പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Wednesday, June 13, 2007

അശുഭ ചിന്തകള്‍

ദൈവത്തിന്റെ സ്വന്തം നാടാണ്‌ കേരളം. വിശാലമായ തീരത്താലും മലനിരകളാലും സംരക്ഷിക്കപ്പെടുന്ന ലോകത്തിലെ വിരളമായ സ്ഥലങ്ങളിലൊന്ന്. നദികളും പുഴകളും കായലുകളും തടാകങ്ങളും, മരങ്ങളും കാടുകളും അതിന്റെ പച്ചപ്പും, അപൂര്‍വ്വ സസ്യ ജന്തു ജീവജാലങ്ങളുടെ ആവാസവും, മറ്റു സ്ഥലങ്ങളെയപേക്ഷിച്ചു കുറഞ്ഞ ചൂടും തണുപ്പും, സമയാസമയങ്ങളിലെത്തുന്ന മഴയുമെല്ലാം കൊണ്ട്‌ അനുഗ്രഹിക്കപ്പെട്ട നാട്‌. വന്‍ ഭൂകമ്പങ്ങളൊ, കൊടുങ്കാറ്റോ യുദ്ധമൊ, ഒന്നിന്റെയും കെടുതികള്‍ ഈ നാടേറെ അനുഭവിച്ചിട്ടുമില്ല.

പറഞ്ഞാല്‍ തീരില്ല നമ്മുടെ നാടിന്റെ മേന്മകള്‍. പിന്നെന്തേ ഈ അശുഭ ചിന്തകള്‍?

പൊന്ന് വിളയിക്കാന്‍ കഴിയുന്ന (കഴിഞ്ഞിരുന്ന) ഭൂമികള്‍ ഇന്നു വിളവിറക്കാതെ തരിശായി മാറുന്നു. അവിടെ വന്‍ മാളികകള്‍ വിളയുന്നു. മത-വര്‍ഗ്ഗങ്ങള്‍ നമ്മുടെ യുവ മനസ്സുകളില്‍ വര്‍ഗ്ഗീയതയുടെ വിളവിറക്കുന്നു. വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മയും നെറികെട്ട രാഷ്ട്രീയവുമതിന്നു വളമിടുന്നു. ഇതു തിരിച്ചറിയുന്ന പ്രതികരണശേഷി നശിച്ചിട്ടില്ലാത്ത നല്ലൊരു വിഭാഗം നക്സലിസത്തിലേക്കും തിരിയുന്നു. തീരവും നദികളും പുഴകളും കാടുമെല്ലാം ഇവയൊക്കെ സംരക്ഷിക്കേണ്ട അധികാരികളാല്‍ കയ്യേറ്റപ്പെടുന്നു. (അതോ കയ്യേറ്റക്കാര്‍ അധികാരികളായതൊ?). അണക്കെട്ടുകള്‍ സര്‍വ്വനാശികളെന്നു തിരിച്ചറിഞ്ഞിട്ടും ഇന്നും നാമതിനായ്‌ കാടുകള്‍ വെട്ടിത്തെളിക്കുന്നു. കാടിന്റെ മക്കളെ കുടിയിറക്കുന്നു. ഇത്രയേറെ ജല സ്രോതസ്സുകളുള്ളയീ നാട്ടില്‍ കുടിവെള്ളത്തിനായ്‌ ജനങ്ങള്‍ നെട്ടോട്ടമോടിത്തുടങ്ങിയിരിക്കുന്നു. പുഴകള്‍ മഴക്കാലങ്ങളില്‍ ഭീതി വിടര്‍ത്തുന്നു. വേനലിലവ നേര്‍ത്ത വരകള്‍ പോലുമല്ലാതായിത്തീരുന്നു. രാഷ്ട്രീയത്തില്‍ ജനസേവനമെന്നത്‌ കാണുവാനില്ലാതായിരിക്കുന്നു. അത്‌ അധികാരത്തിലേക്കുള്ള വഴിമാത്രമായി ഒതുങ്ങി. അധികാരം ആ വാക്കിലെ സര്‍വ്വ ധാര്‍ഷ്ഠ്യവും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നു. സ്വജനപക്ഷപാതവും അധികാരികളോടുള്ള ഭയവും മൂലം അസംഘടിത ജനത മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടുന്നു. അഭ്യസ്ത വിദ്യന്‍ ഉയര്‍ന്ന ജോലി കിട്ടാത്തതിനാല്‍ മറ്റൊന്നും ചെയ്യാതെ പട്ടിണി കിടക്കുന്നു.

