പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Saturday, July 25, 2015

തട്ടത്തിൻ മറയത്ത്....

നമുക്കോരോരുത്തർക്കും ഓരോരോ ശീലങ്ങളുണ്ട്. അതിൽ നിന്നുമുള്ള മാറ്റം നല്ലതിലേക്കോ മോശമായതിലേക്കോ ആയാലും മാനസിക പ്രയാസമുളവാക്കുന്നതാണ്. ഇരുന്നുമാത്രം മൂത്രമൊഴിച്ചും, കുളിമുറിക്കുള്ളിൽ കുളിക്കുമ്പോൾ പോലും നഗ്നത മറച്ചും ശീലിച്ചവർക്കു സിനിമാ തീയേറ്ററുകളിലെയും മറ്റും ടോയ്ലറ്റുകളിൽ ആൾക്കൂട്ടത്തിനിടയിൽ നിന്നു മൂത്രമൊഴിക്കാൻ വളരെ പാടാണ്. അതുപോലെതന്നെ വീട്ടിനുള്ളിലും എപ്പോഴും ഷർട്ടിട്ടു നടക്കുന്നവർ,  മുണ്ട് മടക്കിക്കുത്തുന്ന ശീലമില്ലാത്തവർ, വിനോദയാത്രകളിലും മറ്റും വെള്ളത്തിലിറങ്ങുമ്പോൾ പോലും പാന്റിടുന്നവർ അങ്ങനെ എത്രയോ ശീലക്കാർ?

പറഞ്ഞു വന്നതു പെട്ടെന്നുള്ള മാറ്റമുണ്ടാക്കുന്ന മാനസിക പ്രശ്നങ്ങളെക്കുറിച്ചാണ്. ജീവിതത്തിലെ പ്രധാനപ്പെട്ട സമയങ്ങളിൽ അധിക സമ്മർദ്ധമില്ലാതെ കാര്യങ്ങൾ ചെയ്യുന്നതിനു ഉപകരിക്കുന്നതു, ഇന്നലെ വരെയുണ്ടായിരുന്ന സാഹചര്യം നിലനിന്നു കിട്ടുകയെന്നതാണ്. വർഷങ്ങളായി കയ്യും തലയും മറച്ചുകൊണ്ട് മാത്രം പുറത്തിറങ്ങി ശീലിച്ചവർക്കു, തുറിച്ചു നോക്കുന്ന കണ്ണുകൾക്കുമുന്നിൽ അവയില്ലാതെ പരീക്ഷയെഴുതുന്നതു എത്ര വലിയ മാനസിക സമ്മർദ്ധമായിരിക്കുമുണ്ടാക്കുക? തീർച്ചയായും അത്തരം വിലക്കുകൾ  മത്സരങ്ങളിൽ അവരെ പിന്നിലേക്കു കൊണ്ടു പോകാനുള്ള സാദ്ധ്യത വളരെക്കൂടുതലാണ്. (സ്കൂളുകളിലും കോളേജുകളിലുമൊക്കെവല്ലപ്പോഴും സാരിയുടുത്തുകൊണ്ട് പോകുന്ന കുട്ടികളുടെ വെപ്രാളങ്ങൾ ശ്രദ്ധിച്ചിട്ടുള്ളവർക്കും അങ്ങനെ പോയ ഓർമ്മയുള്ളവർക്കും കാര്യങ്ങൾ കുറച്ചു കൂടി മനസ്സിലാകും.)


എൻ‌ട്രൻസ് പോലെയുള്ള മത്സരപരീക്ഷകളിൽ തുണ്ടെഴുതി കയറുന്നതു പോലുള്ള കോപ്പിയടി മാർഗ്ഗങ്ങൾ എത്രമാത്രം ഉപകാരപ്പെടുമെന്ന കാര്യം നിരവധി മത്സരപരീക്ഷകളിൽ പങ്കെടുത്തിട്ടുള്ള എനിക്കു മനസ്സിലായിട്ടില്ല. മാത്രമല്ല, തലയിലെ തൊപ്പിയും ശിരോ വസ്ത്രവുമൊക്കെ കോപ്പിയടിക്കു സഹായിക്കുന്നതിനേക്കാളേറെ സഹായം അടിവസ്ത്രങ്ങളിൽ നിന്നും മറ്റു മേൽവസ്ത്രങ്ങളിൽ നിന്നും ലഭിക്കാനുള്ള സാധ്യതയില്ലേ? എന്ന സംശയവും ഉണ്ട്.

സാങ്കേതിക വിദ്യയുടെ ഈ കാലത്തു, വലിയ ആൾക്കൂട്ടത്തിനിടയിലെ പോക്കറ്റടിക്കാരെ വരെ കൃത്യമായി കണ്ടെത്താൻ സഹായിക്കുന്നത്ര പവർഫുൾ ക്യാമറകളും (സരിത മറിച്ചു കാണിച്ച പേപ്പറിലെ എഴുത്തുകൾ വരെ അവ ഒപ്പിയെടുത്തിരിക്കുന്നു :) ), ഏതൊരു ഇലക്ട്രോണിക് സാധനത്തിന്റെയും പ്രവർത്തനങ്ങളെ തടഞ്ഞു നിർത്താനാവുന്ന ജാമറുകളും ഉള്ള ഈ കാലത്തു, അത്തരം സാങ്കേതിക വിദ്യകളും തുണിയഴിച്ചു പരിശോധനയ്ക്കു നിർത്താനുദ്ദേശിക്കുന്ന അധിക സ്റ്റാഫുകളെയും ക്ലാസ്സിൽ നിരീക്ഷണത്തിനുപയോഗിച്ചാൽ കുറേയൊക്കെ ഒഴിവാക്കാനായേക്കും. (നിരീക്ഷണത്തിനു നിർത്തിയിരിക്കുന്ന വ്യക്തിയുടെ സഹായമനസ്കത ഇല്ലാതാക്കാൻ എന്തു ചെയ്യാനാവും എന്നതാണ് സത്യത്തിൽ വലിയ പ്രശ്നം)

ഭരണഘടനാ വിരുദ്ധമെന്നു ഒറ്റനോട്ടത്തിൽ തോന്നുന്ന ഒരുകാര്യം നടപ്പാക്കി പുതിയ കീഴ്‌വഴക്കമുണ്ടാക്കാൻ സുപ്രീം കോടതിയൊക്കെ അനുമതി നൽകുന്നതിൽ വളരെ ആശങ്കയുണ്ട്. കടലു പോലുള്ള സിലബസിൽ നിന്നും, ഒറ്റവാക്കു ഉത്തരങ്ങൾ എഴുതുന്ന മത്സര പരീക്ഷകളേക്കാൾ കോപ്പിയടി നടക്കുന്നതു, പഠിച്ച ഭാഗത്തു നിന്നുമാത്രം ഉത്തരങ്ങൾ വാരി വലിച്ചെഴുതേണ്ടി വരുന്ന സ്കൂൾ കോളേജ് എക്സാമുകളിലാണ് എന്ന കാര്യം പറഞ്ഞ് അവിടങ്ങളിലും ഇത്തരം നിയമങ്ങൾ കൊണ്ടുവരാനുള്ള സാദ്ധ്യതയാണുള്ളതു. തകർക്കപ്പെടുന്ന വ്യക്തി സ്വാതന്ത്ര്യവും, വിശ്വാസത്തിന്മേലുള്ള കടന്നു കയറ്റവും, മതേതരത്വത്തോടുള്ള വെല്ലു വിളികളും നാം കണ്ടില്ലെന്നു നടിച്ചു കൂടാ....

Wednesday, March 18, 2015

സമരങ്ങള്‍....

സമരങ്ങള്‍ എന്തിനൊക്കെ വേണ്ടിയാകാം? ആര്‍ക്കൊക്കെ വേണ്ടിയാകാം? എങ്ങനെയൊക്കെയാവാം? എന്നീ കാര്യങ്ങള്‍ രാഷ്ട്രീയപ്പാ‍ര്‍ട്ടികള്‍ കുറച്ചു കൂടി വിവേകത്തോടെയും ശ്രദ്ധയോടെയും കാണേണ്ടിയിരിക്കുന്നു.

ഒരു പ്രശ്നം ഉയര്‍ന്നുവന്നാല്‍ കാര്യങ്ങള്‍ക്കു വ്യക്തത കൈവരുന്നതിനാവശ്യമായ മീഡിയാ സഹായം പരമാവധി സഹായം നല്‍കി ഉപയോഗിക്കാം. കാരണം,  അണികളെയിറക്കിയുള്ള സമരങ്ങള്‍ ഒരിക്കലും ഊഹാപോഹങ്ങള്‍ക്ക് അനുസരിച്ചാവാന്‍ പാടില്ല. വ്യക്തതയില്ലാത്ത വിഷയങ്ങളില്‍ സമരങ്ങളില്‍ ഇറങ്ങുന്ന അണികളും ജനവും തിരിച്ചറിയുന്നതു നേതാക്കന്മാരുടെ അധികാരക്കൊതി മാത്രമാണ്...

പ്രത്യക്ഷത്തില്‍ ഒരു ജനവിഭാഗത്തിനും ഉപകാരമില്ലാത്ത പ്രശ്നങ്ങള്‍, പ്രത്യക്ഷ സമരങ്ങള്‍ക്കായി ഏറ്റെടുക്കരുതു. മീഡിയ കയ്യിലുള്ള ഈ കാലത്തു പ്രയോഗിക്കാനറിയാമെങ്കില്‍ അതാണേറ്റവും നല്ല ആയുധം. അതോടൊപ്പം തന്നെ, സമരത്തില്‍ ആത്യന്തികമായി ലാഭം കൊയ്യുന്നവന്‍, ആ ലാഭത്തിന്റെ പങ്കു പറ്റാന്‍ യോഗ്യനാണോയെന്നു കൂടി നോക്കണം. കാരണം എല്ലാം കഴിയുമ്പോള്‍ ജനം അതുമാത്രമേ നോക്കൂ. (കുറച്ചു കാലം കഴിയുമ്പോള്‍ മാണിയുടെ കോഴ വിവാദവുമായി ബന്ധപ്പെട്ട സമരം, ബിജു രമേഷിനെപ്പോലെയുള്ള കോടീശ്വരന്മാരായ കള്ളു കച്ചവടക്കാര്‍ക്കായി പാവപ്പെട്ടവന്റെ പാര്‍ട്ടി നടത്തിക്കൊടുത്ത സമരം എന്നേ അറിയപ്പെടാന്‍ വഴിയുള്ളൂ. സോളാര്‍ സമരം, സാമ്പത്തിക തട്ടിപ്പില്‍ അകപ്പെട്ട ചില ആര്‍ത്തിമൂത്ത  സമ്പന്നന്മാര്‍ക്കുവേണ്ടി നടത്തിയ സമരമെന്നോ, പ്രതിസന്ധിയിലകപ്പെട്ട ഉമ്മഞ്ചാണ്ടിയേയും കൂട്ടരേയും (കൊലയാളിപ്പാര്‍ട്ടി എന്നു പേരുവീണ തങ്ങളെത്തന്നെയും) രക്ഷിക്കാന്‍ വേണ്ടി നടത്തിയ സമരമെന്നോ അറിയപ്പെടും.) ഈ ഇടപാടുകളാല്‍ ജനങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ എന്തെങ്കിലും നഷ്ടപ്പെട്ടതായോ, സമരം കൊണ്ട് ജനങ്ങള്‍ക്കായി എന്തെങ്കിലും നേടിയതായോ തോന്നുന്ന അവസ്ഥയില്ല എന്നതു തന്നെ അതിനു പ്രധാന കാരണം .

മറ്റൊന്നു, നില്‍ക്കക്കള്ളിയില്ലാതെ സമരത്തിനിറങ്ങുന്ന പാവപ്പെട്ടവരോട് നല്ലരീതിയില്‍ സഹകരിക്കുകയാണ് വേണ്ടതു. തങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്ന സമരങ്ങള്‍ മാത്രം വിജയിച്ചാല്‍ മതി എന്ന ചിന്താഗതി വെച്ചുപുലര്‍ത്തി മറ്റുള്ളവരുടെ സമരങ്ങളോട് ആനുഭാവം പോലും കാണിക്കില്ല എന്ന മനസ്ഥിതി നല്ലതല്ല. പ്രത്യേകിച്ചും അധസ്ഥിത ജനവിഭാഗങ്ങളുടെ സമരങ്ങളോട്.... കാരണം ജനങ്ങള്‍ പൊതുവെ അധ:സ്ഥിത ജനവിഭാഗങ്ങള്‍ ഉയര്‍ന്നു വരണം എന്നാഗ്രഹിക്കുന്നവരാണ്. (നില്‍പ്പു സമരം, ഇരിപ്പു സമരം, നഴ്സുമാരുടെ സമരം.... അങ്ങനെയങ്ങനെ ജയിച്ചതോ  ജയിക്കേണ്ടതോ ആയതും പാവപ്പെട്ട ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്നതുമായ സമരങ്ങള്‍ ഇവിടെ ഏറെ നടക്കുന്നുണ്ട്. അവയില്‍ പലതിന്റേയും എതിര്‍ വശത്തു വമ്പന്‍ കോര്‍പ്പറേറ്റുകളാണ് താനും. അതാണോ പലരും അവയോട് അടുക്കാത്തതു എന്ന സംശയവും പലര്‍ക്കുമുണ്ട്)

തുടങ്ങുന്ന സമരങ്ങള്‍ എവിടെ നിര്‍ത്തണം എന്ന ബോധമുണ്ടാകണം. മാധ്യമങ്ങളുടെ ആവേശം, അവരുടെ മുന്നില്‍ പെട്ടവരെയെല്ലാം എത്ര മോശമായ അവസ്ഥയിലെത്തിക്കാമോ ആ അവസ്ഥയീല്‍ എത്തിക്കുന്നതു വരെയാണുണ്ടാവുക എന്ന ബോധ്യം വേണം. (ഒരു രാത്രി നിയമസഭയ്ക്കകത്തു കഴിയാന്‍ മാണി തീരുമാനിച്ചപ്പോള്‍ പുറത്തെ തടയല്‍ സമരം വിജയിച്ചതാണ്.)

ഒന്നു കൂടി....
ഹര്‍ത്താല്‍ എന്നതിനെ ആദ്യത്തെയോ രണ്ടാമത്തേയോ മൂന്നാമത്തേയോ സമരമാര്‍ഗ്ഗമാക്കരുതു. അതു ഒടുവിലത്തെ സമരമാര്‍ഗ്ഗമാണ്. ജനങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ മാത്രം നടത്തേണ്ടതു. അല്ലെങ്കില്‍ അതുവരെ ചെയ്തതെല്ലാം കൈവിട്ടു പോകും. (നിയമസഭയില്‍ അക്രമം നടത്തിയിട്ടു പിറ്റേ ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിക്കുക വഴി, ജനങ്ങളെല്ലാം ആ തോന്ന്യവാസങ്ങള്‍ വീട്ടിലിരുന്നു കണ്ടിട്ടു തെറി പറയുന്ന അവസ്ഥയാണുണ്ടായതു എന്നു ആരറിയുന്നു )

Tuesday, May 8, 2012

പാറകള്‍

പാടിയതു മുഴുവന്‍ പാഴായെങ്കിലും വീണ്ടും പാടാം
പാവനമാണീ ജീവിതമെന്നതു ദിനവും പലവട്ടം.
ആരോ കയ്യിലെടുത്തു തരും പണവും ആയുധവും
ആരുടെയും ആയുസ്സെടുക്കാനുള്ളൊരു ലൈസന്‍സോ?

നില്‍ക്കുക സോദരാ, പറയുക സോദരാ
നിന്നോടെന്തപരാധം ചെയ്തു, ആ നിലച്ച ജീവന്‍?
എതിരാളിയേയല്ലവന്‍ ഒരിക്കലും, എന്നിട്ടും
എതിരിടുവാനെങ്ങനെ നിനക്കു കഴിയുന്നു?

ആദ്യ ദര്‍ശനത്തിന്‍ കൌതുകം മാറും മുന്‍പേ, നെഞ്ചില്‍
ആഞ്ഞുവെട്ടുവാനുള്ള പക, ആരു നിന്നില്‍ നിറച്ചു

കടലിന്നുള്ളില്‍, പാതിവഴിയില്‍ കാവലാളും പോയി
കാറ്റത്താടും കപ്പലില്‍ നിന്നും കരച്ചില്‍ കേള്‍ക്കുന്നു

ഭൂതകാലത്തിന്നോര്‍മ നിറഞ്ഞ, അവരുടെ വിലാപത്തില്‍
ഭാവിയിലെ നിന്റെ അലമുറയും കുടികൊള്ളുന്നില്ലേ?

കൂരിരുട്ടില്‍ ഉയര്‍ന്നു പൊന്തും നിലവിളികള്‍ക്കിടയില്‍
കുരുന്നു ഹൃദയങ്ങളില്‍ ജനിച്ചു പോകും ഒരു പ്രതികാരി.

അവനൊരുനാളും നീയായ് മാറാതിരിക്കാന്‍
ആയുധമെറിഞ്ഞു വേഗം നീയൊരു മനുഷ്യനാകുക.
ജീവിക്കാനായി ആടുവതോ നീയീ കൊലപാതകി വേഷം,
അതിനേക്കാള്‍ സ്വയം മരിക്കുവതല്ലേ നിനക്കുത്തമം.

Tuesday, April 26, 2011

വികാരങ്ങള്‍ക്കപ്പുറം

എന്‍ഡോസള്‍ഫാന്‍, നാട്ടിലിന്നു ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന വാക്കു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തില്‍ ഉപയോഗിക്കുന്ന വിരൂപികളായ നമ്മുടെ സഹോദരങ്ങളുടെ ചിത്രങ്ങള്‍ അസ്വസ്ഥതയുളവാക്കാത്തവരാരുമുണ്ടാവില്ല. ഓരോ ദുരന്തവും കാണുമ്പോള്‍ ഇതിനു കാരണമായവയെ നാട്ടില്‍ നിന്നും കെട്ടു കെട്ടിക്കണമെന്ന വികാരം നമ്മളിലുണരും. നമ്മുടെ ആവേശവും വികാരവും സദുദ്ദേശത്തോടെ രാജ്യനന്മക്കായി ഉപയോഗിക്കുന്നവരെക്കാളധികം, അതിനെ ചൂഷണം ചെയ്തു മറ്റു ചിലര്‍ക്കെതിരെയുള്ള ആയുധമാക്കാനാണ് പലര്‍ക്കും താല്‍പ്പര്യം എന്നു നാം മറന്നു പോവുകയും ചെയ്യും.

ഒരു ഉപയോഗവുമില്ലാത്ത മദ്യമെന്ന വിഷം, സര്‍ക്കാര്‍ വിറ്റഴിക്കുന്ന നാടാണ് നമ്മുടേതു. പല രാജ്യങ്ങളും (നമ്മള്‍ പോലും) നിരോധിച്ച മരുന്നുകള്‍ പോലും ഇവിടെ നമ്മളറിയാതെ പരീക്ഷിക്കപ്പെടുകയും വിറ്റഴിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്നു വാര്‍ത്തകള്‍. എന്നാല്‍, അതിനു വ്യത്യസ്തമായി, കീടനാശിനികള്‍ വിഷമാണെന്നും അതു മനുഷ്യനു ദോഷം ചെയ്യുമെന്നും നമുക്കറിയാം. വിഷം കഴിച്ചു ആത്മഹത്യ ചെയ്യുവാന്‍ തിരഞ്ഞെടുക്കുന്നതും കീടനാശിനികള്‍ തന്നെ.  എങ്കിലും നാമവ ചില നിര്‍ബന്ധിത സാഹചര്യങ്ങളില്‍ കൃഷിക്കായും മറ്റും ഉപയോഗിക്കേണ്ടി വരുന്നു. ഈ ബോധം മനസ്സില്‍ നിലനിര്‍ത്തിക്കൊണ്ടു വേണം നാം പല പ്രശ്നങ്ങളെയും സമീപിക്കാന്‍.

എന്തു കൊണ്ട് കീടനാശിനികള്‍?

കൃഷിസ്ഥലങ്ങളിലെ കീടങ്ങളെ കണ്ടെത്തി അടിച്ചു കൊല്ലാനുള്ള ഉപകരണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തിടത്തോളം കാലം നമ്മള്‍ അതിനായി വിഷം ഉപയോഗിക്കാതെ നിവൃത്തിയില്ല. ഭക്ഷണം മനുഷ്യനു ആവശ്യമുള്ളിടത്തോളം കാലം ഇതു തുടരുകയും ചെയ്യും. അത്യാവശ്യമുള്ള കീടനാശിനി ആവശ്യത്തിനു മാത്രം, വേണ്ടിടത്തു മാത്രം, വേണ്ടതു പോലെ ഉപയോഗിക്കുക എന്നതാണു നല്ലതു. എല്ലാ കീടനാശിനികളും നിരോധിച്ച രാജ്യങ്ങളൊന്നും ഉണ്ടാവില്ലല്ലോ?

