പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Monday, February 1, 2010

മൂന്നാറിലെ രാഷ്ട്രീയം

മൂന്നാര്‍ ഓപ്പറേഷന്റെ ആദ്യഭാഗം ഭരണപക്ഷം തന്നെ പരാജയപ്പെടുത്തിയിട്ടു ഏറെ കാലങ്ങളായില്ല. ഒരു ഭരണ നേട്ടവും കാണിക്കാനില്ലാതെ ഒരുവര്‍ഷം കടന്നുപോകുന്നതൊഴിവാക്കാന്‍ തുടങ്ങിയ നടപടി അന്നു തകര്‍ന്നതു പ്രതിപക്ഷത്താലൊ മാധ്യമങളുടെ പ്രവര്‍ത്തനങ്ങളാലൊ ആയിരുന്നില്ല എന്നു നമുക്കെല്ലാം അറിയാം.

ഒരുവര്‍ഷം കൂടി മാത്രം അധികാരം കയ്യിലിരിക്കുമ്പോള്‍ മന്ത്രിമാരും പാര്‍ട്ടികളുമടക്കം എല്ലാവരും വീണ്ടും മൂന്നാറിലേക്കു.
ബസ് ചാര്‍ജ് വര്‍ധനയുടെയും, വിലക്കയറ്റത്തിന്റെയും, ഭക്ഷണസാധനങ്ങളുടെ മറിച്ചു വില്‍ക്കലിന്റെയും കഥകള്‍ക്കിടയില്‍ നിന്നും പുതിയ അപസര്‍പ്പക കഥയുടെ ആരംഭം.

പുതിയ മൂന്നാറിന്റെ പശ്ചാത്തലത്തില്‍ നമ്മള്‍ (പൊതു ജനം) മറക്കാന്‍ പാടില്ലാത്ത ചില വസ്തുതകള്‍ പറയാം .

1. ആദ്യ മൂന്നാര്‍ ഓപ്പറേഷനു ശേഷവും മൂന്നാറില്‍ വന്‍ തോതില്‍ കയ്യേറ്റമുണ്ടായി.
2. അധികാരികള്‍ കയ്യേറ്റങ്ങളെ കണ്ടില്ലെന്നു നടിക്കുകയോ അതിനു ഒത്താശ ചെയ്യുകയോ ചെയ്തു.
3. പുതിയ ഒഴിപ്പിക്കലിന്റെ മറവില്‍ പഴയ മൂന്നാര്‍ ഓപറേഷന്‍ വരെയുള്ള കയ്യേറ്റങ്ങള്‍ നിയമവിധേയമാകുന്നു.

ഇതു കൂടി ഓര്‍ക്കുക. നിങ്ങളുടെ ഒരു കെട്ടിടം സര്‍ക്കാര്‍ പൊളിച്ചു നീക്കിയാല്‍, നിങ്ങള്‍ക്കവിടെ അനുമതിയില്ലാതെ വീണ്ടുമൊന്നു ഉയര്‍ത്താനാവുമോ?

ഒരു മുറി കെട്ടാന്‍ പഞ്ചായത്തില്‍ വസ്തുവിന്റെ കരമൊടുക്കിയ രസീതും, പണിയുന്ന കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും പിന്നെ പലതും നല്‍കി നെട്ടോട്ടമോടേണ്ട നമ്മുടെ നാട്ടില്‍ ഇതൊന്നുമില്ലാതെ പലതും നിര്‍ബാധം ഉയര്‍ന്നു വരികയെന്നതു ചിന്തിക്കാനാവുമൊ? അതും അത്ര ചെറുതൊന്നുമല്ലാത്ത ഡാമുകളും റിസോര്‍ട്ടുകളും? അതും ഏവരാലും ശ്രദ്ധിക്കപ്പെട്ട ഒരു കയ്യേറ്റ ശുദ്ധീകരണ പദ്ധതി തുടങ്ങി വെച്ചിടത്തു തന്നെ.

ഒന്നാം മൂന്നാര്‍ കലാപരിപാടിക്കു ശേഷവും നിര്‍ഭയം സംസ്ഥാന ഭരണത്തെ വെല്ലുവിളിക്കാന്‍ ആര്‍ക്കാണു ധൈര്യമുണ്ടാവുക? ഭരണാധികാരികള്‍ക്കല്ലാതെ?


