നീരുറവ തേടിയുള്ള യാത്രയില്‍ കണ്ടതേറെയും മരുഭൂമികളായിരുന്നു. ഒരു ഉറവ കണ്ടെത്തിയിട്ടു എഴുതാം എന്നു കരുതിയിരുന്നപ്പോഴാണ് കള്ളസ്വാമിമാരെ തേടി സര്‍ക്കാര്‍ തേരോട്ടം തുടങ്ങിയതു. കള്ളന്മാരിലും വെട്ടിപ്പുകാരിലും ഉള്‍പ്പെട്ട കുറച്ചു പേരെങ്കിലും അകത്തായാല്‍ നല്ലത്. കള്ളസ്വാമിമാരെയും വെട്ടിപ്പുകാരെയും തേടിയുള്ളയാത്ര എന്നു സ്വന്തം പാര്‍ട്ടി ഓഫീസുകളില്‍ എത്തുമെന്നേ ഇനി അറിയാനുള്ളൂ. അതിന്നു മുമ്പ് ഈ ധീര നടപടിയെ ഞാന്‍ ഒന്നു അഭിനന്ദിച്ചോട്ടെ? "ഒരായിരം അഭിനന്ദനങ്ങള്‍"
ആക്ഷനോടൊപ്പം തന്നെ റിയാക്ഷനും നിറം കെടുത്തുന്നപ്രവര്‍ത്തികളും ഭരണാനുകൂലികളില്‍നിന്നു തന്നെ തുടങ്ങുന്നു. ചിലയിടങ്ങളില്‍ എതിര്‍പ്പിന്റെ സ്വരത്തിലാണെങ്കില്‍ മറ്റു ചിലതില്‍ അനുകൂല സ്വരത്തിലാണെന്നു മാത്രം. മൂന്നാറിന്റെ കാര്യത്തില്‍ എതിര്‍ത്തു തോല്‍പ്പിച്ചെങ്കില്‍, ഈ കാര്യത്തില്‍ തകര്‍ത്തു തോല്‍പ്പിക്കാനാണ് ശ്രമമെന്നു തോന്നുന്നു. നിയമത്തിന്റെ വഴിയേ പ്രവര്‍ത്തികള്‍ തുടങ്ങി കഴിഞ്ഞതിനു ശേഷം, ആശ്രമം തകര്‍ക്കലും മറ്റും നടത്തുന്നതില്‍ ചില ഗൂഡനീക്കങ്ങള്‍ മണക്കുന്നുണ്ട്. നിയമം കയ്യിലെടുക്കുന്ന ഭരണപക്ഷ യുവജന സംഘടനകളെ നിലക്കു നിര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
കേരളത്തിലെ അച്ചുതാനന്ദന്‍ സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്കു കടന്നിരിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമാകില്ല ഈ വര്‍ഷവും എന്നു സൂചിപ്പിച്ചു കൊണ്ടുള്ള വിവാദങ്ങളുടെ മൂന്നാം കൊടിയേറ്റവും കഴിഞ്ഞു. നേട്ടങ്ങളേക്കാള്‍, കോട്ടങ്ങള്‍ മുഴച്ചു നില്‍ക്കുന്ന രണ്ട് വര്‍ഷങ്ങള്‍ കടന്നു പോയി. വിവാദങ്ങളുടെ പെരുമഴക്കാലങ്ങള്‍. ഇപ്പോള്‍ വിലവര്‍ദ്ധനവും, ഭക്ഷ്യക്ഷാമവും ജനജീവിതം ദുസ്സഹമാക്കുന്ന അവസ്ഥ. അതിന്നിടയില്‍ കോടിക്കണക്കിനു രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ കുട്ടനാട്ടിലും മറ്റും ഭരണപക്ഷ തൊഴിലാളികളുടെ പിടിവാശികള്‍ മൂലം കൊയ്തെടുക്കാനാവാതെ നശിച്ചും പോയിരിക്കുന്നു. ഇപ്പോള്‍ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുമ്പോള്‍ ആരു നേതാവാകണം എന്ന ചര്‍ച്ചയാണിവിടെ(?) ആഴ്ചകള്‍ പിന്നിടുമ്പോള്‍ ഇതെവിടെത്തും എന്നു ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥയിലാണ്. (പ്രശ്നം തീര്‍ന്നു എന്ന അറിയിപ്പെത്തിയെങ്കിലും, പലരുടെയും സ്വരങ്ങള്‍ മറ്റ് പലതും വിളിച്ചു പറയുന്നുണ്ട്)
