അടുത്തകാലത്ത് ഫോര്‍വേഡായെത്തിയ മെയിലിലൊരു കഥയുണ്ടായിരുന്നു. വിദേശത്തു ജോലി ചെയ്യുന്ന ഒരാള്‍ , ഇന്ത്യയിലേക്കു ഉല്ലാസയാത്രക്കു പോയി വന്ന തന്റെ ബോസ്സിനോട് കുശലാന്വേഷണം നടത്തുന്നതും അതിനു കിട്ടിയ ദു:ഖകരമായ മറുപടിയുമായിരുന്നു കഥയായി വന്നത് .
അതിന്റെ ചുരുക്കം ഇങ്ങനെ. ഇന്ത്യ മുഴുവന്‍ ചുറ്റിക്കറങ്ങിയ താന്‍ സുന്ദരവും അനുഗ്രഹീതവുമായ മണ്ണും, പ്രകൃതിയും, കാലാവസ്ഥയുമൊക്കെ ആസ്വദിച്ചു വിവിധ സ്ഥലങ്ങളില്‍ പോയി അവിടുത്തെ ജനങ്ങളെയുമൊക്കെ കണ്ടു. ആ യാത്രയില്‍ കാഷ്മീരിയേയും, കേരളീയനേയും, തമിഴനേയുമൊക്കെ കണ്ടു. പക്ഷെ ഇന്ത്യയില്‍ പോയിട്ടു ഒരിന്ത്യക്കാരനെപ്പോലും കാണാനായില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷമം.
ഭാഷയെ വെച്ചു സംസ്ഥാനങ്ങളുടെ അതിര്‍വരമ്പുകള്‍ തിരിച്ചിരിക്കുന്ന നമ്മുടെ നാട്ടില്‍ ജനങ്ങള്‍ അതിന്റെ നാലതിരുകളില്‍, അല്ലെങ്കി ഭാഷയുടെ ഏകതയില്‍ ഒതുങ്ങിപ്പോകുന്നതു സ്വാഭാവികം. റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യദിനവും ആഘോഷിക്കുന്ന, അല്ലെങ്കില്‍ ഡല്‍ഹിയിലെ ആഘോഷങ്ങളും നേതാക്കളുടെ സന്ദേശങ്ങളും കാണാനായി ടി.വിക്കു മുന്നിലെങ്കിലുമിരിക്കുന്ന എത്രപേരുണ്ട് നമ്മുടെ നാട്ടില്‍ . ഒരു സ്വാതന്ത്ര്യ ദിനത്തിനു ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത ആശംസക്കു പ്രത്യഭിവാദ്യം ചെയ്തതിലേറെയും വിദേശത്തായിരുന്ന സഹോദരന്മാരായിരുന്നു. ഇപ്രാവശ്യത്തെ സ്വാതന്ത്ര്യ ദിനത്തിന്റെയും, ഗാന്ധി ജയന്തിയുടേയും സന്തോഷ ദിനങ്ങള്‍ വാരാന്ത്യ അവധികളില്‍ ലയിച്ചു പോയതില്‍ പരിഭവിക്കുന്നവരാണെന്റെ ഓഫീസില്‍ അധികവും. ‘നാനാത്വത്തിലെ ഏകത്വ‘മൊക്കെ ഒരു വികാരമായി മനസ്സില്‍ രൂപീകരിച്ചു ഇന്ത്യക്കാരനാകാന്‍ നമ്മള്‍ക്കു ആദ്യം വിദേശിയാവേണ്ടി വരുന്നു എന്നതാണ് ഒരു സത്യം.
കേരളത്തിന്റെ പുതിയ സാമൂഹ്യാവസ്ഥയില്‍ നാട്ടിലെത്തുന്ന സഞ്ചാരിക്കു വിവിധ മതസ്ഥനെ കാണാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഒരു കേരളക്കാരനെ കാണാന്‍ പറ്റുന്ന കാലം എന്നുവരെയുണ്ടാവും? മതവിശ്വാസത്തിന്റെ നാലതിരുകളിലേക്ക് ജനങ്ങള്‍ ഒതുങ്ങുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിമാറുന്നുണ്ട് വേഷവിധാനത്തിലെ പ്രകടനപരതകള്. മുസ്ലീം സ്ത്രീകള്‍ ചുരീദാറും തലയിലെ സ്കാര്‍ഫും ഷാളുമൊക്കെമാറ്റി പര്‍ദ്ദയും മഫ്തയുമൊക്കെയാക്കിയത് അത് ഇസ്ലാം വിരുദ്ധമായതുകൊണ്ടല്ല, സൌകര്യം കൊണ്ടും പുതിയ ഫാഷന്‍ കൊണ്ടും മാത്രവുമല്ല, താന്‍ മതത്തിന്റെ ഭാഗമായാല്‍ സംരക്ഷണത്തിനു മതമെങ്കിലുമുണ്ടാകും എന്ന അരക്ഷിതാ ബോധത്തില്‍ നിന്നു കൂടിയാണ്. സമൂഹത്തിലെ മറ്റു വിഭാഗങ്ങളിലും ഇത്തരം അരക്ഷിതാവസ്ഥയുടെ പ്രതിഭലനങ്ങള്‍ വീക്ഷിക്കാന്‍ കഴിയും. ഭൂമിക്കു സമാന്തരമായി വരച്ചിരുന്ന ചന്ദനക്കുറികള്‍ ലംബമാകുന്നതും, കാവിയും കറുപ്പും വസ്ത്രങ്ങള്‍ വ്യാപകമാവുന്നതും, സിന്ദൂരത്തിലകങ്ങള്‍ എവിടേയും തിളങ്ങുന്നതും, ആള്‍ദൈവങ്ങള്‍ക്കു സ്വീകാര്യത കൂടുന്നതും, നാടുമുഴുവന്‍ പൊങ്കാലയുത്സവങ്ങള്‍ പൊടിപൊടിക്കുന്നതുമൊക്കെ കുറഞ്ഞകാലത്തിനുള്ളില്‍ വന്ന വലിയ മാറ്റങ്ങളാണല്ലോ? മതം എന്നതു ഇപ്പോള്‍ ഒരാശ്രയം എന്നതിനപ്പുറം ഒരു മദം അഥവാ ലഹരിയായി മാറുന്നു എന്ന് വിളിച്ചുപറയുന്നുണ്ട് വാര്‍ത്തകള്‍.
ഇവയൊക്കെ മതത്തോട് ചേര്‍ന്ന കാര്യമാണെങ്കില്‍, മദ്യത്തോട് ചേര്‍ന്ന അവസ്ഥയും ഭിന്നമല്ല. ഇന്നു വഴിവക്കിലൊരു ആള്‍ക്കൂട്ടം കണ്ടാല്‍ ഉറപ്പിക്കാം അവിടൊരു ബിവറേജിന്റെ ഔട്ട്ലെറ്റ് ഉണ്ടെന്ന്. വാഹനാപകടങ്ങളും, അക്രമങ്ങളും കൂടുന്നതിനൊരു കാരണം മദ്യമാണെന്നു എല്ലാവര്ക്കും അറിയാം. അടുത്ത കാലത്തായി ഒട്ടുമിക്ക യാത്രയിലും ഏതെങ്കിലുമൊരു മദ്യപന് ഉണ്ടാക്കുന്ന പുകിലുകളില് എന്റെ യാത്ര താമസിക്കാറുണ്ട്. കഴിഞ്ഞയാഴ്ച കൊല്ലം പോലീസ് സ്റ്റേഷനില്‍ രാത്രി പത്തുമണിയോടടുപ്പിച്ച് അരമണിക്കൂറോളം കളഞ്ഞതു മദ്യപിച്ചു കയറിയ ചില യുവാക്കളായിരുന്നു. ഒരു നിറഞ്ഞ ബസ്സുമുഴുവന്‍ ഒരാളുടെ പരാക്രമത്താല്‍ വിഷമിച്ചു. തിരുവനന്തപുരത്തു നിന്നും വിട്ട വണ്ടി കൊല്ലത്തെത്തുന്നതിനിടയില്‍ ഒരു മണിക്കൂറോളം വൈകിയതിനു ശേഷമാണീ ബുദ്ധിമുട്ടുകള്‍ എന്നതോര്‍ക്കണം. രാത്രിയായതിനാല്‍ പലരെയും അവസാന ബസ്സിന്റെ സമയം അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. കുറച്ചു നാള് മുന്‍പ് ഇതേ രീതിയിലെ മറ്റൊരു ബസ് അനുഭവം, നമ്മുടെ നാട്ടിലെ ആയുദ്ധപരിശീലനങ്ങള്‍ നിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചിട്ട പോസ്റ്റില്‍ ഞാന്‍ വിവരിച്ചിരുന്നു.
