ഇന്നലെ വൈകിട്ടു ഏഷ്യാനെറ്റില്‍ നടന്ന ഒരു ‘മഫ്ത വിവാദം ചര്‍ച്ച‘യാണ് എന്നെക്കൊണ്ട് ഈ പോസ്റ്റ് എഴുതിക്കുന്നതു.
ഒരു മാസത്തിനുള്ളില്‍ മൂന്നാമതും കൊച്ചു കുട്ടികളുടെ മഫ്ത അഴിപ്പിക്കുന്ന സംഭവം ഉണ്ടാകുമ്പോള്‍ പ്രതികരിക്കാതെ വയ്യ. കൂടാതെ ഒരു ഫാദര്‍ തന്നെ ചര്‍ച്ചയില്‍ പങ്കെടുത്തു, ‘സ്കൂള്‍ യൂണീഫോമിന്റെ ഭാഗമാണതു, അതു സ്കൂള്‍ തീരുമാനിക്കും, എന്തിനു മുസ്ലീംങ്ങള്‍ ഇതിടണമെന്നു വാശി പിടിക്കുന്നു എന്നു ചോദിക്കുകയുണ്ടായി. ഇതാണെന്നെ ഏറ്റവും വേദനിപ്പിച്ച സംഗതി. ഒഴിവാക്കാനാവാത്ത ഒരു മത ചിഹ്നത്തോട് എന്തിനു ഇത്ര അസഹിഷ്ണുത? മതചിഹ്നം ധരിക്കുന്ന അച്ഛന്മാരും കന്യാസ്ത്രീകളും തന്നെ ഇങ്ങനെ പറഞ്ഞാല്‍, വേറെ ഏതൊരു സമൂഹത്തെയാണ് ഇതു ബോധ്യപ്പെടുത്താനാവുക? ചര്‍ച്ചയില്‍ പങ്കെടുത്ത സര്‍ക്കാര്‍ പ്രതിനിധി ഒരു മുസ്ലീം ആയതിനാലാകും വ്യക്തമല്ലാത്ത മറുപടി പറഞ്ഞ് ഒഴിഞ്ഞു കളഞ്ഞു. ചര്‍ച്ചക്കു നേതൃത്വം നല്കിയവന്റെ ശ്രദ്ധ മഫ്ത നിരോധിച്ചതു അവകാശത്തിന്മേലുള്ള കൈകടത്തലാണെന്ന യാദാര്‍ത്ഥ്യത്തിലൂന്നാതെ, മഫ്ത ഒഴിവാക്കിയാല്‍ എന്താ നിങ്ങള്‍ക്ക് കുഴപ്പം എന്ന നിലയില്‍ പ്രശ്നം ഉയര്‍ത്തലായിരുന്നു.
ആദ്യ സംഭവങ്ങളില്‍ വൈദികരുടെ പൊതുജന മധ്യത്തിലെ സംസാരം ‘ഇതു ഒരാള്‍ക്കു പറ്റിയ കൈപ്പിഴ’ എന്ന നിലയിലായിരുന്നു. ടി.സിയില്‍ വിടുതല്‍ കാരണമായി ‘മഫ്ത ഇവിടെ അനുവദനീയമല്ല‘ എന്നെഴുതിയതു കൈപ്പിഴയെന്നു അംഗീകരിച്ചു സമൂഹം സമാധാനപരമായി മുന്നോട്ടു പോയി. പക്ഷെ വീണ്ടും അതു ഈ കേരള മണ്ണില്‍ തന്നെ ആവര്‍ത്തിക്കുന്നു. ഒടുവില്‍, ചെയ്തതിനെ ഒരു ഉളുപ്പുമില്ലാതെ ന്യായീകരിക്കുന്നതു കാണുമ്പോള്‍ ചിലതു പറയാതെ വയ്യ.
ഫാദറിനോട് പറയാന്‍ ഞാനാഗ്രഹിച്ച മറുപടി “ഇതു മതേതര രാഷ്ട്രമായ ഇന്ത്യയാണ്” എന്നാണ്. അതില്കൂടുതല് എന്തു പറയാന്‍. നാടിന്റെ പൈതൃകം അറിയാത്തവനു നാട്ടുകാരനാവാനാവില്ല.
