പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Wednesday, August 27, 2008

ആയുധം സെയ്‌വോം...

ഇടിച്ചുകൊല്ലലും, ചവിട്ടിക്കൊല്ലലും, കഴുത്തു ഞെരിച്ചുള്ള കൊലകളും, വെള്ളത്തില്‍ മുക്കികൊല്ലലും, കെട്ടിത്തൂക്കലുമൊക്കെ പഴങ്കഥയാകുന്നുവോ?

ഇത്തരം കൊലകളുടെ കഥകള്‍ കേള്‍ക്കാനുള്ള ആഗ്രഹം കൊണ്ടൊന്നുമല്ല ഇങ്ങനെ ചിന്തിച്ചത്‌. തരത്തിലുള്ള കൊലകള്‍ ചെയ്യാന്‍, പൈശാചിക മനസ്സിനുമപ്പുറം ചില സ്ഥായിയായ വിരോധം കൂടി വേണമെന്നു തോന്നുന്നു. ഞാനോ അവനോ ആരെങ്കിലും ഒരാള്‍ ഭൂലോകത്തു ജീവിച്ചിരുന്നാല്‍ മതി എന്ന ചിന്തയിലേക്കെത്തിയിട്ട്‌ സംഭവിക്കുന്നതാണ്‌ അതിലേറെയും. മിക്കവാറും ഒരു തെറ്റിനെ മറ്റൊരു തെറ്റ്‌ കൊണ്ട്‌ നേരിടലാവും സംഭവിക്കുക. എന്നിരുന്നാലും ഹനിക്കപ്പെടുന്നത്‌ ഒരു തെറ്റാണ്‌(എപ്പോഴുമങ്ങനെയാണ്‌ എന്നു പറയില്ല) എന്ന ഒരു കാവ്യ നീതിയെങ്കിലും കണ്ടെത്താന്‍ കഴിയുമായിരുന്നു. നിരപരാധികളുടെ ജീവന്‍ ഹനിക്കപ്പെടുന്നതിന്റെ തോതെങ്കിലും കുറവായിരിക്കും എന്നു തോന്നുന്നു. ആസൂത്രിത കൊലകളും നിരപരാധികളുടെ ചോരയുമവയില്‍ കുറവായിരിക്കും.

ഇന്ന് ആയുധങ്ങളാണ്‌ സര്‍വ്വവും ചെയ്യുന്നതു. അവക്കു പിന്നില്‍ പരിശീലനം സിദ്ധിച്ച, മരവിച്ച മനസ്സുകളുമായി ആര്‍ക്കും വിലക്കെടുക്കാന്‍ കഴിയുന്ന ദേഹങ്ങള്‍. നില്‍ക്കക്കള്ളിയില്ലാതെ കൊല ചെയ്തിട്ട്‌ പോലീസ്‌ സ്റ്റേഷനിലെത്തി പൊട്ടിക്കരഞ്ഞു കീഴടങ്ങുന്നവരെ ഇന്നു എവിടെയെങ്കിലും കാണാന്‍ കഴിയുന്നുവോ? ഇല്ലാത്തവന്‍, ഉള്ളവന്റെ കയ്യില്‍ നിന്നും പിടിച്ചു വാങ്ങുന്നതും, കിടപ്പാടമില്ലാത്തവര്‍ സംഘടിച്ചിത്തിരിസ്ഥലം കയ്യേറുന്നതും അപരാധമാകുന്ന നമ്മുടെ ലോകത്തില്‍, വന്‌കിട മുതലാളിമാര്‍ കൃഷിഭൂമി കയ്യേറുന്നതും, കര്‍ഷകനെ സ്വന്തം കുടിലില്‍ നിന്നും തെരുവിലിറക്കുന്നതും അനുസരിക്കാത്തവരെ പാര്‍ട്ടി ഗുണ്ടകളെക്കൊണ്ടു കൊന്നു തള്ളുന്നതും പുണ്യ പ്രവര്‍ത്തിയായിരിക്കുന്നു. അതിന്നു ഭരണകൂട പിന്‍ബലം കൂടിയുണ്ടെങ്കില്‍ പിന്നെ ആരാണൊരു രക്ഷ? ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമോ? നിരപരാധികളുടെ രക്തവും അവരുടെ ആശ്രിതരുടെ കണ്ണുനീരും വീണ മണ്ണില്‍ വിപ്ലവപ്പൂക്കള്‍ വിടര്‍ന്നാല്‍ തന്നെ അതിന്നെന്തു മഹത്വമാണുള്ളത്‌?

