നീരുറവ തേടിയുള്ള യാത്രയില്‍ കണ്ടതേറെയും മരുഭൂമികളായിരുന്നു. ഒരു ഉറവ കണ്ടെത്തിയിട്ടു എഴുതാം എന്നു കരുതിയിരുന്നപ്പോഴാണ് കള്ളസ്വാമിമാരെ തേടി സര്‍ക്കാര്‍ തേരോട്ടം തുടങ്ങിയതു. കള്ളന്മാരിലും വെട്ടിപ്പുകാരിലും ഉള്‍പ്പെട്ട കുറച്ചു പേരെങ്കിലും അകത്തായാല്‍ നല്ലത്. കള്ളസ്വാമിമാരെയും വെട്ടിപ്പുകാരെയും തേടിയുള്ളയാത്ര എന്നു സ്വന്തം പാര്‍ട്ടി ഓഫീസുകളില്‍ എത്തുമെന്നേ ഇനി അറിയാനുള്ളൂ. അതിന്നു മുമ്പ് ഈ ധീര നടപടിയെ ഞാന്‍ ഒന്നു അഭിനന്ദിച്ചോട്ടെ? "ഒരായിരം അഭിനന്ദനങ്ങള്‍"
ആക്ഷനോടൊപ്പം തന്നെ റിയാക്ഷനും നിറം കെടുത്തുന്നപ്രവര്ത്തികളും ഭരണാനുകൂലികളില്നിന്നു തന്നെ തുടങ്ങുന്നു. ചിലയിടങ്ങളില്‍ എതിര്‍പ്പിന്റെ സ്വരത്തിലാണെങ്കില് മറ്റു ചിലതില്‍ അനുകൂല സ്വരത്തിലാണെന്നു മാത്രം. മൂന്നാറിന്റെ കാര്യത്തില്‍ എതിര്‍ത്തു തോല്പ്പിച്ചെങ്കില്, ഈ കാര്യത്തില്‍ തകര്‍ത്തു തോല്‍പ്പിക്കാനാണ് ശ്രമമെന്നു തോന്നുന്നു. നിയമത്തിന്റെ വഴിയേ പ്രവര്‍ത്തികള്‍ തുടങ്ങി കഴിഞ്ഞതിനു ശേഷം, ആശ്രമം തകര്‍ക്കലും മറ്റും നടത്തുന്നതില്‍ ചില ഗൂഡനീക്കങ്ങള്‍ മണക്കുന്നുണ്ട്. നിയമം കയ്യിലെടുക്കുന്ന ഭരണപക്ഷ യുവജന സംഘടനകളെ നിലക്കു നിര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
കേരളത്തിലെ അച്ചുതാനന്ദന് സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്കു കടന്നിരിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമാകില്ല ഈ വര്‍ഷവും എന്നു സൂചിപ്പിച്ചു കൊണ്ടുള്ള വിവാദങ്ങളുടെ മൂന്നാം കൊടിയേറ്റവും കഴിഞ്ഞു. നേട്ടങ്ങളേക്കാള്‍, കോട്ടങ്ങള്‍ മുഴച്ചു നില്ക്കുന്ന രണ്ട് വര്‍ഷങ്ങള്‍ കടന്നു പോയി. വിവാദങ്ങളുടെ പെരുമഴക്കാലങ്ങള്‍. ഇപ്പോള്‍ വിലവര്‍ദ്ധനവും, ഭക്ഷ്യക്ഷാമവും ജനജീവിതം ദുസ്സഹമാക്കുന്ന അവസ്ഥ. അതിന്നിടയില്‍ കോടിക്കണക്കിനു രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ കുട്ടനാട്ടിലും മറ്റും ഭരണപക്ഷ തൊഴിലാളികളുടെ പിടിവാശികള്‍ മൂലം കൊയ്തെടുക്കാനാവാതെ നശിച്ചും പോയിരിക്കുന്നു. ഇപ്പോള്‍ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുമ്പോള്‍ ആരു നേതാവാകണം എന്ന ചര്‍ച്ചയാണിവിടെ(?) ആഴ്ചകള്‍ പിന്നിടുമ്പോള്‍ ഇതെവിടെത്തും എന്നു ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥയിലാണ്. (പ്രശ്നം തീര്‍ന്നു എന്ന അറിയിപ്പെത്തിയെങ്കിലും, പലരുടെയും സ്വരങ്ങള്‍ മറ്റ് പലതും വിളിച്ചു പറയുന്നുണ്ട്)