പഴയ മൂന്നാര്‍ ഓപ്പറേഷനു ശേഷമുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന ഭരണാധികാരികളുടെ വാക്കില്‍ തന്നെ ‘അതിനു മുന്‍പുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കില്ല’ എന്നതു അടങ്ങിയിരിക്കുന്നില്ലെ? ലജ്ജാകരം!!! അതാരെ രക്ഷിക്കാനാണെന്നു പഴയ മൂന്നാര്‍ ഓപറേഷന്‍ കാലത്തു പുറത്തുവന്ന കയ്യേറ്റങ്ങളുടെ കഥ മറന്നു പോകാത്തവര്‍ക്കറിയാം. പക്ഷെ എന്തു ഗുണം?

പഴയ കയ്യേറ്റങ്ങളെ സാധൂകരിക്കാനായും ഭരണപരാജയവും നാണക്കേടും മറക്കാനുമായി ചിലരുമായി ഒത്തു ചേര്‍ന്നു ചിലര്‍ , പുതിയ ചില കയ്യേറ്റങ്ങള്‍ നടത്തിയിട്ടു അവയെത്തന്നെ പൊളിച്ചു മാറ്റി മാന്യരാവുന്നു എന്നു സംശയിച്ചു കൂടെ? അതോടെ ഒന്നാം വാര്‍ഷികത്തില്‍ തുറന്നു വിട്ട ഭൂതത്തെ എന്നേക്കുമായി കുടത്തിലാക്കുകയും ചെയ്യാമല്ലോ?

അങ്ങനെയല്ലായെന്നു വിശ്വസിക്കണമെങ്കില്‍ എല്ലാ കയ്യേറ്റങ്ങളും, അവക്കു ഒത്താശ ചെയ്തവരും കുടിയിറക്കപ്പെടണം. ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളുമടക്കം. അതു നടക്കുമോ?

13 comments:

 1. ഒരു മുറി കെട്ടാന്‍ പഞ്ചായത്തില്‍ വസ്തുവിന്റെ കരമൊടുക്കിയ രസീതും, പണിയുന്ന കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും പിന്നെ പലതും നല്‍കി നെട്ടോട്ടമോടേണ്ട നമ്മുടെ നാട്ടില്‍ ഇതൊന്നുമില്ലാതെ പലതും നിര്‍ബാധം ഉയര്‍ന്നു വരികയെന്നതു ചിന്തിക്കാനാവുമൊ? അതും അത്ര ചെറുതൊന്നുമല്ലാത്ത ഡാമുകളും റിസോര്‍ട്ടുകളും? അതും ഏവരാലും ശ്രദ്ധിക്കപ്പെട്ട ഒരു ശുദ്ധീകരണ പദ്ധതി തുടങ്ങി വെച്ചിടത്തു തന്നെ. ഒന്നാം മൂന്നാര്‍ കലാപരിപാടിക്കു ശേഷവും നിര്‍ഭയം സംസ്ഥാന ഭരണത്തെ വെല്ലുവിളിക്കാന്‍ ആര്‍ക്കാണു ധൈര്യമുണ്ടാവുക? ഭരണാധികാരികള്‍ക്കല്ലാതെ.

  ReplyDelete
 2. ഒന്നാം മൂന്നാർ ഓപ്പറേഷൻ തകർത്തത്‌, "ഭരണപക്ഷം" എന്ന് പറയുമ്പോൾ അതിലെ ഒന്നാം പ്രതി വി.എസ്‌. ആണ്‌. വി.എസ്‌ മാത്രം, ബാക്കിയുള്ളവർ അവരുടേതായ കളികൾ കളിച്ചു.

  ഒരു പ്ലാനും പദ്ധതിയുമില്ലാതെ ഒരു വീര പരിവേഷം ലഭിക്കാനായി ജെ.സി.ബി.യും കൊണ്ട്‌ മൂന്നാറിൽ അഴിഞ്ഞാടിയ വി.എസ്‌ സ്വന്തം മനസാക്ഷിയോട്‌ ചോദിക്കട്ടെ ഒരു പരിഷ്ക്രിത സമൂഹത്തിന്‌ ചേർന്നതാണോ മുന്നാർ ഓപ്പറേഷൻ.