ഇന്നു മോഷ്ടാക്കളില്ലാതായിരിക്കുന്നു. മുന്‌വാതിലുകള്‍ തകര്‍ത്തു, അവകാശിയെ കൊന്നു സമ്പത്തു കവരുന്നതിന്റെ കഥകളാണേറെയും. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊല്ലുന്ന വാര്‍ത്തകളും, പിറക്കാത്ത കുരുന്നിനെ വയറുകീറി പുറത്തെടുത്തു കൊല്ലുന്ന കാഴ്ചകളും, പിഞ്ചുകുഞ്ഞുങ്ങളുടെ വായില്‍ ബോംബുകള്‍ തിരികി വെച്ചു പൊട്ടിച്ച്‌ ചിതറുന്ന തലച്ചോറുകളെ നോക്കി അട്ടഹസിക്കുന്ന മുഖങ്ങളും പിന്നെ ഗര്‍ഭിണികളെപ്പോലും വെറുതെ വിടാത്തെയാ നരാധമന്മാരുടെ വീരവാദങ്ങളും നാം മാധ്യമങ്ങളിലൂടെ കാണേണ്ടിയും കേള്‍ക്കേണ്ടിയും വരുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം ബസ്റ്റാന്‍ഡില്‍ വെച്ചു കണ്ട ഒരു സംഭവമിങ്ങനെ. സീറ്റ്‌ റിസര്‍വ്‌ ചെയ്ത കൂപ്പണുമായി വന്നയാള്‍, തനിക്കു കിട്ടിയ സീറ്റില്‍ ഇരുന്നവരോട്‌ റിസര്‍വ്‌ ചെയ്തിട്ടുണ്ട്‌ എന്നറിയിച്ചപ്പോള്‍ അല്‍പ്പം പോലും മര്യാദയില്ലാത്ത പ്രവര്‍ത്തനമാണ്‌ സീറ്റ്‌ കയ്യടക്കിയിരുന്ന മദ്യപരായ മൂവര്‍ സംഘത്തില്‍ നിന്നും ഉണ്ടായത്‌. തെറിയഭിഷേകവും പിന്നാലെ മഴപോലെയെത്തി. അരിയും തിന്നു, ആശാരിച്ചിയെയും കടിച്ചു എന്നിട്ടും പട്ടിക്കു മുറുമുറുപ്പു എന്നു പറഞ്ഞതുപോലെ ഒരുവന്‍ മൊബൈല്‍ എടുത്തു കുത്തി ആരോടോ കൊട്ടേഷനുള്ള വിവരങ്ങള്‍ നല്‍കുന്നു. എന്നിട്ടു അപ്പോള്‍ തന്നെ പേടിച്ചു വിറച്ചിരുന്ന മനുഷ്യനെ നോക്കി ആറ്റിങ്ങല്‍ കടക്കില്ലെന്നൊരു ഭീഷണിയും. നമ്മുടെ യുവത്വത്തിന്റെ പോക്ക്‌ എത്രമാത്രം ആപല്‍ക്കരമാണെന്നു നോക്കുക. കണ്‌ട്രോള്‍ രൂമില്‍ അപ്പോള്‍ തന്നെ വിവരം അറിയിച്ചെതു കൊണ്ടാവണം കൂട്ടത്തിലെ രണ്ടുപേര്‍ ആറ്റിങ്ങല്‍ എത്തും മുന്‍പെ സ്ഥലം വിട്ടിരുന്നു. മൂന്നാമന്‍ ഛര്‍ദ്ദിച്ച്‌ അവശനായി ആറ്റിങ്ങലില്‍ ഇറങ്ങി. അപകടമൊന്നും സംഭവിച്ചില്ലെങ്കിലും ചെറുതല്ലാത്ത മാനസിക പീഡനം ഒരു നിരപരാധിക്കു ഏല്‍ക്കേണ്ടി വന്നു എന്നതാണ്‌ സത്യം. ഒന്നു പറഞ്ഞു രണ്ടിനു ക്വട്ടേഷന്‍ നല്‍കുന്ന നാട്ടില്‍ ഏറ്റവും നല്ല തൊഴില്‍ ഗുണ്ടായിസം തന്നെ(?).

മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ സംഘട്ടനങ്ങള്‍ പണ്ടും ഉണ്ടായിരിന്നിരിക്കാം. എന്നാല്‍ ഇത്രയേറെ സംഘടിച്ചു കായിക പരിശീലനവും, ആയുധ പരിശീലനവും, ഒരു പക്ഷെ റിഹേഴ്സലുകള്‍ തന്നെയും നടത്തി മനുഷ്യ ജീവനുകളെ വേട്ടയാടുന്നതു മുമ്പുണ്ടായിരുന്നോ എന്നു സംശയമാണ്‌. പോലീസും പട്ടാളവുമൊക്കെ കാവലിനുള്ള ഒരു രാജ്യത്തിനകത്ത്‌ സംഘടനകള്‍ ആരുടെ സംരക്ഷണമാണ്‌ ലക്ഷ്യം വെക്കുന്നത്‌ എന്നു മനസ്സിലാകുന്നില്ല. ഇവയൊക്കെ സംരക്ഷണങ്ങള്‍ക്കുമപ്പുറം അരക്ഷിതാവസ്ഥയാണ്‌ വളര്‍ത്തുന്നതെന്നു എല്ലാവര്‍ക്കും മനസ്സിലായിട്ടും എന്തേ ഇങ്ങനെയുള്ള കൂടിച്ചേരലുകള്‍ നിരോധിക്കപ്പെടുന്നില്ല?

അന്നന്നത്തെ ജീവിതത്തിനു വേണ്ടി മോഷ്ടിക്കാന്‍ ഇറങ്ങുന്ന കള്ളന്മാരെ തടയാനേ നമ്മുടെ പോലീസിനു കഴിയൂ. അതു അവരുടെ കുറ്റമല്ല. പഠിക്കാന്‍ പോയപ്പോള്‍ നന്നായി പഠിക്കുകയും ഗുണ്ടായിസം കാണിക്കാതെ ജീവിച്ചു, സ്വന്തം ജീവിതത്തിന്റെയും കുടുംബത്തിന്റെയും ജീവിതത്തിനു വേണ്ടി പണിയെടുക്കുന്നവരാണവര്‍? ആശയത്തെക്കാള്‍ ആമാശയം നിയന്ത്രിക്കുന്നവര്‍. അവര്‍ക്കു തനി ഗുണ്ടകളോട്‌ എതിരിടാന്‍ കഴിയണമെന്നില്ല. അതും ജയിലില്‍ കിടക്കുന്ന കുറ്റവാളി കൊല്ലപ്പെട്ടാല്‍ കൊടുക്കുന്ന നഷ്ടപരിഹാരത്തിന്റെ പകുതിപോലും ഡ്യൂട്ടിക്കിടയില്‍ മരിക്കുന്ന പോലീസുകാരനു നമ്മുടെ ഭരണകൂടങ്ങള്‍ നല്‍കാത്ത അവസ്ഥയില്‍(?)