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തും, ഈ സര്‍ക്കാരിന്റെ ആദ്യ നാളുകളിലും കണ്ട കര്‍ഷകരിലെ ആത്മഹത്യാപ്രവണത ഒരു രോഗമാണെന്ന മുഖ്യന്റെ പഴയ കണ്ടെത്തല്‍ ശരിയാണെങ്കില്‍, ആ രോഗികളില്‍ ഭൂരിഭാഗത്തിനും സ്വന്തം മരണം വഴി ചികിത്സ കിട്ടിക്കഴിഞ്ഞിരിക്കുന്നു. ഒരു നടപടിയും എടുക്കാതെ ആത്മഹത്യാ കണക്കുകളിലുണ്ടായ കുറവു സൂചിപ്പിക്കുന്നതു അതല്ലാതെ മറ്റെന്താണ്? ഏറെപേരും അരങ്ങൊഴിഞ്ഞപ്പോള്‍ ഉണ്ടായ ആത്മഹത്യാനിരക്കിലെ കുറവു നേട്ടമാണത്രെ? സ്വന്തം അടിസ്ഥാന ആവശ്യങ്ങള്‍ക്കു പോലും ആശ്വാസം നേടിയെടുക്കാന്‍ സാധിക്കാത്ത കടാശ്വാസ കമ്മീഷന്‍, കര്‍ഷകര്‍ക്കു എന്താശ്വാസം നേടിക്കൊടുക്കാനാണ്?. അതും ഖജനാവിന്നുമേല്‍ അടയിരിക്കുന്നവരില്‍ നിന്നും? കേന്ദ്രത്തിന്റെ വക വരുന്ന വായ്പ്പയെഴുതിതള്ളലുകളുടെയും മറ്റും ഗുണമെങ്കിലും കര്‍ഷകരില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ അത്രയും ആശ്വാസം. വളരെ നല്ല ആശയവും, അതിനേക്കാള്‍ ആവശ്യവും ആയിരുന്ന ഒന്നിന്റെ പ്രായോഗിക പാളിച്ചകള്‍, മൂന്നാറിലെ അനധികൃത കുടിയേറ്റങ്ങള്‍ ഒഴിപ്പിക്കലും മറ്റും എത്തിച്ചേര്‍ന്നതുപോലെ ഒടുവില്‍ വന്‍ നിരാശയിലേക്കു കൊണ്ടെത്തിച്ചു.
മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്, എച്ച്.എം.ടി, കെ.എസ്.റ്റി.പി, നഗരവികസനം, എ.ഡി.ബി. പകര്‍ച്ച വ്യാധികള്‍ തുടങ്ങിയവയെല്ലാം കഴിഞ്ഞ നാളുകളില്‍ ഭരണത്തിനു കളങ്കം ചാര്‍ത്തിയവയാണ്. ഭരണകക്ഷികള്‍ ഉള്‍പ്പെട്ട കോഴ വിവാദങ്ങളും, സുതാര്യമല്ലാത്ത കോടികളുടെ ക്രയവിക്രയങ്ങളും, സര്‍ക്കാര്‍ഭൂമിയിലെ കയ്യേറ്റങ്ങളും, കോടികള്‍ പൊടിപൊടിച്ചുള്ള അഭിനവ കമ്മ്യൂണിസ്റ്റ് വിവാഹ മാമാങ്കങ്ങളും, പോലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിക്കുന്ന ഭരണകഷികളുടെ നടപടികളും,കുട്ടി സഖാക്കന്മാര്‍ക്കു ഒത്തു കൂടുന്നതിന്നായി വിദ്യാഭ്യാസബന്ദ് പ്രഖ്യാപിക്കലും, വര്‍ദ്ധിക്കുന്ന ഗുണ്ടാ അക്രമങ്ങളും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും, ചങ്ങനാശ്ശേരിയില്‍ കൊല്ലപ്പെട്ട പോലീസുകാരന്റെ സഹപ്രവര്‍ത്തകരുടെ മൊഴിമാറ്റങ്ങളും എല്ലാം കഴിഞ്ഞ നാളുകളിലെ പത്ര താളുകള്‍ക്കു തിളക്കമേകി.
