പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Thursday, December 18, 2008

അതിഭീകരം, ഈ മാധ്യമ ഭീകരത

ലണ്ടന്‍ സ്ഫോടനത്തിന്റെ അലയൊലികളും പുകപടലങ്ങളും കൊണ്ട്‌ മാധ്യമങ്ങള്‍ ആഘോഷം നടത്തുന്ന കാലം. കഥകളും ഉപകഥകളും കൊണ്ടു പത്രത്താളുകളന്നു സമൃദ്ധം. ബാംഗളൂരിലെ ഒരു ഡോക്ടര്‍ ചെക്കന്‍, അങ്ങ്‌ ആസ്ത്രേലിയയില്‍ തടവിലാകുകയും അന്വേഷണങ്ങള്‍ ഇന്ത്യയിലും തകൃതിയായി നടക്കുന്നുണ്ടെന്നു നാം വിശ്വസിക്കുകയും, മാധ്യമങ്ങളില്‍ വരുന്ന അന്വേഷണവിവര വിവരണങ്ങളെ ആവേശത്തോടെ വായിക്കുകയും ചര്‍ച്ചചെയ്യുകയും, അന്വേഷണ ഉദ്യോഗസ്ഥരെ പുകഴ്ത്തുകയും പ്രതികളെ ശപിക്കുകയും ചെയ്തു നാം സ്വസ്ഥമായി ഉറങ്ങിയിരുന്ന കാലം. തിരുവനന്തപുരം സിഡാകിലെ സൈബര്‍ ഫോറന്‍സിക്‌ വിഭാഗം, പ്രതിയുടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്കില്‍ നിന്നും കണ്ടെത്തിയ തെളിവുകളും, പരീക്ഷണ-നിരീക്ഷണ മാര്‍ഗ്ഗങ്ങളുടെ ഉദ്യോഗജനകമായ വിവരണങ്ങളും പത്രത്താളുകളില്‍ നിന്നും വായിച്ചു നിങ്ങളോടൊക്കെയൊപ്പം ഞാനും ഉള്‍പുളകമണിഞ്ഞിരുന്ന കാലം. ഈ കണ്ടെത്തലുകള്‍ക്കു പിന്നിലെ എന്റെ പരിചയക്കാര്‍ കൂടിയായ ചില വ്യക്തികളുടെ പേരുവിവരങ്ങള്‍ ഞാന്‍ അഭിമാനത്തോടെ വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന കാലം....

ഒരു ദിവസം, ഒരു പത്ര വാര്‍ത്ത കണ്ട്‌ ഞാന്‍ ഞെട്ടി. "ലണ്ടന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട യാതൊരു വിധ സാധന സാമഗ്രികളും സിഡാക്കില്‍ പരിശോധനക്കു എത്തിയിട്ടില്ലെന്നും, അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ ഇവിടുള്ളയാരും പങ്കാളികളല്ല" എന്നുമായിരുന്നു അതിന്റെ ചുരുക്കം. മാധ്യമങ്ങളിലെ കള്ളക്കഥകള്‍ ഉദ്യോഗസ്ഥരുടെ വ്യക്തി ജീവിതത്തെ കൂടി ബാധിച്ചു തുടങ്ങിയപ്പോഴാണ്‌ ഈ സത്യം പത്രപ്പരസ്യം ആക്കേണ്ടിവന്നതു എന്ന വസ്തുത പിന്നീട്‌ അറിയാന്‍ കഴിഞ്ഞു. അപ്പോഴും(ഇപ്പോഴും) ഒരു സംശയം ബാക്കി. ആരാണീ കള്ളക്കഥകള്‍ ഇത്ര ആധികാരികതയോടെ, അന്വേഷണ വഴികളില്‍ ഉപയോഗിക്കുന്ന സകല സാങ്കേതിക പദങ്ങളും ഉപയോഗിച്ചു തയ്യാറാക്കുന്നതും പ്രചരിപ്പിക്കുന്നതും???