എഴുപതുകളിലെ ക്ഷുഭിതയൗവ്വനങ്ങള്‍ക്കു സമാനമായ മനസ്ഥിതിയുമായ്‌ ഒരു വലിയ സമൂഹം രൂപപ്പെടുന്നു എന്നതിന്നു തെളിവാണു നക്സലിസം വളരുന്നുവെന്ന ഇന്റലിജെന്‍സ്‌ റിപ്പോര്‍ട്ടുകള്‍. സാക്ഷരതയും വിദ്യാഭ്യാസവും ഈ നാടിന്നു ശാപമായ്‌ മാറുന്നുവൊ?

സമൂഹത്തില്‍ നന്നായി വേരോട്ടമുള്ള ഒരു പ്രസ്ഥാനം വിചാരിച്ചാല്‍ തന്നെ ഈ നാട്ടിലെ തൊഴിലില്ലായ്മയ്ക്കും, കാര്‍ഷിക വിളകള്‍ക്കും, തരിശായി കിടക്കുന്ന പാടങ്ങള്‍ക്കും ശാപമോക്ഷം നല്‍കാന്‍ കഴിയുമെന്നും, അതുവഴി മത വര്‍ഗ്ഗീയതക്കും തടയിടാമെന്നുമിരിക്കെ വാക്കുകളില്‍ വിപ്ലവവും പ്രവര്‍ത്തികളില്‍ കാപഠ്യവുമായ്‌ അധികാരം മാത്രം ലക്ഷ്യമാക്കി പ്രസ്ഥാനങ്ങള്‍ നീങ്ങുന്നതാണിന്നത്തെ ഏറ്റവും വലിയ ശാപങ്ങളിലൊന്ന്.

വിദ്യാഭ്യാസമിന്നൊരു ആഭാസമായി മാറിയിരിക്കുന്നു. അറിവു നേടുക എന്നതിന്നപ്പുറം ജോലി നേടുക എന്നതു ഇന്നെല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. എങ്കിലും, അറിവ്‌ സംസ്കാരം പകര്‍ന്നു നല്‍കേണ്ടതല്ലെ? ഇന്നെത്തെ വിദ്യാഭ്യാസത്തില്‍ നമ്മുടെ സംസ്കാരത്തിന്നെവിടെയാണു സ്ഥാനം? ലൈംഗിക വിദ്യാഭ്യാസമെന്ന പേരില്‍ സുരക്ഷിത ലൈംഗിക മാര്‍ഗങ്ങളാണൊ നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത്‌? ഇവിടെയാ വിദ്യാഭ്യാസവും തുടങ്ങിക്കഴിഞ്ഞു. ഇതു ഈ നാടിനെയെവിടെയാണു കൊണ്ടുചെന്നെത്തിക്കുക?

പശ്ചാത്യതയോടും, സുഖ സൗകര്യങ്ങളോടുമുള്ള നമ്മുടെ ഭ്രമങ്ങള്‍ സാംസ്കാരികാധിനിവേശത്തിനും അതുവഴി നമ്മുടെ തന്നെ നാശത്തിനുമാണു വഴിവെക്കുകയെന്നു ഇനിയും ഈ സാക്ഷര സമൂഹത്തിനു മനസ്സിലായിട്ടില്ല. ചരിത്രങ്ങള്‍ പഠിക്കുന്നതു മാര്‍ക്കിനുവേണ്ടി മാത്രമാകുന്ന ഒരു സമൂഹത്തില്‍ ഇതല്ലാതെ മറ്റെന്തു വന്നു ചേരാന്‍?