  ReplyDelete
 3. പഴയ ഓപ്പറേഷനും പുതിയ ഓപ്പറേഷനും, കൈവെട്ടലും, തിരുത്തലും വീണ്ടും തിരുത്തലും, മന്ത്രിപ്പടയുടെ, പ്രതിപക്ഷനേതാവിന്റെ , സന്ദര്‍ശനവുമൊക്കെയല്ലാതെ വേറെ എന്തെങ്കിലും നടക്കുന്നുണ്ടോ അവിടെ!

  ReplyDelete
 4. ഒന്നും നടക്കില്ല എഴുത്തുകാരി ...പാലൊളി
  പറഞ്ഞന്തു കേട്ടോ സെക്രട്ടരിയേടു തകര്‍ക്കാത്ത്തത് ജനങ്ങളുടെ ക്ഷമ കൊണ്ടാണെന്ന് .

  നമ്മള്‍ ക്ഷമിക്ക അല്ലാതെന്തു ചെയ്യാന്‍.
  ഷാജി ഖത്തര്‍.

  ReplyDelete
 5. കാക്കരേ, എഴുതിപ്പിറ്റിപ്പിക്കാനും പറഞ്ഞു പറ്റിക്കാനുമൊരു ഭരണനേട്ടം എന്നതില്‍ കവിഞ്ഞൊന്നും ഈ കാട്ടിക്കൂട്ടലുകള്‍ക്കില്ല. എന്തൊക്കെ അതിക്രമങ്ങള്‍ കാട്ടിയാലും റ്റാറ്റയെയൊന്നും ഒന്നും ചെയ്യാന്‍ പോകുന്നില്ല. നാം വേറുതെ മൂന്നാറും നോക്കിയിരിക്കുന്നു. അങ്ങനെ നമ്മളെ നോക്കിയിരുത്തി രാഷ്ട്രീയ നേതൃത്വം മറ്റു പലതും ചെയ്യുന്നു.

  എഴുത്തുകാരിച്ചേച്ചി, ചേച്ചി പറഞ്ഞതിനപ്പുറമൊന്നും അവിടെയും നടക്കുന്നില്ല. ഇവിടെയും നടക്കുന്നില്ല.

  ഷാജി, പാലൊളിക്കു ചിലസമയങ്ങളിലുണ്ടാകുന്ന ചില ഉള്‍വിളികള്‍ മാത്രമാണതു. എന്തും തകര്‍ക്കാന്‍ കഴിയുന്നവരെല്ലാം (തകര്‍ക്കാന്‍ മാത്രം) ഇപ്പോള്‍ സ്വന്തം പക്ഷത്താണല്ലോ?

  എല്ലാവരുടേയും അഭിപ്രായങ്ങള്‍ക്കു നന്ദി.

  ReplyDelete
 6. മറ്റു നേട്ടങ്ങളൊന്നും കാണിക്കാനില്ലാതെ എന്ന് പറയുമ്പോള്‍ ഒരു കാടടച്ച വെടിവെപ്പായി എനിക്ക് തോന്നി.
  കൃത്യമായി ഒരു വിലയിരുത്തലായി എനിക്ക് തോന്നിയില്ല.

  ReplyDelete
 7. pattepadamramji,

  "ഒരു ഭരണ നേട്ടവും കാണിക്കാനില്ലാതെ ഒരുവര്‍ഷം കടന്നുപോകുന്നതൊഴിവാക്കാന്‍ തുടങ്ങിയ നടപടി അന്നു തകര്‍ന്നതു പ്രതിപക്ഷത്താലൊ മാധ്യമങളുടെ പ്രവര്‍ത്തനങ്ങളാലൊ ആയിരുന്നില്ല എന്നു നമുക്കെല്ലാം അറിയാം." -ഇതായിരുന്നു എന്റെ വാചകം.

