അടുത്തകാലത്ത് ഫോര്‍വേഡായെത്തിയ മെയിലിലൊരു കഥയുണ്ടായിരുന്നു. വിദേശത്തു ജോലി ചെയ്യുന്ന ഒരാള്‍ , ഇന്ത്യയിലേക്കു ഉല്ലാസയാത്രക്കു പോയി വന്ന തന്റെ ബോസ്സിനോട് കുശലാന്വേഷണം നടത്തുന്നതും അതിനു കിട്ടിയ ദു:ഖകരമായ മറുപടിയുമായിരുന്നു കഥയായി വന്നത് .
അതിന്റെ ചുരുക്കം ഇങ്ങനെ. ഇന്ത്യ മുഴുവന്‍ ചുറ്റിക്കറങ്ങിയ താന്‍ സുന്ദരവും അനുഗ്രഹീതവുമായ മണ്ണും, പ്രകൃതിയും, കാലാവസ്ഥയുമൊക്കെ ആസ്വദിച്ചു വിവിധ സ്ഥലങ്ങളില്‍ പോയി അവിടുത്തെ ജനങ്ങളെയുമൊക്കെ കണ്ടു. ആ യാത്രയില്‍ കാഷ്മീരിയേയും, കേരളീയനേയും, തമിഴനേയുമൊക്കെ കണ്ടു. പക്ഷെ ഇന്ത്യയില്‍ പോയിട്ടു ഒരിന്ത്യക്കാരനെപ്പോലും കാണാനായില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷമം.
ഭാഷയെ വെച്ചു സംസ്ഥാനങ്ങളുടെ അതിര്‍വരമ്പുകള്‍ തിരിച്ചിരിക്കുന്ന നമ്മുടെ നാട്ടില്‍ ജനങ്ങള്‍ അതിന്റെ നാലതിരുകളില്‍, അല്ലെങ്കി ഭാഷയുടെ ഏകതയില്‍ ഒതുങ്ങിപ്പോകുന്നതു സ്വാഭാവികം. റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യദിനവും ആഘോഷിക്കുന്ന, അല്ലെങ്കില്‍ ഡല്‍ഹിയിലെ ആഘോഷങ്ങളും നേതാക്കളുടെ സന്ദേശങ്ങളും കാണാനായി ടി.വിക്കു മുന്നിലെങ്കിലുമിരിക്കുന്ന എത്രപേരുണ്ട് നമ്മുടെ നാട്ടില്‍ . ഒരു സ്വാതന്ത്ര്യ ദിനത്തിനു ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത ആശംസക്കു പ്രത്യഭിവാദ്യം ചെയ്തതിലേറെയും വിദേശത്തായിരുന്ന സഹോദരന്മാരായിരുന്നു. ഇപ്രാവശ്യത്തെ സ്വാതന്ത്ര്യ ദിനത്തിന്റെയും, ഗാന്ധി ജയന്തിയുടേയും സന്തോഷ ദിനങ്ങള്‍ വാരാന്ത്യ അവധികളില്‍ ലയിച്ചു പോയതില്‍ പരിഭവിക്കുന്നവരാണെന്റെ ഓഫീസില്‍ അധികവും. ‘നാനാത്വത്തിലെ ഏകത്വ‘മൊക്കെ ഒരു വികാരമായി മനസ്സില്‍ രൂപീകരിച്ചു ഇന്ത്യക്കാരനാകാന്‍ നമ്മള്‍ക്കു ആദ്യം വിദേശിയാവേണ്ടി വരുന്നു എന്നതാണ് ഒരു സത്യം.