ആര്‍ത്തി, സര്‍വ്വതിനോടുമുള്ളയീ ആര്‍ത്തി മനുഷ്യ കുലത്തിനു മുഴുവന്‍ അപകടമാണെന്നെന്തേ തിരിച്ചറിയുന്നില്ല? വരും തലമുറകള്‍ക്കു കൂടിയുള്ളതു ഇന്നു നാം തിന്നും മതിച്ചും നഷ്ടപ്പെടുത്തുന്നില്ലെ? നശീകരണത്തിലും ചൂഷണത്തിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്നതു നാമുള്‍പ്പെടുന്ന അഭ്യസ്ത വിദ്യര്‍ തന്നെയല്ലെ?

"അവനവന്‍ വേണ്ടതന്നന്നെടുക്കണം
അമിതമായ്‌ കരുതി വെച്ചീടൊലാ
അരുതൊരാളെ തടഞ്ഞു നിര്‍ത്തുന്നതും
അഹിതം അന്യ പ്രയത്നം ഭുചിപ്പതും"

ശ്രീ. മധുസൂദനന്‍ നായരുടീീ കവിതാ ശകലങ്ങള്‍ നാമിടക്കൊന്നോര്‍ക്കുന്നതു നന്നെന്നു തോന്നുന്നു.

ഇന്നു നാട്ടില്‍ പടര്‍ന്നു പിടിക്കുന്നതു കേട്ടു കേഴ്‌വി പോലുമില്ലാത്ത രോഗങ്ങള്‍. പകര്‍ച്ച വ്യാധികള്‍ വ്യക്തമാക്കുന്നതു തകരുന്ന നമ്മുടെ ആരോഗ്യ സംസ്കാരത്തെയല്ലെ? തകര്‍ന്ന ശുചിത്വ ബോധവും, ഫാസ്റ്റ്‌ ഫുഡ്‌ സംസ്കാരവുമൊക്കെ ഇതിനൊക്കെ കാരണങ്ങളല്ലേ?

തൊഴിലില്ലായ്മ സഹ്യനെക്കാള്‍ വളര്‍ന്നിരിക്കുന്നു. പലര്‍ക്കും ഈ നാട്ടില്‍ തൊഴിലവസരങ്ങളെക്കാള്‍ തൊഴിലില്ലായ്മ സൃഷ്ടിക്കാനാണ്‌ താല്‍പര്യം എന്ന സത്യം അഭ്യസ്തവിദ്യരായ ഈ സമൂഹം തിരിച്ചറിയുന്നപക്ഷം ഉണ്ടാകുന്ന ഭവിഷ്യത്തുക്കള്‍ എത്ര ഭയാനകമാകില്ല.

ഇന്നു ജോലി തേടി അന്യ നാടുകളിലേക്കുപോയിരിക്കുന്നവര്‍ എന്തു മാത്രം? പശ്ചിമേഷ്യയിലും മറ്റും വളരുന്ന അശാന്തികള്‍ നമ്മുടെ നാടിന്റെ കൂടി അശാന്തിയായ്‌ മാറുന്നതു നാമറിയുന്നുണ്ടൊ? ഒരു കുവൈറ്റ്‌ യുദ്ധകാലത്തിവിടെ തകര്‍ന്ന ജീവിതങ്ങളെത്ര? എന്റെ അശുഭ ചിന്തകളില്‍ നാളെയുടെ അശാന്തികള്‍ പടര്‍ന്നു കയറുമ്പോള്‍ വാക്കുകള്‍ പോലും മരിക്കുന്നു.

