എന്റെ ഭാഷ :
വൈകുന്നേരം തിരുവനന്തപുരത്തെ ഓഫീസില്‍ നിന്നുമിറങ്ങി സുഹൃത്തുമൊന്നിച്ചു സിറ്റിയിലേക്കു ഒരു യാത്രപോയി. സാധാരണ വണ്ടിയോടിക്കുന്നതു ഞാനായതിനാല്‍ റോഡിലെ നോട്ടം വിട്ടു ചുറ്റുവട്ടം നോക്കാന്‍ കഴിയാറില്ല. അന്നു പിന്നിലിരുന്നു കാഴ്ചകള്‍ കണ്ട് നീങ്ങുന്നതിന്നിടയിലാണ് ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത്. എല്ലാ കടകളുടെയും പേരുകള്‍ എഴുതിയിരിക്കുന്നതു ഇംഗ്ലീഷില്‍. പിന്നീട് മലയാളം പേരുള്ളവയെ തിരയലായി പരിപാടി. പറ്റെ വേരറ്റുപോയിട്ടില്ലയെന്നു കാണിക്കാന്‍ കിട്ടി ചിലതൊക്കെ. അവിയില്‍ ഒട്ടുമിക്കതും രണ്ടാം പേരുകളായിരുന്നു. ഇത്തിരി വലിപ്പത്തിലെഴുതിയവര്‍ എച്. എസ്. ബി. സി, കൊഡക് മഹീന്ദ്ര തുടങ്ങിയ മറുദേശ സ്ഥാപനങ്ങളും, വിദേശ മദ്യവും ചില തദ്ദേശീയ ബാങ്കുകളും, ലാഭം, ത്രിവേണി തുടങ്ങിയ സര്‍ക്കാര്‍ സംരംഭങ്ങളും മാത്രം. പിന്നീട് നാട്ടിന് പുറമെന്നു ഞാന്‍ കരുതുന്ന എന്റെ നാട്ടില്‍ ചെന്നപ്പോഴും ശ്രദ്ധിച്ചു. അവിടെയും ഇംഗ്ലീഷിനു തന്നെ പ്രാമുഖ്യം. ഗ്രാമവും നഗരവുമൊക്കെ ഇക്കാര്യത്തില്‍ ഒരുപോലെയായി.
എന്റെ വസ്ത്രധാരണം :
ഞാനും മുണ്ട് ഉടുക്കുന്നത് ചിങ്ങമൊന്നിന്റെ പുതുവത്സരപുലരിയിലും ഓഫീസിലെ പൂക്കളമത്സരത്തിന്റെ ദിനത്തിലും മാത്രമായി. പണ്ട് വെള്ളിയാഴ്ചകളിലെയും, പെരുന്നാള്‍ ദിനത്തിലെയും പള്ളിയില്പോക്കും മുണ്ടിലായിരുന്നു. ഇപ്പോള്‍ പെരുന്നാള്‍ ദിനത്തില്‍ പോലും മുണ്ടില്‍ കയറുന്നതു അപൂര്‍വ്വം. പെരുന്നാളിന്ന് മുണ്ട് കിട്ടാനായുള്ള വാശിപിടുത്തങ്ങള്‍ മറവിയിലേക്കു പോകാതെ ഓര്‍മ്മകളില്‍ തന്നെ ഒരു വാശിയോടെ നില്ക്കുന്നു. ഓഫീസ് വിട്ടെത്തിയാല്‍ ആദ്യം കയറുന്ന കൈലിക്കും മുണ്ടിനും അല്‍പ്പം അകന്ന ബന്ധമെങ്കിലും ഉണ്ടെന്നതാണ് ആശ്വാസം. അതുപോലെ തന്നെ, കൂടെ ജോലി ചെയ്യുന്നവരിലൊരാളെ (മലയാളി തന്നെ) മുണ്ടുടിപ്പിച്ചു ചിങ്ങമൊന്നിനെ വരവേറ്റപ്പോള്‍ "സ്വന്തമായി മുണ്ടുടുക്കാന്‍ അറിയാം" എന്നതില്‍ അഭിമാനം കൊള്ളലായിപ്പോള്‍.