മദ്യവും മതം പോലെയാണ് ചിലര്‍ക്കു. ഒരാശ്രയം, ഒരു ധൈര്യം. ആദ്യം അതിന്റെ ചിറകില്‍ സംരക്ഷണം തേടും. പിന്നെ അതൊരു ലഹരിയായി മാറി അതിന്റെ ധൈര്യത്തിലായി അക്രമങ്ങള്‍. ഒന്നിനെ തിരഞ്ഞെടുക്കുന്നവന്റെ വ്യക്തി സ്വാതന്ത്ര്യത്തെ അംഗീകരിക്കാം. എന്നാല്‍ അടുത്ത ഘട്ടം ആക്രമണമായാലോ? പലതും അധികമാവുന്നതിന്റെ ദൂഷ്യങ്ങളാണ് നാമിന്നു കാണുന്നത്.
അധികമായിപ്പോയതിന്റെ കാര്യം പറയുമ്പോള്‍ നാട്ടിലെ വാര്‍ത്താ മാധ്യമങ്ങളുടെ കാര്യം പറയാതെ വയ്യ. ഈ കൊച്ചു ഭാഷയില്‍ ഇനിയും ഏഴോളം ചാനലുകള്‍ അണിയറയിലൊരുങ്ങുന്നു എന്ന അറിവ് പേടിപ്പെടുത്തുന്നതാണ്. ടിവിയുടെ റിമോര്‍ട്ട് നമ്മളുടെ കയ്യിലുണ്ടെന്നതാണാകെയൊരു ആശ്വാസം. എങ്കിലും വാര്‍ത്തകളിലൂടെ പോയിപ്പോയി ആ യാത്ര നമുക്കൊരു ലഹരിയായി മാറുന്നതു നാം അറിയുന്നുവോ? നാം ചാനലുകള്‍ മാറ്റുന്നതു സത്യം തേടിയാകും. എന്നാല്‍ അതു ഓഫ് ചെയ്യുന്നതിനേക്കാള്‍ നല്ലതൊന്നും വേറെ കിട്ടില്ല എന്ന സത്യം നാം വിസ്മരിച്ചു പോകുന്നു. നിങ്ങള്‍ പ്രതികരണ ശേഷി മരിച്ചിട്ടില്ലാത്ത മനുഷ്യനാണെങ്കില്‍, നിങ്ങള്‍ക്കു നിങ്ങളുടെ പകലുകളെ ആവശ്യമുണ്ടെങ്കില്‍ രാവിലെ വാര്‍ത്തകള്‍ ശ്രദ്ധിക്കരുത് എന്നാണ് എന്നോടൊരാള്‍ പറഞ്ഞതു. സുഖനിദ്രയാണു പ്രധാനമെങ്കില്‍ രാത്രിയില്‍ വാര്‍ത്ത കേള്‍ക്കരുതെന്നും.
ചുറ്റും നടക്കുന്നതറിഞ്ഞു മോശമായിപ്പോയവരേക്കാള്‍ കൂടുതല്‍ പേരൊന്നും ചുറ്റും നടക്കുന്നതറിയാതെ മോശമായിപ്പോയിട്ടില്ല എന്നതിനാല്‍ , നിങ്ങള്‍ക്കു നിങ്ങളുടെ ഉള്ളിലെ നന്മയെ കാത്തു സൂക്ഷിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ വാര്‍ത്തകളേ ശ്രദ്ധിക്കരുതെന്നാണ് എനിക്കിപ്പോള്‍ പറയാന്‍ തോന്നുന്നതു.
മതവും മദ്യവും മാധ്യമങ്ങളും ഒരേ സമയം മദവും (ലഹരി) ആയുധവുമാണ് പലര്‍ക്കും. അവ ഉപയോഗിച്ചു തീര്‍ക്കുന്ന മൃധങ്ങള്‍ (യുദ്ധങ്ങള്‍) സഹിക്കാവുന്നതിലുമപ്പുറമായിരിക്കുന്നു.
Wednesday, July 28, 2010
മതവും മദ്യവും മാധ്യമങ്ങളും, അവ സൃഷ്ടിക്കുന്ന മദവും മൃധവും.
Posted by
Irshad
at
7:49 PM
7
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: പ്രതികരണം
Tuesday, July 13, 2010
ഗൂഗിള്‍ ന്യൂസ്
കേരളത്തിന്റെ സാമൂഹികാന്തരീക്ഷം അനുദിനം വഷളായിക്കൊണ്ടിരിക്കുന്നുവെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട് നമ്മുടെ മാധ്യമങ്ങള്‍. ആ മാധ്യമങ്ങള്‍ തന്നെയാണ്
ഇതിങ്ങനെയാക്കപ്പെടുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നതെന്നു ഞാന്‍ വിശ്വസിക്കുന്നു.
വാര്‍ത്തകള്‍ അറിയാന്‍ ഞാന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നു http://news.google.com ആണു. വിവിധ മേഖലകളെയും വിഷയങ്ങളെയും വേര്‍തിരിച്ച് വാര്‍ത്തകള്‍ ചിട്ടയോടെ അടുക്കി അതു നമ്മുടെ മുന്നിലെത്തിക്കുന്നു. ഒരു വിഷയത്തിലെ വ്യത്യസ്ത മാധ്യമങ്ങളുടെ വ്യത്യസ്ത വീക്ഷണകോണുകളിലെ തലക്കെട്ടുകള്‍ ഒരു കുടക്കീഴില് നമുക്കു അതില്‍ കാണാം. വാര്‍ത്തകളെ അപഗ്രദ്ധിക്കുന്നവനു, ചിലര്‍ വാര്‍ത്തകള്‍ക്കൊപ്പം പകര്‍ന്നു നല്കുന്ന വൃത്തികെട്ട സംസ്കാരവും നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ നേരുകളും കാണാം. ഒരേ വാര്‍ത്തകള്‍ പല മാധ്യമങ്ങളില്‍ വരുന്ന സമയവും ഉള്ളടക്കവും കൂടി ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ വാര്‍ത്തയുടെ ഉറവിടവും, മാധ്യമ സിന്‍ഡിക്കേറ്റുകളേയും മനസ്സിലാക്കാം. വാര്‍ത്തകള്‍ക്കിടയില്‍ തന്നെ അപസര്‍പ്പക കഥകളെഴുതിക്കയറ്റേണ്ടതെങ്ങനെയെന്നു കാണിച്ചുതരുന്ന മുത്തശ്ശിമാരെയും, പച്ചക്കള്ളങ്ങള്‍ വെള്ളം തൊടാതെ വിളമ്പുന്നതെങ്ങനെയെന്നു കാട്ടിത്തരുന്ന വല്യേട്ടന്മാരെയും, പച്ചയും, കാവിയും, വെള്ളയും, ചുവപ്പും, നീലയുമൊക്കെ ഒറ്റക്കും ഇടകലര്‍ത്തിയും നമ്മെ ചിരിപ്പിക്കുകയും ഒപ്പം പ്രകോപിക്കുകയും ചെയ്യുന്ന കോമാളികളേയും നമുക്കു കാണാം. വാര്‍ത്തകളെ അപഗ്രധിക്കാനും സത്യം അറിയാനും ഇഷ്ടപ്പെടുന്ന കൂട്ടുകാരോട് ഞാനിതു പങ്കുവെക്കുന്നുവെന്നു മാത്രം.