അതിനായി ഇത്രയേറെ പ്രശ്നങ്ങളുണ്ടാക്കുന്ന എന്‍ഡോസള്‍ഫാന്‍ തന്നെ വേണോ?
ഈ ചോദ്യത്തിനു, ദുരിതബാധിതമല്ലാത്ത ഒരു പ്രദേശത്തെ ജനങ്ങള്‍ക്കു സ്വാഭാവികമായി ഉയരുന്ന ഒരു മറു ചോദ്യം ഉണ്ടാവും. നാം കാണുന്ന പ്രശ്നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലം തന്നെയാണോ, ആണെങ്കില്‍ രാജ്യവ്യാപകമായി ഉപയോഗിക്കുന്ന ഈ കീടനാശിനി ഒരു കാര്‍ഷിക സംസ്ഥാനമേയല്ലാത്ത കേരളത്തില്‍ എന്തു കൊണ്ട് ഇത്രമാത്രം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു? എന്‍ഡോസള്‍ഫാന്‍ പ്രശ്നമില്ലാത്ത നാടുകളിലും വൈകല്യങ്ങളുള്ള ആള്‍ക്കാര്‍ ഇല്ലേ?

അധികമായതും, അശാസ്ത്രീയമായതുമായ ഉപയോഗവുമാണ് അത്തരം പ്രശ്നങ്ങള്‍ക്കു കാരണം എന്നാണതിനുത്തരം കിട്ടുക. അധികമായാല്‍ അമൃതും വിഷം എന്ന പല്ലവി ഓര്‍ക്കുക. കൂടുതല്‍ മരുന്നു കഴിച്ചാലും സമയം തെറ്റി മരുന്നു കഴിച്ചാലും മരണത്തിലേക്കു നാം ഓടിയെത്തും എന്നിരിക്കെ ഏതു വിഷത്തിന്റെയും അമിതമായതും അശാസ്ത്രീയവുമായ ഉപയോഗം ആപത്തു വരുത്തും എന്നതു സ്വാഭാവികം. അതിന്നു പരിഹാരം നിരോധനമാണോ, മിതമായതും ശാസ്ത്രീയമായതുമായ ഉപയോഗമാണോ എന്നു നാം തന്നെ തീരുമാനിക്കേണ്ടിയിരിക്കുന്നു. അണക്കെട്ടുകളുടെ കാര്യത്തിലും, ആണവ പദ്ധതികളുടെ കാര്യത്തിലുമൊക്കെ നാം അത്തരം ചില തീരുമാനങ്ങളെടുക്കേണ്ടിയിരിക്കുന്നു.

രാജ്യ പുരോഗതിയും നിയമവും മറ്റും നോക്കി തീരുമാനം എടുക്കേണ്ട ഉത്തരവാദിത്വമുള്ള അധികാരികള്‍ക്കു ഒരു മധ്യപാതയേ സാദ്ധ്യമാവൂ എന്നതാണു സത്യം. ഒരു ചെറിയ വിഭാഗത്തിന്റെ പ്രക്ഷോഭമൊന്നും നയം മാറ്റത്തിന്നു മതിയായ കാരണമാക്കാന്‍ അവര്‍ക്കു പറ്റില്ല തന്നെ. (അധികാരത്തിനു പുറത്തിരിക്കുമ്പോള്‍ ജനവികാരത്തിനൊപ്പം നില്‍ക്കുകയും, നടപ്പാക്കില്ല എന്നു ഉറപ്പു നല്‍കുകയും ചെയ്യുന്ന കാര്യങ്ങള്‍ ഇടതുപക്ഷം അധികാരത്തിലേറിക്കഴിയുമ്പോള്‍ പോലും നടപ്പിലാക്കേണ്ടി വരുന്നതു, ഏ.ഡീ.ബിക്കാര്യത്തിലും ദേശീയപാതയുടെ ടോള്‍ പിരിവിന്റെ കാര്യത്തിലും, സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലുമൊക്കെ നാം കണ്ടതാണല്ലോ?)

എന്‍ഡോസള്‍ഫാന്റെ ഉപയോഗം കേരളത്തില്‍ നിരോധിച്ച് കൊണ്ട് കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവു പുറത്തിറങ്ങിയതു 2010 നവംബര്‍ 18 നാണ്. അതായതു പത്തു പതിനഞ്ചു കൊല്ലങ്ങളായി നമ്മളുടെ കണ്മുന്നില്‍ നാം കണ്ട ദുരിതങ്ങള്‍ക്കു വിരാമമിടാന്‍ നമ്മുടെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവു ഇറങ്ങിയിട്ടു ആറുമാസം തികഞ്ഞിട്ടില്ല. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സംസ്ഥാനങ്ങളുടെ എണ്ണത്തിന്റെ പത്തിലൊന്നു പോലും സംസ്ഥാനങ്ങള്‍ നിരോധനത്തിനായി ശബ്ദിച്ചു തുടങ്ങിയിട്ടുമില്ല. എങ്കിലും ദുരിതത്തെ ബോധ്യപ്പെട്ട് നിരോധിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം ചോദ്യം ചെയ്യുന്നില്ല എന്ന വസ്തുതയും നാം കാണാതിരുന്നു കൂടാ.

സംസ്ഥാനം ഇതിനെ നിരോധിച്ചതും, നിരോധിച്ചതിനെ ആരും ചോദ്യം ചെയ്യാത്തതും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കൂട്ടായ്മയുടെ വിജയം തന്നെയാണ്. ഇന്ത്യ മുഴുവന്‍ നിരോധിക്കുക, പിന്നെ ലോകം മുഴുവന്‍ നിരോധിക്കുക എന്നതാണു അടുത്ത പടി.

ഇനി ഇന്ത്യയൊട്ടാകെ ഇതു നിരോധിക്കാന്‍ എന്തുവഴിയാണ് സ്വീകരിക്കേണ്ടതു എന്നതാണ് മറ്റൊരു ചോദ്യം?

കേന്ദ്ര സര്‍ക്കാരിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക എന്നതാണൊരു കാര്യം. കൂട്ടുകക്ഷി ഭരണത്തിന്റെ ഈ കാലത്തു അതിനേക്കാള്‍ എളുപ്പമുള്ള വഴി വേറെയില്ല. കേരളത്തിലെ എല്ലാ പാര്‍ട്ടികളും ഇതു നിരോധിക്കണമെന്ന വികാരമുള്ളവരാണെന്നാണ് പുറമേ നിന്നു നോക്കുമ്പോള്‍ മനസ്സിലാവുക. കോണ്‍ഗ്രസ്സിനു കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ പ്രശ്നം 90% കഴിഞ്ഞു. ഇപ്പോള്‍ നിരോധനം സാധ്യമല്ലെന്നു പറഞ്ഞ ഭക്ഷ്യമന്ത്രി പവാറിന്റെ പ്രസ്ഥാനം ഇവിടെ ഇടതു പക്ഷത്താണ്. അവരതു അദ്ദേഹത്തെ ബോധ്യപ്പെടുത്തിയാലും പ്രശ്നം ഏറെക്കുറെ പരിഹരിക്കപ്പെടും.

മറ്റൊരു വഴി, കൂടുതല്‍ സംസ്ഥാനങ്ങളെക്കൊണ്ട് ഈ ആവശ്യമുന്നയിപ്പിക്കുക എന്നതാണ്. കര്‍ണാടക ഭരിക്കുന്ന ബിജെപിയും, കേരളം ഭരിക്കുന്ന ഇടതു പക്ഷവും തങ്ങള്‍ ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളെക്കൊണ്ട് കൂടി ഈ ആവശ്യം ഉന്നയിപ്പിച്ചാലും പ്രശ്നപരിഹാരത്തിനു വേഗത ലഭിക്കുമായിരുന്നു.

ഇനിയൊരു വഴി കോടതിയാണ്. ആ രീതി ഈ വിഷയത്തില്‍ എത്രമാത്രം സ്വീകരിച്ചിട്ടുണ്ട്? ഏറ്റവും നീതിപൂര്‍വ്വമായ വഴിയും അതാണെന്നാണ് എന്റെ അഭിപ്രായം. കേന്ദ്രം ഒരു സര്‍ക്കാര്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്റെ പിന്‍ബലമില്ലാ‍തെ, ജനസമ്മര്‍ദ്ധത്താല്‍ ഇനി ഇതു നിരോധിച്ചാലും കേസ് കോടതിയിലെത്താനും കോടതി നിരോധനം നീക്കാനും സാദ്ധ്യതയില്ലേ? അങ്ങനെയാണെങ്കില്‍ ഇതിനെതിരെ ഒരു റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തു നില്‍ക്കുകയാണ് നല്ലതു. അതിനു കാലതാമസം ഉണ്ടാകാതിരിക്കാനുള്ള ഉറപ്പുകളാണ് ആദ്യം വാങ്ങിയെടുക്കേണ്ടതു.

കാരണം 2002 മാര്‍ച്ചില്‍  എന്‍ഡോസള്‍ഫാന്‍ ദോഷരഹിതമായ കീടനാശിനിയാണെന്ന്‌ ഡുബെ കമ്മീഷന്‍ കേന്ദ്രഗവണ്‍മെന്റിന്‌ റിപ്പോര്‍ട്ട്‌ നല്‍കി. എങ്കിലും 2004 സെപ്‌തംബറില്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം പഠിക്കുന്നതിനായി പുതിയൊരു കമ്മീഷനെ (സിഡി. മായി (CD Mayee) കമ്മീഷന്‍ ) കേന്ദ്രഗവണ്‍മെന്റ്‌ നിയമിച്ചു. 2004 ഡിസംബറില്‍ എന്‍ഡോസള്‍ഫാന്‍ ദോഷരഹിതമാണെന്ന്‌ മായീ കമ്മീഷനും റിപ്പോര്‍ട്ട്‌ നല്‍കി. (റിപ്പോര്‍ട്ട്‌ ഔദ്യോഗിക രേഖയാണെന്ന പേരില്‍ പുറത്തുവിട്ടില്ല). ഇങ്ങനൊരവസ്ഥയില്‍ എന്‍ഡോസള്‍ഫാന്‍ കുഴപ്പമാണെന്ന ഒരു നിലപാട് എങ്ങനെ കേന്ദ്രത്തിനെടുക്കാന്‍ കഴിയും?

73 രാഷ്ട്രങ്ങള്‍ നിരോധിച്ചു എന്നതു അപ്പോഴും നമ്മളുടെ മുന്നില്‍ ഒരു വസ്തുതയായി മുന്നില്‍ നില്‍ക്കുന്നു. അതില്‍ തന്നെ പല കേമന്മാരുമുണ്ട്. അതുകൊണ്ടു തന്നെ ഇവിടെയും നിരോധിക്കാന്‍ കഴിഞ്ഞാല്‍ അതു തന്നെ നല്ലതു എന്നാണു ഒരു സാധാരണക്കാരനെന്ന നിലയില്‍ എന്റെ അഭിപ്രായം. അതിനു വ്യക്തമായ റിപ്പോര്‍ട്ട് നമുക്കു കാണിക്കാനും കഴിയണം. ക്രോഡീകരിക്കപ്പെട്ട വസ്തുതകളുടെ പിന്‍ബലത്തില്‍ നിരോധനമുണ്ടാകുന്നതാണ് നല്ലതു. അതു വേഗത്തിലുണ്ടാവാന്‍ ഈ സമ്മര്‍ദ്ധങ്ങള്‍ നല്ലതു തന്നെ. നമുക്കു അതിനായ് ശ്രമിക്കാം. എന്‍ഡോസള്‍ഫാനല്ലെങ്കില്‍ മറ്റെന്താണതിനു കാരണം എന്നു കൂടി കണ്ടെത്തേണ്ടതുണ്ട്. 

2002 -ല്‍ നല്‍കിയ ഒരു റിപ്പോര്‍ട്ട് കേന്ദ്രത്തിന്റെ മുന്നിലുണ്ടെന്നും, അതില്‍ എന്‍ഡോസള്‍ഫാനുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ വിവരിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞതായി വാര്‍ത്ത കണ്ടു. അതു സത്യമാണെങ്കില്‍, അതിന്മേല്‍ ഒരു നടപടിയെടുക്കാതെ ഒന്നിനു പിറകേ മറ്റൊന്നു എന്ന രീതിയില്‍ അന്വേഷണം മാത്രം നടത്തി സമയം കളയാനാണ് കേന്ദ്ര സര്‍ക്കാരിനു താല്‍പ്പര്യമെങ്കില്‍ അതു ശുദ്ധ ചെറ്റത്തരമാണ്. പിന്നെ പ്രക്ഷോഭങ്ങളല്ലാതെ വേറെ വഴിയില്ല. അപ്പോഴും (എപ്പോഴും) കൂട്ടത്തിലെ കള്ളനാണയങ്ങളെ കരുതിയിരിക്കുക. അവര്‍ ജനങ്ങളുടെ പ്രക്ഷോഭങ്ങളെ ഹൈജാക്ക് ചെയ്തേക്കും.

Wednesday, July 28, 2010

മതവും മദ്യവും മാധ്യമങ്ങളും, അവ സൃഷ്ടിക്കുന്ന മദവും മൃധവും.

അടുത്തകാലത്ത് ഫോര്‍വേഡായെത്തിയ മെയിലിലൊരു കഥയുണ്ടായിരുന്നു. വിദേശത്തു ജോലി ചെയ്യുന്ന ഒരാള്‍ , ഇന്ത്യയിലേക്കു ഉല്ലാസയാത്രക്കു പോയി വന്ന തന്റെ ബോസ്സിനോട് കുശലാന്വേഷണം നടത്തുന്നതും അതിനു കിട്ടിയ ദു:ഖകരമായ മറുപടിയുമായിരുന്നു കഥയായി വന്നത് .

അതിന്റെ ചുരുക്കം ഇങ്ങനെ. ഇന്ത്യ മുഴുവന്‍ ചുറ്റിക്കറങ്ങിയ താന്‍ സുന്ദരവും അനുഗ്രഹീതവുമായ മണ്ണും, പ്രകൃതിയും, കാലാവസ്ഥയുമൊക്കെ ആസ്വദിച്ചു വിവിധ സ്ഥലങ്ങളില്‍ പോയി അവിടുത്തെ ജനങ്ങളെയുമൊക്കെ കണ്ടു. ആ യാത്രയില്‍ കാഷ്മീരിയേയും, കേരളീയനേയും, തമിഴനേയുമൊക്കെ കണ്ടു. പക്ഷെ ഇന്ത്യയില്‍ പോയിട്ടു ഒരിന്ത്യക്കാരനെപ്പോലും കാണാനായില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷമം.

ഭാഷയെ വെച്ചു സംസ്ഥാനങ്ങളുടെ അതിര്‍വരമ്പുകള്‍ തിരിച്ചിരിക്കുന്ന നമ്മുടെ നാട്ടില്‍ ജനങ്ങള്‍ അതിന്റെ നാലതിരുകളില്‍, അല്ലെങ്കി ഭാഷയുടെ ഏകതയില്‍ ഒതുങ്ങിപ്പോകുന്നതു സ്വാഭാവികം. റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യദിനവും ആഘോഷിക്കുന്ന, അല്ലെങ്കില്‍ ഡല്‍ഹിയിലെ ആഘോഷങ്ങളും നേതാക്കളുടെ സന്ദേശങ്ങളും കാണാനായി ടി.വിക്കു മുന്നിലെങ്കിലുമിരിക്കുന്ന എത്രപേരുണ്ട് നമ്മുടെ നാട്ടില്‍ . ഒരു സ്വാതന്ത്ര്യ ദിനത്തിനു ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത ആശംസക്കു പ്രത്യഭിവാദ്യം ചെയ്തതിലേറെയും വിദേശത്തായിരുന്ന സഹോദരന്മാരായിരുന്നു. ഇപ്രാവശ്യത്തെ സ്വാതന്ത്ര്യ ദിനത്തിന്റെയും, ഗാന്ധി ജയന്തിയുടേയും സന്തോഷ ദിനങ്ങള്‍ വാരാന്ത്യ അവധികളില്‍ ലയിച്ചു പോയതില്‍ പരിഭവിക്കുന്നവരാണെന്റെ ഓഫീസില്‍ അധികവും. ‘നാനാത്വത്തിലെ ഏകത്വ‘മൊക്കെ ഒരു വികാരമായി മനസ്സില്‍ രൂപീകരിച്ചു ഇന്ത്യക്കാരനാകാന്‍ നമ്മള്‍ക്കു ആദ്യം വിദേശിയാവേണ്ടി വരുന്നു എന്നതാണ് ഒരു സത്യം.

കേരളത്തിന്റെ പുതിയ സാമൂഹ്യാവസ്ഥയില്‍ നാട്ടിലെത്തുന്ന സഞ്ചാരിക്കു വിവിധ മതസ്ഥനെ കാണാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഒരു കേരളക്കാരനെ കാണാന്‍ പറ്റുന്ന കാലം എന്നുവരെയുണ്ടാവും? മതവിശ്വാസത്തിന്റെ നാലതിരുകളിലേക്ക് ജനങ്ങള്‍ ഒതുങ്ങുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിമാറുന്നുണ്ട് വേഷവിധാനത്തിലെ പ്രകടനപരതകള്‍. മുസ്ലീം സ്ത്രീകള്‍ ചുരീദാറും തലയിലെ സ്കാര്‍ഫും ഷാളുമൊക്കെമാറ്റി പര്‍ദ്ദയും മഫ്തയുമൊക്കെയാക്കിയത് അത് ഇസ്ലാം വിരുദ്ധമായതുകൊണ്ടല്ല, സൌകര്യം കൊണ്ടും പുതിയ ഫാഷന്‍ കൊണ്ടും മാത്രവുമല്ല, താന്‍ മതത്തിന്റെ ഭാഗമായാല്‍ സംരക്ഷണത്തിനു മതമെങ്കിലുമുണ്ടാകും എന്ന അരക്ഷിതാ ബോധത്തില്‍ നിന്നു കൂടിയാണ്. സമൂഹത്തിലെ മറ്റു വിഭാഗങ്ങളിലും ഇത്തരം അരക്ഷിതാവസ്ഥയുടെ പ്രതിഭലനങ്ങള്‍ വീക്ഷിക്കാന്‍ കഴിയും. ഭൂമിക്കു സമാന്തരമായി വരച്ചിരുന്ന ചന്ദനക്കുറികള്‍ ലംബമാകുന്നതും, കാവിയും കറുപ്പും വസ്ത്രങ്ങള്‍ വ്യാപകമാവുന്നതും, സിന്ദൂരത്തിലകങ്ങള്‍ എവിടേയും തിളങ്ങുന്നതും, ആള്‍ദൈവങ്ങള്‍ക്കു സ്വീകാര്യത കൂടുന്നതും, നാടുമുഴുവന്‍ പൊങ്കാലയുത്സവങ്ങള്‍ പൊടിപൊടിക്കുന്നതുമൊക്കെ കുറഞ്ഞകാലത്തിനുള്ളില്‍ വന്ന വലിയ മാറ്റങ്ങളാണല്ലോ? മതം എന്നതു ഇപ്പോള്‍ ഒരാശ്രയം എന്നതിനപ്പുറം ഒരു മദം അഥവാ ലഹരിയായി മാറുന്നു എന്ന് വിളിച്ചുപറയുന്നുണ്ട് വാര്‍ത്തകള്‍.