എന്റെ ദേശം :
കഴിഞ്ഞുപോയതു 63-ആം സ്വാതന്ത്ര്യ ദിനം. ഇമെയില്‍ വഴും ഓര്‍ക്കൂട്ട് വഴിയുമൊക്കെ ഒരുപാട് ആശംസാ കാര്‍ഡുകള്‍ കിട്ടി. കാര്‍ഡുകള്‍ ചിലവില്ലാതെ അയച്ചാണെങ്കിലും ഐ.ടി. മേഖല എല്ലാ ദിനങ്ങളും ആഘോഷിക്കും. ഇത്തവണ കിട്ടിയ ത്രിവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞ കാര്‍ഡുകളിലേറെയും ഭഗത്സിംഗും, രാജഗുരുവും, സുഭാഷ് ചന്ദ്രബോസിനെയും കൊണ്ട് നിറഞ്ഞവയായിരുന്നു. രക്തസാക്ഷികളെ വാഴ്ത്തുന്നവ. ഒരൊറ്റ ഗാന്ധിജിയെപ്പോലും കിട്ടിയില്ല എന്നതാണ് എടുത്തു പറയേണ്ടുന്ന സംഗതി. ദേശസ്നേഹത്താല്‍ കൊല്ലാനും മരിക്കാനും നാം തയ്യാറാണ്, പൊരുതി വിജയിയായി ജീവിക്കാന്‍ നാം തയ്യാറാണോ എന്നിടത്താണ് ശങ്ക. പൊരുതാനും മരിക്കാനും തയ്യാറായി ജീവിക്കാന്‍ നമ്മെ പഠിപ്പിച്ച മഹാന് പാഠപുസ്തകങ്ങളില്‍ നിന്നുപോലും അപ്രത്യക്ഷമാകുമ്പോള്‍ ഇതൊന്നും അത്ഭുതപ്പെടാനില്ല. അഹിംസാ മാര്‍ഗം മുറുകെപ്പിടിച്ചു രക്തസാക്ഷിത്വം വരിച്ചവര്‍ രണ്ടാം തരമെന്നു നമ്മുടെ സമൂഹം കരുതുന്നുവോ? മാര്‍ഗ്ഗവും ലക്ഷ്യവും വഴിമാറിപ്പോയാലും, പ്രവര്‍ത്തി തെറ്റിപ്പോകില്ലയെന്ന ഗുണം അഹിംസക്കുണ്ടെന്നു നാം തിരിച്ചറിയേണ്ടതുണ്ട്. യുദ്ധം പ്രഖ്യാപിച്ചെത്തുന്ന പ്രത്യക്ഷ ശത്രുവിനോട് ആയുധപോരാട്ടം വേണം. എന്നാല്‍ ആ ശത്രുക്കളെയും രാജ്യത്തിനകത്തെ എതിരാളികളെയും നിലക്കു നിര്‍ത്താന്‍ ഏറ്റവും നല്ല ആയുധം അഹിംസയും, ക്ഷമയും, ബഹിഷ്കരണവും, സത്യാഗ്രഹവും, ഉപരോധവുമൊക്കെയുള്ള അഹിംസാ മാര്ഗങ്ങളല്ലേ? അമേരിക്കയുടേയും ചൈനയുടേയും പാകിസ്ഥാന്റെയും ഇസ്രായേലിന്റെയുമൊക്കെ സാധനങ്ങളെ കെട്ടിപ്പുണര്‍ന്നു അനുഭവിച്ചുകൊണ്ട് അവരുടെ ചെയ്തികളെ കുറ്റം പറയുന്നതില്‍ എന്തു അര്‍ത്ഥമാണുള്ളതു? മറ്റുള്ളവരെ നിയന്ത്രിക്കാന്‍ ഇറങ്ങും മുന്‍പ് സ്വയം നിയന്ത്രിക്കാനൊരു ശീലം നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഇന്ത്യയെപ്പോലെയൊരു ബഹുസ്വര സമൂഹം അഹിംസ ശീലിച്ചേ മതിയാവൂ. കുറഞ്ഞപക്ഷം ശരി ചെയ്തില്ലെങ്കിലും തെറ്റു ചെയ്തില്ല എന്നു സമാശ്വസിക്കാന്‍ അതു പിന്നീട് വക നല്‍കും. അക്രമത്തിനും ഉന്മൂലന സിദ്ധാന്തങ്ങള്‍ക്കും വേരോട്ടമുണ്ടാകുന്ന സമൂഹത്തില്‍ അശാന്തികള്‍ പടര്‍ന്നുകൊണ്ടേയിരിക്കും എന്നതാണ് സത്യം. നാമിന്നു കാണുന്നതും അതു തന്നെയല്ലേ?