രണ്ട് വര്‍ഷമായി ചട്ടപ്പടി സമരം നടത്തുന്ന ഡോക്ടര്‍മാര്‍ ഒടുവില്‍ പ്രത്യക്ഷ സമരത്തിലേക്കു കടക്കാന്‍ തീരുമാനിച്ചുവെന്നതു കാര്യക്ഷമതയില്ലായ്മയുടെ ഏറ്റവും പുതിയ ഉദാഹരണം മാത്രം. അപ്പോഴും കേള്‍ക്കുന്നു, എന്തിനും എതിനും സമരം നടത്തി കേരളത്തെ നശിപ്പിച്ചവരുടെ ഏറ്റവും പുതിയ തമാശ - "സമരം ചെയ്യുന്ന ഡോക്ടര്‍ മാര്‍ക്കെതിരെ സമരം"-. സമരങ്ങള്‍ക്കെതിരെ സമരം ചെയ്യാന്‍ ഒരു ധാര്‍മികാവകാശവും ഇല്ലാത്തവര്‍ തന്നെ ഈ പരിപാടിക്കിറങ്ങാന്‍ ഉദ്ദേശിച്ചതുകൊണ്ടാണോ എന്തോ, ഇന്ത്യാവിഷന്റെ വോട്ട് ആന്റ് ടോക്ക് പോലെയുള്ള പരിപാടികളില്‍ സമരത്തോടായിരുന്നു അനുഭാവം.
എസ്.എസ്.എല്‍.സിക്കും +2വിനും ഇക്കുറിയും റെക്കോര്‍ഡ് വിജയം. കുത്തനെ ഉയര്‍ന്ന ശതമാനം സന്തോഷങ്ങളെക്കാള്‍ ആശങ്കകളാണു വിതറിയത്. പണ്ടൊരിക്കല്‍ മലപ്പുറം ജില്ലയില്‍ ഇത്തിരി വിജയ ശതമാനം കൂടിയപ്പോള്‍ പരിഭവിച്ചവര്‍ അധികാരികളായ കാലത്ത് അവിശ്വസനീയമായ വിജയം. അതില്‍ തന്നെ കണ്ണൂരില്‍ 94%്നും മേലെ. ആശങ്കകള്‍ക്കു പിന്നില്‍ കുട്ടികളെ നന്നായി അറിയുന്നതുകൊണ്ടാണോ(?) അതോ ഒന്നും അറിയാത്തതു കൊണ്ടാണോ? സഖാക്കന്മാര്‍ ഭരണപക്ഷത്തെത്തിയപ്പോള്‍ കുറഞ്ഞ പണിമുടക്കുകളാണോ? കാര്യക്ഷമതാ വര്‍ഷത്തില്‍ കാട്ടിയ ശുഷ്കാന്തിയാനൊ? സത്യം ആര്‍ക്കറിയാം??
അനന്തമായി നീളുന്ന സ്വാശ്രയ പ്രശ്നം ഒരുവശത്ത്. അതിന്നിടയില്‍ പാഠപുസ്തകങ്ങളിലെ കമ്മ്യൂണിസ്റ്റ്‌വല്‍ക്കരണം ഉയര്‍ത്തുന്ന കോലാഹലങ്ങള്‍ മറുവശത്തും. ഇക്കൊല്ലവും വിദ്യാഭ്യാസരംഗത്ത് അരക്ഷിതാവസ്ഥതന്നെയാകാനാണു സാദ്ധ്യത.