എന്തായാലും വാര്‍ത്തകളെ കണ്ണുമടച്ചു വിശ്വസിക്കാതിരിക്കാന്‍ ഈ സംഭവമെപ്പോഴും എന്നെ ഓര്‍മ്മിപ്പിക്കുന്നു. വാര്‍ത്തകള്‍ നല്ലയൊരളവില്‍ നമ്മുടെ വിചാരങ്ങളെയും സമീപനങ്ങളെയും സ്വാധീനിക്കും എന്നതു സത്യം. ഏതോ ഒരു നാട്ടിലെ ഒരു ചെറുപ്പക്കാരനെ ചൂണ്ടിക്കാണിച്ചു ഇവന്‍ തീവ്രവാദിയാണ്‌ എന്നു ആരെങ്കിലും പറഞ്ഞാല്‍ നമ്മില്‍ എത്രപേര്‍ അതിനെ അവിശ്വസിക്കും. പറയുന്നതു ഉത്തരവാദപ്പെട്ട വ്യക്തികളോ, മാധ്യമങ്ങളോ, ഭരണകൂടെങ്ങളോ ആണെങ്കിലോ? വെറുതെ നാമെന്തിനു അതിനെ അവിശ്വസിക്കണം, അല്ലെ? അപ്പോള്‍ സകലമാധ്യമങ്ങളും ഒരേ കാര്യങ്ങള്‍ ആധികാരികതയോടെ അധികൃതരുടെ വാക്കുകള്‍ എന്ന രീതിയില്‍ അവതരിപ്പിച്ചാല്‍ സാധാരണക്കാരന്‍ വിശ്വസിച്ചില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

'സത്യം എന്നെങ്കിലും പുറത്തുവരും' എന്നു വിശ്വസിച്ചു കഴിയേണ്ടിവരുന്നതു ശരിയല്ല. വൈകി വരുന്ന സത്യം നീതി കൊണ്ടുവരികയുമില്ല. അതുകൊണ്ട്‌ തന്നെ അന്വേഷണങ്ങള്‍ക്കു പുറകേ മാധ്യമങ്ങള്‍ സഞ്ചരിക്കേണ്ടതുണ്ട്‌. പിന്നാലെ മാത്രം മാധ്യമങ്ങള്‍ സഞ്ചരിച്ചാല്‍ മതിയാകും താനും. അന്വേഷണങ്ങളെ വഴിതെറ്റിക്കാനും ജനങ്ങളുടെ മനസ്സില്‍ എല്ലാത്തിനോടും അവിശ്വാസം വളരാനും മാത്രമെ ഇന്നത്തെ ഈ മുന്നില്‍പോക്കും ഭാവനാ ശൃഷ്ടികളും ഉപകരിക്കൂ.

മാധ്യമങ്ങളുടെയും മറ്റും ചോദ്യങ്ങള്‍ക്കുള്ള അധികൃതരുടെ എഴുതിതയ്യാറാക്കിയ ഉത്തരങ്ങള്‍ യാതൊരുവിധ തിരുത്തലും കൂടാതെ പ്രസിദ്ധീകരിക്കാനുള്ള സ്ഥലം എല്ലാ മാധ്യമങ്ങളിലും ഉണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അസത്യവാര്‍ത്തകളുടെ ഉറവിടങ്ങളെ കണ്ടെത്തി ശിക്ഷിക്കേണ്ടതും അത്യന്താപേക്ഷിതമാണ്‌. എങ്കിലേ നമ്മുടെ സമാധാനപരമായ ജീവിതവും, നാടിന്റെ കെട്ടുറപ്പുമൊക്കെ നിലനിന്നു പോകയൂള്ളൂ. ഇന്ത്യയിലെ എതൊരു വിഭാഗത്തിന്റെ നാശവും, മതേതര ഭാരതത്തിന്റെ നാശം തന്നെയായിരിക്കും എന്ന തിരിച്ചറിവുണ്ടായാല്‍ നന്ന്.

എന്തായാലും ഇന്നു കുറച്ചു മാധ്യമങ്ങളെങ്കിലും അധികൃതരോട്‌ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു. അധികൃതരുടെ കഥക്കു അനുബന്ധങ്ങളെ ചേര്‍ക്കുന്നതിനു പകരം അവരുടെ ഭാഷ്യങ്ങളിലെ പിഴവുകള്‍ വിളിച്ചു പറഞ്ഞു തുടങ്ങിയിരിക്കുന്നു. അവരില്‍ ഞാനൊരു നീരുറവ കണ്ടെത്തുന്നു.

9 comments:

  1. നന്നായിരിക്കുന്നു.....