സര്‍ക്കാരിനോട് പറയാനാഗ്രഹിക്കുന്നത് “ഇന്ത്യന്‍ ഭരണഘടനക്കു മുകളിലാവരുത് സ്കൂളുകളുടെ നിയമങ്ങള്‍ എന്ന് സകലരെയും ബോധ്യപ്പെടുത്തിക്കൊടുക്കണം” എന്നും. തന്റെ വിശ്വാസ വസ്ത്രം ധരിക്കുന്ന കുട്ടിയ പുറത്താക്കുന്ന സ്കൂള്‍ നിയമമാണ് ഭാരതത്തില്‍ മാറ്റപ്പെടേണ്ടത്. അതു മാറ്റാന്‍ വയ്യാത്ത സ്കൂളുകള്‍ നടത്തേണ്ടതു ഭാരതത്തിലല്ല എന്നു ബോധ്യപ്പെടുത്തേണ്ടതു ഭരണകൂടമാണ്. മാറ്റപ്പെടുന്നതു വിദ്യാര്‍ത്ഥിയുടെ മാന്യമായ വസ്ത്രമായാല്‍ പിച്ചിച്ചീന്തപ്പെടുന്നതു നമ്മുടെ പൈതൃകങ്ങളാണ്. ചാനലുകാരുടെ ഉദ്ദേശങ്ങള്‍ ഇപ്പോള്‍ ജനങ്ങള്‍ക്കു വേഗത്തില്‍ മനസ്സിലാവും. ചര്‍ച്ചകളിലൊക്കെ പെര്‍ഫോം ചെയ്യുന്നവനു മുഴുവന്‍ സമയവും സ്വയം നിയന്ത്രിക്കാനും ഒളിച്ചുവെക്കാനും കഴിഞ്ഞെന്നു വരില്ലല്ലോ? അതിനാല്‍ അതിനെക്കുറിച്ചു കൂറ്റുതലൊന്നും പറയുന്നില്ല.
പണ്ട് മുതലേ പല മതവിഭാഗങ്ങളുടെയും നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ വിശ്വാസം അനുസരിച്ചുള്ള പ്രാര്‍ത്ഥനയും, ആശുപത്രി-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഒരുവനു ഏറ്റവും പെട്ടെന്നു പ്രാപ്യമായ അവസ്ഥയില്‍ മുക്കിലും മൂലയിലും മതചിഹ്നങ്ങളും കാണാം. സ്വന്തം സ്ഥാപങ്ങളാണെങ്കില്‍ കൂടി പൊതു സ്ഥലത്തു മത ചിഹ്നങ്ങള്‍ എത്രമാത്രം പ്രദര്‍ശിപ്പിക്കാം എന്നു ഇക്കാലമത്രയും ആരും ചോദിക്കാഞ്ഞത് സമൂഹത്തിന്റെ മതനിരപേക്ഷതയാണെന്നു കാണണം നാം.
ഭക്ഷണത്തിനൊപ്പം സ്വന്തം വിശ്വാസവും കുട്ടികളുടെ അകത്തേക്കു കടത്തുന്ന സ്ഥാപനങ്ങളാണു പലതുമെങ്കിലും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മുന്‍നിര്‍ത്തിയും, സ്വന്തം വിശ്വാസം പ്രചരിപ്പിക്കുന്നതു ഒരു തെറ്റല്ല എന്ന കാരണത്താലും പലരുടേയും നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ നാം വിദ്യാര്‍ത്ഥികളെ അയച്ചു പോരുന്നു.
എന്നാല്‍ സ്വന്തം വിശ്വാസം സമൂഹത്തില്‍ കടത്തേണ്ടതു പൊതു വിദ്യാഭ്യാസത്തിനൊപ്പമല്ലെന്നു നാം തീരുമാനിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസത്തിലെ ഫാസിസ്റ്റ്-കമ്മ്യൂണിസ്റ്റ് ആശയ കടന്നുകയറ്റങ്ങളെ ചെറുത്തതുപോലെ തന്നെ സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകളെയും തടുക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളുടെ മതം തിരിച്ചു സ്കൂളുകള്‍ നടത്തിയും മറ്റും നമുക്കു ഇതു പരിഹരിക്കാനാവില്ല. അവ വേലിക്കെട്ടുകള്‍ തീര്‍ക്കാനെ സഹായിക്കു.
