നമുക്കോരോരുത്തർക്കും ഓരോരോ ശീലങ്ങളുണ്ട്. അതിൽ നിന്നുമുള്ള മാറ്റം നല്ലതിലേക്കോ മോശമായതിലേക്കോ ആയാലും മാനസിക പ്രയാസമുളവാക്കുന്നതാണ്. ഇരുന്നുമാത്രം മൂത്രമൊഴിച്ചും, കുളിമുറിക്കുള്ളിൽ കുളിക്കുമ്പോൾ പോലും നഗ്നത മറച്ചും ശീലിച്ചവർക്കു സിനിമാ തീയേറ്ററുകളിലെയും മറ്റും ടോയ്ലറ്റുകളിൽ ആൾക്കൂട്ടത്തിനിടയിൽ നിന്നു മൂത്രമൊഴിക്കാൻ വളരെ പാടാണ്. അതുപോലെതന്നെ വീട്ടിനുള്ളിലും എപ്പോഴും ഷർട്ടിട്ടു നടക്കുന്നവർ, മുണ്ട് മടക്കിക്കുത്തുന്ന ശീലമില്ലാത്തവർ, വിനോദയാത്രകളിലും മറ്റും വെള്ളത്തിലിറങ്ങുമ്പോൾ പോലും പാന്റിടുന്നവർ അങ്ങനെ എത്രയോ ശീലക്കാർ?
പറഞ്ഞു വന്നതു പെട്ടെന്നുള്ള മാറ്റമുണ്ടാക്കുന്ന മാനസിക പ്രശ്നങ്ങളെക്കുറിച്ചാണ്. ജീവിതത്തിലെ പ്രധാനപ്പെട്ട സമയങ്ങളിൽ അധിക സമ്മർദ്ധമില്ലാതെ കാര്യങ്ങൾ ചെയ്യുന്നതിനു ഉപകരിക്കുന്നതു, ഇന്നലെ വരെയുണ്ടായിരുന്ന സാഹചര്യം നിലനിന്നു കിട്ടുകയെന്നതാണ്. വർഷങ്ങളായി കയ്യും തലയും മറച്ചുകൊണ്ട് മാത്രം പുറത്തിറങ്ങി ശീലിച്ചവർക്കു, തുറിച്ചു നോക്കുന്ന കണ്ണുകൾക്കുമുന്നിൽ അവയില്ലാതെ പരീക്ഷയെഴുതുന്നതു എത്ര വലിയ മാനസിക സമ്മർദ്ധമായിരിക്കുമുണ്ടാക്കുക? തീർച്ചയായും അത്തരം വിലക്കുകൾ മത്സരങ്ങളിൽ അവരെ പിന്നിലേക്കു കൊണ്ടു പോകാനുള്ള സാദ്ധ്യത വളരെക്കൂടുതലാണ്. (സ്കൂളുകളിലും കോളേജുകളിലുമൊക്കെവല്ലപ്പോഴും സാരിയുടുത്തുകൊണ്ട് പോകുന്ന കുട്ടികളുടെ വെപ്രാളങ്ങൾ ശ്രദ്ധിച്ചിട്ടുള്ളവർക്കും അങ്ങനെ പോയ ഓർമ്മയുള്ളവർക്കും കാര്യങ്ങൾ കുറച്ചു കൂടി മനസ്സിലാകും.)
എൻട്രൻസ് പോലെയുള്ള മത്സരപരീക്ഷകളിൽ തുണ്ടെഴുതി കയറുന്നതു പോലുള്ള
കോപ്പിയടി മാർഗ്ഗങ്ങൾ എത്രമാത്രം ഉപകാരപ്പെടുമെന്ന കാര്യം നിരവധി
മത്സരപരീക്ഷകളിൽ പങ്കെടുത്തിട്ടുള്ള എനിക്കു മനസ്സിലായിട്ടില്ല. മാത്രമല്ല,
തലയിലെ തൊപ്പിയും ശിരോ വസ്ത്രവുമൊക്കെ കോപ്പിയടിക്കു
സഹായിക്കുന്നതിനേക്കാളേറെ സഹായം അടിവസ്ത്രങ്ങളിൽ നിന്നും മറ്റു
മേൽവസ്ത്രങ്ങളിൽ നിന്നും ലഭിക്കാനുള്ള സാധ്യതയില്ലേ? എന്ന സംശയവും ഉണ്ട്.