ഇടതുപക്ഷത്തിന്റെ എല്ലാക്കാലത്തേയും രഹസ്യ അജണ്ടകളിലൊന്നു മതത്തെ തകര്‍ക്കലാണെന്നു തോന്നിയിട്ടുണ്ട്. കള്ളന്മാരെ തേടിയുള്ളയാത്രക്കുമപ്പുറം, മതം തന്നെ തെറ്റാണ് എന്നു വരുത്തിതീര്‍ക്കാനുമുള്ള പ്രവര്‍ത്തികള്‍ നടക്കുന്നോ എന്നു സംശയിക്കാനുള്ള വകകള്‍ ഉണ്ടുതാനും. വിവാഹ രജിസ്റ്റ്രേഷന്‍ നിയമം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുണ്ടാക്കിയ മോശം പ്രതിശ്ചായ, വിവിധ മത വിഭാഗങ്ങളെ ബന്ധപ്പെടുത്തിയുള്ള വിവാദങ്ങള്‍, പാഠപുസ്തകങ്ങളിലെ നിരീശ്വര വാദപ്രോത്സാഹനങ്ങള്‍ എന്നിവയെല്ലാം അവയിലേക്കു വെളിച്ചം വീശുന്നു.
കെ.എസ്.റ്റി.പി, നഗരവികസം എന്നീ പദ്ധതികളില്‍ 200 കോടിയോളം നഷ്ടപ്പെടുകയും, എ.ഡി.ബി, കരിമണല്‍ ഖനനം,എക്സ്പ്രസ് ഹൈവേ, സ്വാശ്രയ വിദ്യാഭ്യാസം എന്നിവയില്‍ ഇടതുപക്ഷത്തിന്നു ബദലുകള്‍ ഇല്ലായെന്നുബോധ്യമാകുകയും ചെയ്യുമ്പോള്‍ വിവാദങ്ങളിലാണവര്‍ രക്ഷകണ്ടെത്തുന്നത് എന്നു തോന്നുന്നു. കഴിഞ്ഞ പ്രതിപക്ഷ കാലത്തു നടത്തിയ പ്രക്ഷോഭങ്ങളുടെ വിഷയങ്ങളില്‍ ഒട്ടുമിക്കതിലും അന്നത്തെ സര്‍ക്കാരിന്റേതില്‍ നിന്നും വ്യത്യസ്ഥമായ ഒരു തീരുമാനം എടുക്കാന്‍ കഴിയാതിരിക്കുന്നതും വിവാദങ്ങളില്‍ ഒളിക്കുന്നതിന്നു മുഖ്യ കാരണമാവാം. എതിര്‍ക്കുന്നവരെ മുഴുവന്‍ പരിഹസിച്ചും അവഹേളിച്ചും വിവാദങ്ങളുണ്ടാക്കിയും അതിന്റെ മറവില്‍ ദിവസങ്ങള്‍ തള്ളിനീക്കിയും എത്രനാള്‍ മീന്‍പിടിക്കും? കാത്തിരുന്നു കാണുകതന്നെ.
Monday, May 26, 2008
കേരളസര്‍ക്കാരിന്റെ രണ്ട് വര്‍ഷങ്ങള്‍
Posted by
Irshad
at
12:09 PM
2
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: പ്രതികരണം, രാഷ്ട്രീയം, ലേഖനം
Monday, December 31, 2007
2007- മറവിയിലേക്ക്
2006 ഡിസംബര്‍ 30-ന്റെ പ്രഭാതത്തില്‍ സമാധാനം ആഗ്രഹിക്കുന്ന ലോകജനതക്കുമുന്നിലേക്കു പറന്നെത്തിയ വാര്‍ത്ത "സദ്ദാം ഹുസ്സൈനിനെ തൂക്കിലേറ്റി" എന്നതായിരുന്നു. 2007 എന്ന പുതുവര്‍ഷത്തിന്റെ സമാധാനത്തിനു അതനിവാര്യമാണെന്നായിരുന്നു അതു നടത്തിയവരുടെ വാദം. പിന്നെയും വര്‍ഷം ഒന്നു കഴിഞ്ഞു. ഡിസംബറും എത്തി. ഈദും ക്രിസ്തുമസ്സും ആഘോഷപൂര്‍വ്വം കടന്നു പോയി. ഡിസംബറിന്റെ ദു:ഖാങ്ങളില്‍ ഒരു പേരുകൂടി കൂട്ടിച്ചേര്‍ത്തു "കിഴക്കിന്റെ പുത്രി - ബേനസീര്‍ ഭൂട്ടോ"യും കടന്നുപോയി. അതും ആര്‍ക്കൊക്കെയോ സമാധാനത്തോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാനാവും. അങ്ങനെ ഒരു ദു:ഖത്തില്‍ തുടങ്ങി മറ്റൊരു ദു:ഖത്തില്‍ 2007 അവസാനിക്കുന്നു.
