ലശ്കറെ ത്വയ്യിബ ഏജന്റെന്ന് ആരോപിക്കപ്പെടുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി, സ്വാമിനി പ്രജ്ഞസിങ് താക്കൂര്‍ തുടങ്ങി ഒട്ടേറെ ഉദാഹരണങ്ങള്‍ കാലിക സംഭവങ്ങളില്‍നിന്ന് നമുക്ക് ഓര്‍ത്തെടുക്കാനാവും.

മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനെന്ന് പറയപ്പെടുന്ന ഹെഡ്ലി തന്നെയാണത്രെ ശനിയാഴ്ച പുണെ കൊരഗാവ് പാര്‍ക്കിലെ ജര്‍മന്‍ ബേക്കറിയിലുണ്ടായ സ്ഫോടനത്തിനു പിന്നിലും. സ്ഫോടനത്തില്‍ ഒമ്പതുപേര്‍ മരിക്കുകയും അറുപതിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

രാജ്യം നേരിടുന്ന ഭീകരവാദഭീഷണിയെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. അകത്തുള്ളതും പുറമെ നിന്നുള്ളതും. ഇതില്‍ ഏറ്റവും അപകടകരം അകത്തുനിന്നുള്ള ഭീഷണിയാണ്. ഇതില്‍ രണ്ട് വിഭാഗത്തെ കാണാനാവും. ഒന്ന്, അസംതൃപ്തവിഭാഗം. മറ്റൊന്ന് അസഹിഷ്ണുതാവിഭാഗം. പാര്‍ശ്വവത്കൃതസമൂഹം ആദ്യവിഭാഗമാണെങ്കില്‍ മാലേഗാവ്, മക്കാമസ്ജിദ്, നാന്ദേഡ്, സംഝോത സ്ഫോടനങ്ങള്‍ക്കുപിന്നിലെ മുഖ്യസ്രോതസ്സുകളായ സ്വാമിനി പ്രജ്ഞസിങ് താക്കൂര്‍, സ്വാമി ദയാനന്ദ് പാണ്ഡെ, ലഫ്. കേണല്‍ പുരോഹിത് തുടങ്ങിയവരുടേത് അസഹിഷ്ണുതാവിഭാഗമോ, അവരുടെ വാടകപ്പറ്റുകളോ ആണ്. ഇവിടെയുള്ള മുസ്ലിംകളാദി വിഭാഗങ്ങളെ അവര്‍ക്ക് കണ്ടുകൂടാ.

പ്രധാനമന്ത്രി തരംതിരിച്ച രണ്ടാമത്തെ വിഭാഗം പുറമെനിന്നുള്ള ഭീകരവാദമാണ്. അഥവാ അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ളത്. അതിനെ നേരിടാന്‍ നമ്മുടെ സൈന്യം സജ്ജമാണ്. പാകിസ്താനിലെ തീവ്രവാദികള്‍ ഇന്ത്യക്കെതിരെ ആക്രമണം നടത്താനുള്ള സാധ്യത 2009ലെ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രത്യേകം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നമ്മുടെ ഭൂവതിര്‍ത്തിയിലും സമുദ്രാതിര്‍ത്തിയിലും പ്രത്യേകം സജ്ജീകരണങ്ങള്‍ നടത്തിയ കാര്യവും പ്രധാനമന്ത്രി ആ സമ്മേളനത്തെ അറിയിച്ചിരുന്നു. അതിര്‍ത്തിക്കപ്പുറത്തെ ഭീകരപ്രവര്‍ത്തനങ്ങളെ നേരിടുന്നതില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ചുമതല ഊന്നിപ്പറയാന്‍ വേണ്ടിയായിരുന്നു പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും മാത്രമായി വിളിച്ചു ചേര്‍ത്തത്.