സാങ്കേതിക വിദ്യയുടെ ഈ കാലത്തു, വലിയ ആൾക്കൂട്ടത്തിനിടയിലെ പോക്കറ്റടിക്കാരെ വരെ കൃത്യമായി കണ്ടെത്താൻ സഹായിക്കുന്നത്ര പവർഫുൾ ക്യാമറകളും (സരിത മറിച്ചു കാണിച്ച പേപ്പറിലെ എഴുത്തുകൾ വരെ അവ ഒപ്പിയെടുത്തിരിക്കുന്നു :) ), ഏതൊരു ഇലക്ട്രോണിക് സാധനത്തിന്റെയും പ്രവർത്തനങ്ങളെ തടഞ്ഞു നിർത്താനാവുന്ന ജാമറുകളും ഉള്ള ഈ കാലത്തു, അത്തരം സാങ്കേതിക വിദ്യകളും തുണിയഴിച്ചു പരിശോധനയ്ക്കു നിർത്താനുദ്ദേശിക്കുന്ന അധിക സ്റ്റാഫുകളെയും ക്ലാസ്സിൽ നിരീക്ഷണത്തിനുപയോഗിച്ചാൽ കുറേയൊക്കെ ഒഴിവാക്കാനായേക്കും. (നിരീക്ഷണത്തിനു നിർത്തിയിരിക്കുന്ന വ്യക്തിയുടെ സഹായമനസ്കത ഇല്ലാതാക്കാൻ എന്തു ചെയ്യാനാവും എന്നതാണ് സത്യത്തിൽ വലിയ പ്രശ്നം)
ഭരണഘടനാ വിരുദ്ധമെന്നു ഒറ്റനോട്ടത്തിൽ തോന്നുന്ന ഒരുകാര്യം നടപ്പാക്കി പുതിയ കീഴ്‌വഴക്കമുണ്ടാക്കാൻ സുപ്രീം കോടതിയൊക്കെ അനുമതി നൽകുന്നതിൽ വളരെ ആശങ്കയുണ്ട്. കടലു പോലുള്ള സിലബസിൽ നിന്നും, ഒറ്റവാക്കു ഉത്തരങ്ങൾ എഴുതുന്ന മത്സര പരീക്ഷകളേക്കാൾ കോപ്പിയടി നടക്കുന്നതു, പഠിച്ച ഭാഗത്തു നിന്നുമാത്രം ഉത്തരങ്ങൾ വാരി വലിച്ചെഴുതേണ്ടി വരുന്ന സ്കൂൾ കോളേജ് എക്സാമുകളിലാണ് എന്ന കാര്യം പറഞ്ഞ് അവിടങ്ങളിലും ഇത്തരം നിയമങ്ങൾ കൊണ്ടുവരാനുള്ള സാദ്ധ്യതയാണുള്ളതു. തകർക്കപ്പെടുന്ന വ്യക്തി സ്വാതന്ത്ര്യവും, വിശ്വാസത്തിന്മേലുള്ള കടന്നു കയറ്റവും, മതേതരത്വത്തോടുള്ള വെല്ലു വിളികളും നാം കണ്ടില്ലെന്നു നടിച്ചു കൂടാ....
Saturday, July 25, 2015
തട്ടത്തിൻ മറയത്ത്....
Posted by Irshad at 5:15 PM 5 പേരുടെ അഭിപ്രായങള്‍ ഇവിടെ
Wednesday, March 18, 2015
സമരങ്ങള്‍....
സമരങ്ങള്‍ എന്തിനൊക്കെ വേണ്ടിയാകാം? ആര്‍ക്കൊക്കെ വേണ്ടിയാകാം? എങ്ങനെയൊക്കെയാവാം? എന്നീ കാര്യങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കുറച്ചു കൂടി വിവേകത്തോടെയും ശ്രദ്ധയോടെയും കാണേണ്ടിയിരിക്കുന്നു.
ഒരു പ്രശ്നം ഉയര്‍ന്നുവന്നാല്‍ കാര്യങ്ങള്‍ക്കു വ്യക്തത കൈവരുന്നതിനാവശ്യമായ മീഡിയാ സഹായം പരമാവധി സഹായം നല്‍കി ഉപയോഗിക്കാം. കാരണം, അണികളെയിറക്കിയുള്ള സമരങ്ങള്‍ ഒരിക്കലും ഊഹാപോഹങ്ങള്‍ക്ക് അനുസരിച്ചാവാന്‍ പാടില്ല. വ്യക്തതയില്ലാത്ത വിഷയങ്ങളില്‍ സമരങ്ങളില്‍ ഇറങ്ങുന്ന അണികളും ജനവും തിരിച്ചറിയുന്നതു നേതാക്കന്മാരുടെ അധികാരക്കൊതി മാത്രമാണ്...