സദ്ദാമില്ലാത്ത ലോകം, സദ്ദാം ഭരണാധികാരിയായിരുന്ന കാലത്തെ ലോകത്തേക്കാള്‍ ഇറാക്കിലും ലോകത്തിലും സമാധാനം കൊണ്ടുവന്നില്ല. പാകിസ്ഥാനിലോ, പാലസ്ഥീനിലോ, അഫ്ഗാനിസ്ഥാനിലോ, ഇറാനിലോ, യൂറോപ്പിലോ അമേരിക്കയിലോ എവിടെയും അരക്ഷിതാവസ്തകള്‍ വളരുന്നു എന്നതിനപ്പുറം സമാധാനത്തിലേക്കു ഒരുമാറ്റവും 2007 കൊണ്ടുവന്നിട്ടില്ല. ഹ്യൂഗോ ഷാവേസും. അഹമ്മദി നജാദുമൊക്കെയടങ്ങുന്ന ചുണക്കുട്ടികളുടെ ഒരു "ചങ്കൂറ്റത്തിന്റെ അച്ചുതണ്ട്" ഉയര്‍ന്നു വരുന്നതും ആയുധങ്ങള്‍ കൊണ്ടുവരുന്ന സമാധാനങ്ങള്‍ക്കുമപ്പുറം, ഇരകളുടെ കൂട്ടായ്മകളില്‍ നിന്നും ഉയര്‍ന്നുവരുന്ന ഉണര്‍ത്തുപാട്ടുകള്‍ കെട്ടിപ്പടുക്കുന്ന സമാധാനത്തിന്റെ ഒരു ലാഞ്ചന കണ്ടുവരുന്നു എന്നുള്ളതുമാണു ഇന്നിന്റെ പ്രതീക്ഷ.
ഏതൊരു ജനതക്കും അവരുടെ നിലവാരത്തിനൊത്ത ഭരണാധികാരികളയെ ലഭിക്കൂ എന്നാണ് പറയാറ്. സാമ്പത്തിക രംഗത്ത് ഭാരതമൊരു കുതിച്ചു ചാട്ടം തന്നെ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ, ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന അസമത്വവും, അസഹിഷ്ണുതയും, ജാതി-മത-ഭാഷാ വര്‍ഗ്ഗീയതയും, ഒപ്പം അവയെ വളര്‍ത്താനും വോട്ടുബാങ്കുകളെ ശൃഷ്ടിച്ചു അവരെ തങ്ങളുടെ ചേരികളിലാക്കാനുള്ള പ്രസ്ഥാനങ്ങളുടെ ശ്രമവും നാടിനെ നാശത്തിലേക്കു നയിക്കുന്നു.
ഭരണകൂടഭീകരതകളാണു കഴിഞ്ഞ വര്‍ഷങ്ങളില്‍ വ്യത്യസ്ത സംസ്ഥാങ്ങളില്‍ വ്യത്യസ്ത രീതികളില്‍ കണ്ടതിലൊന്നു. ഗുജറാത്തിലെ വംശീയ ഹത്യയും, ബംഗാളിലെ നന്ദിഗ്രാം കൂട്ടക്കൊലയും അവയില്‍ ചിലതുമാത്രം. വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാള്‍ "വധിക്കപ്പെടേണ്ടയാള്‍ തന്നെ"യെന്നും, നന്ദിഗ്രാമില്‍ "അതേ നാണയത്തില്‍ പകരം ചോദിച്ചു" എന്നുമൊക്കെ അവിടങ്ങളിലെ ഭരണാധികാരികള്‍ തന്നെ പറയുമ്പോളാണ് ഭരണകൂട ഭീകരതയുടെ ആഴം മനസ്സിലാകുക. ആണവക്കരാറും അതുണ്ടാക്കിയ പ്രതിസന്ധികളുമാണു കഴിഞ്ഞ വര്‍ഷത്തെ കേന്ദ്രഭരണവുമായി ബന്ധപ്പെട്ടു എടുത്തു പറയാനുള്ളതു. അമേരിക്കയിലെ ഹൈഡ് ആക്റ്റ് ഇന്ത്യയെ ബാധിക്കുന്നതു എങ്ങനെയെന്നു ഇന്നും എനിക്കു മനസ്സിലായിട്ടില്ല. ഒരു രാജ്യത്തെ നിയമങ്ങള്‍ മറ്റൊരു രാജ്യത്തിന്നു ബാധകമാകുന്നതു എങ്ങനെയാണ്. നമ്മുടെ ഏതെങ്കിലും ഒരു നിയമം ലോകത്തിനു മുഴുവന്‍ ബാധകമാണെന്നു നാം തീരുമാനിച്ചു എന്നാല്‍ പോലും അതു മറ്റൊരു സ്വതന്ത്ര രാജ്യത്തിനു ബാധകമാകുമൊ?