ഇവയൊക്കെ മതത്തോട് ചേര്‍ന്ന കാര്യമാണെങ്കില്‍, മദ്യത്തോട് ചേര്‍ന്ന അവസ്ഥയും ഭിന്നമല്ല. ഇന്നു വഴിവക്കിലൊരു ആള്‍ക്കൂട്ടം കണ്ടാല്‍ ഉറപ്പിക്കാം അവിടൊരു ബിവറേജിന്റെ ഔട്ട്ലെറ്റ് ഉണ്ടെന്ന്. വാഹനാപകടങ്ങളും, അക്രമങ്ങളും കൂടുന്നതിനൊരു കാരണം മദ്യമാണെന്നു എല്ലാവര്‍ക്കും അറിയാം. അടുത്ത കാലത്തായി ഒട്ടുമിക്ക യാത്രയിലും ഏതെങ്കിലുമൊരു മദ്യപന്‍ ഉണ്ടാക്കുന്ന പുകിലുകളില്‍ എന്റെ യാത്ര താമസിക്കാറുണ്ട്. കഴിഞ്ഞയാഴ്ച കൊല്ലം പോലീസ് സ്റ്റേഷനില്‍ രാത്രി പത്തുമണിയോടടുപ്പിച്ച് അരമണിക്കൂറോളം കളഞ്ഞതു മദ്യപിച്ചു കയറിയ ചില യുവാക്കളായിരുന്നു. ഒരു നിറഞ്ഞ ബസ്സുമുഴുവന്‍ ഒരാളുടെ പരാക്രമത്താല്‍ വിഷമിച്ചു. തിരുവനന്തപുരത്തു നിന്നും വിട്ട വണ്ടി കൊല്ലത്തെത്തുന്നതിനിടയില്‍ ഒരു മണിക്കൂറോളം വൈകിയതിനു ശേഷമാണീ ബുദ്ധിമുട്ടുകള്‍ എന്നതോര്‍ക്കണം. രാത്രിയായതിനാല്‍ പലരെയും അവസാന ബസ്സിന്റെ സമയം അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. കുറച്ചു നാള്‍ മുന്‍പ് ഇതേ രീതിയിലെ മറ്റൊരു ബസ് അനുഭവം, നമ്മുടെ നാട്ടിലെ ആയുദ്ധപരിശീലനങ്ങള്‍ നിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചിട്ട പോസ്റ്റില്‍ ഞാന്‍ വിവരിച്ചിരുന്നു.

മദ്യവും മതം പോലെയാണ് ചിലര്‍ക്കു. ഒരാശ്രയം, ഒരു ധൈര്യം. ആദ്യം അതിന്റെ ചിറകില്‍ സംരക്ഷണം തേടും. പിന്നെ അതൊരു ലഹരിയായി മാറി അതിന്റെ ധൈര്യത്തിലായി അക്രമങ്ങള്‍. ഒന്നിനെ തിരഞ്ഞെടുക്കുന്നവന്റെ വ്യക്തി സ്വാതന്ത്ര്യത്തെ അംഗീകരിക്കാം. എന്നാല്‍ അടുത്ത ഘട്ടം ആക്രമണമായാലോ? പലതും അധികമാവുന്നതിന്റെ ദൂഷ്യങ്ങളാണ് നാമിന്നു കാണുന്നത്.

അധികമായിപ്പോയതിന്റെ കാര്യം പറയുമ്പോള്‍ നാട്ടിലെ വാര്‍ത്താ മാധ്യമങ്ങളുടെ കാര്യം പറയാതെ വയ്യ. ഈ കൊച്ചു ഭാഷയില്‍ ഇനിയും ഏഴോളം ചാനലുകള്‍ അണിയറയിലൊരുങ്ങുന്നു എന്ന അറിവ് പേടിപ്പെടുത്തുന്നതാണ്. ടിവിയുടെ റിമോര്‍ട്ട് നമ്മളുടെ കയ്യിലുണ്ടെന്നതാണാകെയൊരു ആശ്വാസം. എങ്കിലും വാര്‍ത്തകളിലൂടെ പോയിപ്പോയി ആ യാത്ര നമുക്കൊരു ലഹരിയായി മാറുന്നതു നാം അറിയുന്നുവോ? നാം ചാനലുകള്‍ മാറ്റുന്നതു സത്യം തേടിയാകും. എന്നാല്‍ അതു ഓഫ് ചെയ്യുന്നതിനേക്കാള്‍ നല്ലതൊന്നും വേറെ കിട്ടില്ല എന്ന സത്യം നാം വിസ്മരിച്ചു പോകുന്നു. നിങ്ങള്‍ പ്രതികരണ ശേഷി മരിച്ചിട്ടില്ലാത്ത മനുഷ്യനാണെങ്കില്‍, നിങ്ങള്‍ക്കു നിങ്ങളുടെ പകലുകളെ ആവശ്യമുണ്ടെങ്കില്‍ രാവിലെ വാര്‍ത്തകള്‍ ശ്രദ്ധിക്കരുത് എന്നാണ് എന്നോടൊരാള്‍ പറഞ്ഞതു. സുഖനിദ്രയാണു പ്രധാനമെങ്കില്‍ രാത്രിയില്‍ വാര്‍ത്ത കേള്‍ക്കരുതെന്നും.

ചുറ്റും നടക്കുന്നതറിഞ്ഞു മോശമായിപ്പോയവരേക്കാള്‍ കൂടുതല്‍ പേരൊന്നും ചുറ്റും നടക്കുന്നതറിയാതെ മോശമായിപ്പോയിട്ടില്ല എന്നതിനാല്‍ ‍, നിങ്ങള്‍ക്കു നിങ്ങളുടെ ഉള്ളിലെ നന്മയെ കാത്തു സൂക്ഷിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ വാര്‍ത്തകളേ ശ്രദ്ധിക്കരുതെന്നാണ് എനിക്കിപ്പോള്‍ പറയാന്‍ തോന്നുന്നതു.

മതവും മദ്യവും മാധ്യമങ്ങളും ഒരേ സമയം മദവും (ലഹരി) ആയുധവുമാണ് പലര്‍ക്കും. അവ ഉപയോഗിച്ചു തീര്‍ക്കുന്ന മൃധങ്ങള്‍ (യുദ്ധങ്ങള്‍) സഹിക്കാവുന്നതിലുമപ്പുറമായിരിക്കുന്നു.

Tuesday, July 13, 2010

ഗൂഗിള്‍ ന്യൂസ്

കേരളത്തിന്റെ സാമൂഹികാന്തരീക്ഷം അനുദിനം വഷളായിക്കൊണ്ടിരിക്കുന്നുവെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട് നമ്മുടെ മാധ്യമങ്ങള്‍. ആ മാധ്യമങ്ങള്‍ തന്നെയാണ് ഇതിങ്ങനെയാക്കപ്പെടുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നതെന്നു ഞാന്‍ വിശ്വസിക്കുന്നു.

വാര്‍ത്തകള്‍ അറിയാന്‍ ഞാന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നു http://news.google.com ആണു. വിവിധ മേഖലകളെയും വിഷയങ്ങളെയും വേര്‍തിരിച്ച് വാര്‍ത്തകള്‍ ചിട്ടയോടെ അടുക്കി അതു നമ്മുടെ മുന്നിലെത്തിക്കുന്നു. ഒരു വിഷയത്തിലെ വ്യത്യസ്ത മാധ്യമങ്ങളുടെ വ്യത്യസ്ത വീക്ഷണകോണുകളിലെ തലക്കെട്ടുകള്‍ ഒരു കുടക്കീഴില്‍ നമുക്കു അതില്‍ കാണാം. വാര്‍ത്തകളെ അപഗ്രദ്ധിക്കുന്നവനു, ചിലര്‍ വാര്‍ത്തകള്‍ക്കൊപ്പം പകര്‍ന്നു നല്‍കുന്ന വൃത്തികെട്ട സംസ്കാരവും നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ നേരുകളും കാണാം. ഒരേ വാര്‍ത്തകള്‍ പല മാധ്യമങ്ങളില്‍ വരുന്ന സമയവും ഉള്ളടക്കവും കൂടി ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ വാര്‍ത്തയുടെ ഉറവിടവും, മാധ്യമ സിന്‍ഡിക്കേറ്റുകളേയും മനസ്സിലാക്കാം. വാര്‍ത്തകള്‍ക്കിടയില്‍ തന്നെ അപസര്‍പ്പക കഥകളെഴുതിക്കയറ്റേണ്ടതെങ്ങനെയെന്നു കാണിച്ചുതരുന്ന മുത്തശ്ശിമാരെയും, പച്ചക്കള്ളങ്ങള്‍ വെള്ളം തൊടാതെ വിളമ്പുന്നതെങ്ങനെയെന്നു കാട്ടിത്തരുന്ന വല്യേട്ടന്മാരെയും, പച്ചയും, കാവിയും, വെള്ളയും, ചുവപ്പും, നീലയുമൊക്കെ ഒറ്റക്കും ഇടകലര്‍ത്തിയും നമ്മെ ചിരിപ്പിക്കുകയും ഒപ്പം പ്രകോപിക്കുകയും ചെയ്യുന്ന കോമാളികളേയും നമുക്കു കാണാം. വാര്‍ത്തകളെ അപഗ്രധിക്കാനും സത്യം അറിയാനും ഇഷ്ടപ്പെടുന്ന കൂട്ടുകാരോട് ഞാനിതു പങ്കുവെക്കുന്നുവെന്നു മാത്രം.

ഇന്നിവിടെ മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണില്‍ നിന്നും മതങ്ങളുടെയും രാഷ്ട്രീയത്തിന്റേയും പ്രസ്ഥാനങ്ങളുടേയും ഒന്നാം തൂണായി മാറീയിരിക്കുന്നു. ഇപ്പോള്‍ തീവ്രവാദ വേട്ടകളുടേയും വധ ഭീഷണികളുടേയും കാലം. പ്രതികളുടെയും പ്രസ്ഥാനങ്ങളുടെയും പേരിനനുസരിച്ചും സ്വാധീനത്തിനനുസരിച്ചും മിതഭാഷയും തീവ്രഭാഷയും മാറിവരുന്നതു നിങ്ങള്‍ക്കു ഇവിടെ കാണാം. പല സംഭവങ്ങളെ കോര്‍ത്തിണക്കി ഒരു വലിയ ലക്ഷ്യത്തിലെത്തിക്കുന്നതു തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ നമുക്കു കണ്ടെത്താം. വിട്ടു കളയാന്‍ പാടില്ലാത്ത ചിലതു തമസ്കരിക്കുന്നതും, ഒരു ദിവസത്തിനുമേല്‍ കൊണ്ടു നടക്കേണ്ടാത്ത ചിലതു ആഴ്ചകളോളം വിവിധ രീതിയില്‍ വിവിധയിടങ്ങളില്‍ നിലനീര്‍ത്തുന്നതങ്ങനെയെന്നും നമുക്കിവിടെനിന്നും മനസ്സിലാക്കാം.

Tuesday, June 22, 2010

മാറ്റേണ്ടതു വസ്ത്രമോ?

ഇന്നലെ വൈകിട്ടു ഏഷ്യാനെറ്റില്‍ നടന്ന ഒരു ‘മഫ്ത വിവാദം ചര്‍ച്ച‘യാണ് എന്നെക്കൊണ്ട് ഈ പോസ്റ്റ് എഴുതിക്കുന്നതു.

ഒരു മാസത്തിനുള്ളില്‍ മൂന്നാമതും കൊച്ചു കുട്ടികളുടെ മഫ്ത അഴിപ്പിക്കുന്ന സംഭവം ഉണ്ടാകുമ്പോള്‍ പ്രതികരിക്കാതെ വയ്യ. കൂടാതെ ഒരു ഫാദര്‍ തന്നെ ചര്‍ച്ചയില്‍ പങ്കെടുത്തു, ‘സ്കൂള്‍ യൂണീഫോമിന്റെ ഭാഗമാണതു, അതു സ്കൂള്‍ തീരുമാനിക്കും, എന്തിനു മുസ്ലീംങ്ങള്‍ ഇതിടണമെന്നു വാശി പിടിക്കുന്നു എന്നു ചോദിക്കുകയുണ്ടായി. ഇതാണെന്നെ ഏറ്റവും വേദനിപ്പിച്ച സംഗതി. ഒഴിവാക്കാനാവാത്ത ഒരു മത ചിഹ്നത്തോട് എന്തിനു ഇത്ര അസഹിഷ്ണുത? മതചിഹ്നം ധരിക്കുന്ന അച്ഛന്മാരും കന്യാസ്ത്രീകളും തന്നെ ഇങ്ങനെ പറഞ്ഞാല്‍, വേറെ ഏതൊരു സമൂഹത്തെയാണ് ഇതു ബോധ്യപ്പെടുത്താനാവുക? ചര്‍ച്ചയില്‍ പങ്കെടുത്ത സര്‍ക്കാര്‍ പ്രതിനിധി ഒരു മുസ്ലീം ആയതിനാലാകും വ്യക്തമല്ലാത്ത മറുപടി പറഞ്ഞ് ഒഴിഞ്ഞു കളഞ്ഞു. ചര്‍ച്ചക്കു നേതൃത്വം നല്‍കിയവന്റെ ശ്രദ്ധ മഫ്ത നിരോധിച്ചതു അവകാശത്തിന്മേലുള്ള കൈകടത്തലാണെന്ന യാദാര്‍ത്ഥ്യത്തിലൂന്നാതെ, മഫ്ത ഒഴിവാക്കിയാല്‍ എന്താ നിങ്ങള്‍ക്ക് കുഴപ്പം എന്ന നിലയില്‍ പ്രശ്നം ഉയര്‍ത്തലായിരുന്നു.

ആദ്യ സംഭവങ്ങളില്‍ വൈദികരുടെ പൊതുജന മധ്യത്തിലെ സംസാരം ‘ഇതു ഒരാള്‍ക്കു പറ്റിയ കൈപ്പിഴ’ എന്ന നിലയിലായിരുന്നു. ടി.സിയില്‍ വിടുതല്‍ കാരണമായി ‘മഫ്ത ഇവിടെ അനുവദനീയമല്ല‘ എന്നെഴുതിയതു കൈപ്പിഴയെന്നു അംഗീകരിച്ചു സമൂഹം സമാധാനപരമായി മുന്നോട്ടു പോയി. പക്ഷെ വീണ്ടും അതു ഈ കേരള മണ്ണില്‍ തന്നെ ആവര്‍ത്തിക്കുന്നു. ഒടുവില്‍, ചെയ്തതിനെ ഒരു ഉളുപ്പുമില്ലാതെ ന്യായീകരിക്കുന്നതു കാണുമ്പോള്‍ ചിലതു പറയാതെ വയ്യ.

ഫാദറിനോട് പറയാന്‍ ഞാനാഗ്രഹിച്ച മറുപടി “ഇതു മതേതര രാഷ്ട്രമായ ഇന്ത്യയാണ്” എന്നാണ്. അതില്‍കൂടുതല്‍ എന്തു പറയാന്‍. നാടിന്റെ പൈതൃകം അറിയാത്തവനു നാട്ടുകാരനാവാനാവില്ല.

സര്‍ക്കാരിനോട് പറയാനാഗ്രഹിക്കുന്നത് “ഇന്ത്യന്‍ ഭരണഘടനക്കു മുകളിലാവരുത് സ്കൂളുകളുടെ നിയമങ്ങള്‍ എന്ന് സകലരെയും ബോധ്യപ്പെടുത്തിക്കൊടുക്കണം” എന്നും. തന്റെ വിശ്വാസ വസ്ത്രം ധരിക്കുന്ന കുട്ടിയ പുറത്താക്കുന്ന സ്കൂള്‍ നിയമമാണ് ഭാരതത്തില്‍ മാറ്റപ്പെടേണ്ടത്. അതു മാറ്റാന്‍ വയ്യാത്ത സ്കൂളുകള്‍ നടത്തേണ്ടതു ഭാരതത്തിലല്ല എന്നു ബോധ്യപ്പെടുത്തേണ്ടതു ഭരണകൂടമാണ്. മാറ്റപ്പെടുന്നതു വിദ്യാര്‍ത്ഥിയുടെ മാന്യമായ വസ്ത്രമായാല്‍ പിച്ചിച്ചീന്തപ്പെടുന്നതു നമ്മുടെ പൈതൃകങ്ങളാണ്. ചാനലുകാരുടെ ഉദ്ദേശങ്ങള്‍ ഇപ്പോള്‍ ജനങ്ങള്‍ക്കു വേഗത്തില്‍ മനസ്സിലാവും. ചര്‍ച്ചകളിലൊക്കെ പെര്‍ഫോം ചെയ്യുന്നവനു മുഴുവന്‍ സമയവും സ്വയം നിയന്ത്രിക്കാനും ഒളിച്ചുവെക്കാനും കഴിഞ്ഞെന്നു വരില്ലല്ലോ? അതിനാല്‍ അതിനെക്കുറിച്ചു കൂറ്റുതലൊന്നും പറയുന്നില്ല.

പണ്ട് മുതലേ പല മതവിഭാഗങ്ങളുടെയും നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ വിശ്വാസം അനുസരിച്ചുള്ള പ്രാര്‍ത്ഥനയും, ആശുപത്രി-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഒരുവനു ഏറ്റവും പെട്ടെന്നു പ്രാപ്യമായ അവസ്ഥയില്‍ മുക്കിലും മൂലയിലും മതചിഹ്നങ്ങളും കാണാം. സ്വന്തം സ്ഥാപങ്ങളാണെങ്കില്‍ കൂടി പൊതു സ്ഥലത്തു മത ചിഹ്നങ്ങള്‍ എത്രമാത്രം പ്രദര്‍ശിപ്പിക്കാം എന്നു ഇക്കാലമത്രയും ആരും ചോദിക്കാഞ്ഞത് സമൂഹത്തിന്റെ മതനിരപേക്ഷതയാണെന്നു കാണണം നാം.

ഭക്ഷണത്തിനൊപ്പം സ്വന്തം വിശ്വാസവും കുട്ടികളുടെ അകത്തേക്കു കടത്തുന്ന സ്ഥാപനങ്ങളാണു പലതുമെങ്കിലും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മുന്‍‌നിര്‍ത്തിയും, സ്വന്തം വിശ്വാസം പ്രചരിപ്പിക്കുന്നതു ഒരു തെറ്റല്ല എന്ന കാരണത്താലും പലരുടേയും നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ നാം വിദ്യാര്‍ത്ഥികളെ അയച്ചു പോരുന്നു.

എന്നാല്‍ സ്വന്തം വിശ്വാസം സമൂഹത്തില്‍ കടത്തേണ്ടതു പൊതു വിദ്യാഭ്യാസത്തിനൊപ്പമല്ലെന്നു നാം തീരുമാനിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസത്തിലെ ഫാസിസ്റ്റ്-കമ്മ്യൂണിസ്റ്റ് ആശയ കടന്നുകയറ്റങ്ങളെ ചെറുത്തതുപോലെ തന്നെ സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകളെയും തടുക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളുടെ മതം തിരിച്ചു സ്കൂളുകള്‍ നടത്തിയും മറ്റും നമുക്കു ഇതു പരിഹരിക്കാനാവില്ല. അവ വേലിക്കെട്ടുകള്‍ തീര്‍ക്കാനെ സഹായിക്കു.

“നാനാത്വത്തില്‍ ഏകത്വമാണ്“ ഭാരതപ്പെരുമ. ഓരൊ ചെറിയ പൊതുജന കൂട്ടവും അങ്ങനെ തന്നെയാവണം. വിദ്യാര്‍ത്ഥിക്കൂട്ടങ്ങളും പൊതുജനവും പൊതു ഭരണവും രാഷ്ട്രീയ പാര്‍ട്ടികളും എല്ലാം അങ്ങനെയാവട്ടെ. ഒരു വിഭാഗത്തിന്റെ അടയാളങ്ങള്‍ അഴിച്ചെറിയാന്‍ ആവശ്യപ്പെടുന്നതു ആ വിഭാഗത്തെ പടിയടക്കുന്നതിന്റെ ഭാഗമായേ കാണാനാവൂ. തുണി പറിച്ചെറിയാന്‍ നാം ഒരു വ്യക്തിക്കു കൊടുക്കുന്ന സ്വാതന്ത്ര്യത്തോളമെങ്കിലും തുണിയുടുക്കുന്നവനും കിട്ടേണ്ടണ്ടതുണ്ട്?

പലര്‍ക്കും വിശ്വാസ പ്രചരണത്തിന്റെ ഒരു ഘട്ടം കഴിഞ്ഞിരിക്കുന്നു എന്നു വേണം ഇപ്പോള്‍ മനസ്സിലാക്കാന്‍. അടിയുറച്ച വിശ്വാസിയിലേക്ക് മറ്റുള്ള വിശ്വാസങ്ങള്‍ കടത്തി വിടുകയെന്നതു ബുദ്ധിമുട്ടാണെന്ന് ബോധ്യമായതിനാലാകാം ഇപ്പോള്‍ മറ്റുള്ളവന്റെ വിശ്വാസം തകര്‍ക്കാന്‍ ചിലര്‍ ഇറങ്ങിപ്പുറപ്പെടുന്നതു. മതങ്ങളെ അറിയാന്‍ അതിന്റെ ആശയങ്ങളെക്കുറിച്ചു ചര്‍ച്ചകള്‍ നടത്താം. എന്നാല്‍ മറ്റുള്ളവന്റെ മത ചിഹ്നങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതു നമുക്കു ചേര്‍ന്നതല്ല.