പ്രത്യക്ഷത്തില്‍ ഒരു ജനവിഭാഗത്തിനും ഉപകാരമില്ലാത്ത പ്രശ്നങ്ങള്‍, പ്രത്യക്ഷ സമരങ്ങള്‍ക്കായി ഏറ്റെടുക്കരുതു. മീഡിയ കയ്യിലുള്ള ഈ കാലത്തു പ്രയോഗിക്കാനറിയാമെങ്കില്‍ അതാണേറ്റവും നല്ല ആയുധം. അതോടൊപ്പം തന്നെ, സമരത്തില്‍ ആത്യന്തികമായി ലാഭം കൊയ്യുന്നവന്‍, ആ ലാഭത്തിന്റെ പങ്കു പറ്റാന്‍ യോഗ്യനാണോയെന്നു കൂടി നോക്കണം. കാരണം എല്ലാം കഴിയുമ്പോള്‍ ജനം അതുമാത്രമേ നോക്കൂ. (കുറച്ചു കാലം കഴിയുമ്പോള്‍ മാണിയുടെ കോഴ വിവാദവുമായി ബന്ധപ്പെട്ട സമരം, ബിജു രമേഷിനെപ്പോലെയുള്ള കോടീശ്വരന്മാരായ കള്ളു കച്ചവടക്കാര്‍ക്കായി പാവപ്പെട്ടവന്റെ പാര്‍ട്ടി നടത്തിക്കൊടുത്ത സമരം എന്നേ അറിയപ്പെടാന്‍ വഴിയുള്ളൂ. സോളാര്‍ സമരം, സാമ്പത്തിക തട്ടിപ്പില്‍ അകപ്പെട്ട ചില ആര്‍ത്തിമൂത്ത സമ്പന്നന്മാര്‍ക്കുവേണ്ടി നടത്തിയ സമരമെന്നോ, പ്രതിസന്ധിയിലകപ്പെട്ട ഉമ്മഞ്ചാണ്ടിയേയും കൂട്ടരേയും (കൊലയാളിപ്പാര്‍ട്ടി എന്നു പേരുവീണ തങ്ങളെത്തന്നെയും) രക്ഷിക്കാന്‍ വേണ്ടി നടത്തിയ സമരമെന്നോ അറിയപ്പെടും.) ഈ ഇടപാടുകളാല്‍ ജനങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ എന്തെങ്കിലും നഷ്ടപ്പെട്ടതായോ, സമരം കൊണ്ട് ജനങ്ങള്‍ക്കായി എന്തെങ്കിലും നേടിയതായോ തോന്നുന്ന അവസ്ഥയില്ല എന്നതു തന്നെ അതിനു പ്രധാന കാരണം .
മറ്റൊന്നു, നില്‍ക്കക്കള്ളിയില്ലാതെ സമരത്തിനിറങ്ങുന്ന പാവപ്പെട്ടവരോട് നല്ലരീതിയില്‍ സഹകരിക്കുകയാണ് വേണ്ടതു. തങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്ന സമരങ്ങള്‍ മാത്രം വിജയിച്ചാല്‍ മതി എന്ന ചിന്താഗതി വെച്ചുപുലര്‍ത്തി മറ്റുള്ളവരുടെ സമരങ്ങളോട് ആനുഭാവം പോലും കാണിക്കില്ല എന്ന മനസ്ഥിതി നല്ലതല്ല. പ്രത്യേകിച്ചും അധസ്ഥിത ജനവിഭാഗങ്ങളുടെ സമരങ്ങളോട്.... കാരണം ജനങ്ങള്‍ പൊതുവെ അധ:സ്ഥിത ജനവിഭാഗങ്ങള്‍ ഉയര്‍ന്നു വരണം എന്നാഗ്രഹിക്കുന്നവരാണ്. (നില്‍പ്പു സമരം, ഇരിപ്പു സമരം, നഴ്സുമാരുടെ സമരം.... അങ്ങനെയങ്ങനെ ജയിച്ചതോ ജയിക്കേണ്ടതോ ആയതും പാവപ്പെട്ട ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്നതുമായ സമരങ്ങള്‍ ഇവിടെ ഏറെ നടക്കുന്നുണ്ട്. അവയില്‍ പലതിന്റേയും എതിര്‍ വശത്തു വമ്പന്‍ കോര്‍പ്പറേറ്റുകളാണ് താനും. അതാണോ പലരും അവയോട് അടുക്കാത്തതു എന്ന സംശയവും പലര്‍ക്കുമുണ്ട്)
തുടങ്ങുന്ന സമരങ്ങള്‍ എവിടെ നിര്‍ത്തണം എന്ന ബോധമുണ്ടാകണം. മാധ്യമങ്ങളുടെ ആവേശം, അവരുടെ മുന്നില്‍ പെട്ടവരെയെല്ലാം എത്ര മോശമായ അവസ്ഥയിലെത്തിക്കാമോ ആ അവസ്ഥയീല്‍ എത്തിക്കുന്നതു വരെയാണുണ്ടാവുക എന്ന ബോധ്യം വേണം. (ഒരു രാത്രി നിയമസഭയ്ക്കകത്തു കഴിയാന്‍ മാണി തീരുമാനിച്ചപ്പോള്‍ പുറത്തെ തടയല്‍ സമരം വിജയിച്ചതാണ്.)