പക്ഷേ, നിര്‍ഭാഗ്യകരമാകാം, നമ്മുടെ സംസ്ഥാനങ്ങള്‍ തന്നെ ഭീകരവാദ^തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ഭൂമികയായി മാറുകയും സംസ്ഥാന ഭരണകൂടം അതിന് നേതൃത്വം നല്‍കുകയും ചെയ്താലോ? ഇന്ത്യന്‍സംസ്ഥാനങ്ങളില്‍ ഇതിന്റെ സ്ഫടികസാമ്പിളുകള്‍ തന്നെയുണ്ട്. ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കൂടി ഇരുത്തിക്കൊണ്ടാണ് പ്രധാനമന്ത്രി, ഓരോ സംസ്ഥാനങ്ങളുടെയും ചുമതലകള്‍ വിശദീകരിച്ചത്. പക്ഷേ, എന്തുണ്ടായി. പുണെ കഴിഞ്ഞ ശനിയാഴ്ച പൊട്ടിത്തെറിച്ചു.

നമ്മുടെ ഭൌതികസൌകര്യങ്ങളിലാണോ ഇന്റലിജന്‍സ് വിഭാഗങ്ങളിലാണോ കരുതല്‍കേന്ദ്രങ്ങളിലാണോ വീഴ്ച. മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നീ മേഖലകളില്‍ ഒരു വര്‍ഷം മുമ്പുതന്നെ ദേശീയ സുരക്ഷാഗാര്‍ഡിന്റെ പ്രാദേശികയൂനിറ്റുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ ക്വിക് റസ്പോണ്‍സ് ടീമുകളും നിലവില്‍വന്നു എന്നാണറിവ്. അടിയന്തരശ്രദ്ധ പതിയുന്ന മേഖലയായിരുന്നിട്ടു പോലും മഹാരാഷ്ടയിലെ പുണെയില്‍ സ്ഫോടനം സംഭവിച്ചു!

ഭീകരപ്രവര്‍ത്തനങ്ങളെ തടയാനോ യഥാര്‍ഥപ്രതികളെ കണ്ടെത്താനോ കഴിയാത്തതിന്റെ പിന്നിലുള്ളത് ഭരണകൂട ഭീകരതയാണ്. ഭരണകൂട നിഷ്പക്ഷത ഇല്ലാത്തതിന്റെ കൃത്യമായ രേഖയാണ് ഗുജറാത്തില്‍ നരേന്ദ്രമോഡിയും കശ്മീരിലും അസമിലും മണിപ്പൂരിലുമൊക്കെ സേനകള്‍തന്നെയും ഉണ്ടാക്കിവെച്ചത്. നിരപരാധികളെ വെടിവെച്ചുകൊന്നതും വനിതകളെ മാനഭംഗപ്പെടുത്തിയതും തങ്ങളറിഞ്ഞില്ലെന്ന് അവിടങ്ങളിലെ സംസ്ഥാനസര്‍ക്കാറിന് പറയാന്‍ കഴിയുമോ?

ഭീകരവാദത്തെ ആയുധംകൊണ്ടല്ല, ബുദ്ധികൊണ്ടാണ് ആദ്യം നേരിടേണ്ടതെന്നു കൂടി മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി പറയേണ്ടതായിരുന്നു. വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കി ഇരയെ വെടിവെച്ചുകൊന്ന് വീരകേസരികളാവുന്ന സേന, രാജ്യം കാക്കാന്‍ ഉയിര് നേര്‍ന്നുവെച്ച യഥാര്‍ഥസേനയുടെ കൂടി ആത്മബലമാണ് ചോര്‍ത്തിക്കളയുന്നത്. സേനയില്‍ അഴിച്ചുപണിയല്ല, അവര്‍ക്കിടയിലെ ധാര്‍മികബോധമാണ് ശരിക്കും വേരുറപ്പിക്കേണ്ടത്.