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തും, ഈ സര്‍ക്കാരിന്റെ ആദ്യ നാളുകളിലും കണ്ട കര്‍ഷകരിലെ ആത്മഹത്യാപ്രവണത ഒരു രോഗമാണെന്ന മുഖ്യന്റെ പഴയ കണ്ടെത്തല്‍ ശരിയാണെങ്കില്‍, ആ രോഗികളില്‍ ഭൂരിഭാഗത്തിനും സ്വന്തം മരണം വഴി ചികിത്സ കിട്ടിക്കഴിഞ്ഞിരിക്കുന്നു. ഒരു നടപടിയും എടുക്കാതെ ആത്മഹത്യാ കണക്കുകളിലുണ്ടായ കുറവു സൂചിപ്പിക്കുന്നതു അതല്ലാതെ മറ്റെന്താണ്? ഏറെപേരും അരങ്ങൊഴിഞ്ഞപ്പോള്‍ ഉണ്ടായ ആത്മഹത്യാനിരക്കിലെ കുറവു നേട്ടമാണത്രെ? സ്വന്തം അടിസ്ഥാന ആവശ്യങ്ങള്‍ക്കു പോലും ആശ്വാസം നേടിയെടുക്കാന്‍ സാധിക്കാത്ത കടാശ്വാസ കമ്മീഷന്, കര്‍ഷകര്‍ക്കു എന്താശ്വാസം നേടിക്കൊടുക്കാനാണ്?. അതും ഖജനാവിന്നുമേല് അടയിരിക്കുന്നവരില് നിന്നും? കേന്ദ്രത്തിന്റെ വക വരുന്ന വായ്പ്പയെഴുതിതള്ളലുകളുടെയും മറ്റും ഗുണമെങ്കിലും കര്‍ഷകരില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ അത്രയും ആശ്വാസം. വളരെ നല്ല ആശയവും, അതിനേക്കാള്‍ ആവശ്യവും ആയിരുന്ന ഒന്നിന്റെ പ്രായോഗിക പാളിച്ചകള്‍, മൂന്നാറിലെ അനധികൃത കുടിയേറ്റങ്ങള്‍ ഒഴിപ്പിക്കലും മറ്റും എത്തിച്ചേര്‍ന്നതുപോലെ ഒടുവില്‍ വന്‍ നിരാശയിലേക്കു കൊണ്ടെത്തിച്ചു.
മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്, എച്ച്.എം.ടി, കെ.എസ്.റ്റി.പി, നഗരവികസനം, എ.ഡി.ബി. പകര്‍ച്ച വ്യാധികള്‍ തുടങ്ങിയവയെല്ലാം കഴിഞ്ഞ നാളുകളില്‍ ഭരണത്തിനു കളങ്കം ചാര്‍ത്തിയവയാണ്. ഭരണകക്ഷികള്‍ ഉള്‍പ്പെട്ട കോഴ വിവാദങ്ങളും, സുതാര്യമല്ലാത്ത കോടികളുടെ ക്രയവിക്രയങ്ങളും, സര്‍ക്കാര്‍ഭൂമിയിലെ കയ്യേറ്റങ്ങളും, കോടികള്‍ പൊടിപൊടിച്ചുള്ള അഭിനവ കമ്മ്യൂണിസ്റ്റ് വിവാഹ മാമാങ്കങ്ങളും, പോലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിക്കുന്ന ഭരണകഷികളുടെ നടപടികളും,കുട്ടി സഖാക്കന്മാര്ക്കു ഒത്തു കൂടുന്നതിന്നായി വിദ്യാഭ്യാസബന്ദ് പ്രഖ്യാപിക്കലും, വര്‍ദ്ധിക്കുന്ന ഗുണ്ടാ അക്രമങ്ങളും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും, ചങ്ങനാശ്ശേരിയില്‍ കൊല്ലപ്പെട്ട പോലീസുകാരന്റെ സഹപ്രവര്‍ത്തകരുടെ മൊഴിമാറ്റങ്ങളും എല്ലാം കഴിഞ്ഞ നാളുകളിലെ പത്ര താളുകള്‍ക്കു തിളക്കമേകി.
രണ്ട് വര്‍ഷമായി ചട്ടപ്പടി സമരം നടത്തുന്ന ഡോക്ടര്‍മാര്‍ ഒടുവില്‍ പ്രത്യക്ഷ സമരത്തിലേക്കു കടക്കാന്‍ തീരുമാനിച്ചുവെന്നതു കാര്യക്ഷമതയില്ലായ്മയുടെ ഏറ്റവും പുതിയ ഉദാഹരണം മാത്രം. അപ്പോഴും കേള്‍ക്കുന്നു, എന്തിനും എതിനും സമരം നടത്തി കേരളത്തെ നശിപ്പിച്ചവരുടെ ഏറ്റവും പുതിയ തമാശ - "സമരം ചെയ്യുന്ന ഡോക്ടര്‍ മാര്‍ക്കെതിരെ സമരം"-. സമരങ്ങള്‍ക്കെതിരെ സമരം ചെയ്യാന്‍ ഒരു ധാര്‍മികാവകാശവും ഇല്ലാത്തവര്‍ തന്നെ ഈ പരിപാടിക്കിറങ്ങാന്‍ ഉദ്ദേശിച്ചതുകൊണ്ടാണോ എന്തോ, ഇന്ത്യാവിഷന്റെ വോട്ട് ആന്റ് ടോക്ക് പോലെയുള്ള പരിപാടികളില്‍ സമരത്തോടായിരുന്നു അനുഭാവം.