എന്റെ സംസ്കാരം :
അബ്ദുല്‍കലാമും, മമ്മൂട്ടിയും, ഷാരൂഖ് ഖാനും, ഇവ മൂന്നു വെറും പേരുകളല്ല. മൂന്നുപേരും അതുല്യ പ്രതിഭകള്‍. ഇവര്‍ക്കു മൂവര്‍ക്കും സാമ്യമുള്ളവസ്തുതകളില്‍ പ്രധാനപ്പെട്ടതു അവരുടെ മുസ്ലിം നാമവും കറുത്ത തൊലിയും തന്നെ. ഇതു രണ്ടും അമേരിക്കയെന്ന രാഷ്ട്രം ഭയക്കണം. കാരണം ഇവയടങ്ങിയ കോടിക്കണക്കിന്ന് മനുഷ്യരുടെ ആത്മാക്കളെ ശരീരത്തില്‍ നിന്നും വേര്‍പെടുത്തിയവര്‍ ഭയപ്പെടാന്‍ യോഗ്യര്‍ തന്നെ. പക്ഷെ പ്രശ്നം മറ്റൊന്നാണ്. അവരുടെ ഭയത്തെ കയറ്റിയയച്ചു, മുസ്ലിം ഉന്മൂലനമെന്ന ആശയം വിളകൊയ്യുകയാണിന്ന്. വഴിയേ പോകുന്ന എതങ്കിലും കറുത്ത-മുസ്ലിമല്ല മമ്മൂട്ടിയും ഷാരൂഖും ശ്രീ. അബ്ദുല്‍ കലാമുമൊക്കെ. ലോകം വിരല്‍ തുമ്പത്തു എത്തിയ ഇന്നത്തെ കാലത്ത്, ലോകത്ത് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന ഇന്ത്യാക്കാരാണവര്‍. ഇന്റര്‍നെറ്റിലൊന്നു പരതിയാല്‍ വിരല്‍ തുമ്പത്തു അവരുടെ ജീവ ചരിത്രം വന്നെത്തും. അങ്ങനെയുള്ളവരെ പരിശോധിക്കുമ്പോള്‍ മുറിപ്പെടുത്താത്ത വാക്കുകളെങ്കിലും ഉപയോഗിക്കേണ്ടതുണ്ട്. നമ്മളിലെ ഏറ്റവും സുപ്രശസ്തരായാവര്‍ക്ക് (കുറഞ്ഞപക്ഷം അബ്ദുല്‍ കലാമെന്ന മുന്‍രാഷ്ട്രപതിയെങ്കിലും സുപ്രശസ്ഥനെന്നു നിങ്ങള്‍ അങ്ങീകരിക്കില്ലെ?) പീഡനം നല്‍കുക വഴി, അവര്‍ നമ്മിലേക്കു പകര്‍ന്നു നല്കുന്ന ചില സന്ദേശങ്ങളുണ്ട്. ഒപ്പം ഒരു വിഭാഗത്തെ കുറിച്ചു മറ്റുള്ളവരിലേക്കു പകരുന്ന ഭീതിയും അതു വിതക്കുന്ന അശാന്തിയും കാണണം. അമേരിക്ക ചെയ്യുന്നതു അവരുടെ സംസ്കാരമായിരിക്കാം. എന്നാല്‍ ഈ ബൂലോകത്തും പുറത്തും നാം തന്നെ, 'അവര്‍ അതിനര്‍ഹരാണ്' എന്നു പറയാനും സ്ഥാപിക്കാനും തുടങ്ങുമ്പോഴാണ്, ഇതു നമ്മുടെ സംസ്കാരമല്ലെന്നു ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത്.
വാല്‍ക്കഷ്ണം: ഇത്ര നാളും നാം കേട്ടിരുന്ന പരാതിയും പരിഭവങ്ങളും ഓരോരുത്തരെ ഇകഴ്ത്തി പറയുന്നതു എന്നതു കൊണ്ടായിരുന്നു. ദാ ഇപ്പോള്‍ ഒരു മനുഷ്യന് ഒരാളെ പുകഴ്ത്തി പുസ്തകമെഴുതിയപ്പോഴും കഥ അങ്ങനെ തന്നെ.