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തിനെ കണ്ടതു അപൂര്‍വ്വമായി മാത്രം. പിശാചുക്കളുടെ താണ്ഡവ നടനം കഴിഞ്ഞു നാട് വിറങ്ങലിച്ചു നില്‍ക്കുന്നു. "വിവാദങ്ങളുടെ നാടെന്നോ" മറ്റോ വിശേഷിപ്പിക്കുന്നതാവും ഉചിതം. ഇച്ഛാശക്തിയില്ലാത്ത, ദാര്‍ഷ്ഠ്യം മാത്രം കൈമുതലായുള്ള ഭരണകര്‍ത്താക്കള്‍ പ്രശ്നങ്ങള്‍ക്കു ഉചിതമായ പ്രതിവിധി കാണാനാകാതെയലയുന്ന കാഴ്ച. തകര്‍ന്ന ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങള്‍. തകര്‍ന്ന രോഡുകള്‍. കൂട്ടുത്തരവാദിത്തം പോലും തകര്‍ന്ന മന്ത്രി സഭ. കുതിച്ചു കയറുന്ന വിലക്കയറ്റം. തകര്‍ന്ന സമ്പത് വ്യവസ്ത. ക്രമസമാധാനത്തകര്‍ച്ച. കണ്ണൂരിലും മറ്റും തിരിച്ചുവരുന്ന രാഷ്ട്രീയ കൊലപാതക പരമ്പരകള്‍. വിശ്വാസം നഷ്ടപ്പെട്ട മത സമൂഹങ്ങള്‍. എല്ലാംകൂടി ബഹുരസം. സംസാരിക്കാന്‍ വിഷയദാരിദ്ര്യം എന്നൊന്നു ഇല്ലേയില്ല.
ഈ കൊച്ചു നാട്ടിലിരുന്നു, "വീണ്ടുമൊരുനാള്‍ വരും" എന്നുറക്കെ പാടി നല്ലതു വരാന്‍ പ്രാര്‍ത്ഥിച്ച്, പുതുവര്‍ഷം പ്രമാണിച്ചു സര്‍ക്കാര്‍ കനിഞ്ഞു നല്‍കുന്ന പവര്‍കട്ട് രണ്ടു കയ്യും നീട്ടി വാങ്ങി നമുക്കു വലതുകാല്‍ വെച്ചു അടുത്ത വര്‍ഷത്തേക്കു കയറാം. ഹാപ്പീ ന്യൂ ഇയര്‍.........
Posted by
Irshad
at
8:08 PM
2
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: ലേഖനം
Sunday, October 28, 2007
കലാലയം കലാപഭൂമിയാക്കുന്ന രാഷ്ട്രീയം
കേരളാപോലീസിനു കേരളത്തിന്റെ സ്വന്തം ചട്ടമ്പികളുടെ കുട്ടിപ്പട്ടാളം ഒരു രക്തസാക്ഷിയെ സമ്മാനിച്ചു സിന്ദൂരത്തിലകക്കുറി ചാര്‍ത്തിയിരിക്കുന്നു. തങ്ങള്‍ കുട്ടികളല്ലെന്നും, പേപിടിച്ച പട്ടികളെക്കാള്‍ ആപത്ക്കാരിയാണെന്നും അവര്‍ തെളിയിച്ചു കഴിഞ്ഞു. ഡ്രില്ലും പാര്‍ട്ടി ക്ലാസ്സുകളും ആയുധപരിശീലനങ്ങളും വഴി നേടിയ പോരാട്ടവീര്യം പരീക്ഷിച്ചു വിജയിച്ചിരിക്കുന്നു. തങ്ങളുടെ പൂര്‍വ്വികരെപ്പോലെതന്നെയാണ് തങ്ങളെന്നും, തങ്ങള്‍ക്കു മുന്നില്‍ രണ്ടു വിഭാഗം മാത്രമേയുള്ളൂവെന്നും, അവ ശത്രുവെന്നതും മിത്രമെന്നതും മാത്രമാണെന്നും അവര്‍ പറയാതെ പറഞ്ഞിരിക്കുന്നു.