പോലീസിനെക്കാള്‍ കൂടുതല്‍ കാലം പരിശീലനം നടത്തിയിട്ടാണ്‌ സംഘടനാംഗങ്ങള്‍ വിലസുന്നത്‌. കുട്ടിക്കാലത്തുതന്നെ മനസ്സില്‍ വിഷവും കയ്യില്‍ ആയുധവും വെച്ചുകൊടുക്കുന്നവര്‍ക്കെതിരെ സമൂഹം ജാഗ്രത കൈക്കൊള്ളേണ്ടിയിരിക്കുന്നു. തലതിരിഞ്ഞ ആശയങ്ങളും, മെയ്ക്കരുത്തുമായി പഠനകാലങ്ങളും നല്ലകാലങ്ങളും ആര്‍ക്കോ വേണ്ടി കഴിഞ്ഞുപോകുകയും, പിന്നീട്‌ ജീവിതത്തില്‍(ശാപങ്ങളല്ലാതെ) ഒന്നും നേടിയില്ല എന്നു ബോധ്യമാകുകയും ചെയ്യുമ്പോള്‍ കൊല്ലും കൊലയും ഗുണ്ടായിസവും മാത്രമേ തൊഴിലായി സ്വീകരിക്കാന്‍ പോലുമുണ്ടാവൂ.

കായിക പരിശീലനം ആരോഗ്യമുള്ള ശരീരത്തിന്റെ നിര്‍മ്മിതിക്കു ആവശ്യമാണെന്നും, ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുകള്‍ ഉണ്ടാകൂ എന്നുമൊക്കെ മറുവാദങ്ങള്‍ ചിലപ്പോള്‍ ഉണ്ടായേക്കാം. കായിക പരിശീലനത്തിന്റെ സമയം മണ്ണില്‍ പണിയെടുക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ നേട്ടം പതിന്മടങ്ങായേനെ. മണ്ണിനെ സ്നേഹിക്കുന്ന കര്‍ഷകനു മനുഷ്യനെ സ്നേഹിക്കാതിരിക്കാന്‍ ആവില്ലല്ലോ? ആയോധന കലകളെ നിലനിര്‍ത്താനുള്ള ഭഗീരധ പ്രയത്നമൊന്നുമല്ലല്ലോ ഇക്കൂട്ടര്‍ ചെയ്യുന്നത്‌? അങ്ങനെയൊരു ഉദ്ദേശമുണ്ടെങ്കില്‍ അതിനായി സ്കൂളുകള്‍ തന്നെ തുടങ്ങാവുന്നതോ, നിലവിലുള്ള പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്നതോ ആണു താനും. മുന്‍പു സ്കൂളില്‍ ഒരു ഡ്രില്‍ പീരീഡ്‌ ഉണ്ടായിരുന്നു. പാഠ്യപദ്ധതികളിലെ തുഗ്ലക്ക്‌ പരിഷ്കരണങ്ങള്‍ അവയെ കുഴിച്ചുമൂടിയോ എന്തൊ?

"അധികാരത്തിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ ഒരു സൈന്യത്തെ ഒരുക്കി നിര്‍ത്തേണ്ടതുണ്ട്‌" എന്ന മാവോയുടെ വാക്കുകള്‍ എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. ഇവരുടെയും ലക്ഷ്യം അതു തന്നെയെങ്കില്‍ നമ്മുടെ ജനാധിപത്യം അപകടത്തിലാണു എന്ന് ശങ്കിക്കാതെ വയ്യ. പോലീസ്‌ ജീപ്പില്‍ നിന്നും, പോലീസ്‌ സ്റ്റേഷനില്‍ നിന്നുപോലും പ്രതികളെ പിടിച്ചിറക്കി കൊണ്ടുപോകുന്ന പ്രവണതകള്‍ വര്‍ദ്ധിച്ചു വരുന്നു. പഴയകാല രാത്രി നക്സല്‍ ആക്രമണങ്ങളെ അനുസ്മരിപ്പിക്കും വിധം (അവയെ ലജ്ജിപ്പിക്കും വിധവും) ഇന്നു പട്ടാപ്പകല്‍ ജനപ്രധിനിധികളുടെ നായകത്വത്തോടെ നടമാടുമ്പോള്‍ ഭയക്കാതെ വയ്യ. ആയുധമേന്തിയ, യൂണീഫോമിട്ട നിയമപാലകരെ വരച്ചവരയില്‍ നിര്‍ത്തുകയും, മര്‍ദ്ധിക്കുകയും ചെയ്യുന്നവര്‍ക്കു നാളെ പോളിംഗ്‌ ബൂത്തുകളില്‍ എന്തെല്ലാം ചെയ്തുകൂടാ?