കേരളത്തിന്റെ പുതിയ സാമൂഹ്യാവസ്ഥയില്‍ നാട്ടിലെത്തുന്ന സഞ്ചാരിക്കു വിവിധ മതസ്ഥനെ കാണാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഒരു കേരളക്കാരനെ കാണാന്‍ പറ്റുന്ന കാലം എന്നുവരെയുണ്ടാവും? മതവിശ്വാസത്തിന്റെ നാലതിരുകളിലേക്ക് ജനങ്ങള്‍ ഒതുങ്ങുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിമാറുന്നുണ്ട് വേഷവിധാനത്തിലെ പ്രകടനപരതകള്. മുസ്ലീം സ്ത്രീകള്‍ ചുരീദാറും തലയിലെ സ്കാര്‍ഫും ഷാളുമൊക്കെമാറ്റി പര്‍ദ്ദയും മഫ്തയുമൊക്കെയാക്കിയത് അത് ഇസ്ലാം വിരുദ്ധമായതുകൊണ്ടല്ല, സൌകര്യം കൊണ്ടും പുതിയ ഫാഷന്‍ കൊണ്ടും മാത്രവുമല്ല, താന്‍ മതത്തിന്റെ ഭാഗമായാല്‍ സംരക്ഷണത്തിനു മതമെങ്കിലുമുണ്ടാകും എന്ന അരക്ഷിതാ ബോധത്തില്‍ നിന്നു കൂടിയാണ്. സമൂഹത്തിലെ മറ്റു വിഭാഗങ്ങളിലും ഇത്തരം അരക്ഷിതാവസ്ഥയുടെ പ്രതിഭലനങ്ങള്‍ വീക്ഷിക്കാന്‍ കഴിയും. ഭൂമിക്കു സമാന്തരമായി വരച്ചിരുന്ന ചന്ദനക്കുറികള്‍ ലംബമാകുന്നതും, കാവിയും കറുപ്പും വസ്ത്രങ്ങള്‍ വ്യാപകമാവുന്നതും, സിന്ദൂരത്തിലകങ്ങള്‍ എവിടേയും തിളങ്ങുന്നതും, ആള്‍ദൈവങ്ങള്‍ക്കു സ്വീകാര്യത കൂടുന്നതും, നാടുമുഴുവന്‍ പൊങ്കാലയുത്സവങ്ങള്‍ പൊടിപൊടിക്കുന്നതുമൊക്കെ കുറഞ്ഞകാലത്തിനുള്ളില്‍ വന്ന വലിയ മാറ്റങ്ങളാണല്ലോ? മതം എന്നതു ഇപ്പോള്‍ ഒരാശ്രയം എന്നതിനപ്പുറം ഒരു മദം അഥവാ ലഹരിയായി മാറുന്നു എന്ന് വിളിച്ചുപറയുന്നുണ്ട് വാര്‍ത്തകള്‍.
ഇവയൊക്കെ മതത്തോട് ചേര്‍ന്ന കാര്യമാണെങ്കില്‍, മദ്യത്തോട് ചേര്‍ന്ന അവസ്ഥയും ഭിന്നമല്ല. ഇന്നു വഴിവക്കിലൊരു ആള്‍ക്കൂട്ടം കണ്ടാല്‍ ഉറപ്പിക്കാം അവിടൊരു ബിവറേജിന്റെ ഔട്ട്ലെറ്റ് ഉണ്ടെന്ന്. വാഹനാപകടങ്ങളും, അക്രമങ്ങളും കൂടുന്നതിനൊരു കാരണം മദ്യമാണെന്നു എല്ലാവര്ക്കും അറിയാം. അടുത്ത കാലത്തായി ഒട്ടുമിക്ക യാത്രയിലും ഏതെങ്കിലുമൊരു മദ്യപന് ഉണ്ടാക്കുന്ന പുകിലുകളില് എന്റെ യാത്ര താമസിക്കാറുണ്ട്. കഴിഞ്ഞയാഴ്ച കൊല്ലം പോലീസ് സ്റ്റേഷനില്‍ രാത്രി പത്തുമണിയോടടുപ്പിച്ച് അരമണിക്കൂറോളം കളഞ്ഞതു മദ്യപിച്ചു കയറിയ ചില യുവാക്കളായിരുന്നു. ഒരു നിറഞ്ഞ ബസ്സുമുഴുവന്‍ ഒരാളുടെ പരാക്രമത്താല്‍ വിഷമിച്ചു. തിരുവനന്തപുരത്തു നിന്നും വിട്ട വണ്ടി കൊല്ലത്തെത്തുന്നതിനിടയില്‍ ഒരു മണിക്കൂറോളം വൈകിയതിനു ശേഷമാണീ ബുദ്ധിമുട്ടുകള്‍ എന്നതോര്‍ക്കണം. രാത്രിയായതിനാല്‍ പലരെയും അവസാന ബസ്സിന്റെ സമയം അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. കുറച്ചു നാള് മുന്‍പ് ഇതേ രീതിയിലെ മറ്റൊരു ബസ് അനുഭവം, നമ്മുടെ നാട്ടിലെ ആയുദ്ധപരിശീലനങ്ങള്‍ നിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചിട്ട പോസ്റ്റില്‍ ഞാന്‍ വിവരിച്ചിരുന്നു.