  ഈ സര്‍ക്കാരിന്റെ ഒന്നാം വര്‍ഷം കടന്നുപോകുമ്പോള്‍ നേട്ടമായിക്കാണിച്ചതു സ്മാര്‍ട്ട്സിറ്റി മാത്രമാണ്. അതു നേട്ടത്തില്‍ കൂട്ടാന്‍ പറ്റുമോയെന്നതു ചോദ്യമായി അവശേഷിക്കുന്നു. ഏ.ഡി.ബി കരാറൊപ്പിട്ടതും കരിമണല്‍ ഖനനത്തിന്നു അനുമതിയായതുമാണ് മറ്റു നേട്ടങ്ങള്‍. എസ്.എല്‍.സി വിജയശതമാനം കുത്തനെ കൂടിയതായിരുന്നു മറ്റൊന്നു. ആദ്യത്തെ പാല്‍ വില കൂട്ടല്‍ ആദ്യവര്‍ഷംതന്നെ നടന്നു.

  ക്ഷമിക്കുക. നല്ലതൊന്നും ആദ്യവര്‍ഷം എനിക്കു കാണാനായില്ല.

  ReplyDelete
 8. പഥികൻ

  പാൽ വില കൂട്ടിയതിനെ ഞാൻ നൂറു ശതമാനം ശരിവെയ്ക്കുന്നു. അത്‌ നല്ല തീരുമാനം ആയിരുന്നു. മാന്യമായ ലാഭം കർഷകന്‌ കിട്ടണം, വില കൂട്ടരുത്‌ എന്ന്‌ പറയുന്ന "കുടിയൻമാർ" വില കുറവിലും പാൽ ഉൽപാദിപ്പിച്ച്‌ കാണിച്ച്‌ തരണം.

  ReplyDelete
 9. ഞാന്‍ പഥികന്റെ ഒന്നുരണ്ടു പ്രതികരണങ്ങള്‍ ഇതിനു മുന്‍പ്‌ വായിച്ചിരുന്നു. അതിലൊക്കെ പക്ഷെ ഒരു സ്വതന്ത്ര നിലപാട്‌ ഞാന്‍ കണ്ടിരുന്നു. അതില്‍ നിന്നും അല്പം അകന്ന ഒരെഴുത്ത്‌ കണ്ടപ്പോള്‍ ഞാനൊരു കുറിപ്പ്‌ ചേര്‍ത്തതെന്ന് മാത്രം. അതത്ര കാര്യമാക്കണ്ട. ഇഷ്ടപ്പെട്ട ബ്ലോഗ്‌ വായിച്ചു പോകുമ്പോള്‍ ഒന്നും എഴുതാതെ പോകുന്നത്
  ഉചിതമല്ല എന്ന് തോന്നി.

  ഇക്കാര്യത്തില്‍ ഒരു തര്‍ക്കത്തിനോ മറ്റോ ഞാനില്ലകേട്ടോ....
  ആശംസകള്‍.

  ReplyDelete
 10. കാക്കര,
  പാല്‍ വില വര്‍ദ്ധന ഒരാവശ്യമായിരുന്നാല്‍ കൂടി, വില വര്‍ദ്ധനയെ നാം ഭരണനേട്ടമായി കാണാറില്ലല്ലോ? ഒരു വട്ടത്തെ വില വര്‍ദ്ധന കൊണ്ടു ഉല്പാദനം വര്‍ദ്ധിച്ചില്ല. രണ്ടാമതും വില വര്‍ദ്ധിപ്പിച്ചു. എന്നിട്ടും മതിയായിട്ടില്ല. അടുത്ത വില വര്‍ദ്ധനക്കുള്ള ശിപാര്‍ശ പോയിക്കഴിഞ്ഞു. ഇനിയെങ്കിലും കുറച്ചുപേര്‍കൂടി ക്ഷീര കര്‍ഷകര്‍ ആയാല്‍ മതിയായിരുന്നു. (ഒരു സംശയം: ഈ പറയുന്നതുപോലെ വര്‍ദ്ധിപ്പിക്കുന്ന വിലയില്‍ നല്ലൊരു ഭാഗം കര്‍ഷനു കിട്ടുന്നുണ്ടോ?)