ഇന്നിവിടെ മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണില്‍ നിന്നും മതങ്ങളുടെയും രാഷ്ട്രീയത്തിന്റേയും പ്രസ്ഥാനങ്ങളുടേയും ഒന്നാം തൂണായി മാറീയിരിക്കുന്നു. ഇപ്പോള്‍ തീവ്രവാദ വേട്ടകളുടേയും വധ ഭീഷണികളുടേയും കാലം. പ്രതികളുടെയും പ്രസ്ഥാനങ്ങളുടെയും പേരിനനുസരിച്ചും സ്വാധീനത്തിനനുസരിച്ചും മിതഭാഷയും തീവ്രഭാഷയും മാറിവരുന്നതു നിങ്ങള്‍ക്കു ഇവിടെ കാണാം. പല സംഭവങ്ങളെ കോര്‍ത്തിണക്കി ഒരു വലിയ ലക്ഷ്യത്തിലെത്തിക്കുന്നതു തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ നമുക്കു കണ്ടെത്താം. വിട്ടു കളയാന്‍ പാടില്ലാത്ത ചിലതു തമസ്കരിക്കുന്നതും, ഒരു ദിവസത്തിനുമേല്‍ കൊണ്ടു നടക്കേണ്ടാത്ത ചിലതു ആഴ്ചകളോളം വിവിധ രീതിയില്‍ വിവിധയിടങ്ങളില്‍ നിലനീര്‍ത്തുന്നതങ്ങനെയെന്നും നമുക്കിവിടെനിന്നും മനസ്സിലാക്കാം.
Posted by
Irshad
at
12:15 PM
8
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: ലേഖനം
Tuesday, June 22, 2010
മാറ്റേണ്ടതു വസ്ത്രമോ?
ഇന്നലെ വൈകിട്ടു ഏഷ്യാനെറ്റില്‍ നടന്ന ഒരു ‘മഫ്ത വിവാദം ചര്‍ച്ച‘യാണ് എന്നെക്കൊണ്ട് ഈ പോസ്റ്റ് എഴുതിക്കുന്നതു.
ഒരു മാസത്തിനുള്ളില്‍ മൂന്നാമതും കൊച്ചു കുട്ടികളുടെ മഫ്ത അഴിപ്പിക്കുന്ന സംഭവം ഉണ്ടാകുമ്പോള്‍ പ്രതികരിക്കാതെ വയ്യ. കൂടാതെ ഒരു ഫാദര്‍ തന്നെ ചര്‍ച്ചയില്‍ പങ്കെടുത്തു, ‘സ്കൂള്‍ യൂണീഫോമിന്റെ ഭാഗമാണതു, അതു സ്കൂള്‍ തീരുമാനിക്കും, എന്തിനു മുസ്ലീംങ്ങള്‍ ഇതിടണമെന്നു വാശി പിടിക്കുന്നു എന്നു ചോദിക്കുകയുണ്ടായി. ഇതാണെന്നെ ഏറ്റവും വേദനിപ്പിച്ച സംഗതി. ഒഴിവാക്കാനാവാത്ത ഒരു മത ചിഹ്നത്തോട് എന്തിനു ഇത്ര അസഹിഷ്ണുത? മതചിഹ്നം ധരിക്കുന്ന അച്ഛന്മാരും കന്യാസ്ത്രീകളും തന്നെ ഇങ്ങനെ പറഞ്ഞാല്‍, വേറെ ഏതൊരു സമൂഹത്തെയാണ് ഇതു ബോധ്യപ്പെടുത്താനാവുക? ചര്‍ച്ചയില്‍ പങ്കെടുത്ത സര്‍ക്കാര്‍ പ്രതിനിധി ഒരു മുസ്ലീം ആയതിനാലാകും വ്യക്തമല്ലാത്ത മറുപടി പറഞ്ഞ് ഒഴിഞ്ഞു കളഞ്ഞു. ചര്‍ച്ചക്കു നേതൃത്വം നല്കിയവന്റെ ശ്രദ്ധ മഫ്ത നിരോധിച്ചതു അവകാശത്തിന്മേലുള്ള കൈകടത്തലാണെന്ന യാദാര്‍ത്ഥ്യത്തിലൂന്നാതെ, മഫ്ത ഒഴിവാക്കിയാല്‍ എന്താ നിങ്ങള്‍ക്ക് കുഴപ്പം എന്ന നിലയില്‍ പ്രശ്നം ഉയര്‍ത്തലായിരുന്നു.
ആദ്യ സംഭവങ്ങളില്‍ വൈദികരുടെ പൊതുജന മധ്യത്തിലെ സംസാരം ‘ഇതു ഒരാള്‍ക്കു പറ്റിയ കൈപ്പിഴ’ എന്ന നിലയിലായിരുന്നു. ടി.സിയില്‍ വിടുതല്‍ കാരണമായി ‘മഫ്ത ഇവിടെ അനുവദനീയമല്ല‘ എന്നെഴുതിയതു കൈപ്പിഴയെന്നു അംഗീകരിച്ചു സമൂഹം സമാധാനപരമായി മുന്നോട്ടു പോയി. പക്ഷെ വീണ്ടും അതു ഈ കേരള മണ്ണില്‍ തന്നെ ആവര്‍ത്തിക്കുന്നു. ഒടുവില്‍, ചെയ്തതിനെ ഒരു ഉളുപ്പുമില്ലാതെ ന്യായീകരിക്കുന്നതു കാണുമ്പോള്‍ ചിലതു പറയാതെ വയ്യ.
ഫാദറിനോട് പറയാന്‍ ഞാനാഗ്രഹിച്ച മറുപടി “ഇതു മതേതര രാഷ്ട്രമായ ഇന്ത്യയാണ്” എന്നാണ്. അതില്കൂടുതല് എന്തു പറയാന്‍. നാടിന്റെ പൈതൃകം അറിയാത്തവനു നാട്ടുകാരനാവാനാവില്ല.
സര്‍ക്കാരിനോട് പറയാനാഗ്രഹിക്കുന്നത് “ഇന്ത്യന്‍ ഭരണഘടനക്കു മുകളിലാവരുത് സ്കൂളുകളുടെ നിയമങ്ങള്‍ എന്ന് സകലരെയും ബോധ്യപ്പെടുത്തിക്കൊടുക്കണം” എന്നും. തന്റെ വിശ്വാസ വസ്ത്രം ധരിക്കുന്ന കുട്ടിയ പുറത്താക്കുന്ന സ്കൂള്‍ നിയമമാണ് ഭാരതത്തില്‍ മാറ്റപ്പെടേണ്ടത്. അതു മാറ്റാന്‍ വയ്യാത്ത സ്കൂളുകള്‍ നടത്തേണ്ടതു ഭാരതത്തിലല്ല എന്നു ബോധ്യപ്പെടുത്തേണ്ടതു ഭരണകൂടമാണ്. മാറ്റപ്പെടുന്നതു വിദ്യാര്‍ത്ഥിയുടെ മാന്യമായ വസ്ത്രമായാല്‍ പിച്ചിച്ചീന്തപ്പെടുന്നതു നമ്മുടെ പൈതൃകങ്ങളാണ്. ചാനലുകാരുടെ ഉദ്ദേശങ്ങള്‍ ഇപ്പോള്‍ ജനങ്ങള്‍ക്കു വേഗത്തില്‍ മനസ്സിലാവും. ചര്‍ച്ചകളിലൊക്കെ പെര്‍ഫോം ചെയ്യുന്നവനു മുഴുവന്‍ സമയവും സ്വയം നിയന്ത്രിക്കാനും ഒളിച്ചുവെക്കാനും കഴിഞ്ഞെന്നു വരില്ലല്ലോ? അതിനാല്‍ അതിനെക്കുറിച്ചു കൂറ്റുതലൊന്നും പറയുന്നില്ല.