നമ്മിലെ മൂല്യശോഷണങ്ങള്‍ക്കൊരു പ്രതിരോധം തീര്‍ക്കാന്‍ ആര്‍ക്കാണിന്നു കഴിയുക? പ്രതിരോധങ്ങളില്‍ പോലും തിന്മകളും സ്ഥാപിത താല്‍പര്യങ്ങളും കടന്നു കയറുമ്പോള്‍, നമുക്കു മൂല്യങ്ങള്‍ പകര്‍ന്നു തന്നിരുന്ന സംസ്കാരത്തിലും, മതങ്ങളിലും, രാഷ്ട്രീയത്തിലുമെല്ലാം നടക്കുന്ന തിന്മയുടെ കടന്നുകയറ്റങ്ങളെ എങ്ങനെയാണു പ്രതിരോധിക്കുക?

Friday, May 25, 2007

കയ്യേറ്റവും കുടിയിറക്കും.

സമകാലിക വാര്‍ത്തകളില്‍ ഏറ്റവും തിളക്കത്തോടെ നിലകൊള്ളുന്നതു മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങളുടെ ഒഴിപ്പിക്കലാണാല്ലൊ? കടലും, കരയും ഒരുപോലെ ഈ നാട്ടില്‍ കയ്യേറ്റങ്ങല്‍ക്കു ഇരയാവുന്നു. ഗ്രാമമെന്നൊ നഗരമെന്നോ വ്യത്യാസവുമില്ല. കേരളത്തിന്റെ തനതു കലാരൂപങ്ങളില്‍ ഒന്നായി തീര്‍ന്നിരിക്കുന്നു കയ്യേറ്റങ്ങള്‍. പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള കയ്യേറ്റങ്ങളെ അംഗീകൃതമാക്കുക വഴി നാം അതിനു വളം വെച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. മുന്‍ കാലങ്ങളില്‍ താമസത്തിനും കൃഷിക്കുമായിട്ടാണു കയ്യേറ്റങ്ങള്‍ നടന്നിരുന്നതെങ്കില്‍ ഇന്നു കയ്യേറ്റങ്ങള്‍ ആര്‍ഭാടങ്ങള്‍ക്കു വേണ്ടിയായിരിക്കുന്നു.

സ്ഥലം കയ്യേറുക, പട്ടയം സംഘടിപ്പിക്കുക പിന്നെ അതു മറ്റാര്‍ക്കെങ്കിലും വില്‍ക്കുക എന്നതാണു ഇവിടുത്തെ രീതി. ഇതിനൊക്കെ കൂട്ടു നില്‍ക്കുന്ന കുറെ ഉദ്യോഗസ്തരും രാഷ്ട്രീയക്കാരും. ഒടുവില്‍ ഒഴിപ്പിക്കപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നതു മറ്റു ചിലര്‍ക്കും. എങ്കിലും ഇതു വേണ്ടതു തന്നെ. ഇനിയെങ്കിലും വാങ്ങുന്നവര്‍ ഇതൊക്കെയൊന്നു ശ്രദ്ധിക്കുമല്ലൊ?

കയ്യേറ്റങ്ങളെ തടയുക എന്ന പ്രാഥമിക ജോലി കഴിഞ്ഞുപോയ കാവലാളുകല്‍ നിറവേറ്റിയിട്ടില്ല എന്നതാണു യാദാര്‍ത്ഥ്യം. നാടിന്റെ സ്വത്തും മുതലും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായിരുന്നവരുടെ അപരാധങ്ങള്‍ക്കു ശിക്ഷ ലഭിക്കേണ്ടതല്ലെ? ആരതു നിര്‍വ്വഹിക്കും?

ബഹു: മുഖ്യമന്ത്രി ഈ തീരുമാനമെടുക്കാന്‍ കാണിച്ച ചങ്കൂറ്റത്തെയും അതിനായി അധ്വാനിക്കുന്ന സംഘത്തെയും അഭിനന്ദിക്കാതെ വയ്യ.

നാടിനെ എ.ഡി.ബിക്കു തീറെഴുതിയ മുഖ്യമന്ത്രി എന്ന അപഖ്യാതി മായില്ലെങ്കിലും കുത്തകകള്‍ക്കെതിരെ ധൈര്യം കാണിച്ച മുഖ്യന്‍ എന്നു തല്‍ക്കാലം വിധിയെഴുതാം. എ.ഡി.ബി കാര്യത്തിലെ കുറ്റങ്ങള്‍ പാര്‍ട്ടിക്കുമേല്‍ വെച്ചുകെട്ടുകയും ചെയ്യാം.