മദ്യവും മതം പോലെയാണ് ചിലര്‍ക്കു. ഒരാശ്രയം, ഒരു ധൈര്യം. ആദ്യം അതിന്റെ ചിറകില്‍ സംരക്ഷണം തേടും. പിന്നെ അതൊരു ലഹരിയായി മാറി അതിന്റെ ധൈര്യത്തിലായി അക്രമങ്ങള്‍. ഒന്നിനെ തിരഞ്ഞെടുക്കുന്നവന്റെ വ്യക്തി സ്വാതന്ത്ര്യത്തെ അംഗീകരിക്കാം. എന്നാല്‍ അടുത്ത ഘട്ടം ആക്രമണമായാലോ? പലതും അധികമാവുന്നതിന്റെ ദൂഷ്യങ്ങളാണ് നാമിന്നു കാണുന്നത്.
അധികമായിപ്പോയതിന്റെ കാര്യം പറയുമ്പോള്‍ നാട്ടിലെ വാര്‍ത്താ മാധ്യമങ്ങളുടെ കാര്യം പറയാതെ വയ്യ. ഈ കൊച്ചു ഭാഷയില്‍ ഇനിയും ഏഴോളം ചാനലുകള്‍ അണിയറയിലൊരുങ്ങുന്നു എന്ന അറിവ് പേടിപ്പെടുത്തുന്നതാണ്. ടിവിയുടെ റിമോര്‍ട്ട് നമ്മളുടെ കയ്യിലുണ്ടെന്നതാണാകെയൊരു ആശ്വാസം. എങ്കിലും വാര്‍ത്തകളിലൂടെ പോയിപ്പോയി ആ യാത്ര നമുക്കൊരു ലഹരിയായി മാറുന്നതു നാം അറിയുന്നുവോ? നാം ചാനലുകള്‍ മാറ്റുന്നതു സത്യം തേടിയാകും. എന്നാല്‍ അതു ഓഫ് ചെയ്യുന്നതിനേക്കാള്‍ നല്ലതൊന്നും വേറെ കിട്ടില്ല എന്ന സത്യം നാം വിസ്മരിച്ചു പോകുന്നു. നിങ്ങള്‍ പ്രതികരണ ശേഷി മരിച്ചിട്ടില്ലാത്ത മനുഷ്യനാണെങ്കില്‍, നിങ്ങള്‍ക്കു നിങ്ങളുടെ പകലുകളെ ആവശ്യമുണ്ടെങ്കില്‍ രാവിലെ വാര്‍ത്തകള്‍ ശ്രദ്ധിക്കരുത് എന്നാണ് എന്നോടൊരാള്‍ പറഞ്ഞതു. സുഖനിദ്രയാണു പ്രധാനമെങ്കില്‍ രാത്രിയില്‍ വാര്‍ത്ത കേള്‍ക്കരുതെന്നും.
ചുറ്റും നടക്കുന്നതറിഞ്ഞു മോശമായിപ്പോയവരേക്കാള്‍ കൂടുതല്‍ പേരൊന്നും ചുറ്റും നടക്കുന്നതറിയാതെ മോശമായിപ്പോയിട്ടില്ല എന്നതിനാല്‍ , നിങ്ങള്‍ക്കു നിങ്ങളുടെ ഉള്ളിലെ നന്മയെ കാത്തു സൂക്ഷിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ വാര്‍ത്തകളേ ശ്രദ്ധിക്കരുതെന്നാണ് എനിക്കിപ്പോള്‍ പറയാന്‍ തോന്നുന്നതു.
മതവും മദ്യവും മാധ്യമങ്ങളും ഒരേ സമയം മദവും (ലഹരി) ആയുധവുമാണ് പലര്‍ക്കും. അവ ഉപയോഗിച്ചു തീര്‍ക്കുന്ന മൃധങ്ങള്‍ (യുദ്ധങ്ങള്‍) സഹിക്കാവുന്നതിലുമപ്പുറമായിരിക്കുന്നു.
Wednesday, July 28, 2010
മതവും മദ്യവും മാധ്യമങ്ങളും, അവ സൃഷ്ടിക്കുന്ന മദവും മൃധവും.
Posted by
Irshad
at
7:49 PM
7
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: പ്രതികരണം
Tuesday, July 13, 2010
ഗൂഗിള്‍ ന്യൂസ്
കേരളത്തിന്റെ സാമൂഹികാന്തരീക്ഷം അനുദിനം വഷളായിക്കൊണ്ടിരിക്കുന്നുവെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട് നമ്മുടെ മാധ്യമങ്ങള്‍. ആ മാധ്യമങ്ങള്‍ തന്നെയാണ്
ഇതിങ്ങനെയാക്കപ്പെടുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നതെന്നു ഞാന്‍ വിശ്വസിക്കുന്നു.