ഒരുമാസത്തിനുള്ളില്‍ മഫ്ത അഴിപ്പിക്കുന്ന മൂന്നു സ്കൂളുകള്‍, മൂന്നും ഒരു പ്രത്യേക വിഭാഗത്തിന്റേതായതു യാദൃശ്ചികമെന്നു വിശ്വസിക്കാനാവുമോ? ചോദ്യപ്പേപ്പറില്‍ അക്ഷന്തവ്യമായ അപരാധമായ മതനിന്ദ പ്രകടിപ്പിച്ചതും, ചിന്‍‌വാദ് പാലവും കൂട്ടി വായിക്കുന്നവര്‍ക്ക് സന്ദേഹിക്കാന്‍ ഒരുപാടുണ്ട്.

നമ്മുടെ നാടിന്നെതിരെയുള്ളതും, ഇസ്ലാമിനെതിരെയുള്ള ആക്രമണങ്ങളും ഇന്നു വ്യാപകമാണ്. ബുദ്ധികൊണ്ടും ശക്തികൊണ്ടും. അമേരിക്കന്‍-ഇസ്രായേല്‍ കൂട്ടുകെട്ടുകള്‍ തങ്ങളുടെ സ്വാധീനവും സമ്പത്തും പരമാവധി ഇസ്ലാമിന്നെതിരായും സാമ്രാജ്യത്വ സംസ്ഥാപനത്തിനായും ഉപയോഗപ്പെടുത്തുന്നുമുണ്ട്. അവിടങ്ങളില്‍ നിന്നു നമ്മുടെ നാട്ടിലേക്കെത്തുന്ന സമ്പത്തിനെയും കാര്യമായി നിരീക്ഷിക്കേണ്ടിയിരിക്കുന്നു. പരസ്പരം വിദ്വേഷം പ്രകടിപ്പിക്കുന്ന സമൂഹത്തിന്നിടയിലേക്കു കടന്നു കയറാനും എല്ലാവരേയും തറപറ്റിക്കാനും എളുപ്പമാണ്. അറിഞ്ഞോ അറിയാതെയോ നാം ആര്‍ക്കും പിണയാളാവാതിരിക്കുക. കാണാചരടുകള്‍ പകരം കൊണ്ടുപോകുന്നത് ഇവിടുത്തെ സമാധാന അന്തരീക്ഷമാകാതിരിക്കാന്‍ എല്ലാവരും ജാഗരൂകരാവുക.

Tuesday, February 16, 2010

സ്ഫോടനങ്ങള്‍ ഉണ്ടാവുന്നത് | മാധ്യമം

സ്ഫോടനങ്ങള്‍ ഉണ്ടാവുന്നത് | മാധ്യമം


ഒരു രാജ്യം വേറൊരു രാജ്യത്തെ തകര്‍ക്കാന്‍ അല്ലെങ്കില്‍ വെട്ടിപ്പിടിക്കാന്‍ നേര്‍ക്കുനേരെ നടത്തുന്ന മുറയാണ് യുദ്ധം. യുദ്ധത്തിന്റെ ഭാഗമായി ചാരപ്പണികളും ചാവേറുകളുമൊക്കെ കടന്നുവരിക പണ്ടേയുള്ള വഴക്കമാണ്. എന്നാല്‍, തീവ്രവാദപ്രവര്‍ത്തനങ്ങളുടെ മുഖം ഇതാണോ? ഉശിരും അന്തസ്സും കുറഞ്ഞ ഭരണകൂടത്തിനു മാത്രമേ വേറൊരു രാജ്യത്തെ, തീവ്രവാദ ഭീകരപ്രവര്‍ത്തനങ്ങളിലൂടെ ശല്യം ചെയ്യാനാവുകയുള്ളൂ. വിശേഷിച്ച് ഭീകരപ്രവര്‍ത്തനത്തിന്റെ ഇരകള്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. പോര്‍മുഖത്ത് പടച്ചട്ടയണിഞ്ഞ് നില്‍ക്കുന്ന യോദ്ധാക്കളല്ല അവര്‍. അതുകൊണ്ടുതന്നെ ശൂരത്വമെന്ന് ധരിച്ച് നടത്തുന്ന ഭീരുത്വ പ്രകടനമാണ് എല്ലാതരം ഭീകരവാദ പ്രവര്‍ത്തനങ്ങളും.

നമ്മുടെ രാജ്യം ഭീകരതയുടെ പിടിയിലാണെന്ന പ്രചാരണംതന്നെ ഒരര്‍ഥത്തില്‍ യുക്തിസഹമല്ല. സമനില തെറ്റിയ, മത^ജാതിവൈരത്തിന്റെ പാഷാണം പൂശിയ മസ്തിഷ്കഭാവനകളുടെ ഒരു തരം ഭ്രാന്തമായ അവസ്ഥയാണത്. എന്തിനും തയാറാണ് ഇക്കൂട്ടര്‍. അതിസാഹസിക കാര്യങ്ങള്‍ ചിന്തിക്കും. അത് നടപ്പാക്കല്‍ വിനോദമായെടുക്കും. വേഗവും ആര്‍ജവവും ഭ്രാന്തും ചേരുമ്പോള്‍ സ്ഫോടനങ്ങള്‍ ഉണ്ടാവുന്നു. നിരപരാധികള്‍ മരിക്കുന്നു. ഭീകരതയുടെ പുതിയ ഒരിനം എന്ന നിലക്കും ഇതിനെ കാണാനാവും. പക്ഷേ, ഒരു വില്ലന്‍ ഇതിന്റെയൊക്കെ പിന്നിലുണ്ട്. അയാള്‍ക്ക് ഭ്രാന്തില്ല. ലശ്കറെ ത്വയ്യിബ ഏജന്റെന്ന് ആരോപിക്കപ്പെടുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി, സ്വാമിനി പ്രജ്ഞസിങ് താക്കൂര്‍ തുടങ്ങി ഒട്ടേറെ ഉദാഹരണങ്ങള്‍ കാലിക സംഭവങ്ങളില്‍നിന്ന് നമുക്ക് ഓര്‍ത്തെടുക്കാനാവും.

മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനെന്ന് പറയപ്പെടുന്ന ഹെഡ്ലി തന്നെയാണത്രെ ശനിയാഴ്ച പുണെ കൊരഗാവ് പാര്‍ക്കിലെ ജര്‍മന്‍ ബേക്കറിയിലുണ്ടായ സ്ഫോടനത്തിനു പിന്നിലും. സ്ഫോടനത്തില്‍ ഒമ്പതുപേര്‍ മരിക്കുകയും അറുപതിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

രാജ്യം നേരിടുന്ന ഭീകരവാദഭീഷണിയെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. അകത്തുള്ളതും പുറമെ നിന്നുള്ളതും. ഇതില്‍ ഏറ്റവും അപകടകരം അകത്തുനിന്നുള്ള ഭീഷണിയാണ്. ഇതില്‍ രണ്ട് വിഭാഗത്തെ കാണാനാവും. ഒന്ന്, അസംതൃപ്തവിഭാഗം. മറ്റൊന്ന് അസഹിഷ്ണുതാവിഭാഗം. പാര്‍ശ്വവത്കൃതസമൂഹം ആദ്യവിഭാഗമാണെങ്കില്‍ മാലേഗാവ്, മക്കാമസ്ജിദ്, നാന്ദേഡ്, സംഝോത സ്ഫോടനങ്ങള്‍ക്കുപിന്നിലെ മുഖ്യസ്രോതസ്സുകളായ സ്വാമിനി പ്രജ്ഞസിങ് താക്കൂര്‍, സ്വാമി ദയാനന്ദ് പാണ്ഡെ, ലഫ്. കേണല്‍ പുരോഹിത് തുടങ്ങിയവരുടേത് അസഹിഷ്ണുതാവിഭാഗമോ, അവരുടെ വാടകപ്പറ്റുകളോ ആണ്. ഇവിടെയുള്ള മുസ്ലിംകളാദി വിഭാഗങ്ങളെ അവര്‍ക്ക് കണ്ടുകൂടാ.

പ്രധാനമന്ത്രി തരംതിരിച്ച രണ്ടാമത്തെ വിഭാഗം പുറമെനിന്നുള്ള ഭീകരവാദമാണ്. അഥവാ അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ളത്. അതിനെ നേരിടാന്‍ നമ്മുടെ സൈന്യം സജ്ജമാണ്. പാകിസ്താനിലെ തീവ്രവാദികള്‍ ഇന്ത്യക്കെതിരെ ആക്രമണം നടത്താനുള്ള സാധ്യത 2009ലെ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രത്യേകം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നമ്മുടെ ഭൂവതിര്‍ത്തിയിലും സമുദ്രാതിര്‍ത്തിയിലും പ്രത്യേകം സജ്ജീകരണങ്ങള്‍ നടത്തിയ കാര്യവും പ്രധാനമന്ത്രി ആ സമ്മേളനത്തെ അറിയിച്ചിരുന്നു. അതിര്‍ത്തിക്കപ്പുറത്തെ ഭീകരപ്രവര്‍ത്തനങ്ങളെ നേരിടുന്നതില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ചുമതല ഊന്നിപ്പറയാന്‍ വേണ്ടിയായിരുന്നു പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും മാത്രമായി വിളിച്ചു ചേര്‍ത്തത്.

പക്ഷേ, നിര്‍ഭാഗ്യകരമാകാം, നമ്മുടെ സംസ്ഥാനങ്ങള്‍ തന്നെ ഭീകരവാദ^തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ഭൂമികയായി മാറുകയും സംസ്ഥാന ഭരണകൂടം അതിന് നേതൃത്വം നല്‍കുകയും ചെയ്താലോ? ഇന്ത്യന്‍സംസ്ഥാനങ്ങളില്‍ ഇതിന്റെ സ്ഫടികസാമ്പിളുകള്‍ തന്നെയുണ്ട്. ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കൂടി ഇരുത്തിക്കൊണ്ടാണ് പ്രധാനമന്ത്രി, ഓരോ സംസ്ഥാനങ്ങളുടെയും ചുമതലകള്‍ വിശദീകരിച്ചത്. പക്ഷേ, എന്തുണ്ടായി. പുണെ കഴിഞ്ഞ ശനിയാഴ്ച പൊട്ടിത്തെറിച്ചു.

നമ്മുടെ ഭൌതികസൌകര്യങ്ങളിലാണോ ഇന്റലിജന്‍സ് വിഭാഗങ്ങളിലാണോ കരുതല്‍കേന്ദ്രങ്ങളിലാണോ വീഴ്ച. മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നീ മേഖലകളില്‍ ഒരു വര്‍ഷം മുമ്പുതന്നെ ദേശീയ സുരക്ഷാഗാര്‍ഡിന്റെ പ്രാദേശികയൂനിറ്റുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ ക്വിക് റസ്പോണ്‍സ് ടീമുകളും നിലവില്‍വന്നു എന്നാണറിവ്. അടിയന്തരശ്രദ്ധ പതിയുന്ന മേഖലയായിരുന്നിട്ടു പോലും മഹാരാഷ്ടയിലെ പുണെയില്‍ സ്ഫോടനം സംഭവിച്ചു!

ഭീകരപ്രവര്‍ത്തനങ്ങളെ തടയാനോ യഥാര്‍ഥപ്രതികളെ കണ്ടെത്താനോ കഴിയാത്തതിന്റെ പിന്നിലുള്ളത് ഭരണകൂട ഭീകരതയാണ്. ഭരണകൂട നിഷ്പക്ഷത ഇല്ലാത്തതിന്റെ കൃത്യമായ രേഖയാണ് ഗുജറാത്തില്‍ നരേന്ദ്രമോഡിയും കശ്മീരിലും അസമിലും മണിപ്പൂരിലുമൊക്കെ സേനകള്‍തന്നെയും ഉണ്ടാക്കിവെച്ചത്. നിരപരാധികളെ വെടിവെച്ചുകൊന്നതും വനിതകളെ മാനഭംഗപ്പെടുത്തിയതും തങ്ങളറിഞ്ഞില്ലെന്ന് അവിടങ്ങളിലെ സംസ്ഥാനസര്‍ക്കാറിന് പറയാന്‍ കഴിയുമോ?

ഭീകരവാദത്തെ ആയുധംകൊണ്ടല്ല, ബുദ്ധികൊണ്ടാണ് ആദ്യം നേരിടേണ്ടതെന്നു കൂടി മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി പറയേണ്ടതായിരുന്നു. വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കി ഇരയെ വെടിവെച്ചുകൊന്ന് വീരകേസരികളാവുന്ന സേന, രാജ്യം കാക്കാന്‍ ഉയിര് നേര്‍ന്നുവെച്ച യഥാര്‍ഥസേനയുടെ കൂടി ആത്മബലമാണ് ചോര്‍ത്തിക്കളയുന്നത്. സേനയില്‍ അഴിച്ചുപണിയല്ല, അവര്‍ക്കിടയിലെ ധാര്‍മികബോധമാണ് ശരിക്കും വേരുറപ്പിക്കേണ്ടത്.

വിശാലമാണ് ഇന്ത്യയുടെ അകം. ഇവിടെ നടക്കുന്ന ഒറ്റപ്പെട്ട സ്ഫോടനങ്ങള്‍പോലും രാജ്യത്തെ മൊത്തം പിടിച്ചുകുലുക്കുന്നു. പുണെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപകമായ ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍. വിമാനത്താവളങ്ങളില്‍, തീവണ്ടിയാപ്പീസുകളില്‍, തിരക്കുള്ള കവലകളില്‍ തുടങ്ങി എവിടെയും, ഇപ്പോള്‍ പൊട്ടിത്തെറിക്കുകയില്ലെന്ന ഉറപ്പില്‍ ആര്‍ക്കാണ് സ്വസ്ഥമായി നടക്കാന്‍ കഴിയുക? ഓരോ ആക്രമണസംഭവങ്ങളിലും യഥാര്‍ഥപ്രതികളെ കണ്ടെത്താനും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനും എടുക്കുന്ന കാലതാമസവും സൃഷ്ടിക്കുന്ന വിവാദങ്ങളും അടുത്തൊരു സ്ഫോടനത്തിന് വേഗത കൂട്ടുന്നു എന്നതാണ് അനുഭവം. ഇത് ജനങ്ങളെ കൂടുതല്‍ പേടിപ്പിക്കുകയാണ്. ഈ ഭയം ഇന്ത്യന്‍ സമൂഹ മനഃസാക്ഷിയില്‍ കടുത്ത സമ്മര്‍ദം ഉണ്ടാക്കിവെച്ചിരിക്കുന്നു. വളരെയേറെ മനഃശാസ്ത്രപരമായ സമീപനത്തിലൂടെ മാത്രമേ ഈ മരവിപ്പില്‍നിന്ന് നമ്മുടെ സാമൂഹിക മനസ്സിനെ മോചിപ്പിക്കാനാവൂ. അസംതൃപ്ത വിഭാഗങ്ങളെ സൃഷ്ടിക്കാതിരിക്കുകയെന്ന മുന്‍കരുതലാണ് ഓരോ ഭരണകൂടവും അതിനുവേണ്ടി ആദ്യമായി നിര്‍വഹിക്കേണ്ടത്.

Monday, February 1, 2010

മൂന്നാറിലെ രാഷ്ട്രീയം

മൂന്നാര്‍ ഓപ്പറേഷന്റെ ആദ്യഭാഗം ഭരണപക്ഷം തന്നെ പരാജയപ്പെടുത്തിയിട്ടു ഏറെ കാലങ്ങളായില്ല. ഒരു ഭരണ നേട്ടവും കാണിക്കാനില്ലാതെ ഒരുവര്‍ഷം കടന്നുപോകുന്നതൊഴിവാക്കാന്‍ തുടങ്ങിയ നടപടി അന്നു തകര്‍ന്നതു പ്രതിപക്ഷത്താലൊ മാധ്യമങളുടെ പ്രവര്‍ത്തനങ്ങളാലൊ ആയിരുന്നില്ല എന്നു നമുക്കെല്ലാം അറിയാം.

ഒരുവര്‍ഷം കൂടി മാത്രം അധികാരം കയ്യിലിരിക്കുമ്പോള്‍ മന്ത്രിമാരും പാര്‍ട്ടികളുമടക്കം എല്ലാവരും വീണ്ടും മൂന്നാറിലേക്കു.
ബസ് ചാര്‍ജ് വര്‍ധനയുടെയും, വിലക്കയറ്റത്തിന്റെയും, ഭക്ഷണസാധനങ്ങളുടെ മറിച്ചു വില്‍ക്കലിന്റെയും കഥകള്‍ക്കിടയില്‍ നിന്നും പുതിയ അപസര്‍പ്പക കഥയുടെ ആരംഭം.

പുതിയ മൂന്നാറിന്റെ പശ്ചാത്തലത്തില്‍ നമ്മള്‍ (പൊതു ജനം) മറക്കാന്‍ പാടില്ലാത്ത ചില വസ്തുതകള്‍ പറയാം .

1. ആദ്യ മൂന്നാര്‍ ഓപ്പറേഷനു ശേഷവും മൂന്നാറില്‍ വന്‍ തോതില്‍ കയ്യേറ്റമുണ്ടായി.
2. അധികാരികള്‍ കയ്യേറ്റങ്ങളെ കണ്ടില്ലെന്നു നടിക്കുകയോ അതിനു ഒത്താശ ചെയ്യുകയോ ചെയ്തു.
3. പുതിയ ഒഴിപ്പിക്കലിന്റെ മറവില്‍ പഴയ മൂന്നാര്‍ ഓപറേഷന്‍ വരെയുള്ള കയ്യേറ്റങ്ങള്‍ നിയമവിധേയമാകുന്നു.

ഇതു കൂടി ഓര്‍ക്കുക. നിങ്ങളുടെ ഒരു കെട്ടിടം സര്‍ക്കാര്‍ പൊളിച്ചു നീക്കിയാല്‍, നിങ്ങള്‍ക്കവിടെ അനുമതിയില്ലാതെ വീണ്ടുമൊന്നു ഉയര്‍ത്താനാവുമോ?

ഒരു മുറി കെട്ടാന്‍ പഞ്ചായത്തില്‍ വസ്തുവിന്റെ കരമൊടുക്കിയ രസീതും, പണിയുന്ന കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും പിന്നെ പലതും നല്‍കി നെട്ടോട്ടമോടേണ്ട നമ്മുടെ നാട്ടില്‍ ഇതൊന്നുമില്ലാതെ പലതും നിര്‍ബാധം ഉയര്‍ന്നു വരികയെന്നതു ചിന്തിക്കാനാവുമൊ? അതും അത്ര ചെറുതൊന്നുമല്ലാത്ത ഡാമുകളും റിസോര്‍ട്ടുകളും? അതും ഏവരാലും ശ്രദ്ധിക്കപ്പെട്ട ഒരു കയ്യേറ്റ ശുദ്ധീകരണ പദ്ധതി തുടങ്ങി വെച്ചിടത്തു തന്നെ.

ഒന്നാം മൂന്നാര്‍ കലാപരിപാടിക്കു ശേഷവും നിര്‍ഭയം സംസ്ഥാന ഭരണത്തെ വെല്ലുവിളിക്കാന്‍ ആര്‍ക്കാണു ധൈര്യമുണ്ടാവുക? ഭരണാധികാരികള്‍ക്കല്ലാതെ?


പഴയ മൂന്നാര്‍ ഓപ്പറേഷനു ശേഷമുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന ഭരണാധികാരികളുടെ വാക്കില്‍ തന്നെ ‘അതിനു മുന്‍പുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കില്ല’ എന്നതു അടങ്ങിയിരിക്കുന്നില്ലെ? ലജ്ജാകരം!!! അതാരെ രക്ഷിക്കാനാണെന്നു പഴയ മൂന്നാര്‍ ഓപറേഷന്‍ കാലത്തു പുറത്തുവന്ന കയ്യേറ്റങ്ങളുടെ കഥ മറന്നു പോകാത്തവര്‍ക്കറിയാം. പക്ഷെ എന്തു ഗുണം?

പഴയ കയ്യേറ്റങ്ങളെ സാധൂകരിക്കാനായും ഭരണപരാജയവും നാണക്കേടും മറക്കാനുമായി ചിലരുമായി ഒത്തു ചേര്‍ന്നു ചിലര്‍ , പുതിയ ചില കയ്യേറ്റങ്ങള്‍ നടത്തിയിട്ടു അവയെത്തന്നെ പൊളിച്ചു മാറ്റി മാന്യരാവുന്നു എന്നു സംശയിച്ചു കൂടെ? അതോടെ ഒന്നാം വാര്‍ഷികത്തില്‍ തുറന്നു വിട്ട ഭൂതത്തെ എന്നേക്കുമായി കുടത്തിലാക്കുകയും ചെയ്യാമല്ലോ?