എസ്.എസ്.എല്‍.സിക്കും +2വിനും ഇക്കുറിയും റെക്കോര്‍ഡ് വിജയം. കുത്തനെ ഉയര്‍ന്ന ശതമാനം സന്തോഷങ്ങളെക്കാള്‍ ആശങ്കകളാണു വിതറിയത്. പണ്ടൊരിക്കല്‍ മലപ്പുറം ജില്ലയില്‍ ഇത്തിരി വിജയ ശതമാനം കൂടിയപ്പോള്‍ പരിഭവിച്ചവര്‍ അധികാരികളായ കാലത്ത് അവിശ്വസനീയമായ വിജയം. അതില്‍ തന്നെ കണ്ണൂരില്‍ 94%്നും മേലെ. ആശങ്കകള്‍ക്കു പിന്നില്‍ കുട്ടികളെ നന്നായി അറിയുന്നതുകൊണ്ടാണോ(?) അതോ ഒന്നും അറിയാത്തതു കൊണ്ടാണോ? സഖാക്കന്മാര് ഭരണപക്ഷത്തെത്തിയപ്പോള്‍ കുറഞ്ഞ പണിമുടക്കുകളാണോ? കാര്യക്ഷമതാ വര്‍ഷത്തില്‍ കാട്ടിയ ശുഷ്കാന്തിയാനൊ? സത്യം ആര്‍ക്കറിയാം??
അനന്തമായി നീളുന്ന സ്വാശ്രയ പ്രശ്നം ഒരുവശത്ത്. അതിന്നിടയില്‍ പാഠപുസ്തകങ്ങളിലെ കമ്മ്യൂണിസ്റ്റ്വല്‍ക്കരണം ഉയര്‍ത്തുന്ന കോലാഹലങ്ങള്‍ മറുവശത്തും. ഇക്കൊല്ലവും വിദ്യാഭ്യാസരംഗത്ത് അരക്ഷിതാവസ്ഥതന്നെയാകാനാണു സാദ്ധ്യത.
ഇടതുപക്ഷത്തിന്റെ എല്ലാക്കാലത്തേയും രഹസ്യ അജണ്ടകളിലൊന്നു മതത്തെ തകര്‍ക്കലാണെന്നു തോന്നിയിട്ടുണ്ട്. കള്ളന്മാരെ തേടിയുള്ളയാത്രക്കുമപ്പുറം, മതം തന്നെ തെറ്റാണ് എന്നു വരുത്തിതീര്‍ക്കാനുമുള്ള പ്രവര്‍ത്തികള്‍ നടക്കുന്നോ എന്നു സംശയിക്കാനുള്ള വകകള്‍ ഉണ്ടുതാനും. വിവാഹ രജിസ്റ്റ്രേഷന് നിയമം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുണ്ടാക്കിയ മോശം പ്രതിശ്ചായ, വിവിധ മത വിഭാഗങ്ങളെ ബന്ധപ്പെടുത്തിയുള്ള വിവാദങ്ങള്‍, പാഠപുസ്തകങ്ങളിലെ നിരീശ്വര വാദപ്രോത്സാഹനങ്ങള് എന്നിവയെല്ലാം അവയിലേക്കു വെളിച്ചം വീശുന്നു.
കെ.എസ്.റ്റി.പി, നഗരവികസം എന്നീ പദ്ധതികളില്‍ 200 കോടിയോളം നഷ്ടപ്പെടുകയും, എ.ഡി.ബി, കരിമണല്‍ ഖനനം,എക്സ്പ്രസ് ഹൈവേ, സ്വാശ്രയ വിദ്യാഭ്യാസം എന്നിവയില്‍ ഇടതുപക്ഷത്തിന്നു ബദലുകള്‍ ഇല്ലായെന്നുബോധ്യമാകുകയും ചെയ്യുമ്പോള്‍ വിവാദങ്ങളിലാണവര് രക്ഷകണ്ടെത്തുന്നത് എന്നു തോന്നുന്നു. കഴിഞ്ഞ പ്രതിപക്ഷ കാലത്തു നടത്തിയ പ്രക്ഷോഭങ്ങളുടെ വിഷയങ്ങളില്‍ ഒട്ടുമിക്കതിലും അന്നത്തെ സര്‍ക്കാരിന്റേതില്‍ നിന്നും വ്യത്യസ്ഥമായ ഒരു തീരുമാനം എടുക്കാന്‍ കഴിയാതിരിക്കുന്നതും വിവാദങ്ങളില്‍ ഒളിക്കുന്നതിന്നു മുഖ്യ കാരണമാവാം. എതിര്‍ക്കുന്നവരെ മുഴുവന്‍ പരിഹസിച്ചും അവഹേളിച്ചും വിവാദങ്ങളുണ്ടാക്കിയും അതിന്റെ മറവില്‍ ദിവസങ്ങള്‍ തള്ളിനീക്കിയും എത്രനാള്‍ മീന്‍പിടിക്കും? കാത്തിരുന്നു കാണുകതന്നെ.
പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......
Monday, May 26, 2008
കേരളസര്‍ക്കാരിന്റെ രണ്ട് വര്‍ഷങ്ങള്‍
Posted by Irshad at 12:09 PM 2 പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: പ്രതികരണം, രാഷ്ട്രീയം, ലേഖനം
Subscribe to:
Posts (Atom)