    ReplyDelete
  2. താങ്കളുടെ മാനസികാവസ്ഥ എനിക്ക്‌ മനസ്സിലാകും, അത്തരമൊരു ഭീകരത അനുഭവത്തിലൂടെ (മാധ്യമ ഭീകരതയുടെ മറ്റൊരു മുഖം) അറിഞ്ഞവനാണ്‌ ഞാന്‍. ഈപോസ്റ്റ്‌ കണ്ട്പ്പാള്‍ അത്‌ ഓര്‍മ്മവന്നു. ഇര്‍ഷാദിന്റെ ഈ പോസ്റ്റിന്‌ ഒരു കമന്റെഴുതിവന്നപ്പോള്‍ അതു വല്ലാതെയങ്ങ്‌ നീണ്ടുപോയി, അതിനാല്‍ അത്‌ ഒരു പോസ്റ്റായി ഇടുന്നു. സമയം കിട്ടുമ്പോള്‍ നോക്കുക, അഭിപ്രായം അറിയിക്കുക.ആശംസകള്‍

    ReplyDelete
  3. നന്ദി കൂട്ടുകാരെ,
    ഒന്നു പറയട്ടെ, ഞാനീ പോസ്റ്റ് വളരെ കാലങള്‍ക്കു മുന്‍പ് എഴുതിയതാണ്. ചില ബോംബു സ്ഫോടനത്തിലെ പ്രതികളെ, പാലസ്തീന്‍ പോരാളികളും ചില മുസ്ലിം മതപുരോഹിതന്മാരും ഉപയോഗിക്കുന്ന ശിരോവസ്ത്രം കൊണ്ട് മുഖം മറച്ച് പ്രദര്‍ശിപ്പിച്ചപ്പോള്‍. ഒട്ടുമിക്ക പത്രങളുമത് കളര്‍ ഫോട്ടോയെടുത്തു മുന്‍പേജില്‍ തന്നെ നല്‍കിയപ്പോള്‍.

    പിന്നെയും ഞാന്‍ ഇതു കൊണ്ടുനടന്നു. മറ്റുള്ളവര്‍ എന്തു ചിന്തിക്കുമെന്ന ഭയത്തോടെ. പിന്നെ എന്റെ കൂട്ടുകാരായ അന്യമതസ്ഥര്‍ക്കു ഞാന്‍ അഭിപ്രായമറിയാന്‍ അയച്ചു കൊടുത്തു. കാരണം, എന്റെ വാക്കുകള്‍കൊണ്ട് ഒരു നല്ല മനുഷ്യരുടെയും വികാരങ്ങള്‍ മുറിപ്പെടാന്‍ പാടില്ലെന്നു എനിക്കു നിര്‍ബന്ധമുണ്ട്.

    പിന്നെയും മാസമൊന്നു കഴിഞ്ഞു. അതിന്നിടയില്‍ സമൂഹ ചിന്താഗതികളില്‍ ഏറെ മാറ്റമുണ്ടായിരിക്കുന്നു. “എല്ലാ മുസ്ലിമും തീവ്ര വാദിയല്ല, പക്ഷേ എല്ലാ തീവ്രവാദികളും മുസ്ലിം ആണ്“ എന്ന ചിന്താഗതിയില്‍ നിന്നും “തീവ്രവാദത്തിനു മതമില്ലെന്നും അവരെല്ലാം കുറ്റവാളികള്‍ മാത്രമാണെന്നും“ തിരിച്ചറിവു ഉണ്ടായിവരുന്നു.

    ഇന്നലെ കേരളത്തിന്റെ അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ ‘മിഴികള്‍ സാക്ഷി’ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു. ചില ചതികളില്‍ പെട്ടു ഒരു ബോംബു സ്ഫോടന കേസില്‍ പ്രതിയാവുകള്യും സ്വന്തം സമുദായവും, അന്യസമുദായങളും, അന്വേഷണവും, മാധ്യമങളും, തീവ്രവാദിയെന്നു മുദ്രകുത്തി തൂക്കിലേറ്റപ്പെടുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെയും, ആരോരുമില്ലാതായ ഊമയായ അവന്റെ ഉമ്മയുടെയും കഥ. പ്രമേയം, ആഖ്യാനം എന്നിവയേക്കാളുപരി എന്നെ സ്വാധീനിച്ചത് “നിരപരാധികള്‍ ക്രൂശിക്കപ്പെടുന്നു എന്നു അംഗീകരിക്കുന്നതിനുമപ്പുറം, അതു മറ്റുള്ളവരെയറിയിക്കാന്‍ സിനിമപോലെ സാമ്പത്തിക ചിലവുള്ളതും സ്രിഷ്ടിപരവുമായ ഒരു മാര്‍ഗം തിരഞെടുക്കാന്‍ ചിലരെങ്കിലും തയ്യാറാകുന്നു” എന്നതാണ്.