  പട്ടേപ്പാടം റാംജി,

  മൂന്നാറിലെ പുതിയ കയ്യേറ്റങ്ങളും പുതിയ ഒഴിപ്പിക്കലിന്റെ വാചകങ്ങളും എന്റെ സമനിലയില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട് എന്നു എനിക്കും തോന്നുന്നു. ആരും പ്രതികരിക്കാതിരുന്ന കാലത്തെ വഴിവിട്ട നീക്കങ്ങള്‍ മനസ്സിലാക്കാം. എന്നാല്‍ എല്ലാവരും നിരന്തരം ശ്രദ്ധിക്കുന്ന സ്ഥലത്തു പുതിയ ബഹുനില കെട്ടിടങ്ങളും ഡാമുകളും ആരും കാണാതെ ഉയരുന്നുവെന്നു വിശ്വസിക്കാനാവില്ലല്ലോ?. എന്റെ ഭരണകൂടം എന്നെ ചതിക്കുന്നുവെന്ന ചിന്തയെന്നിലിപ്പോളുണ്ട്.

  എന്റെ ലേഖനങ്ങള്‍ എന്റെ തന്നെ ആശയ രൂപീകരണത്തിനുള്ള മാര്‍ഗ്ഗമാണു. എല്ലാ സാധാരണക്കാരെയും പോലെ ഞാനും സോഷ്യലിസം(കമ്മ്യൂണിസമല്ല) സ്വപ്നം കാണുന്നു. പക്ഷെ ഇവിടുത്തെ ഇടതുപക്ഷ ഭരണത്തിന്റെ ചെയ്തികള്‍, സോഷ്യലിസത്തിനടുത്തുകൂടിയെങ്കിലും യാത്രചെയ്യാന്‍ നല്ലതു വലതുപക്ഷമാണെന്ന ധാരണയെന്നിലുണ്ടാക്കുന്നുണ്ട്. ഒരുപക്ഷെ ആ തോന്നല്‍ മുതലാളിത്തത്തിന്റെ മസ്തിഷ്കാധിനിവേശമോ മറ്റോ എന്നില്‍ നിര്‍മ്മിച്ചെടുക്കുന്നതാവാം. എങ്കിലും അങ്ങനെ സംഭവിക്കുന്നുണ്ട് എന്നതാണു യാദാര്‍ത്ഥ്യം.

  നന്ദി

  ReplyDelete
 11. പഥികൻ,

  കേരളംപോലുള്ള ഒരു കർക്ഷക വിരുദ്ധ പ്രദേശത്ത്‌ പാൽ വില വർദ്ധിപ്പിച്ച്‌ കർഷ്കരെ സഹായിച്ചു എന്നത്‌ ഭരണനേട്ടമായി അവതരിപ്പിക്കാൻ കേരളത്തിൽ ക്ഷീരകർക്ഷകർ വോട്ട്‌ബാങ്ക്‌ അല്ല്ലല്ലോ? എന്തുകൊണ്ട്‌ കേരളത്തിൽ കർക്ഷകർ ഇല്ലാതാവുന്നു, ഒരു നിമിക്ഷം ചിന്തിക്കു.

  വില വർദ്ധിപ്പിക്കുമ്പോൾ അതിന്റെ ഒരു നിശ്ചിത ശതമാനം കർക്ഷകർക്ക്‌ ലഭിക്കുന്നുണ്ട്‌! വില ഇനിയും വർദ്ധിപ്പിക്കണം എന്ന്‌ തന്നെയാണ്‌ എന്റെ അഭിപ്രായം. ലാഭകരമല്ലാത്ത ഒരു കൃഷിയും പുതിയ തലമുറ ചെയ്യുകയില്ല!

  ReplyDelete
 12. ശരിയാണു കാക്കരേ, വില വര്‍ദ്ധനവു ഒരു വിഭാഗത്തിനു ആശ്വാസമാണ്.

  ഇപ്പോള്‍ എന്തെങ്കിലും ജോലി ചെയ്യുന്നവനു, മുന്‍പു കിട്ടിയിരുന്നതിനേക്കാള്‍ കൂടുതല്‍ കിട്ടുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെയും കൂലിപ്പണിക്കാരുടെയും ശമ്പളം കൂടുന്നു, പാലിനും പലവ്യഞ്ജനങള്‍ക്കൊക്കെ വില കൂടുന്നു. അങ്ങനെ എല്ലാത്തിനും വില കൂടി. എന്നു വെച്ചാല്‍ സമസ്ത മേഖലകളിലും നമ്മുടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഭരണനേട്ടങ്ങളുടെ കൊടുമുടിയിലാണെന്നര്‍ത്ഥം അല്ലേ?