പണ്ട് മുതലേ പല മതവിഭാഗങ്ങളുടെയും നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ വിശ്വാസം അനുസരിച്ചുള്ള പ്രാര്‍ത്ഥനയും, ആശുപത്രി-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഒരുവനു ഏറ്റവും പെട്ടെന്നു പ്രാപ്യമായ അവസ്ഥയില്‍ മുക്കിലും മൂലയിലും മതചിഹ്നങ്ങളും കാണാം. സ്വന്തം സ്ഥാപങ്ങളാണെങ്കില്‍ കൂടി പൊതു സ്ഥലത്തു മത ചിഹ്നങ്ങള്‍ എത്രമാത്രം പ്രദര്‍ശിപ്പിക്കാം എന്നു ഇക്കാലമത്രയും ആരും ചോദിക്കാഞ്ഞത് സമൂഹത്തിന്റെ മതനിരപേക്ഷതയാണെന്നു കാണണം നാം.
ഭക്ഷണത്തിനൊപ്പം സ്വന്തം വിശ്വാസവും കുട്ടികളുടെ അകത്തേക്കു കടത്തുന്ന സ്ഥാപനങ്ങളാണു പലതുമെങ്കിലും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മുന്‍നിര്‍ത്തിയും, സ്വന്തം വിശ്വാസം പ്രചരിപ്പിക്കുന്നതു ഒരു തെറ്റല്ല എന്ന കാരണത്താലും പലരുടേയും നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ നാം വിദ്യാര്‍ത്ഥികളെ അയച്ചു പോരുന്നു.
എന്നാല്‍ സ്വന്തം വിശ്വാസം സമൂഹത്തില്‍ കടത്തേണ്ടതു പൊതു വിദ്യാഭ്യാസത്തിനൊപ്പമല്ലെന്നു നാം തീരുമാനിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസത്തിലെ ഫാസിസ്റ്റ്-കമ്മ്യൂണിസ്റ്റ് ആശയ കടന്നുകയറ്റങ്ങളെ ചെറുത്തതുപോലെ തന്നെ സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകളെയും തടുക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളുടെ മതം തിരിച്ചു സ്കൂളുകള്‍ നടത്തിയും മറ്റും നമുക്കു ഇതു പരിഹരിക്കാനാവില്ല. അവ വേലിക്കെട്ടുകള്‍ തീര്‍ക്കാനെ സഹായിക്കു.
“നാനാത്വത്തില്‍ ഏകത്വമാണ്“ ഭാരതപ്പെരുമ. ഓരൊ ചെറിയ പൊതുജന കൂട്ടവും അങ്ങനെ തന്നെയാവണം. വിദ്യാര്‍ത്ഥിക്കൂട്ടങ്ങളും പൊതുജനവും പൊതു ഭരണവും രാഷ്ട്രീയ പാര്‍ട്ടികളും എല്ലാം അങ്ങനെയാവട്ടെ. ഒരു വിഭാഗത്തിന്റെ അടയാളങ്ങള്‍ അഴിച്ചെറിയാന്‍ ആവശ്യപ്പെടുന്നതു ആ വിഭാഗത്തെ പടിയടക്കുന്നതിന്റെ ഭാഗമായേ കാണാനാവൂ. തുണി പറിച്ചെറിയാന്‍ നാം ഒരു വ്യക്തിക്കു കൊടുക്കുന്ന സ്വാതന്ത്ര്യത്തോളമെങ്കിലും തുണിയുടുക്കുന്നവനും കിട്ടേണ്ടണ്ടതുണ്ട്?
പലര്‍ക്കും വിശ്വാസ പ്രചരണത്തിന്റെ ഒരു ഘട്ടം കഴിഞ്ഞിരിക്കുന്നു എന്നു വേണം ഇപ്പോള്‍ മനസ്സിലാക്കാന്‍. അടിയുറച്ച വിശ്വാസിയിലേക്ക് മറ്റുള്ള വിശ്വാസങ്ങള്‍ കടത്തി വിടുകയെന്നതു ബുദ്ധിമുട്ടാണെന്ന് ബോധ്യമായതിനാലാകാം ഇപ്പോള്‍ മറ്റുള്ളവന്റെ വിശ്വാസം തകര്‍ക്കാന്‍ ചിലര്‍ ഇറങ്ങിപ്പുറപ്പെടുന്നതു. മതങ്ങളെ അറിയാന്‍ അതിന്റെ ആശയങ്ങളെക്കുറിച്ചു ചര്‍ച്ചകള്‍ നടത്താം. എന്നാല്‍ മറ്റുള്ളവന്റെ മത ചിഹ്നങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതു നമുക്കു ചേര്‍ന്നതല്ല.
ഒരുമാസത്തിനുള്ളില്‍ മഫ്ത അഴിപ്പിക്കുന്ന മൂന്നു സ്കൂളുകള്‍, മൂന്നും ഒരു പ്രത്യേക വിഭാഗത്തിന്റേതായതു യാദൃശ്ചികമെന്നു വിശ്വസിക്കാനാവുമോ? ചോദ്യപ്പേപ്പറില്‍ അക്ഷന്തവ്യമായ അപരാധമായ മതനിന്ദ പ്രകടിപ്പിച്ചതും, ചിന്‍വാദ് പാലവും കൂട്ടി വായിക്കുന്നവര്‍ക്ക് സന്ദേഹിക്കാന്‍ ഒരുപാടുണ്ട്.
നമ്മുടെ നാടിന്നെതിരെയുള്ളതും, ഇസ്ലാമിനെതിരെയുള്ള ആക്രമണങ്ങളും ഇന്നു വ്യാപകമാണ്. ബുദ്ധികൊണ്ടും ശക്തികൊണ്ടും. അമേരിക്കന്‍-ഇസ്രായേല്‍ കൂട്ടുകെട്ടുകള്‍ തങ്ങളുടെ സ്വാധീനവും സമ്പത്തും പരമാവധി ഇസ്ലാമിന്നെതിരായും സാമ്രാജ്യത്വ സംസ്ഥാപനത്തിനായും ഉപയോഗപ്പെടുത്തുന്നുമുണ്ട്. അവിടങ്ങളില്‍ നിന്നു നമ്മുടെ നാട്ടിലേക്കെത്തുന്ന സമ്പത്തിനെയും കാര്യമായി നിരീക്ഷിക്കേണ്ടിയിരിക്കുന്നു. പരസ്പരം വിദ്വേഷം പ്രകടിപ്പിക്കുന്ന സമൂഹത്തിന്നിടയിലേക്കു കടന്നു കയറാനും എല്ലാവരേയും തറപറ്റിക്കാനും എളുപ്പമാണ്. അറിഞ്ഞോ അറിയാതെയോ നാം ആര്‍ക്കും പിണയാളാവാതിരിക്കുക. കാണാചരടുകള്‍ പകരം കൊണ്ടുപോകുന്നത് ഇവിടുത്തെ സമാധാന അന്തരീക്ഷമാകാതിരിക്കാന്‍ എല്ലാവരും ജാഗരൂകരാവുക.
