ലണ്ടന്‍ സ്ഫോടനത്തിന്റെ അലയൊലികളും പുകപടലങ്ങളും കൊണ്ട് മാധ്യമങ്ങള്‍ ആഘോഷം നടത്തുന്ന കാലം. കഥകളും ഉപകഥകളും കൊണ്ടു പത്രത്താളുകളന്നു സമൃദ്ധം. ബാംഗളൂരിലെ ഒരു ഡോക്ടര്‍ ചെക്കന്, അങ്ങ് ആസ്ത്രേലിയയില്‍ തടവിലാകുകയും അന്വേഷണങ്ങള്‍ ഇന്ത്യയിലും തകൃതിയായി നടക്കുന്നുണ്ടെന്നു നാം വിശ്വസിക്കുകയും, മാധ്യമങ്ങളില്‍ വരുന്ന അന്വേഷണവിവര വിവരണങ്ങളെ ആവേശത്തോടെ വായിക്കുകയും ചര്‍ച്ചചെയ്യുകയും, അന്വേഷണ ഉദ്യോഗസ്ഥരെ പുകഴ്ത്തുകയും പ്രതികളെ ശപിക്കുകയും ചെയ്തു നാം സ്വസ്ഥമായി ഉറങ്ങിയിരുന്ന കാലം. തിരുവനന്തപുരം സിഡാകിലെ സൈബര്‍ ഫോറന്‍സിക് വിഭാഗം, പ്രതിയുടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കില്‍ നിന്നും കണ്ടെത്തിയ തെളിവുകളും, പരീക്ഷണ-നിരീക്ഷണ മാര്‍ഗ്ഗങ്ങളുടെ ഉദ്യോഗജനകമായ വിവരണങ്ങളും പത്രത്താളുകളില്‍ നിന്നും വായിച്ചു നിങ്ങളോടൊക്കെയൊപ്പം ഞാനും ഉള്‍പുളകമണിഞ്ഞിരുന്ന കാലം. ഈ കണ്ടെത്തലുകള്‍ക്കു പിന്നിലെ എന്റെ പരിചയക്കാര് കൂടിയായ ചില വ്യക്തികളുടെ പേരുവിവരങ്ങള്‍ ഞാന്‍ അഭിമാനത്തോടെ വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന കാലം....
ഒരു ദിവസം, ഒരു പത്ര വാര്‍ത്ത കണ്ട് ഞാന്‍ ഞെട്ടി. "ലണ്ടന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട യാതൊരു വിധ സാധന സാമഗ്രികളും സിഡാക്കില്‍ പരിശോധനക്കു എത്തിയിട്ടില്ലെന്നും, അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ ഇവിടുള്ളയാരും പങ്കാളികളല്ല" എന്നുമായിരുന്നു അതിന്റെ ചുരുക്കം. മാധ്യമങ്ങളിലെ കള്ളക്കഥകള്‍ ഉദ്യോഗസ്ഥരുടെ വ്യക്തി ജീവിതത്തെ കൂടി ബാധിച്ചു തുടങ്ങിയപ്പോഴാണ് ഈ സത്യം പത്രപ്പരസ്യം ആക്കേണ്ടിവന്നതു എന്ന വസ്തുത പിന്നീട് അറിയാന്‍ കഴിഞ്ഞു. അപ്പോഴും(ഇപ്പോഴും) ഒരു സംശയം ബാക്കി. ആരാണീ കള്ളക്കഥകള്‍ ഇത്ര ആധികാരികതയോടെ, അന്വേഷണ വഴികളില്‍ ഉപയോഗിക്കുന്ന സകല സാങ്കേതിക പദങ്ങളും ഉപയോഗിച്ചു തയ്യാറാക്കുന്നതും പ്രചരിപ്പിക്കുന്നതും???
എന്തായാലും വാര്‍ത്തകളെ കണ്ണുമടച്ചു വിശ്വസിക്കാതിരിക്കാന്‍ ഈ സംഭവമെപ്പോഴും എന്നെ ഓര്‍മ്മിപ്പിക്കുന്നു. വാര്‍ത്തകള്‍ നല്ലയൊരളവില്‍ നമ്മുടെ വിചാരങ്ങളെയും സമീപനങ്ങളെയും സ്വാധീനിക്കും എന്നതു സത്യം. ഏതോ ഒരു നാട്ടിലെ ഒരു ചെറുപ്പക്കാരനെ ചൂണ്ടിക്കാണിച്ചു ഇവന് തീവ്രവാദിയാണ് എന്നു ആരെങ്കിലും പറഞ്ഞാല്‍ നമ്മില്‍ എത്രപേര്‍ അതിനെ അവിശ്വസിക്കും. പറയുന്നതു ഉത്തരവാദപ്പെട്ട വ്യക്തികളോ, മാധ്യമങ്ങളോ, ഭരണകൂടെങ്ങളോ ആണെങ്കിലോ? വെറുതെ നാമെന്തിനു അതിനെ അവിശ്വസിക്കണം, അല്ലെ? അപ്പോള്‍ സകലമാധ്യമങ്ങളും ഒരേ കാര്യങ്ങള്‍ ആധികാരികതയോടെ അധികൃതരുടെ വാക്കുകള്‍ എന്ന രീതിയില്‍ അവതരിപ്പിച്ചാല്‍ സാധാരണക്കാരന് വിശ്വസിച്ചില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ.