അപ്പോഴും ചില സംശയങ്ങള്‍?

ഇതും സി. ഡി റെയ്ഡ്‌ പോലെ വമ്പന്മാര്‍ക്കു വെണ്ടിയുള്ള വഴിയൊരുക്കലാണൊ? സി. ഡി റെയ്ഡ്‌ കഴിഞ്ഞപ്പോള്‍ മോസര്‍ ബെയര്‍ പോലുള്ള ആഗോള ഭീമന്മാര്‍ അരങ്ങത്തെത്തിയിരിക്കുന്നു. അതുപോലെ തന്നെ അധികാരത്തിലേറി ആറുമാസം തികയും മുന്‍പെ വന്‍പാല്‍ക്ഷാമവും വിലകൂട്ടലും. ഇപ്പോള്‍ കേള്‍ക്കുന്നതു അമുല്‍ പാല്‍ വില്‍പ്പനക്കായി മാത്രം നാല്‍പ്പതോളം സ്റ്റാളുകള്‍ തിരുവനന്തപുരം നഗരത്തില്‍ തുറക്കുന്നതിനെ പറ്റിയും. പാല്‍ ക്ഷാമം താനെ ഉണ്ടായതൊ ശൃഷ്ടിച്ചതൊ?

എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഫലം വന്നിരിക്കുന്നു. മോഡറേഷന്‍ കൂടാതെ തന്നെ റെക്കോര്‍ഡ്‌ വിജയം. പരീക്ഷകളിലും അതിന്റെ നടത്തിപ്പിലും മൂല്യനിര്‍ണ്ണയത്തിലുമൊക്കെ മലയാളിക്കു വിശ്വാസം നഷ്ടപ്പെട്ടിട്ട്‌ ഏറെ നാളായി. എങ്കിലും ഇതൊരു സന്തോഷവാര്‍ത്ത തന്നെ. നമ്മുടെ കുട്ടികള്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടു മോഡറേഷന്‍ കൂടാതെ റെക്കോര്‍ഡ്‌ വിജയം നേടാന്‍ പ്രാപ്തരായി എന്നതു കുറഞ്ഞ കാര്യമാണൊ? പഴയ റെക്കോര്‍ഡ്‌ മോഡറേഷനോടു കൂടിയുള്ളതു 70%. ഇപ്പോഴത്തേതു 82%. എന്തൊരു വളര്‍ച്ച. ആഹ്ലാദിക്കാന്‍ ഇതില്‍പരം എന്തു വേണം. രണ്ടു വര്‍ഷംകൊണ്ടു നാം നൂറു മേനി കൊയ്യും. എന്തായിരിക്കും ഇതിനു കാരണം? ഭരണം മാറിയപ്പോള്‍ നാട്ടിലെ സമരങ്ങള്‍ കുറഞ്ഞതു കൊണ്ടാവുമൊ? എന്തെങ്കിലുമാവട്ടെ. പക്ഷെ ഇവര്‍ക്കു ഉപരിപടനത്തിനു അവസരമെവിടെ? ഉടന്‍ വന്നു മന്ത്രിയുടെ വാഗ്ദാനം. പുതിയ +2 സ്കൂളുകള്‍ അനുവദിക്കും. എത്ര ന്യായമായ കാര്യം. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ അനുവദിച്ചതു പോലെ നിക്ഷ്പക്ഷമായും(?) സുതാര്യമായും(?) തന്നെയാവും എന്നു വിശ്വസിക്കാം.

വീണ്ടും അല്‍പ്പം മൂന്നാര്‍ ചിന്തകള്‍......