    അപ്പോഴും മുഖ്യധാരാമാധ്യമങള്‍ ഓരോ പ്രശ്നങളെയും സമീപിക്കുന്നതും വിശകലനം ചെയ്യുന്നതും ചോദ്യങള്‍ ചോദിക്കുന്നതും അതിന്റെ ഏറ്റവും ഭീകരാ‍വസ്തയിലാണ്. ഒരു വിവാദത്തിനും, സ്ഥാപിത താല്‍പ്പര്യ സംരക്ഷണത്തിനും വേണ്ട വാക്കുകളും വരികളും മാത്രമേ അവര്‍ പൊതുജനത്തിലേക്കു കൈമാറുന്നുള്ളൂ.

    സ്ഥാപിത താല്‍പ്പര്യ സംരക്ഷണത്തിനപ്പുറം ദേശീയ താല്‍പ്പര്യ സംരക്ഷണത്തിനായി ഒരു മാര്‍ഗ്ഗരേഖ മാധ്യമങള്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയിരിക്കുന്നു എന്നാണ് എന്റെ പക്ഷം.

    ഇന്നത്തെ വാര്‍ത്തയില്‍ അതിനുള്ള ചെറിയ ശ്രമങള്‍ കാണുകയുണ്ടായി എന്നതു എന്നെ സന്തോഷിപ്പിക്കുന്നു.

    ReplyDelete
  4. അവസാനം പറഞ്ഞ കുറച്ചു മാധ്യമങ്ങള്‍ ഏതാണെന്ന് മനസ്സിലായില്ല

    ReplyDelete
  5. ഹായ് സിജു...
    ഒരു ഉദാഹരണം പറയാം. mail today, NDTV തുടങിയ മാധ്യമങള്‍ ഡല്‍ഹി ബട്‌ലഹൌസിലെ ഏറ്റുമുട്ടലുകളെ കുറിച്ചു ചോദിച്ചുതുടങിയ ചോദ്യങള്‍, പിന്നീട് മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റും സ്ഥലം സന്ദര്‍ശിക്കാനും അക്കമിട്ടു സംശയങള്‍ അവതരിപ്പിക്കാനും കാരണമായതായി താങ്കള്‍ മനസ്സിലാക്കിയിട്ടുണ്ടാവുമല്ലോ? അവക്കൊന്നും വ്യക്തമായ മറുപടി നല്‍കാന്‍ കഴിയാതെ അന്വേഷണ ഏജന്‍സികള്‍ കുഴങുകയും, പിന്നീട് കേന്ത്ര മന്ത്രിസഭയിലെ പാര്‍ട്ടിയിലെ അംഗങള്‍ വരെ അതേ സംശയം പങ്കു വെക്കുകയും ഏറ്റുമുട്ടലിന്റെ നിജസ്ഥിതിയറിയാന്‍ അന്വേഷണം നടത്തെണമെന്നു ആവശ്യപ്പെടുകയും ചെയ്തു. ഇതൊരു ഉദാഹരണം മാത്രമാത്രമാണ് കെട്ടോ? മലയാളത്തില്‍, മാധ്യമം ദിനപ്പത്രവും അതുമായി ബന്ധപ്പെട്ടവരും പല വിഷയങളിലും പ്രശ്നങള്‍ അവതരിപ്പിക്കുകയും എല്ലാവരെയും ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതായി എനിക്കു മനസ്സിലാക്കാന്‍ കഴിഞിട്ടുണ്ട്. പിന്നെ നമ്മുടെ സ്വന്തം മാധ്യമം -ബ്ലോഗ്- വഴി ഒരുപാട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അവരുടെ ആശങ്കകള്‍ പങ്കുവെയ്ക്കുന്നുണ്ട്. താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം തേടിയപ്പോള്‍ കിട്ടിയ ഒരു ലിങ്ക് http://www.countercurrents.org/george250908.htm

    നന്ദി... വീണ്ടും വരിക

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. “തീവ്രവാദത്തിനു മതമില്ലെന്നും അവരെല്ലാം കുറ്റവാളികള്‍ മാത്രമാണെന്നും“ തിരിച്ചറിവു ഉണ്ടായിവരുന്നു.
    സമയം കിട്ടുമ്പോള്‍ നോക്കുക,
    http://aacharyan-imthi.blogspot.com/2010/07/blog-post_13.html

    ReplyDelete

എന്താണ് പറയണമെന്നു തോന്നിയതു? അതെന്തായാലും ഇവിടെയെഴുതൂ...

Related Posts with Thumbnails