'സത്യം എന്നെങ്കിലും പുറത്തുവരും' എന്നു വിശ്വസിച്ചു കഴിയേണ്ടിവരുന്നതു ശരിയല്ല. വൈകി വരുന്ന സത്യം നീതി കൊണ്ടുവരികയുമില്ല. അതുകൊണ്ട് തന്നെ അന്വേഷണങ്ങള്‍ക്കു പുറകേ മാധ്യമങ്ങള്‍ സഞ്ചരിക്കേണ്ടതുണ്ട്. പിന്നാലെ മാത്രം മാധ്യമങ്ങള്‍ സഞ്ചരിച്ചാല്‍ മതിയാകും താനും. അന്വേഷണങ്ങളെ വഴിതെറ്റിക്കാനും ജനങ്ങളുടെ മനസ്സില്‍ എല്ലാത്തിനോടും അവിശ്വാസം വളരാനും മാത്രമെ ഇന്നത്തെ ഈ മുന്നില്‍പോക്കും ഭാവനാ ശൃഷ്ടികളും ഉപകരിക്കൂ.
മാധ്യമങ്ങളുടെയും മറ്റും ചോദ്യങ്ങള്‍ക്കുള്ള അധികൃതരുടെ എഴുതിതയ്യാറാക്കിയ ഉത്തരങ്ങള്‍ യാതൊരുവിധ തിരുത്തലും കൂടാതെ പ്രസിദ്ധീകരിക്കാനുള്ള സ്ഥലം എല്ലാ മാധ്യമങ്ങളിലും ഉണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അസത്യവാര്‍ത്തകളുടെ ഉറവിടങ്ങളെ കണ്ടെത്തി ശിക്ഷിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. എങ്കിലേ നമ്മുടെ സമാധാനപരമായ ജീവിതവും, നാടിന്റെ കെട്ടുറപ്പുമൊക്കെ നിലനിന്നു പോകയൂള്ളൂ. ഇന്ത്യയിലെ എതൊരു വിഭാഗത്തിന്റെ നാശവും, മതേതര ഭാരതത്തിന്റെ നാശം തന്നെയായിരിക്കും എന്ന തിരിച്ചറിവുണ്ടായാല്‍ നന്ന്.
എന്തായാലും ഇന്നു കുറച്ചു മാധ്യമങ്ങളെങ്കിലും അധികൃതരോട് ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു. അധികൃതരുടെ കഥക്കു അനുബന്ധങ്ങളെ ചേര്‍ക്കുന്നതിനു പകരം അവരുടെ ഭാഷ്യങ്ങളിലെ പിഴവുകള്‍ വിളിച്ചു പറഞ്ഞു തുടങ്ങിയിരിക്കുന്നു. അവരില്‍ ഞാനൊരു നീരുറവ കണ്ടെത്തുന്നു.
Thursday, December 18, 2008
അതിഭീകരം, ഈ മാധ്യമ ഭീകരത
Posted by
Irshad
at
8:22 PM
9
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: ലേഖനം
Wednesday, August 27, 2008
ആയുധം സെയ്വോം...
ഇടിച്ചുകൊല്ലലും, ചവിട്ടിക്കൊല്ലലും, കഴുത്തു ഞെരിച്ചുള്ള കൊലകളും, വെള്ളത്തില്‍ മുക്കികൊല്ലലും, കെട്ടിത്തൂക്കലുമൊക്കെ പഴങ്കഥയാകുന്നുവോ?