അങ്ങനെയല്ലായെന്നു വിശ്വസിക്കണമെങ്കില്‍ എല്ലാ കയ്യേറ്റങ്ങളും, അവക്കു ഒത്താശ ചെയ്തവരും കുടിയിറക്കപ്പെടണം. ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളുമടക്കം. അതു നടക്കുമോ?

Saturday, January 30, 2010

വേണം നമുക്ക് മഹാത്മാവിനെ

കായിക്കര ബാബു മാധ്യമം ദിനപ്പത്രത്തിലെഴുതിയ ലേഖനം
വേണം നമുക്ക് മഹാത്മാവിനെ വായിക്കുക


ഇന്ന് രക്തസാക്ഷി ദിനം. രാഷ്ട്രപിതാവിനെ സ്മരിക്കുമ്പോള്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ, ഇന്ത്യയുടെ ആത്മാവിനെ തൊട്ടുണര്‍ത്തിയ ഒരു മുദ്രാവാക്യമാണ് ഓര്‍മയിലെത്തുന്നത്. 'മഹാത്മാഗാന്ധിജി കീ ജയ്'. ഈണവും താളവും ഒത്തുചേര്‍ന്ന, അത്യുച്ചത്തിലും ആവേശത്തോടെയുമുള്ള മുദ്രാവാക്യത്തിന് ഇന്ന് ഏതാണ്ടൊരു നനഞ്ഞ പടക്കത്തിന്റെ അവസ്ഥ. ആത്മാവ്നഷ്ടമായ ദേശത്ത് അസ്മതിച്ചുകഴിഞ്ഞ സൂര്യതേജസിനെയുണര്‍ത്തുന്നു, മഹാത്മാവ്.

അക്രമത്തെ അക്രമംകൊണ്ട് നേരിട്ട വിപ്ലവങ്ങളൊക്കെയും പരാജയത്തില്‍ കലാശിച്ചതായാണ് ചരിത്രം. മനുഷ്യന്റെ നന്മക്കും വികാസത്തിനുമപ്പുറം വിനാശത്തിന്റെ പാതയിലൂടെയുള്ള സഞ്ചാരമായിരുന്നു അവയുടേത്. ഫ്രഞ്ച്, റഷ്യന്‍ വിപ്ലവങ്ങള്‍ ഏറ്റവും നല്ല ഉദാഹരണങ്ങള്‍. ഇവിടെയാണ് ഗാന്ധിയന്‍ വിപ്ലവത്തിന്റെ പ്രസക്തി. വിനാശകരമായ വിപ്ലവസങ്കല്‍പങ്ങളെ മാറ്റിമറിച്ച ഗാന്ധിജിയേക്കാള്‍ വലിയ വിപ്ലവകാരിയെ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ആയുധനിരപേക്ഷമായ ധൈര്യമെന്തെന്ന് ലോകത്തെ പഠിപ്പിച്ച വിപ്ലവകാരി. ആയുധങ്ങള്‍ക്കതീതമായ മാനവിക ഐക്യത്തിനു മാത്രമേ സമാധാനം നിലനിറുത്താനാകൂ എന്നാണ് അദ്ദേഹം നല്‍കിയ സന്ദേശം. ഗാന്ധിജിയുടെ നാട്ടില്‍ ജനാധിപത്യവും സ്വാതന്ത്യ്രവും കാപട്യങ്ങള്‍ മൂടിവെക്കാനുള്ള പുറന്തോട് മാത്രമായി. യഥാര്‍ഥ ജനാധിപത്യം പുലരാന്‍ രാജ്യത്തെ അതീവദുര്‍ബലനായ വ്യക്തിയുടെ അവകാശങ്ങളും മാനിക്കപ്പെടണമെന്ന ഗാന്ധിയന്‍ദര്‍ശനത്തിന്റെ നേര്‍ക്ക് ആദര്‍ശവാദികള്‍പോലും, സൌകര്യപൂര്‍വം കണ്ണടക്കുന്നു.

വേരുറപ്പിക്കുന്ന തീവ്രവാദവും ഫാഷിസവും ഗാന്ധിയന്‍ സംസ്കാരത്തിന്റെ ധാര്‍മിക ശോഭ കെടുത്തി. അക്രമ രാഹിത്യം എന്റെ മതമാണ് എന്ന് പ്രഖ്യാപിച്ച മഹാത്മജിയുടെ മണ്ണില്‍ മതം സ്ഫോടനങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമുള്ള മറയായി മാറി. സ്വന്തം മതവിശ്വാസം പ്രചരിപ്പിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള സ്വാതന്ത്യ്രമാണ് മതേതര ഇന്ത്യയുടെ ജീവാത്മാവ് എന്ന ഗാന്ധിയന്‍ സിദ്ധാന്തത്തെ വര്‍ഗീയഭ്രാന്തന്മാര്‍ ചുട്ടെരിച്ചു. ജനാധിപത്യവും മതേതരത്വവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന തിരിച്ചറിവാണ് ഗാന്ധിജി പ്രകടമാക്കിയത്. ഏകാധിപത്യത്തില്‍ മതേതരത്വം സുരക്ഷിതമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കൈയൂക്കിന്റെ ബലത്തില്‍ ജനങ്ങളുടെ സ്വാതന്ത്യ്രത്തെയും അവകാശങ്ങളെയും ചങ്ങലക്കിട്ട സാമ്രാജ്യത്വത്തെ ഗാന്ധിജി ഇച്ഛാശക്തികൊണ്ട് കീഴടക്കി. സാമ്രാജ്യത്വത്തോടുള്ള ഏതുതരം വിധേയത്വവും സംസ്കാരത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടെയും അന്ത്യം കുറിക്കുമെന്ന മഹാത്മജിയുടെ മുന്നറിയിപ്പ് ഇന്ത്യയുടെ നവനേതൃത്വം തിരസ്കരിച്ചു. കര്‍ഷകന് ഇഷ്ടമുള്ള വിത്തുകള്‍ വിതയ്ക്കാന്‍ സ്വാതന്ത്യ്രം നഷ്ടമായ മണ്ണില്‍ തന്നെ അവന്റെ ഉല്‍പന്നങ്ങള്‍ക്ക് വിലയില്ലാതാകുന്ന കരാറുകളിലും ഒപ്പിട്ടുകഴിഞ്ഞു.

മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടെ മുന്നണി പടയാളിയായിരുന്നു ഗാന്ധിജി. അധഃസ്ഥിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കാത്ത സ്വാതന്ത്യ്രം പൂര്‍ണമല്ലെന്ന് അദ്ദേഹം നിരന്തരം ആവര്‍ത്തിച്ചു. വാള്‍മുനയും വെടിയുണ്ടകളും സ്വന്തം ജീവനെ വേട്ടയാടിയപ്പോഴും സുരക്ഷ നഷ്ടമായ ന്യൂനപക്ഷങ്ങളുടെ രക്ഷാകവചമാവുകയായിരുന്നു ഗാന്ധിജി. 1947 ആഗസ്റ്റ് 14ന് പാകിസ്താനും 15ന് സ്വതന്ത്ര ഭാരതവും ഉദയം ചെയ്തപ്പോള്‍ ഭ്രാന്താലയമായി മാറിയ വടക്കേ ഇന്ത്യയില്‍ ലോകംകണ്ട ഏറ്റവും തീക്ഷണമായ മനുഷ്യകുരുതി അരങ്ങേറുകയായിരുന്നു. ദല്‍ഹി പൊട്ടിത്തെറിച്ചു. ബിര്‍ളാഹൌസ് കേന്ദ്രീകരിച്ച് സമാധാനശ്രമങ്ങള്‍ നടത്തിയ ഗാന്ധിജി 1948 ജനുവരി 13ന് തന്റെ ജീവിതത്തിലെ അവസാന ഉപവാസം തുടങ്ങി. ഉപവാസ വേദിക്കുമുന്നില്‍ 'ഗാന്ധി മരിക്കട്ടെ' എന്ന ബാനറുമായി മതഭ്രാന്തന്മാര്‍ ക്ഷുഭിതരായി പ്രകടനം നടത്തി. എതിര്‍പ്പുകള്‍ നിഷ്ഫലമാക്കി ഉപവാസം ലക്ഷ്യം കണ്ടെങ്കിലും വധഭീഷണി ശക്തമായി. പ്രാര്‍ഥനായോഗത്തിലേക്ക് വരുന്നവരെ പരിശോധിക്കാന്‍ അനുവദിക്കാതിരുന്ന ഗാന്ധിജി സുരക്ഷക്കെത്തിയ പൊലീസുകാരോട് പറഞ്ഞു: 'എന്നെ അപായങ്ങളില്‍നിന്ന് സംരക്ഷിക്കാനാകുമെന്ന നിങ്ങളുടെ വിശ്വാസം മൌഢ്യമാണ്. ദൈവമാണ് എന്റെ സംരക്ഷകന്‍'. ജനുവരി 20ലെ പ്രാര്‍ഥനാ യോഗത്തില്‍ ഹൈന്ദവ തീവ്രവാദി സംഘത്തില്‍പെട്ട മദന്‍ലാല്‍ പാഹ്വയുടെ ബോംബേറിന് ഉന്നം പിഴച്ചു. പക്ഷേ, 30ന് മതഭ്രാന്തന്മാര്‍ ലക്ഷ്യം നേടി. നാഥുറാം വിനായക് ഗോദ്സെ മഹാത്മാവിന്റെ ജീവന്‍ അപഹരിച്ചു. ഒരു രാഷ്ട്രത്തിന് ആത്മബലം പകര്‍ന്ന് നല്‍കിയ യുഗപുരുഷനാണ് മഹാത്മഗാന്ധി. താന്‍ മുന്നില്‍കണ്ട അധര്‍മങ്ങള്‍ക്കെതിരെ ലോകത്തിന്റെ മനഃസാക്ഷി ഉണര്‍ത്തിയ മഹാത്മാവിന്റെ സന്ദേശം വഴിതെറ്റി സഞ്ചരിക്കുന്ന ഈ നാടിന് വഴികാട്ടിയാകണം.

Saturday, January 9, 2010

കോടതിക്കൊരു സല്യൂട്ട്

ബസ് സമരത്തെ സംബന്ധിച്ചുള്ള കോടതിയുടെ പരാമര്‍ശങ്ങള്‍ കോരിത്തരിപ്പിച്ച ഒരാഴ്ചയാണ് കടന്നു പോയതു. ഹാ!!! എന്തൊരു ആജ്ഞാ ശക്തിയാണ് കോടതിക്കു?!!. ഹൊ!!!, സ്വന്തമായി സൈന്യമില്ലാത്ത ഒരു രാജാവിന്റെ വാക്കുകള്‍ എത്ര ഭയഭക്തിയോടെയാണ് എല്ലാവരും കാണുന്നത്? സത്യം, ഈ നാട്ടിലെ ജനാധിപത്യത്തെയും, ഭരണഘടനാ സ്ഥാപനങ്ങളെയും, അനുസരണയുള്ള ജനത്തെയും കണ്ട് ഞാന്‍ കോരിത്തരിച്ചു നിന്നുപോയി.

നിയമം നിര്‍മിക്കാനായി നാം തന്നെ തെരെഞ്ഞടുത്തയച്ച രാഷ്ട്രീയക്കാരായ അധികാരികളോടുള്ളതിനേക്കാള്‍ കൂടുതല്‍, നിയമം നടപ്പിലാക്കുന്ന-ആയുധം കൈവശമുള്ള പോലീസിനോടുള്ളതിനേക്കാള്‍ കൂടുതല്‍, ന്യായാധിപരില്‍ വിശ്വാസവും ഭയവും അനുസരണയും നാം കാട്ടുന്നു. സ്വജനപക്ഷപാതവും അഴിമതിയും മറ്റുള്ളവയെ അപേക്ഷിച്ചു തുലോം കുറവായതാകണം അതിനു കാരണം. നമ്മുടെ ഇടയിലെ സംഘടിത ശക്തികള്‍ക്ക് ആരോടെങ്കിലും ഇത്തിരി ഭയവും അനുസരണയും ഉണ്ടെന്നറിയുന്നതൊരു പ്രത്യാശയാണ്.

ബസ് സമരത്തിന്റെ ന്യായാന്യായങ്ങളിലേക്കു ഞാന്‍ ഇപ്പോള്‍ കടക്കുന്നില്ല. ‘സമരങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു‘ എന്നതു, കാണേണ്ടവരില്‍ ചിലരെങ്കിലും കാണുന്നുവെന്നതും അസംഘടിത ജനതക്കുവേണ്ടി അവര്‍ പ്രതികരിക്കുകയും ചെയ്യുന്നു എന്നതു ഒരു നീരുറവായാണ്. അതു ശ്ലാഘനീയവുമാണ്.

അതിനാല്‍ അഭിമാനത്തോടെ, “കോടതിക്കൊരു സല്യൂട്ട്”

Wednesday, November 25, 2009

ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആര്‍ക്കുവേണം

ബാബറി മസ്ജിദിന്റെ തകര്‍ച്ചക്കു ശേഷം 17 വര്‍ഷം കഴിഞ്ഞിരിക്കുന്നു. സര്‍വര്‍ക്കും അറിയാവുന്ന ചില സത്യങളുമായി ഒരു അന്വേഷണ റിപ്പോര്‍ട്ട് വരാനുമെടുത്തു ഇത്രയും കാലയളവു. കുറ്റവാളികള്‍ ആ കുറ്റത്തിന്റെ ഫലമായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമൊക്കെയായി. ജയിലില്‍ കിടക്കേണ്ട സമയത്തു അവര്‍ രാജാവായി വാണതിനു നാം ആരെ പഴിക്കും.

നാടിന്ന് അനുഭവിക്കുന്ന ഇസ്ലാമിക തീവ്രവാദങ്ങള്‍ക്കു മൂലകാരണം ബാബറി മസ്ജിദിന്റെ തകര്‍ച്ചയും കുറ്റവാളികള്‍ക്കു കൈവന്ന അധികാരവുമാണ്. അതു രണ്ടും നേടി എന്നതു തന്നെയാണ് പോഷിപ്പിക്കപ്പെടുന്ന ഹൈന്ദവ തീവ്രവാദങ്ങള്‍ക്കും കാരണം.

ഇടക്കിടക്കു ആര്‍ക്കും വേണ്ടാത്ത ചില അന്വേഷണ റിപ്പോര്‍ട്ടുകള്‍ കാട്ടി കൊതിപ്പിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു അധിര്കാരി വര്‍ഗ്ഗം. ഓരോ റിപ്പോര്‍ട്ടും വിളിച്ചു പറയുന്നത് തികഞ്ഞ ആക്ഷേപമാണ്. ന്യൂനപക്ഷങളേ നിങള്‍ക്കീ നാട്ടില്‍ ഒന്നുമില്ല എന്നു വിളിച്ചു പറഞ്ഞു മണ്ഡലും സച്ചാറു‌മെല്ലാം‍. ബാബരി മസ്ജിദിന്റെ തകര്‍ക്കലോടൊപ്പം മുംബൈയില്‍ നടത്തിയ അസൂത്രിത കലാപത്തിന്റെ കഥ പറഞ്ഞു ജസ്റ്റിസ് ശ്രീകൃഷ്ണ. അങ്ങനെ എത്രയെത്ര റിപ്പോര്‍ട്ടുകള്‍? പ്രതിരോധം പാപമല്ലെന്നു കുറച്ചുപേരെങ്കിലും ചിന്തിക്കാന്‍ അതൊക്കെ വഴിയൊരുക്കിയെന്ന സത്യം നാം മറന്നു കൂടാ.

ന്യൂനപക്ഷമേ നിങള്‍ക്കായി ഞങള്‍ ചിലതൊക്കെ ചെയ്യുന്നു എന്നു പുറത്തു പറഞ്ഞു കൊണ്ട്, പുറത്തേക്കു വിടുന്ന കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ വായിച്ചു സംഘപരിവാര്‍ ഒരുപക്ഷേ കോള്‍മയിര്‍ കൊള്ളുന്നുണ്ടാവും. ഗുജറാത്ത് കലാപത്തിന്റെ റിപ്പോര്‍ട്ടില്‍ കുറ്റവാളികളെന്നു കണ്ടെത്തിയവര്‍ അഭിമാനിക്കുന്നതു മാധ്യമങ്ങളിലൂടെ നാം കണ്ടതല്ലെ? ബോംബയിലും ഒറീസയിലും ഗുജറാത്തിലുമൊക്കെ ന്യൂന പക്ഷങ്ങളെ കൊന്നു തള്ളാ‍ന്‍ നടത്തിയ പിഴവു പറ്റാത്ത ആസൂത്രണങള്‍, റിപ്പോര്‍ട്ടുകളില്‍ നിന്നും പുതിയ തലമുറയെ വായിച്ചു പഠിപ്പിക്കാം, പറ്റിയ പിഴവുകള്‍ പഠിച്ചു കുറ്റമറ്റ പുതിയവയെ സൃഷ്ടിക്കുകയുമാവാം അവര്‍ക്കു.

മതേതരത്വത്തിന്റെ മനസ്സാണിന്ത്യക്കെന്ന് മനസ്സിനെ വിശ്വസിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ, അതങനെയല്ലെന്നു വിളിച്ചു പറയുന്ന തെളിവുകള്‍ നമ്മെ നോക്കി കൊഞ്ഞണം കുത്തുന്നു. പള്ളി പൊളിച്ചാല്‍ ഇവിടെ അധികാരത്തിലെത്താമെന്നും, വര്‍ഗ്ഗീയ കലാപങ്ങളിലൂടെ അധികാരം നിലനിര്‍ത്താമെന്നും ചരിത്രം വിളിച്ചു പറയുന്നു.

ഭരണത്തിനും നിയമത്തിനും എല്ലാം വിട്ടു കൊടുത്തു നിശ്ശബ്ദരായി നോക്കി നിന്ന മുസ്ലിം സംഘടനകള്‍ക്കുമുണ്ട് ലിബറാന്റെ കൊട്ടു. പ്രതിരോധത്തിനു ആരെങ്കിലും ഇറങ്ങി തിരിച്ചിരുന്നെങ്കില്‍ അപ്പോഴും കിട്ടിയേനെ ഈ കൊട്ടു അതിന്റെ പേരില്‍. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ മനസ്സില്‍ പുതിയ വിഭജനം നടന്നിട്ടു 2 പതിറ്റാണ്ടുകളാകുന്നു. ഇനിയൊരിക്കലും തിരിച്ചുവരാന്‍ കഴിയാത്തത്ര അകലത്തിലേക്കു ന്യൂനപക്ഷത്തിന്റെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.

തകര്‍ത്തതിന്റെ മുറിവുണക്കാന്‍ ഏറ്റവും ഉത്തമം പുനസൃഷ്ടിയാണ്. അതില്ലാതെയുള്ള എന്തും കണ്ണില്‍ പൊടിയിടലുകള്‍ മാത്രമേയാവൂ. നഷ്ടപ്പെട്ടവര്‍ഷങ്ങളും ചിലവായ ലക്ഷങ്ങളും അര്‍ത്ഥവത്താകണമെങ്കില്‍ അതിന്മേല്‍ ശക്തമായ നടപടികളുണ്ടാവണം.

Friday, October 30, 2009

ലൌ ജിഹാദിലൂടെ മതപരിവര്‍ത്തനം എന്ന ശുദ്ധ അസംബന്ധം

ഈ തലക്കെട്ടാണെന്റെ ഇപ്പോഴത്തെ അഭിപ്രായം. വാദങ്ങള്‍ കുറെ എഴുതി. പക്ഷെ, എന്തു അസത്യവും വിശ്വസിക്കുന്ന -അനീതി പ്രവര്‍ത്തിക്കുന്ന - അതിനെതിരെ പ്രവര്‍ത്തിക്കാത്ത - നാവിറങ്ങിപ്പോയ, സംഘടനകളും, സാംസ്കാരിക നായകന്മാരും, മാധ്യമങ്ങളും, ജനങ്ങള്‍ക്കും മുന്നില്‍ എന്തെഴുതിയിട്ടും എന്തു കഥ?

സത്യം, ഞാന്‍ നിരാശയുടെ പടു കുഴിയിലാണ്. ഇങ്ങനെയാണെങ്കില്‍ എന്റെ നാട് നാശത്തിലേക്കാണ് എന്നതാണ് പരമ സത്യം.