മൂന്നാറിലെ റിസോര്‍ട്ടുകള്‍, കയ്യേറിയ സ്ഥലത്താണെങ്കില്‍ ഒഴിപ്പിക്കേണ്ടതു തന്നെ. കെട്ടിടങ്ങള്‍ തകര്‍ത്തെറിയണമായിരുന്നൊ? അതു സര്‍ക്കാരിലേക്കു സ്വരുക്കൂട്ടിയിരുന്നെങ്കില്‍ അതല്ലായിരുന്നൊ നല്ലത്‌. മൂന്നാര്‍ ഇന്നു ഒരു വിനോദസ്ഥലമാണു. അവിടെ ലാഭമുണ്ടാക്കാന്‍ എറ്റവും ഉചിതമായതു റിസോര്‍ട്ടുകള്‍ തന്നെ. കെട്ടിടങ്ങള്‍ തകര്‍ത്തെറിഞ്ഞ സ്ഥലങ്ങളില്‍ പ്രകൃതിക്കിണങ്ങിയ രീതിയില്‍ പുനസൃഷ്ടിക്കുകയാനു ഉദ്ദേശ്മെങ്കില്‍ നല്ലതു.

സി.ഡി കടകള്‍ക്കു പകരം മൊസേര്‍ ബയെറിന്റെ കുത്തക വന്നതു പോലെ, മില്‍മക്കു പകരം അമുല്‍ വരുന്നതു പോലെ, സര്‍വ്വ പ്രതിരോധങ്ങളെയും നാണം കെടുത്തി എ.ഡി.ബി സവ്വവും വിഴുങ്ങുന്നതു പോലെ, ചെറിയ റിയല്‍ എസ്റ്റേറ്റ്‌ മാഫിയയെ ഒഴുപ്പിച്ചു റ്റീകോം പോലുള്ള വന്‍ മാഫിയക്കു സ്ഥലം കാഴ്ച്ചവെക്കുകയാണൊ ഉദ്ദേശമെന്നു സംശയിക്കാതിരിക്കാനും വയ്യ.

സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ചു ശുഭാപ്തി വിശ്വാസമൊന്നും എനിക്കില്ല. ഒരു നേട്ടവും കാണിക്കാനില്ലാതെ ഒരു വര്‍ഷം കടന്നു പോകുന്നതു ഒഴിവാക്കാന്‍ കഴിഞ്ഞു എന്നു മാത്രം. സ്മാര്‍ട്ട്‌ സിറ്റി ഈ ഗവണ്മന്റിന്റെ നേട്ടമായി ഞാന്‍ കാണുന്നില്ല. കരാറില്‍ എന്തു നേട്ടം ഉണ്ടായാലും (ഏറെയൊന്നുമില്ല എന്നതിനു മുഖ്യന്റെ മൗനം സാക്ഷി) അതു, നഷ്ടപ്പെടുത്തിയ മൂന്നു വര്‍ഷങ്ങള്‍ക്കു സമമാകില്ലയെന്നു ഇവിടുത്തെ അഭ്യസ്തവിദ്യനു മനസ്സിലാകും. നടപ്പിലാക്കാന്‍ ഇടതുപക്ഷം തയ്യാറയതു തന്നെ ഈ ജനത അതു വളരെയധികം ആഗ്രഹിക്കുന്നു എന്നതുകൊണ്ടു മാത്രമാണു താനും.

എങ്കിലും, വളരെ നിലവാരം കുറഞ്ഞ ഒരു പറ്റം മന്ത്രിമാരെയും വഹിച്ചു നീങ്ങുന്നതിന്നിടയില്‍ നിലനില്‍പ്പിനു വേണ്ടിയാണെങ്കില്‍കൂടി കടന്നു കയറ്റങ്ങളെ എതിര്‍ക്കുന്ന, ഒഴിപ്പിക്കാന്‍ ചങ്കൂറ്റം കാണിക്കുന്ന ബഹു: മുഖ്യമന്ത്രിയില്‍ ഞാന്‍ ഇന്നൊരു നീറുറവ കണ്ടെത്തുന്നു.