ഇത്തരം കൊലകളുടെ കഥകള്‍ കേള്‍ക്കാനുള്ള ആഗ്രഹം കൊണ്ടൊന്നുമല്ല ഇങ്ങനെ ചിന്തിച്ചത്. ഈ തരത്തിലുള്ള കൊലകള്‍ ചെയ്യാന്‍, പൈശാചിക മനസ്സിനുമപ്പുറം ചില സ്ഥായിയായ വിരോധം കൂടി വേണമെന്നു തോന്നുന്നു. ഞാനോ അവനോ ആരെങ്കിലും ഒരാള്‍ ഈ ഭൂലോകത്തു ജീവിച്ചിരുന്നാല്‍ മതി എന്ന ചിന്തയിലേക്കെത്തിയിട്ട് സംഭവിക്കുന്നതാണ് അതിലേറെയും. മിക്കവാറും ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് നേരിടലാവും സംഭവിക്കുക. എന്നിരുന്നാലും ഹനിക്കപ്പെടുന്നത് ഒരു തെറ്റാണ്(എപ്പോഴുമങ്ങനെയാണ് എന്നു പറയില്ല) എന്ന ഒരു കാവ്യ നീതിയെങ്കിലും കണ്ടെത്താന്‍ കഴിയുമായിരുന്നു. നിരപരാധികളുടെ ജീവന് ഹനിക്കപ്പെടുന്നതിന്റെ തോതെങ്കിലും കുറവായിരിക്കും എന്നു തോന്നുന്നു. ആസൂത്രിത കൊലകളും നിരപരാധികളുടെ ചോരയുമവയില്‍ കുറവായിരിക്കും.
ഇന്ന് ആയുധങ്ങളാണ് സര്‍വ്വവും ചെയ്യുന്നതു. അവക്കു പിന്നില്‍ പരിശീലനം സിദ്ധിച്ച, മരവിച്ച മനസ്സുകളുമായി ആര്‍ക്കും വിലക്കെടുക്കാന്‍ കഴിയുന്ന ദേഹങ്ങള്‍. നില്‍ക്കക്കള്ളിയില്ലാതെ കൊല ചെയ്തിട്ട് പോലീസ് സ്റ്റേഷനിലെത്തി പൊട്ടിക്കരഞ്ഞു കീഴടങ്ങുന്നവരെ ഇന്നു എവിടെയെങ്കിലും കാണാന്‍ കഴിയുന്നുവോ? ഇല്ലാത്തവന്, ഉള്ളവന്റെ കയ്യില്‍ നിന്നും പിടിച്ചു വാങ്ങുന്നതും, കിടപ്പാടമില്ലാത്തവര്‍ സംഘടിച്ചിത്തിരിസ്ഥലം കയ്യേറുന്നതും അപരാധമാകുന്ന നമ്മുടെ ലോകത്തില്‍, വന്‍കിട മുതലാളിമാര്‍ കൃഷിഭൂമി കയ്യേറുന്നതും, കര്‍ഷകനെ സ്വന്തം കുടിലില്‍ നിന്നും തെരുവിലിറക്കുന്നതും അനുസരിക്കാത്തവരെ പാര്‍ട്ടി ഗുണ്ടകളെക്കൊണ്ടു കൊന്നു തള്ളുന്നതും പുണ്യ പ്രവര്‍ത്തിയായിരിക്കുന്നു. അതിന്നു ഭരണകൂട പിന്‍ബലം കൂടിയുണ്ടെങ്കില്‍ പിന്നെ ആരാണൊരു രക്ഷ? ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമോ? നിരപരാധികളുടെ രക്തവും അവരുടെ ആശ്രിതരുടെ കണ്ണുനീരും വീണ മണ്ണില്‍ വിപ്ലവപ്പൂക്കള്‍ വിടര്‍ന്നാല്‍ തന്നെ അതിന്നെന്തു മഹത്വമാണുള്ളത്?