Posted by
Irshad
at
3:04 PM
24
പേരുടെ അഭിപ്രായങള്‍ ഇവിടെ
Tuesday, February 16, 2010
സ്ഫോടനങ്ങള്‍ ഉണ്ടാവുന്നത് | മാധ്യമം
സ്ഫോടനങ്ങള്‍ ഉണ്ടാവുന്നത് | മാധ്യമം
ഒരു രാജ്യം വേറൊരു രാജ്യത്തെ തകര്‍ക്കാന്‍ അല്ലെങ്കില്‍ വെട്ടിപ്പിടിക്കാന്‍ നേര്‍ക്കുനേരെ നടത്തുന്ന മുറയാണ് യുദ്ധം. യുദ്ധത്തിന്റെ ഭാഗമായി ചാരപ്പണികളും ചാവേറുകളുമൊക്കെ കടന്നുവരിക പണ്ടേയുള്ള വഴക്കമാണ്. എന്നാല്‍, തീവ്രവാദപ്രവര്‍ത്തനങ്ങളുടെ മുഖം ഇതാണോ? ഉശിരും അന്തസ്സും കുറഞ്ഞ ഭരണകൂടത്തിനു മാത്രമേ വേറൊരു രാജ്യത്തെ, തീവ്രവാദ ഭീകരപ്രവര്‍ത്തനങ്ങളിലൂടെ ശല്യം ചെയ്യാനാവുകയുള്ളൂ. വിശേഷിച്ച് ഭീകരപ്രവര്‍ത്തനത്തിന്റെ ഇരകള്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. പോര്‍മുഖത്ത് പടച്ചട്ടയണിഞ്ഞ് നില്ക്കുന്ന യോദ്ധാക്കളല്ല അവര്‍. അതുകൊണ്ടുതന്നെ ശൂരത്വമെന്ന് ധരിച്ച് നടത്തുന്ന ഭീരുത്വ പ്രകടനമാണ് എല്ലാതരം ഭീകരവാദ പ്രവര്‍ത്തനങ്ങളും.
നമ്മുടെ രാജ്യം ഭീകരതയുടെ പിടിയിലാണെന്ന പ്രചാരണംതന്നെ ഒരര്‍ഥത്തില്‍ യുക്തിസഹമല്ല. സമനില തെറ്റിയ, മത^ജാതിവൈരത്തിന്റെ പാഷാണം പൂശിയ മസ്തിഷ്കഭാവനകളുടെ ഒരു തരം ഭ്രാന്തമായ അവസ്ഥയാണത്. എന്തിനും തയാറാണ് ഇക്കൂട്ടര്‍. അതിസാഹസിക കാര്യങ്ങള്‍ ചിന്തിക്കും. അത് നടപ്പാക്കല്‍ വിനോദമായെടുക്കും. വേഗവും ആര്‍ജവവും ഭ്രാന്തും ചേരുമ്പോള്‍ സ്ഫോടനങ്ങള്‍ ഉണ്ടാവുന്നു. നിരപരാധികള്‍ മരിക്കുന്നു. ഭീകരതയുടെ പുതിയ ഒരിനം എന്ന നിലക്കും ഇതിനെ കാണാനാവും. പക്ഷേ, ഒരു വില്ലന്‍ ഇതിന്റെയൊക്കെ പിന്നിലുണ്ട്. അയാള്‍ക്ക് ഭ്രാന്തില്ല. ലശ്കറെ ത്വയ്യിബ ഏജന്റെന്ന് ആരോപിക്കപ്പെടുന്ന ഡേവിഡ് കോള്മാന് ഹെഡ്ലി, സ്വാമിനി പ്രജ്ഞസിങ് താക്കൂര്‍ തുടങ്ങി ഒട്ടേറെ ഉദാഹരണങ്ങള്‍ കാലിക സംഭവങ്ങളില്‍നിന്ന് നമുക്ക് ഓര്‍ത്തെടുക്കാനാവും.
മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനെന്ന് പറയപ്പെടുന്ന ഹെഡ്ലി തന്നെയാണത്രെ ശനിയാഴ്ച പുണെ കൊരഗാവ് പാര്‍ക്കിലെ ജര്‍മന്‍ ബേക്കറിയിലുണ്ടായ സ്ഫോടനത്തിനു പിന്നിലും. സ്ഫോടനത്തില്‍ ഒമ്പതുപേര്‍ മരിക്കുകയും അറുപതിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
രാജ്യം നേരിടുന്ന ഭീകരവാദഭീഷണിയെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. അകത്തുള്ളതും പുറമെ നിന്നുള്ളതും. ഇതില്‍ ഏറ്റവും അപകടകരം അകത്തുനിന്നുള്ള ഭീഷണിയാണ്. ഇതില്‍ രണ്ട് വിഭാഗത്തെ കാണാനാവും. ഒന്ന്, അസംതൃപ്തവിഭാഗം. മറ്റൊന്ന് അസഹിഷ്ണുതാവിഭാഗം. പാര്‍ശ്വവത്കൃതസമൂഹം ആദ്യവിഭാഗമാണെങ്കില്‍ മാലേഗാവ്, മക്കാമസ്ജിദ്, നാന്ദേഡ്, സംഝോത സ്ഫോടനങ്ങള്‍ക്കുപിന്നിലെ മുഖ്യസ്രോതസ്സുകളായ സ്വാമിനി പ്രജ്ഞസിങ് താക്കൂര്‍, സ്വാമി ദയാനന്ദ് പാണ്ഡെ, ലഫ്. കേണല്‍ പുരോഹിത് തുടങ്ങിയവരുടേത് അസഹിഷ്ണുതാവിഭാഗമോ, അവരുടെ വാടകപ്പറ്റുകളോ ആണ്. ഇവിടെയുള്ള മുസ്ലിംകളാദി വിഭാഗങ്ങളെ അവര്‍ക്ക് കണ്ടുകൂടാ.
പ്രധാനമന്ത്രി തരംതിരിച്ച രണ്ടാമത്തെ വിഭാഗം പുറമെനിന്നുള്ള ഭീകരവാദമാണ്. അഥവാ അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ളത്. അതിനെ നേരിടാന്‍ നമ്മുടെ സൈന്യം സജ്ജമാണ്. പാകിസ്താനിലെ തീവ്രവാദികള്‍ ഇന്ത്യക്കെതിരെ ആക്രമണം നടത്താനുള്ള സാധ്യത 2009ലെ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രത്യേകം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നമ്മുടെ ഭൂവതിര്‍ത്തിയിലും സമുദ്രാതിര്‍ത്തിയിലും പ്രത്യേകം സജ്ജീകരണങ്ങള്‍ നടത്തിയ കാര്യവും പ്രധാനമന്ത്രി ആ സമ്മേളനത്തെ അറിയിച്ചിരുന്നു. അതിര്‍ത്തിക്കപ്പുറത്തെ ഭീകരപ്രവര്‍ത്തനങ്ങളെ നേരിടുന്നതില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ചുമതല ഊന്നിപ്പറയാന്‍ വേണ്ടിയായിരുന്നു പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും മാത്രമായി വിളിച്ചു ചേര്‍ത്തത്.
പക്ഷേ, നിര്ഭാഗ്യകരമാകാം, നമ്മുടെ സംസ്ഥാനങ്ങള്‍ തന്നെ ഭീകരവാദ^തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ഭൂമികയായി മാറുകയും സംസ്ഥാന ഭരണകൂടം അതിന് നേതൃത്വം നല്‍കുകയും ചെയ്താലോ? ഇന്ത്യന്‍സംസ്ഥാനങ്ങളില്‍ ഇതിന്റെ സ്ഫടികസാമ്പിളുകള്‍ തന്നെയുണ്ട്. ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കൂടി ഇരുത്തിക്കൊണ്ടാണ് പ്രധാനമന്ത്രി, ഓരോ സംസ്ഥാനങ്ങളുടെയും ചുമതലകള്‍ വിശദീകരിച്ചത്. പക്ഷേ, എന്തുണ്ടായി. പുണെ കഴിഞ്ഞ ശനിയാഴ്ച പൊട്ടിത്തെറിച്ചു.