അതിനാല്‍, അതിനാല്‍ മാത്രം..........

നിരാശയോടെ, പ്രതിഷേധത്തോടെയും..........
ഉള്ളില്‍ പ്രണയവും, മതവും, വിശ്വാസവുമായി.........

ഒരു നീരുറവതേടി............

Friday, August 21, 2009

എന്താഡോ ഇങ്ങനൊക്കെ?


എന്റെ ഭാഷ :

വൈകുന്നേരം തിരുവനന്തപുരത്തെ ഓഫീസില്‍ നിന്നുമിറങ്ങി സുഹൃത്തുമൊന്നിച്ചു സിറ്റിയിലേക്കു ഒരു യാത്രപോയി. സാധാരണ വണ്ടിയോടിക്കുന്നതു ഞാനായതിനാല്‍ റോഡിലെ നോട്ടം വിട്ടു ചുറ്റുവട്ടം നോക്കാന്‍ കഴിയാറില്ല. അന്നു പിന്നിലിരുന്നു കാഴ്ചകള്‍ കണ്ട്‌ നീങ്ങുന്നതിന്നിടയിലാണ്‌ ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത്‌. എല്ലാ കടകളുടെയും പേരുകള്‍ എഴുതിയിരിക്കുന്നതു ഇംഗ്ലീഷില്‍. പിന്നീട്‌ മലയാളം പേരുള്ളവയെ തിരയലായി പരിപാടി. പറ്റെ വേരറ്റുപോയിട്ടില്ലയെന്നു കാണിക്കാന്‍ കിട്ടി ചിലതൊക്കെ. അവിയില്‍ ഒട്ടുമിക്കതും രണ്ടാം പേരുകളായിരുന്നു. ഇത്തിരി വലിപ്പത്തിലെഴുതിയവര്‍ എച്‌. എസ്‌. ബി. സി, കൊഡക്‌ മഹീന്ദ്ര തുടങ്ങിയ മറുദേശ സ്ഥാപനങ്ങളും, വിദേശ മദ്യവും ചില തദ്ദേശീയ ബാങ്കുകളും, ലാഭം, ത്രിവേണി തുടങ്ങിയ സര്‍ക്കാര്‍ സംരംഭങ്ങളും മാത്രം. പിന്നീട്‌ നാട്ടിന്‍ പുറമെന്നു ഞാന്‍ കരുതുന്ന എന്റെ നാട്ടില്‍ ചെന്നപ്പോഴും ശ്രദ്ധിച്ചു. അവിടെയും ഇംഗ്ലീഷിനു തന്നെ പ്രാമുഖ്യം. ഗ്രാമവും നഗരവുമൊക്കെ ഇക്കാര്യത്തില്‍ ഒരുപോലെയായി.

എന്റെ വസ്ത്രധാരണം :
ഞാനും മുണ്ട്‌ ഉടുക്കുന്നത്‌ ചിങ്ങമൊന്നിന്റെ പുതുവത്സരപുലരിയിലും ഓഫീസിലെ പൂക്കളമത്സരത്തിന്റെ ദിനത്തിലും മാത്രമായി. പണ്ട്‌ വെള്ളിയാഴ്ചകളിലെയും, പെരുന്നാള്‍ ദിനത്തിലെയും പള്ളിയില്‍പോക്കും മുണ്ടിലായിരുന്നു. ഇപ്പോള്‍ പെരുന്നാള്‍ ദിനത്തില്‍ പോലും മുണ്ടില്‍ കയറുന്നതു അപൂര്‍വ്വം. പെരുന്നാളിന്ന് മുണ്ട്‌ കിട്ടാനായുള്ള വാശിപിടുത്തങ്ങള്‍ മറവിയിലേക്കു പോകാതെ ഓര്‍മ്മകളില്‍ തന്നെ ഒരു വാശിയോടെ നില്‍ക്കുന്നു. ഓഫീസ്‌ വിട്ടെത്തിയാല്‍ ആദ്യം കയറുന്ന കൈലിക്കും മുണ്ടിനും അല്‍പ്പം അകന്ന ബന്ധമെങ്കിലും ഉണ്ടെന്നതാണ്‌ ആശ്വാസം. അതുപോലെ തന്നെ, കൂടെ ജോലി ചെയ്യുന്നവരിലൊരാളെ (മലയാളി തന്നെ) മുണ്ടുടിപ്പിച്ചു ചിങ്ങമൊന്നിനെ വരവേറ്റപ്പോള്‍ "സ്വന്തമായി മുണ്ടുടുക്കാന്‍ അറിയാം" എന്നതില്‍ അഭിമാനം കൊള്ളലായിപ്പോള്‍.

എന്റെ ദേശം :
കഴിഞ്ഞുപോയതു 63-ആം സ്വാതന്ത്ര്യ ദിനം. ഇമെയില്‍ വഴും ഓര്‍ക്കൂട്ട്‌ വഴിയുമൊക്കെ ഒരുപാട്‌ ആശംസാ കാര്‍ഡുകള്‍ കിട്ടി. കാര്‍ഡുകള്‍ ചിലവില്ലാതെ അയച്ചാണെങ്കിലും ഐ.ടി. മേഖല എല്ലാ ദിനങ്ങളും ആഘോഷിക്കും. ഇത്തവണ കിട്ടിയ ത്രിവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞ കാര്‍ഡുകളിലേറെയും ഭഗത്‌സിംഗും, രാജഗുരുവും, സുഭാഷ്‌ ചന്ദ്രബോസിനെയും കൊണ്ട്‌ നിറഞ്ഞവയായിരുന്നു. രക്തസാക്ഷികളെ വാഴ്ത്തുന്നവ. ഒരൊറ്റ ഗാന്ധിജിയെപ്പോലും കിട്ടിയില്ല എന്നതാണ്‌ എടുത്തു പറയേണ്ടുന്ന സംഗതി. ദേശസ്നേഹത്താല്‍ കൊല്ലാനും മരിക്കാനും നാം തയ്യാറാണ്‌, പൊരുതി വിജയിയായി ജീവിക്കാന്‍ നാം തയ്യാറാണോ എന്നിടത്താണ്‌ ശങ്ക. പൊരുതാനും മരിക്കാനും തയ്യാറായി ജീവിക്കാന്‍ നമ്മെ പഠിപ്പിച്ച മഹാന്‍ പാഠപുസ്തകങ്ങളില്‍ നിന്നുപോലും അപ്രത്യക്ഷമാകുമ്പോള്‍ ഇതൊന്നും അത്ഭുതപ്പെടാനില്ല. അഹിംസാ മാര്‍ഗം മുറുകെപ്പിടിച്ചു രക്തസാക്ഷിത്വം വരിച്ചവര്‍ രണ്ടാം തരമെന്നു നമ്മുടെ സമൂഹം കരുതുന്നുവോ? മാര്‍ഗ്ഗവും ലക്ഷ്യവും വഴിമാറിപ്പോയാലും, പ്രവര്‍ത്തി തെറ്റിപ്പോകില്ലയെന്ന ഗുണം അഹിംസക്കുണ്ടെന്നു നാം തിരിച്ചറിയേണ്ടതുണ്ട്‌. യുദ്ധം പ്രഖ്യാപിച്ചെത്തുന്ന പ്രത്യക്ഷ ശത്രുവിനോട്‌ ആയുധപോരാട്ടം വേണം. എന്നാല്‍ ആ ശത്രുക്കളെയും രാജ്യത്തിനകത്തെ എതിരാളികളെയും നിലക്കു നിര്‍ത്താന്‍ ഏറ്റവും നല്ല ആയുധം അഹിംസയും, ക്ഷമയും, ബഹിഷ്കരണവും, സത്യാഗ്രഹവും, ഉപരോധവുമൊക്കെയുള്ള അഹിംസാ മാര്‍ഗങ്ങളല്ലേ? അമേരിക്കയുടേയും ചൈനയുടേയും പാകിസ്ഥാന്റെയും ഇസ്രായേലിന്റെയുമൊക്കെ സാധനങ്ങളെ കെട്ടിപ്പുണര്‍ന്നു അനുഭവിച്ചുകൊണ്ട്‌ അവരുടെ ചെയ്തികളെ കുറ്റം പറയുന്നതില്‍ എന്തു അര്‍ത്ഥമാണുള്ളതു? മറ്റുള്ളവരെ നിയന്ത്രിക്കാന്‍ ഇറങ്ങും മുന്‍പ്‌ സ്വയം നിയന്ത്രിക്കാനൊരു ശീലം നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട്‌. പ്രത്യേകിച്ചും ഇന്ത്യയെപ്പോലെയൊരു ബഹുസ്വര സമൂഹം അഹിംസ ശീലിച്ചേ മതിയാവൂ. കുറഞ്ഞപക്ഷം ശരി ചെയ്തില്ലെങ്കിലും തെറ്റു ചെയ്തില്ല എന്നു സമാശ്വസിക്കാന്‍ അതു പിന്നീട്‌ വക നല്‍കും. അക്രമത്തിനും ഉന്മൂലന സിദ്ധാന്തങ്ങള്‍ക്കും വേരോട്ടമുണ്ടാകുന്ന സമൂഹത്തില്‍ അശാന്തികള്‍ പടര്‍ന്നുകൊണ്ടേയിരിക്കും എന്നതാണ്‌ സത്യം. നാമിന്നു കാണുന്നതും അതു തന്നെയല്ലേ?

എന്റെ സംസ്കാരം :
അബ്ദുല്‍കലാമും, മമ്മൂട്ടിയും, ഷാരൂഖ്‌ ഖാനും, ഇവ മൂന്നു വെറും പേരുകളല്ല. മൂന്നുപേരും അതുല്യ പ്രതിഭകള്‍. ഇവര്‍ക്കു മൂവര്‍ക്കും സാമ്യമുള്ളവസ്തുതകളില്‍ പ്രധാനപ്പെട്ടതു അവരുടെ മുസ്ലിം നാമവും കറുത്ത തൊലിയും തന്നെ. ഇതു രണ്ടും അമേരിക്കയെന്ന രാഷ്ട്രം ഭയക്കണം. കാരണം ഇവയടങ്ങിയ കോടിക്കണക്കിന്ന് മനുഷ്യരുടെ ആത്മാക്കളെ ശരീരത്തില്‍ നിന്നും വേര്‍പെടുത്തിയവര്‍ ഭയപ്പെടാന്‍ യോഗ്യര്‍ തന്നെ. പക്ഷെ പ്രശ്നം മറ്റൊന്നാണ്‌. അവരുടെ ഭയത്തെ കയറ്റിയയച്ചു, മുസ്ലിം ഉന്മൂലനമെന്ന ആശയം വിളകൊയ്യുകയാണിന്ന്. വഴിയേ പോകുന്ന എതങ്കിലും കറുത്ത-മുസ്ലിമല്ല മമ്മൂട്ടിയും ഷാരൂഖും ശ്രീ. അബ്ദുല്‍ കലാമുമൊക്കെ. ലോകം വിരല്‍ തുമ്പത്തു എത്തിയ ഇന്നത്തെ കാലത്ത്‌, ലോകത്ത്‌ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന ഇന്ത്യാക്കാരാണവര്‍. ഇന്റര്‍നെറ്റിലൊന്നു പരതിയാല്‍ വിരല്‍ തുമ്പത്തു അവരുടെ ജീവ ചരിത്രം വന്നെത്തും. അങ്ങനെയുള്ളവരെ പരിശോധിക്കുമ്പോള്‍ മുറിപ്പെടുത്താത്ത വാക്കുകളെങ്കിലും ഉപയോഗിക്കേണ്ടതുണ്ട്‌. നമ്മളിലെ ഏറ്റവും സുപ്രശസ്തരായാവര്‍ക്ക്‌ (കുറഞ്ഞപക്ഷം അബ്ദുല്‍ കലാമെന്ന മുന്‍രാഷ്ട്രപതിയെങ്കിലും സുപ്രശസ്ഥനെന്നു നിങ്ങള്‍ അങ്ങീകരിക്കില്ലെ?) പീഡനം നല്‍കുക വഴി, അവര്‍ നമ്മിലേക്കു പകര്‍ന്നു നല്‍കുന്ന ചില സന്ദേശങ്ങളുണ്ട്‌. ഒപ്പം ഒരു വിഭാഗത്തെ കുറിച്ചു മറ്റുള്ളവരിലേക്കു പകരുന്ന ഭീതിയും അതു വിതക്കുന്ന അശാന്തിയും കാണണം. അമേരിക്ക ചെയ്യുന്നതു അവരുടെ സംസ്കാരമായിരിക്കാം. എന്നാല്‍ ഈ ബൂലോകത്തും പുറത്തും നാം തന്നെ, 'അവര്‍ അതിനര്‍ഹരാണ്‌' എന്നു പറയാനും സ്ഥാപിക്കാനും തുടങ്ങുമ്പോഴാണ്‌, ഇതു നമ്മുടെ സംസ്കാരമല്ലെന്നു ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത്‌.

വാല്‍ക്കഷ്ണം: ഇത്ര നാളും നാം കേട്ടിരുന്ന പരാതിയും പരിഭവങ്ങളും ഓരോരുത്തരെ ഇകഴ്ത്തി പറയുന്നതു എന്നതു കൊണ്ടായിരുന്നു. ദാ ഇപ്പോള്‍ ഒരു മനുഷ്യന്‍ ഒരാളെ പുകഴ്ത്തി പുസ്തകമെഴുതിയപ്പോഴും കഥ അങ്ങനെ തന്നെ.

Friday, August 7, 2009

വിമോചന സമരം: ചില ചോദ്യങ്ങള്‍

വിമോചന സമരവും, ആനുകാലികങ്ങളിലെ ചര്‍ച്ചയും, ഭരണവും, പിന്നെ ചില വസ്തുതകളും എല്ലാം ചേരുമ്പോള്‍ എന്റെയുള്ളില്‍ ഉയര്‍ന്നു വരുന്ന ചില ചോദ്യങ്ങള്‍ നിങ്ങളുടെ ഉത്തരത്തിന്നായി സമര്‍പ്പിക്കുകയാണിവിടെ.....

ഇതു വിമോചന സമരത്തിന്റെ അന്‍പതാം വാര്‍ഷികം. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ചു ഏറെയൊന്നുമറിയില്ല. സാധാരണ വിജയിക്കുന്നവനാണ്‌ ശരി. അവന്‍ തന്നെയാണ്‌ ചരിത്രം രചിക്കുന്നതും പഠിപ്പിക്കുന്നതും. വിജയിയുടെ തെറ്റുകള്‍ ആ ചരിത്രങ്ങളില്‍ ഉണ്ടാവില്ല. പക്ഷെ ഇവിടെ വിമോചനസമരത്തിന്റെ കാര്യത്തില്‍, വിപ്ലവങ്ങളില്‍ അവേശം കൊള്ളാത്തവരും രക്തസാക്ഷികളെ ശൃഷ്ടിക്കപ്പെടുമ്പോള്‍ കുറ്റബോധം തോന്നുന്നവരും ഒരു വിപ്ലവത്തിന്റെ ഭാഗമായതിനാലാണോ ആ വിജയം ഒരു പരാജയം പോലെയാകുന്നതു? വിമോചനസമര വിജയം ഒരു ആവേശമാകാത്തതിന്ന് കാരണം മറ്റെന്താണ്‌?

കഴിഞ്ഞ പത്തിരുപതു വര്‍ഷത്തെ ഇടതു സമരങ്ങളിലേറെയും (ഇതെന്റെ രാഷ്ട്രീയ നിരീക്ഷണ കാലം) ആത്യന്തികമായി പരാജയത്തിലെത്തിയിട്ടും അവയൊക്കെ ‘അവര്‍ക്കു വിപ്ലവങ്ങളും, രക്തസാക്ഷികള്‍ ആവേശമാകുന്നതും കൊണ്ട്‌ മാത്രം‘, കുറഞ്ഞ പക്ഷം അവരെങ്കിലും അവയെ പരാജയമായി കണക്കാക്കുന്നില്ല. വിമോചന സമരം പോലെയൊരു സമരത്തിന്നു ചുക്കാന്‍ പിടിച്ചത് ഇടതുപക്ഷമായിരുന്നുവെങ്കില്‍, അതു കേരള ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവവും ശരിയുമായിത്തീരുമായിരുന്നില്ലെ?.

ജനങ്ങള്‍ തിരഞ്ഞെടുത്തതാണെങ്കില്‍ കൂടി, ജനവിരുദ്ധമായ ഒരു സര്‍ക്കാരിനെ എങ്ങനെയാണ്‌ പുറത്താക്കുക? അധികാരം കിട്ടിക്കഴിയുന്ന അന്നു തനിനിറം പുറത്തെടുക്കൗന്നവരെ ഒരു രീതിയിലും പുറത്താക്കാന്‍ തിരഞ്ഞെടുത്തവര്‍ക്കു കഴിയുന്നില്ലെങ്കില്‍ 'ജനാധിപത്യം' എന്ന വാക്കിനു എന്ത്‌ പ്രസക്തിയാണുള്ളതു?

രണ്ടുവര്‍ഷത്തെ ഭരണം കൊണ്ട്‌, ഒരു ഗര്‍ഭിണിയടക്കം 15പേരെ വെടിവെച്ചു കൊന്ന ഒരു ഭരണകൂടത്തിന്മേല്‍ ക്രമസമാധാനത്തകര്‍ച്ച ആരോപിച്ചു കൂടെ? പിരിച്ചുവിടപ്പെട്ട ഗവണ്മെന്റിനു ജനപിന്തുണയുണ്ടായിരുന്നോ ,ഇല്ലയോ എന്നതിന്നു തുടര്‍ന്നു വന്ന തിരഞ്ഞെടുപ്പു സാക്ഷിയല്ലെ?

വിമോചനസമരകാലത്ത്‌ 'ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്നു(?) അമേരിക്കന്‍ ധനസഹായം ലഭിച്ചു എന്നത്‌ നാം എന്നും കേള്‍ക്കുന്ന സംഗതിയാണ്‌. അതു സത്യമാകാം. സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയോടെ വെളിയില്‍ വന്ന കണക്കുകളില്‍ ഇന്ത്യയിലെ ഇടതുപക്ഷത്തിനു ലഭിച്ച സാമ്പത്തിക സഹായത്തിന്റെ കണക്കുകളുണ്ടായിരുന്നില്ലെ? നാഴികക്ക്‌ നാല്‍പ്പതുവെട്ടമെന്ന കണക്കില്‍ അവയൊന്നും വിളമ്പാന്‍ വലതു പക്ഷത്തില്‍ ആളുണ്ടായിരുന്നില്ല എന്നതു കൊണ്ടു മാത്രം അതു പുണ്യ പ്രവര്‍ത്തിയാകുമോ? ഫാരിസും, മാര്‍ട്ടിനും, ലിസുമൊക്കെ ഫണ്ട്‌ ചെയ്യുന്ന ഇന്നത്തെ കാലം, പഴയ കെ.ജി.ബി ഫണ്ടിംഗ്‌ കഥകളെ വിശ്വസിക്കാന്‍ നിര്‍ബന്ധിക്കുന്നില്ലെ?

സോവിയറ്റ്‌ യൂണിയനില്‍ നിന്നും കിട്ടിയ പണം ഇടതുപക്ഷം വിനിയോഗിച്ചതു സ്വാഭാവികമായും ഈ നാട്ടിലെ ഏറ്റവും വലിയ ജനാധിപത്യ- മതേതര പ്രസ്ഥാനമായ കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചക്കു വേണ്ടിയായിരിക്കില്ലെ? അതൊരു കുറ്റമാകാതിരിക്കുന്നതിന്നു കാരണം വിളിച്ചു പറയാന്‍ ആളില്ലാത്തതു മാത്രമല്ലെ?

ഇടതു പക്ഷത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ഏതു സമരത്തേയും അമേരിക്കയുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നതിലെന്തര്‍ത്ഥമാണുള്ളതു?

