കായിക്കര ബാബു മാധ്യമം ദിനപ്പത്രത്തിലെഴുതിയ ലേഖനം
വേണം നമുക്ക് മഹാത്മാവിനെ വായിക്കുക
ഇന്ന് രക്തസാക്ഷി ദിനം. രാഷ്ട്രപിതാവിനെ സ്മരിക്കുമ്പോള്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ, ഇന്ത്യയുടെ ആത്മാവിനെ തൊട്ടുണര്‍ത്തിയ ഒരു മുദ്രാവാക്യമാണ് ഓര്‍മയിലെത്തുന്നത്. 'മഹാത്മാഗാന്ധിജി കീ ജയ്'. ഈണവും താളവും ഒത്തുചേര്‍ന്ന, അത്യുച്ചത്തിലും ആവേശത്തോടെയുമുള്ള മുദ്രാവാക്യത്തിന് ഇന്ന് ഏതാണ്ടൊരു നനഞ്ഞ പടക്കത്തിന്റെ അവസ്ഥ. ആത്മാവ്നഷ്ടമായ ദേശത്ത് അസ്മതിച്ചുകഴിഞ്ഞ സൂര്യതേജസിനെയുണര്‍ത്തുന്നു, മഹാത്മാവ്.
അക്രമത്തെ അക്രമംകൊണ്ട് നേരിട്ട വിപ്ലവങ്ങളൊക്കെയും പരാജയത്തില്‍ കലാശിച്ചതായാണ് ചരിത്രം. മനുഷ്യന്റെ നന്മക്കും വികാസത്തിനുമപ്പുറം വിനാശത്തിന്റെ പാതയിലൂടെയുള്ള സഞ്ചാരമായിരുന്നു അവയുടേത്. ഫ്രഞ്ച്, റഷ്യന്‍ വിപ്ലവങ്ങള്‍ ഏറ്റവും നല്ല ഉദാഹരണങ്ങള്‍. ഇവിടെയാണ് ഗാന്ധിയന്‍ വിപ്ലവത്തിന്റെ പ്രസക്തി. വിനാശകരമായ വിപ്ലവസങ്കല്‍പങ്ങളെ മാറ്റിമറിച്ച ഗാന്ധിജിയേക്കാള്‍ വലിയ വിപ്ലവകാരിയെ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ആയുധനിരപേക്ഷമായ ധൈര്യമെന്തെന്ന് ലോകത്തെ പഠിപ്പിച്ച വിപ്ലവകാരി. ആയുധങ്ങള്‍ക്കതീതമായ മാനവിക ഐക്യത്തിനു മാത്രമേ സമാധാനം നിലനിറുത്താനാകൂ എന്നാണ് അദ്ദേഹം നല്കിയ സന്ദേശം. ഗാന്ധിജിയുടെ നാട്ടില്‍ ജനാധിപത്യവും സ്വാതന്ത്യ്രവും കാപട്യങ്ങള്‍ മൂടിവെക്കാനുള്ള പുറന്തോട് മാത്രമായി. യഥാര്‍ഥ ജനാധിപത്യം പുലരാന്‍ രാജ്യത്തെ അതീവദുര്‍ബലനായ വ്യക്തിയുടെ അവകാശങ്ങളും മാനിക്കപ്പെടണമെന്ന ഗാന്ധിയന്‍ദര്‍ശനത്തിന്റെ നേര്‍ക്ക് ആദര്‍ശവാദികള്‍പോലും, സൌകര്യപൂര്‍വം കണ്ണടക്കുന്നു.