നമ്മുടെ ഭൌതികസൌകര്യങ്ങളിലാണോ ഇന്റലിജന്‍സ് വിഭാഗങ്ങളിലാണോ കരുതല്‍കേന്ദ്രങ്ങളിലാണോ വീഴ്ച. മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നീ മേഖലകളില്‍ ഒരു വര്‍ഷം മുമ്പുതന്നെ ദേശീയ സുരക്ഷാഗാര്‍ഡിന്റെ പ്രാദേശികയൂനിറ്റുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ ക്വിക് റസ്പോണ്‍സ് ടീമുകളും നിലവില്‍വന്നു എന്നാണറിവ്. അടിയന്തരശ്രദ്ധ പതിയുന്ന മേഖലയായിരുന്നിട്ടു പോലും മഹാരാഷ്ടയിലെ പുണെയില്‍ സ്ഫോടനം സംഭവിച്ചു!
ഭീകരപ്രവര്‍ത്തനങ്ങളെ തടയാനോ യഥാര്‍ഥപ്രതികളെ കണ്ടെത്താനോ കഴിയാത്തതിന്റെ പിന്നിലുള്ളത് ഭരണകൂട ഭീകരതയാണ്. ഭരണകൂട നിഷ്പക്ഷത ഇല്ലാത്തതിന്റെ കൃത്യമായ രേഖയാണ് ഗുജറാത്തില്‍ നരേന്ദ്രമോഡിയും കശ്മീരിലും അസമിലും മണിപ്പൂരിലുമൊക്കെ സേനകള്‍തന്നെയും ഉണ്ടാക്കിവെച്ചത്. നിരപരാധികളെ വെടിവെച്ചുകൊന്നതും വനിതകളെ മാനഭംഗപ്പെടുത്തിയതും തങ്ങളറിഞ്ഞില്ലെന്ന് അവിടങ്ങളിലെ സംസ്ഥാനസര്‍ക്കാറിന് പറയാന്‍ കഴിയുമോ?
ഭീകരവാദത്തെ ആയുധംകൊണ്ടല്ല, ബുദ്ധികൊണ്ടാണ് ആദ്യം നേരിടേണ്ടതെന്നു കൂടി മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി പറയേണ്ടതായിരുന്നു. വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കി ഇരയെ വെടിവെച്ചുകൊന്ന് വീരകേസരികളാവുന്ന സേന, രാജ്യം കാക്കാന്‍ ഉയിര് നേര്‍ന്നുവെച്ച യഥാര്‍ഥസേനയുടെ കൂടി ആത്മബലമാണ് ചോര്‍ത്തിക്കളയുന്നത്. സേനയില്‍ അഴിച്ചുപണിയല്ല, അവര്‍ക്കിടയിലെ ധാര്‍മികബോധമാണ് ശരിക്കും വേരുറപ്പിക്കേണ്ടത്.
വിശാലമാണ് ഇന്ത്യയുടെ അകം. ഇവിടെ നടക്കുന്ന ഒറ്റപ്പെട്ട സ്ഫോടനങ്ങള്‍പോലും രാജ്യത്തെ മൊത്തം പിടിച്ചുകുലുക്കുന്നു. പുണെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപകമായ ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍. വിമാനത്താവളങ്ങളില്‍, തീവണ്ടിയാപ്പീസുകളില്‍, തിരക്കുള്ള കവലകളില്‍ തുടങ്ങി എവിടെയും, ഇപ്പോള്‍ പൊട്ടിത്തെറിക്കുകയില്ലെന്ന ഉറപ്പില്‍ ആര്‍ക്കാണ് സ്വസ്ഥമായി നടക്കാന്‍ കഴിയുക? ഓരോ ആക്രമണസംഭവങ്ങളിലും യഥാര്‍ഥപ്രതികളെ കണ്ടെത്താനും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനും എടുക്കുന്ന കാലതാമസവും സൃഷ്ടിക്കുന്ന വിവാദങ്ങളും അടുത്തൊരു സ്ഫോടനത്തിന് വേഗത കൂട്ടുന്നു എന്നതാണ് അനുഭവം. ഇത് ജനങ്ങളെ കൂടുതല്‍ പേടിപ്പിക്കുകയാണ്. ഈ ഭയം ഇന്ത്യന്‍ സമൂഹ മനഃസാക്ഷിയില്‍ കടുത്ത സമ്മര്‍ദം ഉണ്ടാക്കിവെച്ചിരിക്കുന്നു. വളരെയേറെ മനഃശാസ്ത്രപരമായ സമീപനത്തിലൂടെ മാത്രമേ ഈ മരവിപ്പില്‍നിന്ന് നമ്മുടെ സാമൂഹിക മനസ്സിനെ മോചിപ്പിക്കാനാവൂ. അസംതൃപ്ത വിഭാഗങ്ങളെ സൃഷ്ടിക്കാതിരിക്കുകയെന്ന മുന്‍കരുതലാണ് ഓരോ ഭരണകൂടവും അതിനുവേണ്ടി ആദ്യമായി നിര്‍വഹിക്കേണ്ടത്.
Posted by
Irshad
at
8:34 PM
12
പേരുടെ അഭിപ്രായങള്‍ ഇവിടെ
Monday, February 1, 2010
മൂന്നാറിലെ രാഷ്ട്രീയം
മൂന്നാര്‍ ഓപ്പറേഷന്റെ ആദ്യഭാഗം ഭരണപക്ഷം തന്നെ പരാജയപ്പെടുത്തിയിട്ടു ഏറെ കാലങ്ങളായില്ല. ഒരു ഭരണ നേട്ടവും കാണിക്കാനില്ലാതെ ഒരുവര്‍ഷം കടന്നുപോകുന്നതൊഴിവാക്കാന്‍ തുടങ്ങിയ നടപടി അന്നു തകര്‍ന്നതു പ്രതിപക്ഷത്താലൊ മാധ്യമങളുടെ പ്രവര്‍ത്തനങ്ങളാലൊ ആയിരുന്നില്ല എന്നു നമുക്കെല്ലാം അറിയാം.
ഒരുവര്‍ഷം കൂടി മാത്രം അധികാരം കയ്യിലിരിക്കുമ്പോള്‍ മന്ത്രിമാരും പാര്‍ട്ടികളുമടക്കം എല്ലാവരും വീണ്ടും മൂന്നാറിലേക്കു.
ബസ് ചാര്‍ജ് വര്‍ധനയുടെയും, വിലക്കയറ്റത്തിന്റെയും, ഭക്ഷണസാധനങ്ങളുടെ മറിച്ചു വില്‍ക്കലിന്റെയും കഥകള്‍ക്കിടയില്‍ നിന്നും പുതിയ അപസര്‍പ്പക കഥയുടെ ആരംഭം.
പുതിയ മൂന്നാറിന്റെ പശ്ചാത്തലത്തില്‍ നമ്മള് (പൊതു ജനം) മറക്കാന്‍ പാടില്ലാത്ത ചില വസ്തുതകള്‍ പറയാം .
1. ആദ്യ മൂന്നാര്‍ ഓപ്പറേഷനു ശേഷവും മൂന്നാറില്‍ വന്‍ തോതില്‍ കയ്യേറ്റമുണ്ടായി.
2. അധികാരികള്‍ കയ്യേറ്റങ്ങളെ കണ്ടില്ലെന്നു നടിക്കുകയോ അതിനു ഒത്താശ ചെയ്യുകയോ ചെയ്തു.
3. പുതിയ ഒഴിപ്പിക്കലിന്റെ മറവില്‍ പഴയ മൂന്നാര്‍ ഓപറേഷന് വരെയുള്ള കയ്യേറ്റങ്ങള്‍ നിയമവിധേയമാകുന്നു.
ഇതു കൂടി ഓര്‍ക്കുക. നിങ്ങളുടെ ഒരു കെട്ടിടം സര്‍ക്കാര്‍ പൊളിച്ചു നീക്കിയാല്‍, നിങ്ങള്‍ക്കവിടെ അനുമതിയില്ലാതെ വീണ്ടുമൊന്നു ഉയര്‍ത്താനാവുമോ?