Friday, August 21, 2009
എന്താഡോ ഇങ്ങനൊക്കെ?
Posted by
Irshad
at
6:27 PM
3
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: പ്രതികരണം
Friday, August 7, 2009
വിമോചന സമരം: ചില ചോദ്യങ്ങള്‍
വിമോചന സമരവും, ആനുകാലികങ്ങളിലെ ചര്‍ച്ചയും, ഭരണവും, പിന്നെ ചില വസ്തുതകളും എല്ലാം ചേരുമ്പോള്‍ എന്റെയുള്ളില്‍ ഉയര്‍ന്നു വരുന്ന ചില ചോദ്യങ്ങള്‍ നിങ്ങളുടെ ഉത്തരത്തിന്നായി സമര്‍പ്പിക്കുകയാണിവിടെ.....
ഇതു വിമോചന സമരത്തിന്റെ അന്‍പതാം വാര്‍ഷികം. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ചു ഏറെയൊന്നുമറിയില്ല. സാധാരണ വിജയിക്കുന്നവനാണ് ശരി. അവന് തന്നെയാണ് ചരിത്രം രചിക്കുന്നതും പഠിപ്പിക്കുന്നതും. വിജയിയുടെ തെറ്റുകള്‍ ആ ചരിത്രങ്ങളില്‍ ഉണ്ടാവില്ല. പക്ഷെ ഇവിടെ വിമോചനസമരത്തിന്റെ കാര്യത്തില്‍, വിപ്ലവങ്ങളില്‍ അവേശം കൊള്ളാത്തവരും രക്തസാക്ഷികളെ ശൃഷ്ടിക്കപ്പെടുമ്പോള്‍ കുറ്റബോധം തോന്നുന്നവരും ഒരു വിപ്ലവത്തിന്റെ ഭാഗമായതിനാലാണോ ആ വിജയം ഒരു പരാജയം പോലെയാകുന്നതു? വിമോചനസമര വിജയം ഒരു ആവേശമാകാത്തതിന്ന് കാരണം മറ്റെന്താണ്?
കഴിഞ്ഞ പത്തിരുപതു വര്‍ഷത്തെ ഇടതു സമരങ്ങളിലേറെയും (ഇതെന്റെ രാഷ്ട്രീയ നിരീക്ഷണ കാലം) ആത്യന്തികമായി പരാജയത്തിലെത്തിയിട്ടും അവയൊക്കെ ‘അവര്‍ക്കു വിപ്ലവങ്ങളും, രക്തസാക്ഷികള്‍ ആവേശമാകുന്നതും കൊണ്ട് മാത്രം‘, കുറഞ്ഞ പക്ഷം അവരെങ്കിലും അവയെ പരാജയമായി കണക്കാക്കുന്നില്ല. വിമോചന സമരം പോലെയൊരു സമരത്തിന്നു ചുക്കാന്‍ പിടിച്ചത് ഇടതുപക്ഷമായിരുന്നുവെങ്കില്‍, അതു കേരള ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവവും ശരിയുമായിത്തീരുമായിരുന്നില്ലെ?.
ജനങ്ങള്‍ തിരഞ്ഞെടുത്തതാണെങ്കില്‍ കൂടി, ജനവിരുദ്ധമായ ഒരു സര്‍ക്കാരിനെ എങ്ങനെയാണ് പുറത്താക്കുക? അധികാരം കിട്ടിക്കഴിയുന്ന അന്നു തനിനിറം പുറത്തെടുക്കൗന്നവരെ ഒരു രീതിയിലും പുറത്താക്കാന്‍ തിരഞ്ഞെടുത്തവര്‍ക്കു കഴിയുന്നില്ലെങ്കില്‍ 'ജനാധിപത്യം' എന്ന വാക്കിനു എന്ത് പ്രസക്തിയാണുള്ളതു?
രണ്ടുവര്‍ഷത്തെ ഭരണം കൊണ്ട്, ഒരു ഗര്‍ഭിണിയടക്കം 15പേരെ വെടിവെച്ചു കൊന്ന ഒരു ഭരണകൂടത്തിന്മേല് ക്രമസമാധാനത്തകര്‍ച്ച ആരോപിച്ചു കൂടെ? പിരിച്ചുവിടപ്പെട്ട ഗവണ്മെന്റിനു ജനപിന്തുണയുണ്ടായിരുന്നോ ,ഇല്ലയോ എന്നതിന്നു തുടര്‍ന്നു വന്ന തിരഞ്ഞെടുപ്പു സാക്ഷിയല്ലെ?