ഒന്നാം മുണ്ടശ്ശേരിയുടെ പ്രവര്‍ത്തനങ്ങളെയും ആ സാഹചര്യങ്ങളെയും കുറിച്ചു വലിയ അവഹാഗമൊന്നുമില്ല. പക്ഷെ രണ്ടാം മുണ്ടശ്ശേരിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടേയും പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ എല്ലാം കൂടി കടലെടുത്തിരുന്നെങ്കില്‍ എന്നു തോന്നിപ്പോകുന്നു. അധികാരത്തിന്റെ മറവില്‍ പോലീസ്‌ തേര്‍വാഴ്ചകള്‍ നാം കണ്ടിട്ടുണ്ട്‌. എന്നാല്‍ അധികാരത്തിന്റെ മറവില്‍ പാര്‍ട്ടിവാഴ്ചകള്‍ ഇത്രത്തോളം നാം മുന്‍പ്‌ കണ്ടിട്ടില്ല. പ്രതിപക്ഷത്തിരിക്കുമ്പോള്‍ നടത്തുന്ന പോലീസ്‌ സ്റ്റേഷന്‍ ഉപരോധങ്ങളെക്കാള്‍ ഭയപ്പെടേണ്ടതും കുറ്റകരവുമാണ്‌ അധികാരം കയ്യിലുള്ളവരുടെ ഭരണത്തിന്റെ മറവിലെ തേര്‍വാഴ്ചകള്‍. വര്‍ദ്ധിച്ചുവരുന്ന അത്തരം നടപടികളെ ക്രമസമാധാന തകര്‍ച്ചയായി തന്നെ കാണേണ്ടതല്ലെ?.

"കേരളത്തിലെ നിക്ഷ്പക്ഷവും, വലതുപക്ഷവും പൊതുവെ സമാധാന പ്രിയരും നടുറോഡില്‍ ഇറങ്ങി പൊരുതാന്‍ വിമുഖത കാട്ടുന്നവരുമാണ്‌. സര്‍വ്വവും നഷ്ടപ്പെടും എന്നു തോന്നുമ്പോള്‍ മാത്രമെ അവര്‍ തെരുവിലെത്താറുള്ളൂ. ഇടതുപക്ഷത്തെ പോരാളികള്‍ ആദ്യം എന്തിനെയും എതിര്‍ക്കുകയും പത്തുവര്‍ഷത്തിനുശേഷം മാത്രം ചെയ്തതിനെക്കുറിച്ചു ചിന്തിക്കുകയും ചെയ്യുന്നവരാണ്‌". ഇതു സത്യമാണെങ്കില്‍ വിമോചന സമരം ശരിയായിരുന്നുവെന്നല്ലെ മനസ്സിലാക്കേണ്ടതു?

അനുബന്ധം: കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ എത്ര രജനിമാര്‍ നമ്മുടെ ക്യാമ്പസ്സുകളില്‍ ആത്മഹത്യ ചെയ്തു? പുതിയ ഫീസും കരാറും നിലവില്‍ വരുമ്പോള്‍ തെളിയിക്കപ്പെടുന്നതു ഇടതുപക്ഷത്തിന്റെ കാപഠ്യവും, സമരാഭാസമെന്ന വലിയ തെറ്റും മാത്രമല്ലെ?. "കരാറൊപ്പിടാതെ കോളേജ്‌ അനുവദിച്ചു" എന്ന ആന്റണി ചെയ്ത തെറ്റിനേക്കാള്‍ വലിയ തെറ്റല്ലേ, ഇത്ര വലിയ പ്രശ്നങ്ങള്‍ക്കിടയില്‍ 50% സീറ്റില്‍ സര്‍ക്കാര്‍ കോളേജിലെ ഫീസെന്ന കരാര്‍ ഒപ്പിടാതെ ഈ വര്‍ഷം പോലും 9 കോളേജുകള്‍ കൂടി അനുവദിച്ചതു? ഈ ഭരണത്തിന്‍ കീഴില്‍ 5 മെഡിക്കല്‍ കോളേജുകളും നഴ്സിംഗ്‌ കോളേജുകളുമുള്‍പ്പടെ അന്‍പതിനുമേല്‍ സ്വാശ്രയ കോളേജുകള്‍ അനുവദിക്കപ്പെട്ടത്രെ(?). ഇനിയെങ്ങനെയാണ്‌ ഇടതുപക്ഷത്തിനു, ആന്റണിയെ കുറ്റം പറയാനാവുക? കഴിഞ്ഞ വര്‍ഷം വരെ 4 വര്‍ഷത്തെ എഞ്ചിനീയറിംഗ്‌ പഠനത്തിനു ആകെ ഫീസിനത്തില്‍ ചിലവാകുമായിരുന്നതിനേക്കാള്‍ കൂടുതലാണിപ്പോള്‍ ഒരൊറ്റവര്‍ഷം നല്‍കേണ്ടത്‌. അതും ഗവണ്‍മന്റ്‌ നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളേജുകളില്‍. ഇതിനെ വഞ്ചന, ക്രൂരത എന്നീ വാക്കുകള്‍മാത്രം ഉപയോഗിച്ചു വിശേഷിപ്പിക്കാമൊ? 6200 രൂപയില്‍ നിന്നും 25000 രൂപയിലേക്കുള്ള വളര്‍ച്ചക്കു കേവലം ഒരു വര്‍ഷം മാത്രം. 6200 രൂപക്കു പഠിക്കാന്‍ കഴിയാതെ ലോണെടുക്കുന്നവന്റെ നാട്ടിലാണീ സാമൂഹ്യ നീതി. ഇത്രവലിയ ഫീസ്‌ വര്‍ദ്ധനവു ചരിത്രത്തില്‍ എവിടെയെങ്കിലും കാണാന്‍ കഴിയുമോ? തീര്‍ച്ചയായും ഈ ഭീകരതക്കെതിരെ ഒരു വിമോചന സമരത്തിന്ന് സമയമായില്ലെ?

പള്ളിക്കാര്‍ക്കും പട്ടക്കാര്‍ക്കും പണച്ചാക്കുകള്‍ക്കും വേണ്ടിയല്ലാതെ, പാവപ്പെട്ടവനു വേണ്ടി ഒരു വിമോചന സമരം. അല്ലെങ്കില്‍ ഒരു തിരുത്തല്‍. ആരതു നിര്‍വഹിക്കും?

Tuesday, July 28, 2009

ആരാണിനിയാശ്രയം?

അങ്ങനെ ഒടുവില്‍ ഞങ്ങടെ ബേബി സഖാവും കൂട്ടരും വിജയിച്ചിരിക്കുന്നു. എതിര്‍ത്തു തോല്‍പ്പിക്കാന്‍ കഴിയാത്തവരെ പ്രലോഭിപ്പിച്ചു തോല്‍പ്പിച്ചിരിക്കുന്നു. സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജിലുണ്ടായിരുന്ന മെറിറ്റ്‌ സീറ്റിലെ ഫീസിലും നാലിരട്ടിയിലേറെ വരുന്ന വന്‍വര്‍ദ്ധന നല്‍കി ഇടഞ്ഞു നിന്നവരെ ഞങ്ങള്‍ വരുതിയിലാക്കി. ഒപ്പം പേയ്‌മന്റ്‌ സീറ്റിലും എന്‍.ആര്‍.ഐ സീറ്റിലുമൊക്കെ ഫീസ്‌ വര്‍ദ്ധനയും ഡിപ്പോസിറ്റുകളും. ഒരേ ക്ലാസ്സില്‍ രണ്ട്‌ ഫീസുകള്‍ പാടില്ലെന്ന കോടതി വിധിയെയും തന്ത്രപരമായി മറികടന്നിരിക്കുന്നു. രണ്ട്‌ ഫീസ്‌ എന്നതിനെയല്ലേ കോടതി തള്ളിയതു. അതുകൊണ്ട്‌ ഫീസുകള്‍ മൂന്നു തലത്തിലാക്കി. മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ് പ്രധാനമെന്നു മനസ്സിലാക്കുക.

ചിലര്‍ക്കിതു, പാവപ്പെട്ടവന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രതീക്ഷകളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയടി. എന്നാല്‍ പള്ളിമണികളും കൂട്ടമണികളും ബേബികുഞ്ഞാടിന്റെ മരണമണിയടിയും എല്ലാം കൂടിക്കഴിഞ്ഞപ്പോള്‍ ആകെമൊത്തം ണിം ണിം.... പാവം സമ്പന്നന്റെ മടിശീലകളില്‍ ഇത്തിരി കനംവെച്ച മണികിലുക്കം.ഇതല്ലേ സാമൂഹ്യ നീതി?

ഇനി പൊതുജനമെന്ന വിഢ്ഢികള്‍ക്കുമുന്നില്‍ ഞങ്ങളുടെ കുട്ടി സഖാക്കന്മാരുടെ ചില നാടകങ്ങള്‍. ഭരിക്കുമ്പോള്‍ തെരുവുകളില്‍ നാടകം കളിക്കുന്നതു മോശമല്ലേ? അതുകൊണ്ട്‌ എല്ലില്ലാത്ത നാക്കിനാല്‍ ചില ചാനല്‍ വിരുന്നുകള്‍. പൊരുതി മരിക്കാനും കൊന്നു തള്ളാനും ഞങ്ങളുടെ മുത്തച്ഛന്‍, സഖാവ്‌. പ്രോക്യുസ്റ്റസ്സിന്റെ മൂശയില്‍ പാകപ്പെടുത്തിയ വില്ലാളികള്‍ റെഡി.

ഇനി മാമാങ്കം. എല്ലാം മറയ്ക്കാന്‍ പുലികളിക്കു സമയമായി. എല്ലാ തോന്ന്യാസങ്ങള്‍ക്കു ശേഷവും നടത്തുന്ന അതേ കളി. ചേരിതിരിഞ്ഞുള്ള കളി. കളി കഴിഞ്ഞും കളിക്കുമുന്‍പും ഞങ്ങള്‍ ഒന്നു തന്നെ. വേള്‍ഡ്‌ റെസലിംഗ്‌ ഫൗണ്ടേഷന്‍ നടത്തുന്നപോലത്തെ ഒരു വിനോദ പരിപാടി. കൊട്ടും കുരവയും തുടങ്ങിക്കഴിഞ്ഞു. കളി തുടങ്ങി. മറുപക്ഷത്താണു തങ്ങളെന്നു ചാനലുകളില്‍ പറഞ്ഞു തീരും മുന്‍പേ, മറ്റു ചിലര്‍ക്കൂടി മറുപക്ഷത്തെത്തിയതില്‍ പ്രതിഷേധിച്ചു വീണ്ടും സ്വന്തം പാളയത്തില്‍. ഭാഗം 1, പൂഴിക്കടകന്‍ -ശുഭം.

ഇതു, സകലശുദ്ധമനസ്കരേയും ഒറ്റയടിക്കു പറ്റിച്ചതിലെ ഞങ്ങളുടെ ആഘോഷം. ഒപ്പം എല്ലാ അശനിപാതവും മറക്കാനായ്‌ നാടിനൊരു ദിവ്യ ഔഷധം. പ്രിയ നാട്ടുകാരേ, ബാക്കിയൊക്കെ മറക്കുക. സ്വാശ്രയ സീറ്റുപോയതും, ഫീസ്‌ കൂട്ടിയതും, കറന്റടിച്ചതും, വെള്ളമിറക്കാനാവാതെ ചാവുന്നതും എല്ലാം മറക്കുക. ഈ പുലി കളിയും കാവടിയാട്ടവും മതിയാവോളം കാണുക. പ്രതിപക്ഷത്തായിരുന്നെങ്കില്‍ നിങള്‍ക്കായ് കുറച്ചു ഫയര്‍വര്‍ക്ക്സും ഞങ്ങള്‍ നടത്തുമായിരുന്നു. പിന്നെ നിങ്ങളുടെ കുട്ടികളുടെ പഠിപ്പുകള്‍ മുടക്കി ഞങ്ങള്‍ കുളിക്കാന്‍ കൊണ്ടുപോയേനെ. ആ കുളികള്‍ ചാനലുകള്‍ വഴി കാണിച്ചു ഞങ്ങള്‍ നിങ്ങളെ കുളിരണിയിച്ചേനെ. കുളിക്കിടയിലോ കൂട്ടയോട്ടങ്ങള്‍ക്കിടയിലോ കൂട്ടത്തിലെ ഏറ്റവും മണ്ടന്മാക്കു ഞങ്ങള്‍ വെടിയുണ്ടകളെ തിന്നാന്‍ വാങ്ങിക്കൊടുത്തേനെ. എല്ലാം ശുഭമായി അവസാനിക്കുമ്പോള്‍ സ്മാരകങ്ങള്‍ പണിയാന്‍ ബക്കറ്റും കുലുക്കി ഞങ്ങള്‍ നിങ്ങള്‍ക്കുടെ മുന്നില്‍ വന്നേനെ. എന്തുചെയ്യാം. ഇതു സുഖിക്കാനുള്ള സമയമായിപ്പോയി.

പിന്നെ, നിങ്ങളുടെ നക്കാപിച്ചയില്‍ തീര്‍ക്കാന്‍ കഴിയുന്നതു ചില രക്തസാക്ഷി മണ്ഡപങ്ങള്‍ മാത്രമല്ലേ. കുളിക്കാനും കിടക്കാനും, മാളികളും പാര്‍ക്കുകളും പണിയണമെങ്കില്‍ ലിസോ, മാര്‍ട്ടിനോ ഒക്കെ സഹായിക്കേണ്ടി വരും. ഭരിക്കുമ്പോള്‍ ഞങ്ങള്‍ കൊള്ളാവുന്ന ലാവ്ലിന്‍, എ.ഡി.ബി പോലുള്ളവരുമായികൂടി നല്ല പദ്ധതികള്‍ കൊണ്ടുവരും. പ്രതിപക്ഷത്താകുമ്പോള്‍ വിദേശ ബന്ധങ്ങളിലെ കാണാച്ചരടുകള്‍ ഇഴകീറിയെടുത്തു സമൂഹത്തെ ബോധവല്‍ക്കരിക്കുകയും, തല്ലുകയും, തകര്‍ക്കുകയും ചെയ്യുന്നതിനൊരു പ്രായശ്ചിത്തം. എല്ലാവരും ഭരിച്ചു കഴിയുമ്പോള്‍ നാടിനു ചില കോടികള്‍ നഷ്ടമായെന്നു വരും, എങ്കിലു പാര്‍ട്ടിക്കൊരു നഷ്ടവും വരാതെ നോക്കാന്‍ ഞങ്ങള്‍ക്കു നന്നായറിയാം.

ഒറ്റ തന്തക്കു പിറന്നവരെന്നാ ഞങ്ങള്‍ സ്വയം വിശേഷിപ്പിക്കുന്നതു. വാക്കുകളില്‍ ചാഞ്ചട്ടമില്ലാതെ ഒറ്റവാക്കുപറയുന്നവനെ ‘ഒറ്റതന്തക്കുപിറന്നവനെന്നു‘ നാട്ടുപറച്ചില്‍. സ്വാശ്രയകോളേജുകളെ പൂട്ടിക്കലാണ്‌ ഞങ്ങളുടെ ലക്ഷ്യമെന്നു നിങ്ങള്‍ക്കറിയാമല്ലോ? ഇപ്പോള്‍ ചിലരൊക്കെ ഞങ്ങള്‍ വാക്കുമാറ്റിയില്ലേയെന്നു സംശയിക്കും. അവരോട് ഞാന്‍ ഒരു രഹസ്യം പറയാം. നിങള്‍ക്കു ഞങളെക്കുറിച്ചു ഒന്നുമറിയില്ല. ഞങ്ങള്‍ ഈ നാടു ഭരിച്ചു മുടിക്കും. അപ്പോള്‍ നിങ്ങളെല്ലാം സമന്മാരാകും, എല്ലാവരും പാവങ്ങള്‍. അങ്ങനെ ഞങ്ങള്‍ നാട്ടില്‍ സോഷ്യലിസം കൊണ്ടുവരും (ഇതു ഞങ്ങളുടെ മറ്റൊരു ലക്ഷ്യം). എപ്പോഴും പറയാറുള്ളതുപോലെ ഇപ്പോഴും പറയുന്നു. നിങ്ങള്‍ ബംഗാളിലേക്കു നോക്കൂ.....നിങള്‍ക്കവിടെക്കാണാം ഞങളുടെ പരീക്ഷണഫലങ്ങള്‍. നിങ്ങള്‍ ബുദ്ധിയില്ലാത്തവര്‍, അഞ്ചു കൊല്ലം കൂടുമ്പോള്‍ ഞങ്ങളെ മാറ്റുന്നതു കൊണ്ടാണ്‌ ഇവിടെ സോഷ്യലിസത്തിലേക്കുള്ള യാത്ര വളരെ പതിയെ ആകുന്നതു. എല്ലാ വര്‍ഷവും നാലഞ്ചിരട്ടി ഫീസ്‌ വര്‍ദ്ധിപ്പിച്ച്‌ ഒടുവില്‍ നിങ്ങള്‍ക്കാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരത്തില്‍ സ്വാശ്രയ കോളേജിലെ ഫീസ്‌ എത്തിക്കും. ഭരണവും പകര്‍ച്ചവ്യാധികളും വിലക്കയറ്റവും എല്ലാം കഴിയുമ്പോള്‍ നിങ്ങള്‍ക്കു സ്വപ്നം കാണാനാവുന്നതിലും മേലെയാകും ഫീസുകള്‍. ഇക്കൊല്ലം ഒന്‍പതു കോളേജുകള്‍ തുടങ്ങാന്‍ അനുമതി കൊടുത്തതുപോലെ എല്ലാവര്‍ഷവും പുതിയ കോളേജുകള്‍ തുടങ്ങും. ഒടുവില്‍ ആളെക്കിട്ടാതെ സ്വാശ്രയക്കോളേജുകള്‍ മൂക്കുകുത്തും. അന്നേ നിങ്ങള്‍, ഞങ്ങളെയും ഞങ്ങളുടെ ബുദ്ധിയെയും അഭിനന്ദിക്കൂ.

ഇരുട്ടിന്റെ മറവു ഞങള്‍ക്കു ആവശ്യമില്ല.എന്നിരുന്നാലും ചില നല്ലകാര്യങള്‍ക്കു പാതിരാത്രികള്‍ നല്ലതാ. സ്വാതന്ത്ര്യം തന്നെ ഇരുട്ടത്തു തന്നാല്‍ മതിയെന്നു നിര്‍ബന്ധം പിടിച്ചവരല്ലേ നാം. പുതിയ സ്വാതന്ത്ര്യം -സ്വാശ്രയം- (ആരുടെ സ്വാതന്ത്ര്യം എന്ന് ചോദിക്കരുതു), അതും ഇരുട്ടിന്റെ മറവിലാകട്ടേയെന്നു കരുതി. അതുകൊണ്ടാണ് കരാര്‍ അലോട്ട്മെന്റിന്റെ തലേദിവസം പാതിരാത്രിയില്‍ തുല്യം ചാര്‍ത്തിയതു.

അനുബന്ധമായി ഒന്നുരണ്ട്‌ കാര്യങ്ങള്‍കൂടി. പണ്ടേ ഞങ്ങള്‍ സെസ്സിനും സ്മാര്‍ട്ട്‌സിറ്റികള്‍ക്കും അതിവേഗ-ബഹുദൂരപാതകള്‍ക്കുമൊക്കെയെതിരാണെന്നു അറിയാമല്ലോ? പിന്നെ അറിവില്ലാത്ത സമൂഹം വല്ലാതങ്ങ്‌ ഇവയൊക്കെ ആഗ്രഹിച്ചു പോകുമ്പോള്‍, അവരെ അനുകൂലിക്കുന്നതായി ഞങ്ങള്‍ നടിക്കുന്നുവേന്നു മാത്രം. എങ്കിലും തെറ്റൊന്നും ചെയ്യരുതല്ലോ? അതു കൊണ്ട്‌ ഒന്നും ചെയ്യാതെയിരിക്കുന്നു. പിന്നെയിടക്കിടക്കു പഴകി അഴിയുന്ന കെട്ടുകളെ ഒന്നു കൂടി മുറുക്കി കെട്ടും. അതിന്നു ഞങ്ങള്‍ ഞങ്ങളുടെ കൊടിപോലും ഉപയോഗിക്കും. ചില ദുഷ്ടന്മാര്‍ അതിനെ ‘ചുവപ്പു നാട‘യെന്നു വിളിക്കും. എങ്കിലും സാരമില്ല. ഇതു ഈ നാട്ടിലേക്കുവരുന്ന മുതലാളിമാര്‍ക്കൊരു പാഠമാകണം. ഇവിടെ എന്തെങ്കിലും പരിപാടിയുമായി വരുന്നവര്‍ പണ്ടാരമടങ്ങിപ്പോകണം. അവന്റെ ചരമ കഥ കേട്ടു സകല മുതലാളി വേതാളന്മാരും നിലവിളിച്ചോടണം. ആരൊക്കെയെന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ നിങ്ങളെ സംരക്ഷിച്ചുകൊണ്ടേയിരിക്കും.