വിശാലമാണ് ഇന്ത്യയുടെ അകം. ഇവിടെ നടക്കുന്ന ഒറ്റപ്പെട്ട സ്ഫോടനങ്ങള്‍പോലും രാജ്യത്തെ മൊത്തം പിടിച്ചുകുലുക്കുന്നു. പുണെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപകമായ ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍. വിമാനത്താവളങ്ങളില്‍, തീവണ്ടിയാപ്പീസുകളില്‍, തിരക്കുള്ള കവലകളില്‍ തുടങ്ങി എവിടെയും, ഇപ്പോള്‍ പൊട്ടിത്തെറിക്കുകയില്ലെന്ന ഉറപ്പില്‍ ആര്‍ക്കാണ് സ്വസ്ഥമായി നടക്കാന്‍ കഴിയുക? ഓരോ ആക്രമണസംഭവങ്ങളിലും യഥാര്‍ഥപ്രതികളെ കണ്ടെത്താനും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനും എടുക്കുന്ന കാലതാമസവും സൃഷ്ടിക്കുന്ന വിവാദങ്ങളും അടുത്തൊരു സ്ഫോടനത്തിന് വേഗത കൂട്ടുന്നു എന്നതാണ് അനുഭവം. ഇത് ജനങ്ങളെ കൂടുതല്‍ പേടിപ്പിക്കുകയാണ്. ഈ ഭയം ഇന്ത്യന്‍ സമൂഹ മനഃസാക്ഷിയില്‍ കടുത്ത സമ്മര്‍ദം ഉണ്ടാക്കിവെച്ചിരിക്കുന്നു. വളരെയേറെ മനഃശാസ്ത്രപരമായ സമീപനത്തിലൂടെ മാത്രമേ ഈ മരവിപ്പില്‍നിന്ന് നമ്മുടെ സാമൂഹിക മനസ്സിനെ മോചിപ്പിക്കാനാവൂ. അസംതൃപ്ത വിഭാഗങ്ങളെ സൃഷ്ടിക്കാതിരിക്കുകയെന്ന മുന്‍കരുതലാണ് ഓരോ ഭരണകൂടവും അതിനുവേണ്ടി ആദ്യമായി നിര്‍വഹിക്കേണ്ടത്.

Monday, February 1, 2010

മൂന്നാറിലെ രാഷ്ട്രീയം

മൂന്നാര്‍ ഓപ്പറേഷന്റെ ആദ്യഭാഗം ഭരണപക്ഷം തന്നെ പരാജയപ്പെടുത്തിയിട്ടു ഏറെ കാലങ്ങളായില്ല. ഒരു ഭരണ നേട്ടവും കാണിക്കാനില്ലാതെ ഒരുവര്‍ഷം കടന്നുപോകുന്നതൊഴിവാക്കാന്‍ തുടങ്ങിയ നടപടി അന്നു തകര്‍ന്നതു പ്രതിപക്ഷത്താലൊ മാധ്യമങളുടെ പ്രവര്‍ത്തനങ്ങളാലൊ ആയിരുന്നില്ല എന്നു നമുക്കെല്ലാം അറിയാം.

ഒരുവര്‍ഷം കൂടി മാത്രം അധികാരം കയ്യിലിരിക്കുമ്പോള്‍ മന്ത്രിമാരും പാര്‍ട്ടികളുമടക്കം എല്ലാവരും വീണ്ടും മൂന്നാറിലേക്കു.
ബസ് ചാര്‍ജ് വര്‍ധനയുടെയും, വിലക്കയറ്റത്തിന്റെയും, ഭക്ഷണസാധനങ്ങളുടെ മറിച്ചു വില്‍ക്കലിന്റെയും കഥകള്‍ക്കിടയില്‍ നിന്നും പുതിയ അപസര്‍പ്പക കഥയുടെ ആരംഭം.

പുതിയ മൂന്നാറിന്റെ പശ്ചാത്തലത്തില്‍ നമ്മള്‍ (പൊതു ജനം) മറക്കാന്‍ പാടില്ലാത്ത ചില വസ്തുതകള്‍ പറയാം .