നിയമപാലകനെ പുഴയില്‍ എറിഞ്ഞു താഴ്ത്തിയവരുടെ പിന്മുറക്കാര്‍ ഒരിക്കല്‍ സഹപാഠിയെ കുളത്തിലെറിഞ്ഞു താഴ്ത്തി കഴിവു തെളിയിച്ചു. പഠിപ്പിച്ചുകൊണ്ടിരുന്ന അദ്ധ്യാപകനെ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ടു അരിഞ്ഞു തള്ളുന്നവര്‍ക്കു ഇതാ നിയമപാലകനെ പട്ടാപ്പകല്‍ തലക്കടിച്ചു കൊല്ലുന്ന പിന്മുറക്കാര്‍. ചട്ടമ്പിത്തരം പഠിപ്പിക്കുന്ന ഏതെങ്കിലും ചന്തകളില്‍ നിന്നും വളര്‍ത്തിയെടുത്തതല്ല ഇവരെയെന്നു നാം ആദ്യം അറിയുക. ഇതു നാം വാനോളം പുകഴ്ത്തുന്ന നമ്മുടെ വിദ്യാഭ്യാസം സംസ്കരിച്ചെടുത്തവരാണെന്നതില്‍ നമുക്കു ആഹ്ലാദിക്കാം(?).
കേരളത്തിലെ ഭൂരിപക്ഷം വരുന്ന അസംതൃപ്ത യുവത്വങ്ങളിലെ ക്ഷോഭത്തെ തങ്ങളുടെ ചേരികളിലാക്കുകയെന്നതാണ് കേഡര്‍ പ്രസ്ഥാനങ്ങളുടെ ശൈലി. രാഷ്ട്രീയപ്രവര്‍ത്തനം മുഖ്യ പ്രവര്‍ത്തനമാക്കിയിരിക്കുന്ന പല അദ്ധ്യാപരും മിക്ക ക്യാമ്പസ്സുകളിലും കാണാം. ഇവയെല്ലാം കൂടിച്ചേരുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നതു നല്ല ഒന്നാം തരം റൗഡികളാണെന്നതു സത്യം. കേവലം അഞ്ചു വര്‍ഷത്തെ രാഷ്ട്രീയ ബോധമെങ്കിലുമുള്ള വിദ്യാര്‍ത്ഥിക്കു ഇവയിലംഗമാകാന്‍ കഴിയുമൊ? കഴിഞ്ഞ രണ്ടുവര്‍ഷത്തിനു മുന്‍പ് ഇവരൊക്കെ കൈക്കൊണ്ട നിലപാടുകളും, അതേ പ്രശ്നങ്ങളിലെ ഇന്നത്തെ നിലപാടുകളും തമ്മിലെ അന്തരം എത്ര വലുതാണ്?. തങ്ങള്‍ക്കു തന്നെ നിശ്ചയമില്ലാത്ത നിലപാടുകളില്‍ യാതൊരു രാഷ്ട്രീയ ബോധവും ഇല്ലാത്ത വിദ്യാര്‍ത്ഥികളെക്കൊണ്ട് ചുടുചോറു വാരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങളാണിന്നത്തെയവസ്ഥക്കു പ്രധാനകാരണം. കേവലം മൂന്നോ നാലോ വര്‍ഷത്തെ ആയുസ്സുമാത്രമുള്ള ഇന്നത്തെ ഉന്നതവിദ്യാഭ്യാസ ജീവിതത്തില്‍, രാഷ്ട്രീയ ബോധമില്ലായ്മയും വിവേകമില്ലായ്മയും, വര്‍ദ്ധിച്ച വികാരവിക്ഷോഭവും, സമൂഹത്തിലെ പൊതുവായ മൂല്യശോഷണവും ഒത്തു ചേരുമ്പോള്‍ കുട്ടികളെ വഴിതെറ്റിക്കുവാന്‍ വളരെയെളുപ്പമാണെന്ന തിരിച്ചറിവു രാഷ്ട്രീയമേലാളന്മാര്‍ക്കു നന്നായുണ്ട്. അതുകൊണ്ടാണല്ലോ അവര്‍ സ്വന്തം മക്കളെ രാഷ്ട്രീയക്കാരന്റെ കണ്ണെത്താത്ത അന്യസംസ്ഥാന സ്വാശ്രയ കോളേജുകളില്‍ പഠിപ്പിക്കുന്നത്.