വേരുറപ്പിക്കുന്ന തീവ്രവാദവും ഫാഷിസവും ഗാന്ധിയന്‍ സംസ്കാരത്തിന്റെ ധാര്‍മിക ശോഭ കെടുത്തി. അക്രമ രാഹിത്യം എന്റെ മതമാണ് എന്ന് പ്രഖ്യാപിച്ച മഹാത്മജിയുടെ മണ്ണില്‍ മതം സ്ഫോടനങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമുള്ള മറയായി മാറി. സ്വന്തം മതവിശ്വാസം പ്രചരിപ്പിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള സ്വാതന്ത്യ്രമാണ് മതേതര ഇന്ത്യയുടെ ജീവാത്മാവ് എന്ന ഗാന്ധിയന്‍ സിദ്ധാന്തത്തെ വര്ഗീയഭ്രാന്തന്മാര് ചുട്ടെരിച്ചു. ജനാധിപത്യവും മതേതരത്വവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന തിരിച്ചറിവാണ് ഗാന്ധിജി പ്രകടമാക്കിയത്. ഏകാധിപത്യത്തില്‍ മതേതരത്വം സുരക്ഷിതമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
കൈയൂക്കിന്റെ ബലത്തില്‍ ജനങ്ങളുടെ സ്വാതന്ത്യ്രത്തെയും അവകാശങ്ങളെയും ചങ്ങലക്കിട്ട സാമ്രാജ്യത്വത്തെ ഗാന്ധിജി ഇച്ഛാശക്തികൊണ്ട് കീഴടക്കി. സാമ്രാജ്യത്വത്തോടുള്ള ഏതുതരം വിധേയത്വവും സംസ്കാരത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടെയും അന്ത്യം കുറിക്കുമെന്ന മഹാത്മജിയുടെ മുന്നറിയിപ്പ് ഇന്ത്യയുടെ നവനേതൃത്വം തിരസ്കരിച്ചു. കര്ഷകന് ഇഷ്ടമുള്ള വിത്തുകള്‍ വിതയ്ക്കാന്‍ സ്വാതന്ത്യ്രം നഷ്ടമായ മണ്ണില്‍ തന്നെ അവന്റെ ഉല്പന്നങ്ങള്ക്ക് വിലയില്ലാതാകുന്ന കരാറുകളിലും ഒപ്പിട്ടുകഴിഞ്ഞു.
മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടെ മുന്നണി പടയാളിയായിരുന്നു ഗാന്ധിജി. അധഃസ്ഥിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കാത്ത സ്വാതന്ത്യ്രം പൂര്‍ണമല്ലെന്ന് അദ്ദേഹം നിരന്തരം ആവര്‍ത്തിച്ചു. വാള്‍മുനയും വെടിയുണ്ടകളും സ്വന്തം ജീവനെ വേട്ടയാടിയപ്പോഴും സുരക്ഷ നഷ്ടമായ ന്യൂനപക്ഷങ്ങളുടെ രക്ഷാകവചമാവുകയായിരുന്നു ഗാന്ധിജി. 1947 ആഗസ്റ്റ് 14ന് പാകിസ്താനും 15ന് സ്വതന്ത്ര ഭാരതവും ഉദയം ചെയ്തപ്പോള്‍ ഭ്രാന്താലയമായി മാറിയ വടക്കേ ഇന്ത്യയില്‍ ലോകംകണ്ട ഏറ്റവും തീക്ഷണമായ മനുഷ്യകുരുതി അരങ്ങേറുകയായിരുന്നു. ദല്‍ഹി പൊട്ടിത്തെറിച്ചു. ബിര്‍ളാഹൌസ് കേന്ദ്രീകരിച്ച് സമാധാനശ്രമങ്ങള്‍ നടത്തിയ ഗാന്ധിജി 1948 ജനുവരി 13ന് തന്റെ ജീവിതത്തിലെ അവസാന ഉപവാസം തുടങ്ങി. ഉപവാസ വേദിക്കുമുന്നില്‍ 'ഗാന്ധി മരിക്കട്ടെ' എന്ന ബാനറുമായി മതഭ്രാന്തന്മാര് ക്ഷുഭിതരായി പ്രകടനം നടത്തി. എതിര്‍പ്പുകള്‍ നിഷ്ഫലമാക്കി ഉപവാസം ലക്ഷ്യം കണ്ടെങ്കിലും വധഭീഷണി ശക്തമായി. പ്രാര്‍ഥനായോഗത്തിലേക്ക് വരുന്നവരെ പരിശോധിക്കാന്‍ അനുവദിക്കാതിരുന്ന ഗാന്ധിജി സുരക്ഷക്കെത്തിയ പൊലീസുകാരോട് പറഞ്ഞു: 'എന്നെ അപായങ്ങളില്‍നിന്ന് സംരക്ഷിക്കാനാകുമെന്ന നിങ്ങളുടെ വിശ്വാസം മൌഢ്യമാണ്. ദൈവമാണ് എന്റെ സംരക്ഷകന്‍'. ജനുവരി 20ലെ പ്രാര്‍ഥനാ യോഗത്തില്‍ ഹൈന്ദവ തീവ്രവാദി സംഘത്തില്‍പെട്ട മദന്‍ലാല്‍ പാഹ്വയുടെ ബോംബേറിന് ഉന്നം പിഴച്ചു. പക്ഷേ, 30ന് മതഭ്രാന്തന്മാര് ലക്ഷ്യം നേടി. നാഥുറാം വിനായക് ഗോദ്സെ മഹാത്മാവിന്റെ ജീവന് അപഹരിച്ചു. ഒരു രാഷ്ട്രത്തിന് ആത്മബലം പകര്‍ന്ന് നല്കിയ യുഗപുരുഷനാണ് മഹാത്മഗാന്ധി. താന്‍ മുന്നില്‍കണ്ട അധര്‍മങ്ങള്‍ക്കെതിരെ ലോകത്തിന്റെ മനഃസാക്ഷി ഉണര്‍ത്തിയ മഹാത്മാവിന്റെ സന്ദേശം വഴിതെറ്റി സഞ്ചരിക്കുന്ന ഈ നാടിന് വഴികാട്ടിയാകണം.