വാര്‍ത്തകള്‍ അറിയാന്‍ ഞാന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നു http://news.google.com ആണു. വിവിധ മേഖലകളെയും വിഷയങ്ങളെയും വേര്‍തിരിച്ച് വാര്‍ത്തകള്‍ ചിട്ടയോടെ അടുക്കി അതു നമ്മുടെ മുന്നിലെത്തിക്കുന്നു. ഒരു വിഷയത്തിലെ വ്യത്യസ്ത മാധ്യമങ്ങളുടെ വ്യത്യസ്ത വീക്ഷണകോണുകളിലെ തലക്കെട്ടുകള്‍ ഒരു കുടക്കീഴില് നമുക്കു അതില്‍ കാണാം. വാര്‍ത്തകളെ അപഗ്രദ്ധിക്കുന്നവനു, ചിലര്‍ വാര്‍ത്തകള്‍ക്കൊപ്പം പകര്‍ന്നു നല്കുന്ന വൃത്തികെട്ട സംസ്കാരവും നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ നേരുകളും കാണാം. ഒരേ വാര്‍ത്തകള്‍ പല മാധ്യമങ്ങളില്‍ വരുന്ന സമയവും ഉള്ളടക്കവും കൂടി ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ വാര്‍ത്തയുടെ ഉറവിടവും, മാധ്യമ സിന്‍ഡിക്കേറ്റുകളേയും മനസ്സിലാക്കാം. വാര്‍ത്തകള്‍ക്കിടയില്‍ തന്നെ അപസര്‍പ്പക കഥകളെഴുതിക്കയറ്റേണ്ടതെങ്ങനെയെന്നു കാണിച്ചുതരുന്ന മുത്തശ്ശിമാരെയും, പച്ചക്കള്ളങ്ങള്‍ വെള്ളം തൊടാതെ വിളമ്പുന്നതെങ്ങനെയെന്നു കാട്ടിത്തരുന്ന വല്യേട്ടന്മാരെയും, പച്ചയും, കാവിയും, വെള്ളയും, ചുവപ്പും, നീലയുമൊക്കെ ഒറ്റക്കും ഇടകലര്‍ത്തിയും നമ്മെ ചിരിപ്പിക്കുകയും ഒപ്പം പ്രകോപിക്കുകയും ചെയ്യുന്ന കോമാളികളേയും നമുക്കു കാണാം. വാര്‍ത്തകളെ അപഗ്രധിക്കാനും സത്യം അറിയാനും ഇഷ്ടപ്പെടുന്ന കൂട്ടുകാരോട് ഞാനിതു പങ്കുവെക്കുന്നുവെന്നു മാത്രം.
ഇന്നിവിടെ മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണില്‍ നിന്നും മതങ്ങളുടെയും രാഷ്ട്രീയത്തിന്റേയും പ്രസ്ഥാനങ്ങളുടേയും ഒന്നാം തൂണായി മാറീയിരിക്കുന്നു. ഇപ്പോള്‍ തീവ്രവാദ വേട്ടകളുടേയും വധ ഭീഷണികളുടേയും കാലം. പ്രതികളുടെയും പ്രസ്ഥാനങ്ങളുടെയും പേരിനനുസരിച്ചും സ്വാധീനത്തിനനുസരിച്ചും മിതഭാഷയും തീവ്രഭാഷയും മാറിവരുന്നതു നിങ്ങള്‍ക്കു ഇവിടെ കാണാം. പല സംഭവങ്ങളെ കോര്‍ത്തിണക്കി ഒരു വലിയ ലക്ഷ്യത്തിലെത്തിക്കുന്നതു തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ നമുക്കു കണ്ടെത്താം. വിട്ടു കളയാന്‍ പാടില്ലാത്ത ചിലതു തമസ്കരിക്കുന്നതും, ഒരു ദിവസത്തിനുമേല്‍ കൊണ്ടു നടക്കേണ്ടാത്ത ചിലതു ആഴ്ചകളോളം വിവിധ രീതിയില്‍ വിവിധയിടങ്ങളില്‍ നിലനീര്‍ത്തുന്നതങ്ങനെയെന്നും നമുക്കിവിടെനിന്നും മനസ്സിലാക്കാം.
Posted by
Irshad
at
12:15 PM
8
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: ലേഖനം