“നാനാത്വത്തില്‍ ഏകത്വമാണ്“ ഭാരതപ്പെരുമ. ഓരൊ ചെറിയ പൊതുജന കൂട്ടവും അങ്ങനെ തന്നെയാവണം. വിദ്യാര്‍ത്ഥിക്കൂട്ടങ്ങളും പൊതുജനവും പൊതു ഭരണവും രാഷ്ട്രീയ പാര്‍ട്ടികളും എല്ലാം അങ്ങനെയാവട്ടെ. ഒരു വിഭാഗത്തിന്റെ അടയാളങ്ങള്‍ അഴിച്ചെറിയാന്‍ ആവശ്യപ്പെടുന്നതു ആ വിഭാഗത്തെ പടിയടക്കുന്നതിന്റെ ഭാഗമായേ കാണാനാവൂ. തുണി പറിച്ചെറിയാന്‍ നാം ഒരു വ്യക്തിക്കു കൊടുക്കുന്ന സ്വാതന്ത്ര്യത്തോളമെങ്കിലും തുണിയുടുക്കുന്നവനും കിട്ടേണ്ടണ്ടതുണ്ട്?
പലര്‍ക്കും വിശ്വാസ പ്രചരണത്തിന്റെ ഒരു ഘട്ടം കഴിഞ്ഞിരിക്കുന്നു എന്നു വേണം ഇപ്പോള്‍ മനസ്സിലാക്കാന്‍. അടിയുറച്ച വിശ്വാസിയിലേക്ക് മറ്റുള്ള വിശ്വാസങ്ങള്‍ കടത്തി വിടുകയെന്നതു ബുദ്ധിമുട്ടാണെന്ന് ബോധ്യമായതിനാലാകാം ഇപ്പോള്‍ മറ്റുള്ളവന്റെ വിശ്വാസം തകര്‍ക്കാന്‍ ചിലര്‍ ഇറങ്ങിപ്പുറപ്പെടുന്നതു. മതങ്ങളെ അറിയാന്‍ അതിന്റെ ആശയങ്ങളെക്കുറിച്ചു ചര്‍ച്ചകള്‍ നടത്താം. എന്നാല്‍ മറ്റുള്ളവന്റെ മത ചിഹ്നങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതു നമുക്കു ചേര്‍ന്നതല്ല.
ഒരുമാസത്തിനുള്ളില്‍ മഫ്ത അഴിപ്പിക്കുന്ന മൂന്നു സ്കൂളുകള്‍, മൂന്നും ഒരു പ്രത്യേക വിഭാഗത്തിന്റേതായതു യാദൃശ്ചികമെന്നു വിശ്വസിക്കാനാവുമോ? ചോദ്യപ്പേപ്പറില്‍ അക്ഷന്തവ്യമായ അപരാധമായ മതനിന്ദ പ്രകടിപ്പിച്ചതും, ചിന്‍വാദ് പാലവും കൂട്ടി വായിക്കുന്നവര്‍ക്ക് സന്ദേഹിക്കാന്‍ ഒരുപാടുണ്ട്.
നമ്മുടെ നാടിന്നെതിരെയുള്ളതും, ഇസ്ലാമിനെതിരെയുള്ള ആക്രമണങ്ങളും ഇന്നു വ്യാപകമാണ്. ബുദ്ധികൊണ്ടും ശക്തികൊണ്ടും. അമേരിക്കന്‍-ഇസ്രായേല്‍ കൂട്ടുകെട്ടുകള്‍ തങ്ങളുടെ സ്വാധീനവും സമ്പത്തും പരമാവധി ഇസ്ലാമിന്നെതിരായും സാമ്രാജ്യത്വ സംസ്ഥാപനത്തിനായും ഉപയോഗപ്പെടുത്തുന്നുമുണ്ട്. അവിടങ്ങളില്‍ നിന്നു നമ്മുടെ നാട്ടിലേക്കെത്തുന്ന സമ്പത്തിനെയും കാര്യമായി നിരീക്ഷിക്കേണ്ടിയിരിക്കുന്നു. പരസ്പരം വിദ്വേഷം പ്രകടിപ്പിക്കുന്ന സമൂഹത്തിന്നിടയിലേക്കു കടന്നു കയറാനും എല്ലാവരേയും തറപറ്റിക്കാനും എളുപ്പമാണ്. അറിഞ്ഞോ അറിയാതെയോ നാം ആര്‍ക്കും പിണയാളാവാതിരിക്കുക. കാണാചരടുകള്‍ പകരം കൊണ്ടുപോകുന്നത് ഇവിടുത്തെ സമാധാന അന്തരീക്ഷമാകാതിരിക്കാന്‍ എല്ലാവരും ജാഗരൂകരാവുക.
പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......
Tuesday, June 22, 2010
മാറ്റേണ്ടതു വസ്ത്രമോ?
Posted by Irshad at 3:04 PM 24 പേരുടെ അഭിപ്രായങള്‍ ഇവിടെ
Subscribe to:
Posts (Atom)