ഒരു മുറി കെട്ടാന്‍ പഞ്ചായത്തില്‍ വസ്തുവിന്റെ കരമൊടുക്കിയ രസീതും, പണിയുന്ന കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും പിന്നെ പലതും നല്കി നെട്ടോട്ടമോടേണ്ട നമ്മുടെ നാട്ടില്‍ ഇതൊന്നുമില്ലാതെ പലതും നിര്‍ബാധം ഉയര്‍ന്നു വരികയെന്നതു ചിന്തിക്കാനാവുമൊ? അതും അത്ര ചെറുതൊന്നുമല്ലാത്ത ഡാമുകളും റിസോര്‍ട്ടുകളും? അതും ഏവരാലും ശ്രദ്ധിക്കപ്പെട്ട ഒരു കയ്യേറ്റ ശുദ്ധീകരണ പദ്ധതി തുടങ്ങി വെച്ചിടത്തു തന്നെ.
ഒന്നാം മൂന്നാര്‍ കലാപരിപാടിക്കു ശേഷവും നിര്‍ഭയം സംസ്ഥാന ഭരണത്തെ വെല്ലുവിളിക്കാന്‍ ആര്‍ക്കാണു ധൈര്യമുണ്ടാവുക? ഭരണാധികാരികള്‍ക്കല്ലാതെ?
പഴയ മൂന്നാര്‍ ഓപ്പറേഷനു ശേഷമുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന ഭരണാധികാരികളുടെ വാക്കില്‍ തന്നെ ‘അതിനു മുന്‍പുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കില്ല’ എന്നതു അടങ്ങിയിരിക്കുന്നില്ലെ? ലജ്ജാകരം!!! അതാരെ രക്ഷിക്കാനാണെന്നു പഴയ മൂന്നാര്‍ ഓപറേഷന് കാലത്തു പുറത്തുവന്ന കയ്യേറ്റങ്ങളുടെ കഥ മറന്നു പോകാത്തവര്‍ക്കറിയാം. പക്ഷെ എന്തു ഗുണം?
പഴയ കയ്യേറ്റങ്ങളെ സാധൂകരിക്കാനായും ഭരണപരാജയവും നാണക്കേടും മറക്കാനുമായി ചിലരുമായി ഒത്തു ചേര്‍ന്നു ചിലര്‍ , പുതിയ ചില കയ്യേറ്റങ്ങള്‍ നടത്തിയിട്ടു അവയെത്തന്നെ പൊളിച്ചു മാറ്റി മാന്യരാവുന്നു എന്നു സംശയിച്ചു കൂടെ? അതോടെ ഒന്നാം വാര്‍ഷികത്തില്‍ തുറന്നു വിട്ട ഭൂതത്തെ എന്നേക്കുമായി കുടത്തിലാക്കുകയും ചെയ്യാമല്ലോ?
അങ്ങനെയല്ലായെന്നു വിശ്വസിക്കണമെങ്കില്‍ എല്ലാ കയ്യേറ്റങ്ങളും, അവക്കു ഒത്താശ ചെയ്തവരും കുടിയിറക്കപ്പെടണം. ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളുമടക്കം. അതു നടക്കുമോ?
Posted by
Irshad
at
11:01 AM
13
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: പ്രതികരണം
Saturday, January 30, 2010
വേണം നമുക്ക് മഹാത്മാവിനെ
കായിക്കര ബാബു മാധ്യമം ദിനപ്പത്രത്തിലെഴുതിയ ലേഖനം
വേണം നമുക്ക് മഹാത്മാവിനെ വായിക്കുക
ഇന്ന് രക്തസാക്ഷി ദിനം. രാഷ്ട്രപിതാവിനെ സ്മരിക്കുമ്പോള്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ, ഇന്ത്യയുടെ ആത്മാവിനെ തൊട്ടുണര്‍ത്തിയ ഒരു മുദ്രാവാക്യമാണ് ഓര്‍മയിലെത്തുന്നത്. 'മഹാത്മാഗാന്ധിജി കീ ജയ്'. ഈണവും താളവും ഒത്തുചേര്‍ന്ന, അത്യുച്ചത്തിലും ആവേശത്തോടെയുമുള്ള മുദ്രാവാക്യത്തിന് ഇന്ന് ഏതാണ്ടൊരു നനഞ്ഞ പടക്കത്തിന്റെ അവസ്ഥ. ആത്മാവ്നഷ്ടമായ ദേശത്ത് അസ്മതിച്ചുകഴിഞ്ഞ സൂര്യതേജസിനെയുണര്‍ത്തുന്നു, മഹാത്മാവ്.
അക്രമത്തെ അക്രമംകൊണ്ട് നേരിട്ട വിപ്ലവങ്ങളൊക്കെയും പരാജയത്തില്‍ കലാശിച്ചതായാണ് ചരിത്രം. മനുഷ്യന്റെ നന്മക്കും വികാസത്തിനുമപ്പുറം വിനാശത്തിന്റെ പാതയിലൂടെയുള്ള സഞ്ചാരമായിരുന്നു അവയുടേത്. ഫ്രഞ്ച്, റഷ്യന്‍ വിപ്ലവങ്ങള്‍ ഏറ്റവും നല്ല ഉദാഹരണങ്ങള്‍. ഇവിടെയാണ് ഗാന്ധിയന്‍ വിപ്ലവത്തിന്റെ പ്രസക്തി. വിനാശകരമായ വിപ്ലവസങ്കല്‍പങ്ങളെ മാറ്റിമറിച്ച ഗാന്ധിജിയേക്കാള്‍ വലിയ വിപ്ലവകാരിയെ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ആയുധനിരപേക്ഷമായ ധൈര്യമെന്തെന്ന് ലോകത്തെ പഠിപ്പിച്ച വിപ്ലവകാരി. ആയുധങ്ങള്‍ക്കതീതമായ മാനവിക ഐക്യത്തിനു മാത്രമേ സമാധാനം നിലനിറുത്താനാകൂ എന്നാണ് അദ്ദേഹം നല്കിയ സന്ദേശം. ഗാന്ധിജിയുടെ നാട്ടില്‍ ജനാധിപത്യവും സ്വാതന്ത്യ്രവും കാപട്യങ്ങള്‍ മൂടിവെക്കാനുള്ള പുറന്തോട് മാത്രമായി. യഥാര്‍ഥ ജനാധിപത്യം പുലരാന്‍ രാജ്യത്തെ അതീവദുര്‍ബലനായ വ്യക്തിയുടെ അവകാശങ്ങളും മാനിക്കപ്പെടണമെന്ന ഗാന്ധിയന്‍ദര്‍ശനത്തിന്റെ നേര്‍ക്ക് ആദര്‍ശവാദികള്‍പോലും, സൌകര്യപൂര്‍വം കണ്ണടക്കുന്നു.
വേരുറപ്പിക്കുന്ന തീവ്രവാദവും ഫാഷിസവും ഗാന്ധിയന്‍ സംസ്കാരത്തിന്റെ ധാര്‍മിക ശോഭ കെടുത്തി. അക്രമ രാഹിത്യം എന്റെ മതമാണ് എന്ന് പ്രഖ്യാപിച്ച മഹാത്മജിയുടെ മണ്ണില്‍ മതം സ്ഫോടനങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമുള്ള മറയായി മാറി. സ്വന്തം മതവിശ്വാസം പ്രചരിപ്പിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള സ്വാതന്ത്യ്രമാണ് മതേതര ഇന്ത്യയുടെ ജീവാത്മാവ് എന്ന ഗാന്ധിയന്‍ സിദ്ധാന്തത്തെ വര്ഗീയഭ്രാന്തന്മാര് ചുട്ടെരിച്ചു. ജനാധിപത്യവും മതേതരത്വവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന തിരിച്ചറിവാണ് ഗാന്ധിജി പ്രകടമാക്കിയത്. ഏകാധിപത്യത്തില്‍ മതേതരത്വം സുരക്ഷിതമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
കൈയൂക്കിന്റെ ബലത്തില്‍ ജനങ്ങളുടെ സ്വാതന്ത്യ്രത്തെയും അവകാശങ്ങളെയും ചങ്ങലക്കിട്ട സാമ്രാജ്യത്വത്തെ ഗാന്ധിജി ഇച്ഛാശക്തികൊണ്ട് കീഴടക്കി. സാമ്രാജ്യത്വത്തോടുള്ള ഏതുതരം വിധേയത്വവും സംസ്കാരത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടെയും അന്ത്യം കുറിക്കുമെന്ന മഹാത്മജിയുടെ മുന്നറിയിപ്പ് ഇന്ത്യയുടെ നവനേതൃത്വം തിരസ്കരിച്ചു. കര്ഷകന് ഇഷ്ടമുള്ള വിത്തുകള്‍ വിതയ്ക്കാന്‍ സ്വാതന്ത്യ്രം നഷ്ടമായ മണ്ണില്‍ തന്നെ അവന്റെ ഉല്പന്നങ്ങള്ക്ക് വിലയില്ലാതാകുന്ന കരാറുകളിലും ഒപ്പിട്ടുകഴിഞ്ഞു.
മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടെ മുന്നണി പടയാളിയായിരുന്നു ഗാന്ധിജി. അധഃസ്ഥിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കാത്ത സ്വാതന്ത്യ്രം പൂര്‍ണമല്ലെന്ന് അദ്ദേഹം നിരന്തരം ആവര്‍ത്തിച്ചു. വാള്‍മുനയും വെടിയുണ്ടകളും സ്വന്തം ജീവനെ വേട്ടയാടിയപ്പോഴും സുരക്ഷ നഷ്ടമായ ന്യൂനപക്ഷങ്ങളുടെ രക്ഷാകവചമാവുകയായിരുന്നു ഗാന്ധിജി. 1947 ആഗസ്റ്റ് 14ന് പാകിസ്താനും 15ന് സ്വതന്ത്ര ഭാരതവും ഉദയം ചെയ്തപ്പോള്‍ ഭ്രാന്താലയമായി മാറിയ വടക്കേ ഇന്ത്യയില്‍ ലോകംകണ്ട ഏറ്റവും തീക്ഷണമായ മനുഷ്യകുരുതി അരങ്ങേറുകയായിരുന്നു. ദല്‍ഹി പൊട്ടിത്തെറിച്ചു. ബിര്‍ളാഹൌസ് കേന്ദ്രീകരിച്ച് സമാധാനശ്രമങ്ങള്‍ നടത്തിയ ഗാന്ധിജി 1948 ജനുവരി 13ന് തന്റെ ജീവിതത്തിലെ അവസാന ഉപവാസം തുടങ്ങി. ഉപവാസ വേദിക്കുമുന്നില്‍ 'ഗാന്ധി മരിക്കട്ടെ' എന്ന ബാനറുമായി മതഭ്രാന്തന്മാര് ക്ഷുഭിതരായി പ്രകടനം നടത്തി. എതിര്‍പ്പുകള്‍ നിഷ്ഫലമാക്കി ഉപവാസം ലക്ഷ്യം കണ്ടെങ്കിലും വധഭീഷണി ശക്തമായി. പ്രാര്‍ഥനായോഗത്തിലേക്ക് വരുന്നവരെ പരിശോധിക്കാന്‍ അനുവദിക്കാതിരുന്ന ഗാന്ധിജി സുരക്ഷക്കെത്തിയ പൊലീസുകാരോട് പറഞ്ഞു: 'എന്നെ അപായങ്ങളില്‍നിന്ന് സംരക്ഷിക്കാനാകുമെന്ന നിങ്ങളുടെ വിശ്വാസം മൌഢ്യമാണ്. ദൈവമാണ് എന്റെ സംരക്ഷകന്‍'. ജനുവരി 20ലെ പ്രാര്‍ഥനാ യോഗത്തില്‍ ഹൈന്ദവ തീവ്രവാദി സംഘത്തില്‍പെട്ട മദന്‍ലാല്‍ പാഹ്വയുടെ ബോംബേറിന് ഉന്നം പിഴച്ചു. പക്ഷേ, 30ന് മതഭ്രാന്തന്മാര് ലക്ഷ്യം നേടി. നാഥുറാം വിനായക് ഗോദ്സെ മഹാത്മാവിന്റെ ജീവന് അപഹരിച്ചു. ഒരു രാഷ്ട്രത്തിന് ആത്മബലം പകര്‍ന്ന് നല്കിയ യുഗപുരുഷനാണ് മഹാത്മഗാന്ധി. താന്‍ മുന്നില്‍കണ്ട അധര്‍മങ്ങള്‍ക്കെതിരെ ലോകത്തിന്റെ മനഃസാക്ഷി ഉണര്‍ത്തിയ മഹാത്മാവിന്റെ സന്ദേശം വഴിതെറ്റി സഞ്ചരിക്കുന്ന ഈ നാടിന് വഴികാട്ടിയാകണം.
Posted by
Irshad
at
1:41 PM
5
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: ലേഖനം
Saturday, January 9, 2010
കോടതിക്കൊരു സല്യൂട്ട്
ബസ് സമരത്തെ സംബന്ധിച്ചുള്ള കോടതിയുടെ പരാമര്‍ശങ്ങള്‍ കോരിത്തരിപ്പിച്ച ഒരാഴ്ചയാണ് കടന്നു പോയതു. ഹാ!!! എന്തൊരു ആജ്ഞാ ശക്തിയാണ് കോടതിക്കു?!!. ഹൊ!!!, സ്വന്തമായി സൈന്യമില്ലാത്ത ഒരു രാജാവിന്റെ വാക്കുകള്‍ എത്ര ഭയഭക്തിയോടെയാണ് എല്ലാവരും കാണുന്നത്? സത്യം, ഈ നാട്ടിലെ ജനാധിപത്യത്തെയും, ഭരണഘടനാ സ്ഥാപനങ്ങളെയും, അനുസരണയുള്ള ജനത്തെയും കണ്ട് ഞാന്‍ കോരിത്തരിച്ചു നിന്നുപോയി.
നിയമം നിര്‍മിക്കാനായി നാം തന്നെ തെരെഞ്ഞടുത്തയച്ച രാഷ്ട്രീയക്കാരായ അധികാരികളോടുള്ളതിനേക്കാള്‍ കൂടുതല്‍, നിയമം നടപ്പിലാക്കുന്ന-ആയുധം കൈവശമുള്ള പോലീസിനോടുള്ളതിനേക്കാള്‍ കൂടുതല്‍, ന്യായാധിപരില്‍ വിശ്വാസവും ഭയവും അനുസരണയും നാം കാട്ടുന്നു. സ്വജനപക്ഷപാതവും അഴിമതിയും മറ്റുള്ളവയെ അപേക്ഷിച്ചു തുലോം കുറവായതാകണം അതിനു കാരണം. നമ്മുടെ ഇടയിലെ സംഘടിത ശക്തികള്‍ക്ക് ആരോടെങ്കിലും ഇത്തിരി ഭയവും അനുസരണയും ഉണ്ടെന്നറിയുന്നതൊരു പ്രത്യാശയാണ്.
ബസ് സമരത്തിന്റെ ന്യായാന്യായങ്ങളിലേക്കു ഞാന്‍ ഇപ്പോള്‍ കടക്കുന്നില്ല. ‘സമരങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു‘ എന്നതു, കാണേണ്ടവരില്‍ ചിലരെങ്കിലും കാണുന്നുവെന്നതും അസംഘടിത ജനതക്കുവേണ്ടി അവര്‍ പ്രതികരിക്കുകയും ചെയ്യുന്നു എന്നതു ഒരു നീരുറവായാണ്. അതു ശ്ലാഘനീയവുമാണ്.
അതിനാല്‍ അഭിമാനത്തോടെ, “കോടതിക്കൊരു സല്യൂട്ട്”
Posted by
Irshad
at
12:12 PM
12
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: പ്രതികരണം