വിമോചനസമരകാലത്ത് 'ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്നു(?) അമേരിക്കന്‍ ധനസഹായം ലഭിച്ചു എന്നത് നാം എന്നും കേള്‍ക്കുന്ന സംഗതിയാണ്. അതു സത്യമാകാം. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ വെളിയില്‍ വന്ന കണക്കുകളില്‍ ഇന്ത്യയിലെ ഇടതുപക്ഷത്തിനു ലഭിച്ച സാമ്പത്തിക സഹായത്തിന്റെ കണക്കുകളുണ്ടായിരുന്നില്ലെ? നാഴികക്ക് നാല്‍പ്പതുവെട്ടമെന്ന കണക്കില്‍ അവയൊന്നും വിളമ്പാന്‍ വലതു പക്ഷത്തില്‍ ആളുണ്ടായിരുന്നില്ല എന്നതു കൊണ്ടു മാത്രം അതു പുണ്യ പ്രവര്‍ത്തിയാകുമോ? ഫാരിസും, മാര്‍ട്ടിനും, ലിസുമൊക്കെ ഫണ്ട് ചെയ്യുന്ന ഇന്നത്തെ കാലം, പഴയ കെ.ജി.ബി ഫണ്ടിംഗ് കഥകളെ വിശ്വസിക്കാന്‍ നിര്‍ബന്ധിക്കുന്നില്ലെ?
സോവിയറ്റ് യൂണിയനില്‍ നിന്നും കിട്ടിയ പണം ഇടതുപക്ഷം വിനിയോഗിച്ചതു സ്വാഭാവികമായും ഈ നാട്ടിലെ ഏറ്റവും വലിയ ജനാധിപത്യ- മതേതര പ്രസ്ഥാനമായ കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചക്കു വേണ്ടിയായിരിക്കില്ലെ? അതൊരു കുറ്റമാകാതിരിക്കുന്നതിന്നു കാരണം വിളിച്ചു പറയാന്‍ ആളില്ലാത്തതു മാത്രമല്ലെ?
ഇടതു പക്ഷത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ഏതു സമരത്തേയും അമേരിക്കയുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നതിലെന്തര്‍ത്ഥമാണുള്ളതു?
ഒന്നാം മുണ്ടശ്ശേരിയുടെ പ്രവര്‍ത്തനങ്ങളെയും ആ സാഹചര്യങ്ങളെയും കുറിച്ചു വലിയ അവഹാഗമൊന്നുമില്ല. പക്ഷെ രണ്ടാം മുണ്ടശ്ശേരിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടേയും പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ എല്ലാം കൂടി കടലെടുത്തിരുന്നെങ്കില്‍ എന്നു തോന്നിപ്പോകുന്നു. അധികാരത്തിന്റെ മറവില്‍ പോലീസ് തേര്‍വാഴ്ചകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ അധികാരത്തിന്റെ മറവില്‍ പാര്‍ട്ടിവാഴ്ചകള്‍ ഇത്രത്തോളം നാം മുന്‍പ് കണ്ടിട്ടില്ല. പ്രതിപക്ഷത്തിരിക്കുമ്പോള്‍ നടത്തുന്ന പോലീസ് സ്റ്റേഷന് ഉപരോധങ്ങളെക്കാള്‍ ഭയപ്പെടേണ്ടതും കുറ്റകരവുമാണ് അധികാരം കയ്യിലുള്ളവരുടെ ഭരണത്തിന്റെ മറവിലെ തേര്‍വാഴ്ചകള്‍. വര്‍ദ്ധിച്ചുവരുന്ന അത്തരം നടപടികളെ ക്രമസമാധാന തകര്‍ച്ചയായി തന്നെ കാണേണ്ടതല്ലെ?.