ഒന്നു കൂടി....
ഹര്‍ത്താല്‍ എന്നതിനെ ആദ്യത്തെയോ രണ്ടാമത്തേയോ മൂന്നാമത്തേയോ സമരമാര്‍ഗ്ഗമാക്കരുതു. അതു ഒടുവിലത്തെ സമരമാര്‍ഗ്ഗമാണ്. ജനങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ മാത്രം നടത്തേണ്ടതു. അല്ലെങ്കില്‍ അതുവരെ ചെയ്തതെല്ലാം കൈവിട്ടു പോകും. (നിയമസഭയില്‍ അക്രമം നടത്തിയിട്ടു പിറ്റേ ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിക്കുക വഴി, ജനങ്ങളെല്ലാം ആ തോന്ന്യവാസങ്ങള്‍ വീട്ടിലിരുന്നു കണ്ടിട്ടു തെറി പറയുന്ന അവസ്ഥയാണുണ്ടായതു എന്നു ആരറിയുന്നു )
Posted by Irshad at 9:13 PM 3 പേരുടെ അഭിപ്രായങള്‍ ഇവിടെ
Tuesday, May 8, 2012
പാറകള്‍
പാടിയതു മുഴുവന്‍ പാഴായെങ്കിലും വീണ്ടും പാടാം
പാവനമാണീ ജീവിതമെന്നതു ദിനവും പലവട്ടം.
ആരോ കയ്യിലെടുത്തു തരും പണവും ആയുധവും
ആരുടെയും ആയുസ്സെടുക്കാനുള്ളൊരു ലൈസന്‍സോ?
നില്‍ക്കുക സോദരാ, പറയുക സോദരാ
നിന്നോടെന്തപരാധം ചെയ്തു, ആ നിലച്ച ജീവന്‍?
എതിരാളിയേയല്ലവന്‍ ഒരിക്കലും, എന്നിട്ടും
എതിരിടുവാനെങ്ങനെ നിനക്കു കഴിയുന്നു?
ആദ്യ ദര്‍ശനത്തിന്‍ കൌതുകം മാറും മുന്‍പേ, നെഞ്ചില്‍
ആഞ്ഞുവെട്ടുവാനുള്ള പക, ആരു നിന്നില്‍ നിറച്ചു
കടലിന്നുള്ളില്‍, പാതിവഴിയില്‍ കാവലാളും പോയി
കാറ്റത്താടും കപ്പലില്‍ നിന്നും കരച്ചില്‍ കേള്‍ക്കുന്നു
ഭൂതകാലത്തിന്നോര്‍മ നിറഞ്ഞ, അവരുടെ വിലാപത്തില്‍
ഭാവിയിലെ നിന്റെ അലമുറയും കുടികൊള്ളുന്നില്ലേ?
കൂരിരുട്ടില്‍ ഉയര്‍ന്നു പൊന്തും നിലവിളികള്‍ക്കിടയില്‍
കുരുന്നു ഹൃദയങ്ങളില്‍ ജനിച്ചു പോകും ഒരു പ്രതികാരി.
അവനൊരുനാളും നീയായ് മാറാതിരിക്കാന്‍
ആയുധമെറിഞ്ഞു വേഗം നീയൊരു മനുഷ്യനാകുക.
ജീവിക്കാനായി ആടുവതോ നീയീ കൊലപാതകി വേഷം,
അതിനേക്കാള്‍ സ്വയം മരിക്കുവതല്ലേ നിനക്കുത്തമം.
Posted by Irshad at 8:21 PM 4 പേരുടെ അഭിപ്രായങള്‍ ഇവിടെ