എല്ലാം ശുഭമായി അവസാനിക്കുന്ന കാലത്ത്‌ ഈ നാട്ടില്‍ തൊഴിലു കൊടുക്കാനും, തൊഴികൊടുക്കാനും ഉള്ളതു ഞങ്ങള്‍ മാത്രമാവും. ഇപ്പോള്‍ തന്നെ ചെറിയ തോതില്‍ അവയൊക്കെ തുടങ്ങിയിട്ടുണ്ട്‌. ഇന്നു ഞങ്ങളെ എതിര്‍ക്കുന്നവരൊക്കെ അന്നു “മൊയലാളീ” എന്നും വിളിച്ചു ഞങ്ങളുടെ കാല്‍ച്ചുവട്ടില്‍ വരും. ഓര്‍ത്താല്‍ നന്ന്.

ആ കാലത്തു ഞങ്ങള്‍ സ്വാശ്രയ കോളേജുകള്‍ക്കു പകരം എല്ലാവരെയും എല്ലാം ഫ്രീയായി പഠിപ്പിക്കും. ഇപ്പോഴേതുടങ്ങിവെച്ച സര്‍വ്വശിക്ഷ വളര്‍ന്നു ഒരു മഹാശിക്ഷയാകും. ഇപ്പോള്‍ കണ്ടു തുടങ്ങിയ സാമൂഹ്യപാഠങ്ങള്‍ വ്യാപകമാകും. സ്കൂളല്ലാതെ വേറൊരു സ്ഥലവും ഞങ്ങള്‍ക്കു പാര്‍ട്ടിക്ലാസ്സുകള്‍ക്കു വേണ്ടാതാവും. ആകാശത്തിന്നു താഴെയും ഭൂമിക്കു മുകളിലുള്ളതിനെക്കുറിച്ചെല്ലാം (അവയൊന്നും നമ്മെ നേരിട്ടു ബാധിക്കാത്തവയാകണമെന്നു മാത്രം) നമ്മള്‍ ചര്‍ച്ച ചെയ്യും. "കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളും ബ്ലോഗുകളും" തുടങ്ങിയ വിഷയങ്ങളില്‍ ഡോക്ട്രേറ്റുകള്‍ വാരി നല്‍കും. ബുദ്ധിജീവികളെയും പോഴന്മാരെയും ഞങ്ങള്‍ തന്നെ ശൃഷ്ടിക്കും. എന്നിട്ടതു പ്രചരിപ്പിച്ചു ഞങ്ങളുടെ ബുദ്ധിയില്ലാ ജീവികളെ ഞങ്ങള്‍ മഹാന്മാരാക്കും. (ഇതൊന്നും ആരോടും പറയണ്ട കെട്ടോ).

എന്തു മനോഹരം? ഇനി പറയൂ, സ്വാശ്രയത്തിന്റെ കാര്യത്തില്‍ മാത്രമല്ല, എല്ലാ കാര്യത്തിലും ഞങ്ങളല്ലാതെ ആരാണു നിങ്ങള്‍ക്കാശ്രയം?.

Thursday, March 5, 2009

ചില വേറിട്ട ചിന്തകള്‍

കഴിഞ്ഞയാഴ്ച അവിചാരിതമായി കണ്ടുമുട്ടിയ ഒരു പ്രശസ്ത വ്യക്തിയുമായിനടത്തിയ ചെറിയ ചര്‍ച്ചക്കിടയില്‍, എന്റെ വാദങ്ങള്‍ക്കു ബദലായും അല്ലാതെയും അദ്ദേഹം പങ്കുവെച്ച ചില ആശയങ്ങളില്‍ എന്നെ ചിന്തിപ്പിച്ച ചിലതാണ്‌ താഴെ എന്റെ ഭാഷയില്‍. ഇതു നിങ്ങളുടെ ചിന്തക്കായും മറുപടികള്‍ക്കായും ഞാന്‍ ഇവിടെ നല്‍കുന്നു.
ചിന്തകള്‍ക്കു പ്രാധാന്യം ഉണ്ടാകട്ടെ എന്നു കരുതുന്നു. അതിനാല്‍ വ്യക്തിയുടെ പേരു വിവരങള്‍ വഴിയെ പറയാം.

എക്സ്‌പ്രസ്സ്‌ ഹൈവേ എന്ന തെക്കുവടക്കു അതിവേഗപാതക്കു ഒരു ബദല്‍
ഇന്ധനവിലയും, അവയുടെ ലഭ്യതയും, നിരത്തുകളിലെ അപകടങ്ങളും, പരിസ്ഥിതി സുരക്ഷയും എല്ലാം കണക്കിലെടുക്കുമ്പോള്‍ ആയിരക്കണക്കിനു കാറുകള്‍ക്കു സമാനമായ ട്രെയിനുകളും അവക്കുപോകാന്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ നീളമുള്ള ഒരു പുതിയ അതിവേഗ ട്രയിന്‍പാതയുമാണ്‌ നമുക്കു വേണ്ടത്‌.

നിരവധി ടോളുകളും, വളരെക്കുറച്ചു എന്‍‌ട്രികളുമുള്ള, 60മീറ്ററോ 100മീറ്ററോ വീതിയുള്ള (അതും ഈ നൂലുപോലുള്ള കേരളത്തില്‍), മാറിവരുന്ന കാലാവസ്ഥക്കനുസരിച്ചു കോലം മാറുന്ന ഒരു റോഡിനേക്കാള്‍ നല്ലതിനി ഒരു രണ്ട്‌ വരിപ്പാതക്കു സമാനമായ വീതിപോലും വേണ്ടാത്ത ഒരു റെയില്‍പാതയല്ലേ?

മനുഷ്യന്റെ ആവശ്യങ്ങള്‍ക്കു പരിമിതികള്‍ ഉണ്ട്‌.
ലക്ഷങ്ങളോ കോടികള്‍ തന്നെയോ കയ്യിലുണ്ടായിരുന്നാലും ഒരാള്‍ക്കു ഒരു നേരം കഴിക്കുന്ന ഭക്ഷണത്തിനു പരിമിതിയുണ്ട്‌. ഇന്നു അഞ്ചു ബിരിയാണി കഴിച്ചേക്കാം എന്നു തീരുമാനിച്ചാല്‍ എന്താകും അവസ്ഥ? എത്ര മുറികളുള്ള വീടുണ്ടായാലും ഒരു സമയം എത്ര മുറിയില്‍ ഉറങ്ങാന്‍ കഴിയും. പത്തു മുറികളുള്ള വീടിന്റെ മൂന്നു മുറികളിലായി ഇന്നുറങ്ങും എന്നൊരുവന്‍ തീരുമാനിച്ചാല്‍ അവനന്നു ഉറങ്ങാന്‍ കഴിയുമോ? നിരവധി ഉടുപ്പുകള്‍ ഉണ്ടെന്നതിന്റെ പേരില്‍ മൂന്നു ഉടുപ്പുമിട്ടൊരുവന്‍ പൊതുജനത്തിന്റെ മുന്നില്‍ വന്നാല്‍ എന്തായിരിക്കുമവന്റെ അവസ്ഥ?

ചിലവാക്കാത്ത, കൂട്ടിക്കൂട്ടിവെക്കുന്ന സമ്പത്തിനു എന്തു പ്രസക്തിയാണുള്ളതു? അതും നമ്മുടെ ആവശ്യങള്‍ക്കു പരിമിതി ഉള്ളപ്പോള്‍. പരിമിതി ഇല്ലാത്തതു ‘ആര്‍ത്തിക്കു’മാത്രം.

കേരള സമൂഹത്തിലെ മൂന്നു ആസക്തികള്‍

1. മദ്യത്തോടും മയക്കുമരുന്നിനോടുമുള്ള ആസക്തി : കുതിച്ചു കയറുന്ന ബിവറേജ്‌ കോര്‍പ്പറേഷന്റെ വരുമാനം സാക്ഷി.

2.ലൈംഗികാസക്തി : ഒരുവാക്കുമാരോടും പറയാതെ കൂട്ടുകാരികളോടൊത്തു മരണത്തിലേക്കു യാത്രയാകുന്ന കുഞ്ഞു പെങ്ങന്മാരുടെ മൃതദേഹങ്ങള്‍ സാക്ഷി.

3. ജീവിതാസക്തി : ഏതു അടിമപ്പണിക്കും തയ്യാറാകുന്ന, നൂറ്റാണ്ടുകളോളം പൊരുതി നേടിയ അവകാശങ്ങള്‍ക്കു വില കല്‍പ്പിക്കാത്ത, അരാഷ്ട്രീയ വാദം കൊടികുത്തിയിരിക്കുന്ന നമ്മുടെ കാമ്പസ്സുകള്‍ സാക്ഷി.

ലോകമഹായുദ്ധങ്ങള്‍
എന്തുകൊണ്ട്‌ ലോകയുദ്ധങ്ങളെ മഹായുദ്ധങ്ങള്‍ എന്നു വിളിക്കുന്നു. വലിയവ എന്ന ഉദ്ദേശത്തില്‍ മാത്രമാണോ അവയെ അങ്ങനെ വിളിക്കുന്നതു? യദാര്‍ത്ഥത്തില്‍ അവയെ ഭീകര യുദ്ധങ്ങള്‍ എന്നല്ലേ വിളിക്കേണ്ടത്‌. മഹത്തരമായ യുദ്ധം എന്നൊരു ധ്വനി കൂടി മഹായുദ്ധമെന്നതിലില്ലേ? യുദ്ധങ്ങള്‍ മഹത്തരമോ? ആര്‍ക്കാണവ മഹത്തായ യുദ്ധങ്ങളാകുന്നതു?

അധിനിവേശത്തിന്റെ ഭാഷ്യം

അമേരിക്ക കണ്ടുപിടിച്ചതാര്‌?
ഉ. കൊളംബസ്‌.
വര്‍ഷങ്ങളായി നാം പഠിക്കുന്ന ചോദ്യവും ഉത്തരവും. എന്തേ അതിനുമുന്‍പ്‌ അമേരിക്ക അവിടെ ഉണ്ടായിരുന്നില്ലേ?
“പ്രാചീന അമേരിക്കന്‍ സമൂഹത്തിനു മേലുള്ള അധിനിവേശത്തിനു നാന്ദി കുറിച്ചതു ആരു?“ എന്ന ചോദ്യമല്ലേ ശരി.

കുറിപ്പ്: ഇവ പെട്ടെന്നു ഓര്‍മയില്‍ വന്നവയാണ്. ബാക്കി ഓര്‍ക്കുന്ന മുറക്കു കമന്റായോ പുതിയ പോസ്റ്റായോ ഇടാം.

Thursday, February 26, 2009

കഥ പറയും ചിത്രങ്ങള്‍- 3. മതേതര ഇന്ത്യ കരഞ്ഞ നാളുകള്‍

വിഭജനം

ഉണങ്ങാത്ത മുറിവുകള്‍
ഇന്ത്യാ വിഭജനത്തിന്റെ നാളുകളില്‍ പകുത്തു വെച്ചിരിക്കുന്ന ലൈബ്രറി പുസ്തകങ്ങള്‍


വേര്‍പാടുകള്‍
മഹാത്മജി വധം - മതഭ്രാന്തിന്റെ അന്ധത.
അഹിംസയുടെ പ്രവാചകനു ഹിംസയാല്‍ യാത്രയയപ്പ്‌.
1948 ജനുവരി 30. ഇതു ബാപ്പുജിയുടെ അന്ത്യ നിമിഷം.
(മെയില്‍ വഴിയെത്തിയതാണിത്‌. അതുകൊണ്ട്‌ തന്നെ ഇതിന്റെ ആധികാരികതയെക്കുറിച്ചു അറിയില്ല. ഗൂഗിളിനോടു ചോദിച്ചിട്ടു മതിയായ ഉത്തരവും കിട്ടിയില്ല).
ഒരുനോക്കുകൂടി കാണാന്‍ ഗാന്ധിജിയുടെ വിലാപയാത്രയില്‍ തിങ്ങിക്കൂടിയ ജനസമുദ്രം.

രാജീവ്‌ ഗാന്ധിയുടെ വധം - വംശീയതയുടെ ഇര.
1991, മേയ്‌21.
രാജീവ്‌ ഗാന്ധിയുടെ അന്ത്യ നിമിഷങ്ങള്‍.
തലയില്‍ ‍പൂചൂടിയിരിക്കുന്നതു തനു എന്ന എല്‍.ടി.ടി.ഇ ചാവേര്‍.

ഇന്ദിരാഗാന്ധി വധം - പാളയത്തിലെ പട
1984 ഒക്റ്റോബര്‍ 31. ഇന്ദിരാഗാന്ധിയുടെ അവസാന കാലടികള്‍ പതിഞ്ഞയിടം.
'പാളയത്തിലെ പട' എത്ര ശക്തനേയും അടിതെറ്റിക്കുമെന്നു പാഠം.

കലാപം
കണ്ണുകളില്ലാത്ത കാപാലികര്‍ക്കു മുമ്പില്‍ കൈകൂപ്പലുകള്‍കൊണ്ടെന്തു കാര്യം?
2008ലെ ഒറീസ്സ കലാപം, 2002ലെ ഗുജറാത്ത്‌ കൂട്ടക്കൊലകള്‍,
1984ലെ സിഖ്‌ കൂട്ടക്കൊലകള്‍, 1993ലെ മുംബൈ കലാപം തുടങ്ങിയ
എണ്ണമറ്റ നരമേധങ്ങളിലെല്ലാം ഇരകള്‍ ഇങ്ങനെ നിന്നിട്ടുണ്ടാവണം.

ബാബറി മസ്ജിദിന്റെ തകര്‍ച്ച
ഇതോടൊപ്പം തകര്‍ന്നു വീണതു ഈ നാടിന്റെ പൈതൃകം

സുനാമി- പ്രകൃതിയുടെ കലാപം
2004 ഡിസംബര്‍ 26-ല്‍,
ഒരു ക്രിസ്തുമസ്‌ ദിനത്തിന്റെ ആലസ്യത്തില്‍ നിന്നും വിട്ടുണരും മുന്‍പെ, വിരുന്നെത്തിയ അശനിപാതം.


സ്ഫോടനം
അദൃശ്യ ശത്രുക്കളുടെ പുതിയ യുദ്ധമുറകള്‍
മുംബൈ മുതല്‍ മാലേഗാവു വരെ....
സംജോധ മുതല്‍ കോയമ്പത്തൂരും കോഴിക്കോടും വരെ....

Thursday, February 19, 2009

കഥ പറയും ചിത്രങ്ങള്‍- 2. കരളുരുകും കാഴ്ചകള്‍

മനുഷ്യാവകാശ ധ്വംസനങ്ങളും, തീവ്രവാദവും, പട്ടിണിയും, ആര്‍ത്തിയും
എല്ലാമൊന്നിക്കുമ്പോള്‍ നരകമാകുന്നിതാ എന്‍ലോകം.

19/11 ആക്രണം.
തീവ്രവാദത്തിന്റെ ശക്തി ലോകത്തെ നടുക്കിയ ദിനം.
ലോകത്തെതന്നെ മാറ്റിമറിച്ച ദുരന്തം.


-കോടികള്‍ വിലവരുന്ന ആയുധങ്ങള്‍ വേണ്ട,
അധിനിവേശത്തിനിവിടെ ഭക്ഷണപ്പൊതികള്‍ മാത്രം മതിയായേക്കും.-

സുഡാനിലെ ഒരു യു.എന്‍ ഭക്ഷണ വിതരണകേന്ദ്രത്തിലേക്കു നിരങ്ങി നീങ്ങുന്ന ബാലികയുടെ ചിത്രം.
പിന്നില്‍ മരണം കാത്തു നില്‍ക്കുന്ന കഴുകന്‍.
1994ല്‍ ഫീച്ചര്‍ ഫോട്ടോ വിഭാഗത്തില്‍ 'പുലിസ്റ്റര്‍ അവാര്‍ഡിനു' അര്‍ഹമായ ഈ ചിത്രം എടുത്തതു 'കെവിന്‍കാര്‍ട്ടര്‍' എന്ന ദക്ഷിണാഫ്രിക്കന്‍ ഫോട്ടോഗ്രാഫര്‍ ആണ്‌. 1993ല്‍ എടുത്ത ഈ ചിത്രം ആദ്യം പ്രസിദ്ധീകരിച്ചതു ‘ദി ന്യൂയോര്‍ക്ക്‌ ടൈംസി‘ലാണ്‌. ചിത്രമെടുത്തതിനുശേഷം കുട്ടിയെ സഹായിക്കാതെ പോന്നുയെന്നതിന്റെ പേരില്‍ ഒരുപാട്‌ പഴികേള്‍ക്കേണ്ടിവന്ന കെവിന്‍കാര്‍ട്ടര്‍ 1994ല്‍ തന്നെ ആത്മഹത്യ ചെയ്യുകയാണുണ്ടായതത്രെ.


ഇറാക്കിലെ ‘അബൂ ഗുറൈബ് ജയിലില്‍’ നിന്നുള്ള ദൃശ്യം.


ഇതു ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ 25 ആം വാര്‍ഷികം. 1984 ഡിസംബര്‍ 3 ആയിരുന്നു ആ കറുത്ത ദിനം. യൂണിയന്‍ കാര്‍ബൈഡിന്റെ ഫാക്റ്ററിയില്‍ നിന്നും അര്‍ദ്ധരാത്രിയില്‍ പതുങ്ങിയെത്തിയ വാതക ചോര്‍ച്ചയില്‍ ആദ്യ മൂന്നു ദിനങ്ങള്‍കൊണ്ട്‌ മണ്ണടിഞ്ഞതു 8000-ത്തോളം മനുഷ്യജീവനുകള്‍. ജീവിതം നരകത്തിലായിപ്പോയത്‌ 1.2 ലക്ഷത്തോളമാളുകള്‍.

Monday, February 9, 2009

കഥപറയും ചിത്രങ്ങള്‍ -1. യുദ്ധവും സമാധാനവും

കണ്‍‌മുന്നില്‍ നിന്നും പോയാലും മനസ്സില്‍നിന്നും പോകാത്ത, മറക്കാന്‍ കഴിയാത്ത ചില യുദ്ധകാല ചിത്രങ്ങള്‍.

ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷക്കു.......
ഗാസയിലെ ഇസ്രയേല്‍ അധിനിവേശങ്ങളുടെ ബാക്കിപത്രം


‘ഇരുപാര്‍ശ്വങ്ങള്‍ മുറിഞ്ഞു
കുരിശായ് ഒരു ബാല്യം,
നിറകണ്ണു തുടക്കാന്‍ വരമായ് ഒരുകൈ
പ്രാര്‍ത്ഥനയേറ്റി മയങ്ങുന്നാതുര ശയ്യയിലാര്‍ദ്രം'
കവിത: ബാഗ്‌ദാദ്, രചന: മുരുകന്‍ കാട്ടാക്കട

അലി ഇസ്മായീല്‍ അബ്ബാസ് ’ എന്ന ഇറാക്കി ബാലന്‍,
അമേരിക്കയുടെ ഇറാക്ക് അധിനിവേശത്തിന്റെ ബീഭത്സരൂപം


വിയറ്റ്നാം യുദ്ധകാലം...
അമേരിക്കയുടെ നാപ്പാം ബോംബുകള്‍ നാശം വിതക്കുമ്പോള്‍
ജീവനും കൊണ്ടു ഓടുന്ന കുട്ടികള്‍ക്കൊപ്പം കിംഫുക് എന്ന പെണ്‍കുട്ടി.
1973ല്‍ പുലിറ്റ്സര്‍ അവാര്‍ഡിനു അര്‍ഹമായ ചിത്രം.


1945 ആഗസ്റ്റ്‌ 6-ആം തീയതി രണ്ടാം ലോകമഹായുദ്ധത്തില്‍ ഇതൊരു 'കൊച്ചുകുട്ടി' തീര്‍ത്ത കളിത്തട്ട്‌. അമേരിക്കയുടെ 'ലിറ്റില്‍ബോയ്‌' എന്ന ആദ്യ അണുബോംബ്‌ തകര്‍ത്തെറിഞ്ഞ ഹിരോഷിമ.
അപ്പോള്‍ തന്നെ മരിച്ചുവീണത്‌ 90000 മനുഷ്യര്‍. മാസങ്ങള്‍ക്കകം 145,000 പേര്‍കൂടി.

അനുബന്ധം: ആഗസ്റ്റ്‌ 9ന്‌ നാഗസാക്കിയില്‍ 'ഫാറ്റ്‌മാന്‍' തല്‍ക്ഷണം തിന്നുതീര്‍ത്തതു
45,000 മനുഷ്യജീവനുകള്‍.

Related Posts with Thumbnails