"കേരളത്തിലെ നിക്ഷ്പക്ഷവും, വലതുപക്ഷവും പൊതുവെ സമാധാന പ്രിയരും നടുറോഡില്‍ ഇറങ്ങി പൊരുതാന്‍ വിമുഖത കാട്ടുന്നവരുമാണ്. സര്‍വ്വവും നഷ്ടപ്പെടും എന്നു തോന്നുമ്പോള്‍ മാത്രമെ അവര്‍ തെരുവിലെത്താറുള്ളൂ. ഇടതുപക്ഷത്തെ പോരാളികള്‍ ആദ്യം എന്തിനെയും എതിര്‍ക്കുകയും പത്തുവര്‍ഷത്തിനുശേഷം മാത്രം ചെയ്തതിനെക്കുറിച്ചു ചിന്തിക്കുകയും ചെയ്യുന്നവരാണ്". ഇതു സത്യമാണെങ്കില്‍ വിമോചന സമരം ശരിയായിരുന്നുവെന്നല്ലെ മനസ്സിലാക്കേണ്ടതു?
അനുബന്ധം: കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ എത്ര രജനിമാര്‍ നമ്മുടെ ക്യാമ്പസ്സുകളില്‍ ആത്മഹത്യ ചെയ്തു? പുതിയ ഫീസും കരാറും നിലവില്‍ വരുമ്പോള്‍ തെളിയിക്കപ്പെടുന്നതു ഇടതുപക്ഷത്തിന്റെ കാപഠ്യവും, സമരാഭാസമെന്ന വലിയ തെറ്റും മാത്രമല്ലെ?. "കരാറൊപ്പിടാതെ കോളേജ് അനുവദിച്ചു" എന്ന ആന്റണി ചെയ്ത തെറ്റിനേക്കാള്‍ വലിയ തെറ്റല്ലേ, ഇത്ര വലിയ പ്രശ്നങ്ങള്‍ക്കിടയില്‍ 50% സീറ്റില്‍ സര്‍ക്കാര്‍ കോളേജിലെ ഫീസെന്ന കരാര്‍ ഒപ്പിടാതെ ഈ വര്‍ഷം പോലും 9 കോളേജുകള്‍ കൂടി അനുവദിച്ചതു? ഈ ഭരണത്തിന് കീഴില്‍ 5 മെഡിക്കല്‍ കോളേജുകളും നഴ്സിംഗ് കോളേജുകളുമുള്‍പ്പടെ അന്പതിനുമേല് സ്വാശ്രയ കോളേജുകള്‍ അനുവദിക്കപ്പെട്ടത്രെ(?). ഇനിയെങ്ങനെയാണ് ഇടതുപക്ഷത്തിനു, ആന്റണിയെ കുറ്റം പറയാനാവുക? കഴിഞ്ഞ വര്‍ഷം വരെ 4 വര്‍ഷത്തെ എഞ്ചിനീയറിംഗ് പഠനത്തിനു ആകെ ഫീസിനത്തില്‍ ചിലവാകുമായിരുന്നതിനേക്കാള്‍ കൂടുതലാണിപ്പോള്‍ ഒരൊറ്റവര്‍ഷം നല്‍കേണ്ടത്. അതും ഗവണ്മന്റ് നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളേജുകളില്‍. ഇതിനെ വഞ്ചന, ക്രൂരത എന്നീ വാക്കുകള്മാത്രം ഉപയോഗിച്ചു വിശേഷിപ്പിക്കാമൊ? 6200 രൂപയില്‍ നിന്നും 25000 രൂപയിലേക്കുള്ള വളര്‍ച്ചക്കു കേവലം ഒരു വര്‍ഷം മാത്രം. 6200 രൂപക്കു പഠിക്കാന്‍ കഴിയാതെ ലോണെടുക്കുന്നവന്റെ നാട്ടിലാണീ സാമൂഹ്യ നീതി. ഇത്രവലിയ ഫീസ് വര്‍ദ്ധനവു ചരിത്രത്തില്‍ എവിടെയെങ്കിലും കാണാന്‍ കഴിയുമോ? തീര്‍ച്ചയായും ഈ ഭീകരതക്കെതിരെ ഒരു വിമോചന സമരത്തിന്ന് സമയമായില്ലെ?
പള്ളിക്കാര്‍ക്കും പട്ടക്കാര്‍ക്കും പണച്ചാക്കുകള്‍ക്കും വേണ്ടിയല്ലാതെ, പാവപ്പെട്ടവനു വേണ്ടി ഒരു വിമോചന സമരം. അല്ലെങ്കില്‍ ഒരു തിരുത്തല്‍. ആരതു നിര്‍വഹിക്കും?
Posted by
Irshad
at
4:11 PM
10
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: രാഷ്ട്രീയം