1. ആദ്യ മൂന്നാര്‍ ഓപ്പറേഷനു ശേഷവും മൂന്നാറില്‍ വന്‍ തോതില്‍ കയ്യേറ്റമുണ്ടായി.
2. അധികാരികള്‍ കയ്യേറ്റങ്ങളെ കണ്ടില്ലെന്നു നടിക്കുകയോ അതിനു ഒത്താശ ചെയ്യുകയോ ചെയ്തു.
3. പുതിയ ഒഴിപ്പിക്കലിന്റെ മറവില്‍ പഴയ മൂന്നാര്‍ ഓപറേഷന്‍ വരെയുള്ള കയ്യേറ്റങ്ങള്‍ നിയമവിധേയമാകുന്നു.

ഇതു കൂടി ഓര്‍ക്കുക. നിങ്ങളുടെ ഒരു കെട്ടിടം സര്‍ക്കാര്‍ പൊളിച്ചു നീക്കിയാല്‍, നിങ്ങള്‍ക്കവിടെ അനുമതിയില്ലാതെ വീണ്ടുമൊന്നു ഉയര്‍ത്താനാവുമോ?

ഒരു മുറി കെട്ടാന്‍ പഞ്ചായത്തില്‍ വസ്തുവിന്റെ കരമൊടുക്കിയ രസീതും, പണിയുന്ന കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും പിന്നെ പലതും നല്‍കി നെട്ടോട്ടമോടേണ്ട നമ്മുടെ നാട്ടില്‍ ഇതൊന്നുമില്ലാതെ പലതും നിര്‍ബാധം ഉയര്‍ന്നു വരികയെന്നതു ചിന്തിക്കാനാവുമൊ? അതും അത്ര ചെറുതൊന്നുമല്ലാത്ത ഡാമുകളും റിസോര്‍ട്ടുകളും? അതും ഏവരാലും ശ്രദ്ധിക്കപ്പെട്ട ഒരു കയ്യേറ്റ ശുദ്ധീകരണ പദ്ധതി തുടങ്ങി വെച്ചിടത്തു തന്നെ.

ഒന്നാം മൂന്നാര്‍ കലാപരിപാടിക്കു ശേഷവും നിര്‍ഭയം സംസ്ഥാന ഭരണത്തെ വെല്ലുവിളിക്കാന്‍ ആര്‍ക്കാണു ധൈര്യമുണ്ടാവുക? ഭരണാധികാരികള്‍ക്കല്ലാതെ?


പഴയ മൂന്നാര്‍ ഓപ്പറേഷനു ശേഷമുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന ഭരണാധികാരികളുടെ വാക്കില്‍ തന്നെ ‘അതിനു മുന്‍പുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കില്ല’ എന്നതു അടങ്ങിയിരിക്കുന്നില്ലെ? ലജ്ജാകരം!!! അതാരെ രക്ഷിക്കാനാണെന്നു പഴയ മൂന്നാര്‍ ഓപറേഷന്‍ കാലത്തു പുറത്തുവന്ന കയ്യേറ്റങ്ങളുടെ കഥ മറന്നു പോകാത്തവര്‍ക്കറിയാം. പക്ഷെ എന്തു ഗുണം?

പഴയ കയ്യേറ്റങ്ങളെ സാധൂകരിക്കാനായും ഭരണപരാജയവും നാണക്കേടും മറക്കാനുമായി ചിലരുമായി ഒത്തു ചേര്‍ന്നു ചിലര്‍ , പുതിയ ചില കയ്യേറ്റങ്ങള്‍ നടത്തിയിട്ടു അവയെത്തന്നെ പൊളിച്ചു മാറ്റി മാന്യരാവുന്നു എന്നു സംശയിച്ചു കൂടെ? അതോടെ ഒന്നാം വാര്‍ഷികത്തില്‍ തുറന്നു വിട്ട ഭൂതത്തെ എന്നേക്കുമായി കുടത്തിലാക്കുകയും ചെയ്യാമല്ലോ?

അങ്ങനെയല്ലായെന്നു വിശ്വസിക്കണമെങ്കില്‍ എല്ലാ കയ്യേറ്റങ്ങളും, അവക്കു ഒത്താശ ചെയ്തവരും കുടിയിറക്കപ്പെടണം. ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളുമടക്കം. അതു നടക്കുമോ?

Related Posts with Thumbnails