Saturday, March 10, 2007

സിങ്ങൂരും നന്ദിഗ്രാമും പിന്നെ എ. ഡി. ബിയും - അഭിനവ മാക്സിസ്റ്റുകളുടെ തനിനിറം

നൂറ്റാണ്ടു മുമ്പ്‌ റഷ്യയില്‍ സമത്വത്തിന്റെ മന്ത്രവുമായി ഉയര്‍ന്നു വന്ന പ്രസ്ഥാനം സംഘടിത പ്രസ്ഥാനങ്ങളുടെയും ആശയങ്ങളുടെയും ശക്തി ലോകത്തിനു മനസ്സിലാക്കി കൊടുത്തു. സമത്വം അവകാശമാണെന്നുള്ള തിരിച്ചറിവു, പ്രഭുക്കന്മാരെവരെ മാളികമുകളില്‍ നിന്നും ഇറങ്ങിവന്നു തെരുവു തെണ്ടിയുടെവരെ തോളില്‍ കൈവെച്ചു "സഖാവെ" എന്നു വിളിക്കാന്‍ പോലും പ്രാപ്തനാക്കി. അസംഘടിതരായിരുന്ന തൊഴിലാളികള്‍ ഈ സംഘടിത ശക്തിയാലും ആശയത്താലും അധികാരംവരെ നേടുകയും ചെയ്തു. മാറുന്ന ലോകക്രമത്തില്‍ കാലാനുസൃത മാറ്റങ്ങല്‍ക്കു തയ്യാറാകാതെ അതെ പ്രസ്ഥാനം നാടിനെത്തന്നെ തകര്‍ക്കുന്നതും നാം കണ്ടു.

ഇതു ചരിത്രം. പ്രസ്ഥാനങ്ങള്‍ക്കു കാലാനുസൃതമായ മാറ്റം ഉണ്ടാവേണ്ടതുണ്ട്‌. ആ മാറ്റങ്ങള്‍ ഉചിതമായ സമയങ്ങളിലാകുകയും വേണം. ദീര്‍ഘവീക്ഷണമുള്ള നേതൃത്വങ്ങള്‍ക്കെ അതിനു കഴിയുകയുള്ളൂ. അഭിനവ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങല്‍ക്കു സംഭവിച്ചിരിക്കുന്ന അപചയങ്ങള്‍ക്കു കാരണവും മറ്റൊന്നല്ല. എന്തിനെയും ഏതിനെയും എതിര്‍ക്കുക എന്ന ശൈലി ജനതയെ വളരെയധികം പിന്നോട്ടു കൊണ്ടുപോയിട്ടുണ്ടെന്നതു അവര്‍ തന്നെ സമ്മതിക്കുന്ന കാര്യവുമാണ്‌.

നേരായ രീതിയിലുള്ള നാടിന്റെ വികസനമെന്നതു ജനതയുടെ അവകാശമാണ്‌. ഒപ്പം തന്നെ തൊഴിലും ജീവിതവും സംരക്ഷിക്കപ്പെടേണ്ടതുമുണ്ട്‌. പ്രസ്ഥാനങ്ങള്‍ അധികാരത്തിലും പുറത്തും വാക്കിനു നേരും നെറിയും പാലിക്കേണ്ടതുണ്ട്‌. അതു നഷ്ടപ്പെടുന്നിടത്തു നിന്നാണു അരാഷ്ട്രീയ വാദങ്ങളുടെ തുടക്കം. ഒരോ പ്രശ്നങ്ങളില്‍ തങ്ങളെടുക്കുന്ന നിലപാടുകള്‍ (നിലപാട്‌ മാറ്റങ്ങളും) ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അവര്‍ ബാധ്യസ്തരുമാണ്‌.

കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്കു (പ്രത്യേകിച്ചു സി. പി. എമ്മിനും, സി. പി. ഐക്കും) നിഷേധ നിലപാടുകള്‍ക്കപ്പുറം ഒരു ബദല്‍ കാഴ്ചപ്പാടില്ല എന്നതാണു സത്യം. എ. ഡി. ബി വായ്പ്പയുടെ കാര്യത്തില്‍ ഇന്നെത്തെ നിലാപാടു മാറ്റത്തിലേക്കു നയിക്കുന്ന ഏക മാറ്റം അവര്‍ പ്രതിപക്ഷത്തു നിന്നും ഭരണപക്ഷത്തേക്കു മാറി എന്നതു മാത്രമാകുന്നു. സി. പി. ഐ സമ്മതപത്രം നല്‍കിയതു ഒരു മന്ത്രിയുടെ രാജി ഒഴിവാക്കാനത്രെ? ഒരു നാടിന്റെ ഭാവിയെക്കാള്‍ വലുതത്രെ ഇവര്‍ക്കു മന്ത്രിയുടെ ഭാവി. അതും കോടതിക്കെതിരെ വായില്‍ തോന്നിയതു വിളിച്ചു പറഞ്ഞിട്ടു കോടതിയില്‍ പോയി മാപ്പു പറഞ്ഞ നട്ടെല്ലില്ലാത്തവരുടെ ഭാവി.

ഇതു കേരളത്തിന്റെ അവസ്ഥ. അര നൂറ്റാണ്ടിനടുത്ത്‌ സി. പി. എം ഭരിക്കുകയും നാടിന്റെ വികസനം ലക്ഷ്യമാക്കി മുന്നൊട്ടു കുതിക്കുകയും ചെയ്ത ബംഗാളില്‍ ഇന്നു സി. പി. എം ജനങ്ങളില്‍ നിന്നും അകന്നു തുടങ്ങിയിരിക്കുന്നു. തങ്ങളെ അധികാരത്തിലേറ്റിയ തൊഴിലാളികളെ സംരക്ഷിക്കാനുള്ള ബാധ്യത വിസ്മരിച്ചു വമ്പന്‍ കുത്തകകള്‍ക്കു വേണ്ടി അവരെ തെരുവിലേക്കു വലിച്ചെറിയുന്നു. അനുസരിക്കാത്തവരെ ഇരുട്ടിന്റെ മറവില്‍ ഗുണ്ടകളെ ഉപയോഗിച്ചു കൊന്നു തള്ളുന്നു. സിങ്ങൂരില്‍ റ്റാറ്റയ്ക്കു വേണ്ടിയാണെങ്കില്‍ നന്ദിഗ്രാമിനെ സംരക്ഷിതമേഖലയാക്കി വമ്പന്മാര്‍ക്കു കാഴ്ചവെക്കാനാണിതെല്ലാം. ഫലപുഷ്ടമായ കൃഷി പ്രദേശങ്ങളാണു ഇങ്ങനെ തീറെഴുതുന്നതു എന്നാണു മനസ്സിലാക്കാന്‍ കഴിയുന്നത്‌. ഒറ്റ രാത്രികൊണ്ടു സര്‍ക്കാരും ഗുണ്ടകളും നന്ദിഗ്രാമില്‍ കൊന്നു തള്ളിയതു 16 വയസ്സുള്ള യുവാവിനെയടക്കം എട്ടുപേരെയാണത്രെ?

സ്ഥിരമായ അധികാരം സ്വേച്ഛാധിപത്യത്തിലേക്കു നയിക്കുന്നു എന്നതിനു ഒരു തെളിവു കൂടി.

ഇതു കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ ഭരിക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ അവസ്ഥ. ഇന്നലളില്‍ മുതലാളിത്വത്തിനെതിരെ മുഴങ്ങിയ മുദ്രാവാക്യങ്ങള്‍ ഇന്നത്തെ മുതലാളിയായ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്കെതിരെ മുഴങ്ങുന്ന നാള്‍ വിദൂരമല്ല. ഒരു പക്ഷെ അതിലൊന്നു ഇങ്ങനെയുമാകാം, "സര്‍വ്വ രാജ്യത്തൊഴിലാളികളെ സംഘടിക്കുവിന്‍ കമ്മ്യൂണിസത്തിനെതിരെ".

Related Posts with Thumbnails