പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Saturday, July 14, 2007

കാഴ്ചകളും കാഴ്ചപ്പാടുകളും

കാഴ്ചകളും കാഴ്ചപ്പാടും തമ്മിലുള്ള അന്തരങളെ കുറിച്ചാണ് ഞാന്‍ പറഞു വരുന്നത്. രണ്ടുള്ളവര്‍, ഒന്നു ഇല്ലാത്തവനുകൊടുക്കാന്‍ ഉപദേശിച്ച മഹാത്മാവിന്റെ അനുയായികളില്‍ ചിലര്‍ വിദ്യാഭ്യാസത്തില്‍ ക്രോസ് സബ്സിഡി പാടില്ലെന്നു പറയുന്നു. ചാരിറ്റി എന്ന പേരിനെപോലും അപമാനിച്ചുകൊണ്ടു കച്ചവടം നടത്തുന്നു. ആദര്‍ശ ധീരരുടെതെന്നു പറയപ്പെടുന്ന പ്രസ്ഥാനം കോടികള്‍ കോഴ വാങുന്നു. പാവപ്പെട്ടവനെ ഉന്നതിയിലെക്കെത്തിച്ചു സമത്വം നേടുന്നതിനു പകരം മറ്റുള്ളവനെക്കൂടി ദാരിദ്ര്യത്തിലാക്കി സമത്വം ഉണ്ടാക്കുന്നു. അഹിംസയെന്നതു ഈ ഭാരതത്തില്‍, വാക്കുകളില്‍ പോലും ഇല്ലാതെയായിരിക്കുന്നു. സ്നേഹത്തിന്റെ മതാനുയായികളില്‍ ചിലര്‍ നിരപരാധികളുടെ ചോരകൊണ്ട് പുതിയ ചരിത്രം രചിക്കുന്നു. നിരീശ്വര വാദികള്‍ ദേവാലയങളുടെ നടത്തിപ്പുകാരാകുന്നു. അങനെയങനെ എത്രയെത്ര വിരോധാഭാസങള്‍.
ആരാകണം? പുലിയോ, കഴുതയോ? ഭീമനോ, അര്‍ജ്ജുനനോ? എന്ന ചോദ്യത്തിനു ഒറ്റ വാക്കില്‍ ഉത്തരം പറഞ്ഞാലതു "പുലി" എന്നായിരിക്കും. ഇന്നെല്ലാമിത്തരം വാക്കുകളിലൂടെയാണല്ലോ നാമിന്നു വിശേഷിപ്പിക്കുക. മക്കള്‍ സിംഹവും പുലിയുമൊക്കെ ആയിത്തീരണമെന്നാണു മാതാപിതാക്കളുടെയും ആഗ്രഹം. സിംഹത്തേയും പുലിയെക്കാളുമൊക്കെ സമൂഹത്തിനു ഉപകാരപ്രദമായതു കഴുതകളായിരുന്നിട്ടുമാരും മക്കള്‍ മറ്റുള്ളവനുവേണ്ടികൂടി ജീവിക്കുന്ന കഴുതകളായ്‌ത്തീരാന്‍ ആരും ആഗ്രഹിക്കുന്നില്ല. മറ്റുള്ളവര്‍ക്കുവേണ്ടി ജീവിച്ച കഴുതകളിലെ പുലികള്‍ (അതോ, പുലികളിലെ കഴുതകളോ) സൃഷ്ടിച്ചതാണീ നാടുതന്നെ എന്ന സത്യം എത്രപേരോര്‍ക്കുന്നു.

ഇവിടെ മക്കള്‍, സത്യം മാത്രം പറയുന്ന യുധിഷ്ഠിരനാകേണ്ട, സ്നേഹ സമ്പന്നരായ നകുല-സഹദേവന്മാരൊ, കുലച്ച വില്ലുമായ്‌ നില്‍ക്കുമ്പോള്‍ എന്തു കാണുന്നു എന്ന ചോദ്യത്തിനു, "ഞാന്‍ എന്റെ ഗുരുവിനെയും സഹോദരങ്ങളെയും വൃക്ഷത്തേയും അതിന്റെ ശിഖരങ്ങളേയും ആകാശത്തേയും പിന്നെ കിളിയേയും കാണുന്നു" എന്നു പറഞ്ഞ ഭീമനുമാവേണ്ട! അര്‍ജുനനാകണം, ലക്ഷ്യം മാത്രം മുന്നില്‍ കണ്ടു സര്‍വ്വസ്വവും തച്ചുതകര്‍ത്തു വിജയശ്രീലാളിതനായി വരുന്ന അര്‍ജ്ജുനന്മാര്‍. മരത്തിലിരിക്കുന്ന പക്ഷിയുടെ കഴുത്തില്‍ അമ്പെയ്തു കൊള്ളിക്കാന്‍ ആവശ്യപ്പെട്ടാല്‍ പിന്നെ, ചുറ്റും നില്‍ക്കുന്ന സഹോദരങ്ങളെയൊ, ഗുരുവിനെയൊ, അതിരിക്കുന്ന വൃക്ഷത്തെയൊ അതിന്റെ ശിഖരങ്ങളെയൊ പക്ഷിയുടെതന്നെ മറ്റു ഭാഗങ്ങളെയൊ കാണാത്ത അര്‍ജ്ജുനന്മാര്‍.


നാം, നമ്മുടെ സര്‍വ്വസ്വവും നല്‍കി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതും ഈ അര്‍ജ്ജുനന്മാരെ തന്നെ. ഒടുവില്‍ സര്‍വ്വസ്വവും തകര്‍ത്തെറിഞ്ഞു നേരും നെറിയുമില്ലാത്ത ലക്ഷ്യവും നേടി അവര്‍ വിജയശ്രീലാളിതരായി തിരിച്ചെത്തുമ്പോള്‍ മാത്രമാകും തകര്‍ന്നതു നാം തന്നെയാണെന്നു നാം തിരിച്ചറിയുക. പൊരുതുന്ന അര്‍ജ്ജുനനോടൊപ്പം, നേരിന്റെ മാര്‍ഗ്ഗം കാട്ടാനും നയിക്കാനും യുധിഷ്ഠിരനും, സ്നേഹത്തിന്റെയും ബന്ധത്തിന്റെയും വിലയെ ഓര്‍മ്മിപ്പിക്കാന്‍ നകുല സഹദേവന്മാരും, ചുറ്റുമുള്ളതു കാണാന്‍ ഭീമനും ഉണ്ടായിരുന്നാല്‍ മാത്രമെ നേരായ ലക്‌ഷ്യത്തിലെത്തിച്ചേരാനാവൂ എന്ന തിരിച്ചറിവു നമ്മിലുണ്ടാകേണ്ടിയിരിക്കുന്നു.

Related Posts with Thumbnails