Saturday, January 30, 2010
വേണം നമുക്ക് മഹാത്മാവിനെ
Posted by
Irshad
at
1:41 PM
5
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: ലേഖനം
Saturday, January 9, 2010
കോടതിക്കൊരു സല്യൂട്ട്
ബസ് സമരത്തെ സംബന്ധിച്ചുള്ള കോടതിയുടെ പരാമര്‍ശങ്ങള്‍ കോരിത്തരിപ്പിച്ച ഒരാഴ്ചയാണ് കടന്നു പോയതു. ഹാ!!! എന്തൊരു ആജ്ഞാ ശക്തിയാണ് കോടതിക്കു?!!. ഹൊ!!!, സ്വന്തമായി സൈന്യമില്ലാത്ത ഒരു രാജാവിന്റെ വാക്കുകള്‍ എത്ര ഭയഭക്തിയോടെയാണ് എല്ലാവരും കാണുന്നത്? സത്യം, ഈ നാട്ടിലെ ജനാധിപത്യത്തെയും, ഭരണഘടനാ സ്ഥാപനങ്ങളെയും, അനുസരണയുള്ള ജനത്തെയും കണ്ട് ഞാന്‍ കോരിത്തരിച്ചു നിന്നുപോയി.
നിയമം നിര്‍മിക്കാനായി നാം തന്നെ തെരെഞ്ഞടുത്തയച്ച രാഷ്ട്രീയക്കാരായ അധികാരികളോടുള്ളതിനേക്കാള്‍ കൂടുതല്‍, നിയമം നടപ്പിലാക്കുന്ന-ആയുധം കൈവശമുള്ള പോലീസിനോടുള്ളതിനേക്കാള്‍ കൂടുതല്‍, ന്യായാധിപരില്‍ വിശ്വാസവും ഭയവും അനുസരണയും നാം കാട്ടുന്നു. സ്വജനപക്ഷപാതവും അഴിമതിയും മറ്റുള്ളവയെ അപേക്ഷിച്ചു തുലോം കുറവായതാകണം അതിനു കാരണം. നമ്മുടെ ഇടയിലെ സംഘടിത ശക്തികള്‍ക്ക് ആരോടെങ്കിലും ഇത്തിരി ഭയവും അനുസരണയും ഉണ്ടെന്നറിയുന്നതൊരു പ്രത്യാശയാണ്.
ബസ് സമരത്തിന്റെ ന്യായാന്യായങ്ങളിലേക്കു ഞാന്‍ ഇപ്പോള്‍ കടക്കുന്നില്ല. ‘സമരങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു‘ എന്നതു, കാണേണ്ടവരില്‍ ചിലരെങ്കിലും കാണുന്നുവെന്നതും അസംഘടിത ജനതക്കുവേണ്ടി അവര്‍ പ്രതികരിക്കുകയും ചെയ്യുന്നു എന്നതു ഒരു നീരുറവായാണ്. അതു ശ്ലാഘനീയവുമാണ്.
അതിനാല്‍ അഭിമാനത്തോടെ, “കോടതിക്കൊരു സല്യൂട്ട്”
Posted by
Irshad
at
12:12 PM
12
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: പ്രതികരണം