ഒരിക്കലെത്തിപ്പെട്ടവനെ തങ്ങളുടെ ചട്ടക്കൂട്ടിലാക്കാനുള്ള മിടുക്കുമവര്‍ക്കുമുണ്ട്. പഴയ പ്രൊക്യുസ്റ്റസെന്ന കാട്ടാളനെപ്പോലെ, അഭിനവ രാഷ്ട്രീയക്കാരന്‍ വഴിപോക്കരെ സ്നേഹത്തോടെ വിളിച്ചു തങ്ങളുടെ പ്രത്യയ ശാസ്ത്രക്കട്ടിലില്‍ കിടത്തി, ആ പ്രത്യയശാസ്ത്രക്കട്ടിലിന്നെക്കാള്‍ വലിയ ആത്മാവുകളെ അരിഞ്ഞു തള്ളിയും, ചെറിയ ആത്മാവുകളെ അടിച്ചു നീട്ടിയും പാകമാക്കിയെടുത്തുകൊണ്ടിരിക്കുന്നുവെന്ന വയലാറിന്റെ കാഴ്ചപ്പാടു എത്ര അര്‍ത്ഥവത്താണ്.
ശത്രുവിനെ ഉന്മൂലനം ചെയ്യണമെന്നു വിശ്വസിക്കുന്ന ചില പ്രത്യശാസ്ത്രങ്ങളാണ് ഈ നാടിന്റെ ശാപം. എതിര്‍ക്കുന്നവരെ മുഴുവന്‍ ശത്രുവായി കാണുകയും, അവരെ മനുഷ്യരായികാണാന്‍ പോലും തയ്യാറാകാതിരിക്കുകയും ചെയ്യുന്ന, ആരോഗ്യകരമായ ആശയ സംഘട്ടനങ്ങള്‍ക്കു തയ്യാറാകാന്‍ പോലും വിമുഖത കാട്ടുന്ന ഭീരുക്കളാണിന്നു വംശഹത്യക്കും ഉന്മൂലനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. ഗുജറാത്തുകളുടെ ശൃഷ്ടിക്കുവേണ്ടിയുള്ള അന്ധമായ മതവര്‍ഗ്ഗീയതയും, ബംഗാളുകളെ ശൃഷ്ടിക്കാനുള്ള അഭിനിവേശത്തില്‍ സൃഷ്ടിക്കുന്ന ന്യൂനപക്ഷവര്‍ഗ്ഗ ശാക്തീകരണവുമാണിന്നു കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. അവക്കുവേണ്ടി വര്‍ഗ്ഗീയ കലാപങ്ങളില്‍ പോലും രാഷ്ടീയ പാര്‍ട്ടികള്‍ വലിയ പങ്കുവഹിക്കുന്നുവത്രെ(?)
ക്യാമ്പസ്സുകളെ കുത്തകകളാക്കി നിര്‍ത്തി, ഇതര പ്രസ്ഥാനങ്ങള്‍ക്കു നില്‍ക്കാന്‍ ഇടം നല്‍കാന്‍ പോലും ഭയന്നു കായികമായി നേരിടുന്ന, ക്യാമ്പസ്സുകളെ ആയുധപ്പുരകളും ഗുണ്ടാനിര്‍മ്മാണഫാക്റ്ററികളുമായി കാണുന്ന പ്രസ്ഥാനങ്ങളെ നിലക്കു നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Posted by
Irshad
at
9:25 PM
5
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: പ്രതികരണം, രാഷ്ട്രീയം, ലേഖനം