ഭരണമോ സ്വാധീനമോ ഉള്ളവരുടെ ഇത്തരം നടപടികള്‍ ഭരണകൂട ഭീകരതയിലേക്കാണ്‌ നയിക്കുന്നതെന്നതിന്നു ഗുജറാത്തും ബംഗാളും സാക്ഷി. കൊച്ചു കേരളത്തിലും കേഡര്‍ പാര്‍ട്ടികളും, കേഡര്‍ മതസംഘടനകളും അനസ്യൂതം പരിശീലനം നടത്തുന്നുണ്ട്‌. അവയില്ലാതാക്കാന്‍ നാം ആരോടാണ്‌ പറയുക? കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലല്ലാതെ(അങ്ങനെ പറഞ്ഞു കേട്ടിട്ടേയുള്ളൂ), ഒരു മത വിഭാഗമോ രാഷ്ട്രീയ വിഭാഗമോ മാത്രം കഴിയുന്ന ഗ്രാമങ്ങള്‍ നമ്മുടെ നാട്ടില്‍ ഇല്ലെന്നാണ്‌ എന്റെ വിശ്വാസം. അതു കൊണ്ട്‌ തന്നെ പരിശീലന കളരികളെ കണ്ടെത്താനും നിയന്ത്രിക്കാനും അധികാരികള്‍ക്കു ഒരു ബുദ്ധിമുട്ടുണ്ടാകില്ല. എല്ലാത്തിനും ആദ്യം വേണ്ടതു ഇശ്ചാശക്തിയാണെന്നു മാത്രം. ഒപ്പം പക്ഷാഭേദമില്ലാത്ത നടപടികളും.

രാഷ്ട്ര പിതാവിന്റെ മാറു പിളര്‍ത്തി നാം തുടങ്ങിയതാണീ യാത്ര. 62-ആം സ്വാതന്ത്ര്യ ദിന വാര്‍ഷികത്തിലും ഭീതിയോടെയല്ലാതെ നമുക്കു നമ്മുടെ സഹോദരങ്ങളെ നോക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെന്തു സ്വാതന്ത്ര്യമാണു നാം നേടിയത്‌? കൂടെ പഠിക്കുന്നവന്റെ, കൂടെകിടന്നുറങ്ങുന്നവന്റെ, കൂടിരുന്നു ഒരേ പാത്രത്തില്‍ നിന്നും ഉണ്ണുന്നവന്റെ നെഞ്ചില്‍ കാലെടുത്തു വെച്ചു തലയറുത്തുമാറ്റാന്‍ പഠിപ്പിക്കുന്നതു ഏതു പ്രത്യയ ശാസ്ത്രമാണെങ്കിലും അംഗീകര്‍ക്കുക വയ്യ.

ഒരു പൗരന്‍ എന്ന നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നതും എനിക്കുവേണ്ടതും " ഇന്ത്യാ മഹാരാജ്യം അവന്റെ ഓരോ പൗരനും വാഗ്ദാനം ചെയ്യുന്ന സംരക്ഷണവും നീതിയും നിയമ പരിരക്ഷയുമാണ്‌. അല്ലാതെ ഏതെങ്കിലും കേഡര്‍ പ്രസ്ഥാനങ്ങള്‍ നല്‍കുന്ന സംരക്ഷണമല്ല. അതെനിക്കു ആവശ്യവുമില്ല". ഭരണകൂടത്തിന്റെ കൈവിട്ടുപോകും മുന്‍പേ, സമാന്തര ഭരണരംഗത്തേക്കു അക്രമികള്‍ കടക്കും മുന്‍പേ രാജ്യസ്നേഹികളായ ആരെങ്കിലും ഭരണരംഗത്തുണ്ടെങ്കില്‍ നടപടിയെടുക്കുക.

Related Posts with Thumbnails