  ഏതൊരു വിഭാഗവും ആഗ്രഹിക്കുന്നതു തങ്ങള്‍ ഉല്പാദിപ്പിക്കുന്നവക്കുമാത്രം വില വര്‍ദ്ധിക്കണമെന്നും മറ്റുള്ളവക്കു വില കുറയണമെന്നുമല്ലേ? എല്ലാത്തിനും വില വര്‍ദ്ധിച്ചാല്‍, സ്വന്തം വിളയുടെ വില വര്‍ദ്ധനവു കൊണ്ടൊരു കാര്യവും ഇല്ലായെന്നും വരും.

  ന്യായമായ വില കര്‍ഷകനു കിട്ടണം, പക്ഷെ എനിക്ക് കുറഞ്ഞ വിലക്കു സാധനം കിട്ടണം (എന്റെ സ്വാര്‍ത്ഥത). എന്തു ചെയ്യാന്‍ പറ്റും?

  ReplyDelete
 13. പഥികൻ

  എല്ലാവർക്കും കുറഞ്ഞ വിലക്ക്‌ പാൽ കിട്ടണം. ആര്‌ ഉൽപാദിപ്പിക്കും. നഷ്ടം സഹിച്ച്‌ ക്ഷീരകർഷകർ പാൽഉൽപാദിപ്പിക്കുമോ? ഇല്ല സുഹ്രുത്തെ, അവർ വേറെ പണിക്ക്‌ പോകും (നെൽ കൃഷിക്കാരെപോലെ), പിന്നെ മിൽമ അയൽ സംസ്ഥാനങ്ങളിൽ നിന്ന്‌ കൂടിയ വിലക്ക്‌ പാൽ വാങ്ങി കേരളത്തിൽ വിൽക്കും. നഷ്ടത്തിൽ വിറ്റാൽ സർക്കാർ സഹായം. കൂടിയ പണം അവർക്ക്‌, എന്നാലും മലയാളിക്ക്‌ കൊടുക്കില്ല. കടല സബ്സീഡി നിരക്കിൽ കേരളത്തിൽ വിൽക്കുന്നു. മണ്ടന്മാർ!

  വെളിച്ചെണ്ണക്ക്‌ വില കൂടിയപ്പോൾ പാമോയിൽ ഇറക്കുമതി ചെയ്തു. കേര കർഷകർ മുടിയണം (മുടിഞ്ഞു). മലയാളിയെ സഹായിക്കാനല്ല കരുണാകരൻ ആ ചതി ചെയ്‌തത്‌ വെളിച്ചെണ്ണക്ക്‌ വില കൂടിയാൽ ഉത്തരേന്ത്യൻ സോപ്പ്‌ കമ്പനികൾ നഷ്ടത്തിലാവും, അതു നാം സഹിക്കില്ല. നാട്ടുകാരെ സഹായിക്കാനായിരുന്നുവെങ്ങിൽ, സ്വന്തം വെളിച്ചെണ്ണ സബ്സീഡി നിരക്കിൽ റേഷൻ കട വഴി കൊടുക്കാമായിരുന്നുവല്ലോ?

  ഞാൻ പറയുന്നത്‌ "കേരളത്തിൽ ഉൽപാദിപ്പിക്കുന്ന സാധനങ്ങൾക്ക്‌" വിലകൂടിയാൽ വിപണിയിൽ ഇടപെടേണ്ടത്‌, വില ഇടിച്ച്‌ താഴ്ത്തിയിട്ടല്ല, മറിച്ച്‌ ന്യായവില ഷോപ്പ്‌ വഴി വിതരണം ചെയ്യുകയാണ്‌ വേണ്ടത്‌.

  ReplyDelete

എന്താണ് പറയണമെന്നു തോന്നിയതു? അതെന്തായാലും ഇവിടെയെഴുതൂ...

Related Posts with Thumbnails