ഇന്നു മോഷ്ടാക്കളില്ലാതായിരിക്കുന്നു. മുന്വാതിലുകള് തകര്‍ത്തു, അവകാശിയെ കൊന്നു സമ്പത്തു കവരുന്നതിന്റെ കഥകളാണേറെയും. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊല്ലുന്ന വാര്‍ത്തകളും, പിറക്കാത്ത കുരുന്നിനെ വയറുകീറി പുറത്തെടുത്തു കൊല്ലുന്ന കാഴ്ചകളും, പിഞ്ചുകുഞ്ഞുങ്ങളുടെ വായില്‍ ബോംബുകള്‍ തിരികി വെച്ചു പൊട്ടിച്ച് ചിതറുന്ന തലച്ചോറുകളെ നോക്കി അട്ടഹസിക്കുന്ന മുഖങ്ങളും പിന്നെ ഗര്‍ഭിണികളെപ്പോലും വെറുതെ വിടാത്തെയാ നരാധമന്മാരുടെ വീരവാദങ്ങളും നാം മാധ്യമങ്ങളിലൂടെ കാണേണ്ടിയും കേള്‍ക്കേണ്ടിയും വരുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ബസ്റ്റാന്‍ഡില്‍ വെച്ചു കണ്ട ഒരു സംഭവമിങ്ങനെ. സീറ്റ് റിസര്‍വ് ചെയ്ത കൂപ്പണുമായി വന്നയാള്‍, തനിക്കു കിട്ടിയ സീറ്റില്‍ ഇരുന്നവരോട് റിസര്‍വ് ചെയ്തിട്ടുണ്ട് എന്നറിയിച്ചപ്പോള്‍ അല്‍പ്പം പോലും മര്യാദയില്ലാത്ത പ്രവര്‍ത്തനമാണ് സീറ്റ് കയ്യടക്കിയിരുന്ന മദ്യപരായ മൂവര്‍ സംഘത്തില്‍ നിന്നും ഉണ്ടായത്. തെറിയഭിഷേകവും പിന്നാലെ മഴപോലെയെത്തി. അരിയും തിന്നു, ആശാരിച്ചിയെയും കടിച്ചു എന്നിട്ടും പട്ടിക്കു മുറുമുറുപ്പു എന്നു പറഞ്ഞതുപോലെ ഒരുവന് മൊബൈല്‍ എടുത്തു കുത്തി ആരോടോ കൊട്ടേഷനുള്ള വിവരങ്ങള്‍ നല്കുന്നു. എന്നിട്ടു അപ്പോള്‍ തന്നെ പേടിച്ചു വിറച്ചിരുന്ന മനുഷ്യനെ നോക്കി ആറ്റിങ്ങല്‍ കടക്കില്ലെന്നൊരു ഭീഷണിയും. നമ്മുടെ യുവത്വത്തിന്റെ പോക്ക് എത്രമാത്രം ആപല്‍ക്കരമാണെന്നു നോക്കുക. കണ്ട്രോള് രൂമില്‍ അപ്പോള്‍ തന്നെ വിവരം അറിയിച്ചെതു കൊണ്ടാവണം കൂട്ടത്തിലെ രണ്ടുപേര്‍ ആറ്റിങ്ങല്‍ എത്തും മുന്‍പെ സ്ഥലം വിട്ടിരുന്നു. മൂന്നാമന് ഛര്‍ദ്ദിച്ച് അവശനായി ആറ്റിങ്ങലില്‍ ഇറങ്ങി. അപകടമൊന്നും സംഭവിച്ചില്ലെങ്കിലും ചെറുതല്ലാത്ത മാനസിക പീഡനം ഒരു നിരപരാധിക്കു ഏല്‍ക്കേണ്ടി വന്നു എന്നതാണ് സത്യം. ഒന്നു പറഞ്ഞു രണ്ടിനു ക്വട്ടേഷന്‍ നല്കുന്ന നാട്ടില്‍ ഏറ്റവും നല്ല തൊഴില്‍ ഗുണ്ടായിസം തന്നെ(?).
മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ സംഘട്ടനങ്ങള്‍ പണ്ടും ഉണ്ടായിരിന്നിരിക്കാം. എന്നാല്‍ ഇത്രയേറെ സംഘടിച്ചു കായിക പരിശീലനവും, ആയുധ പരിശീലനവും, ഒരു പക്ഷെ റിഹേഴ്സലുകള്‍ തന്നെയും നടത്തി മനുഷ്യ ജീവനുകളെ വേട്ടയാടുന്നതു മുമ്പുണ്ടായിരുന്നോ എന്നു സംശയമാണ്. പോലീസും പട്ടാളവുമൊക്കെ കാവലിനുള്ള ഒരു രാജ്യത്തിനകത്ത് ഈ സംഘടനകള്‍ ആരുടെ സംരക്ഷണമാണ് ലക്ഷ്യം വെക്കുന്നത് എന്നു മനസ്സിലാകുന്നില്ല. ഇവയൊക്കെ സംരക്ഷണങ്ങള്‍ക്കുമപ്പുറം അരക്ഷിതാവസ്ഥയാണ് വളര്‍ത്തുന്നതെന്നു എല്ലാവര്ക്കും മനസ്സിലായിട്ടും എന്തേ ഇങ്ങനെയുള്ള കൂടിച്ചേരലുകള്‍ നിരോധിക്കപ്പെടുന്നില്ല?
അന്നന്നത്തെ ജീവിതത്തിനു വേണ്ടി മോഷ്ടിക്കാന്‍ ഇറങ്ങുന്ന കള്ളന്മാരെ തടയാനേ നമ്മുടെ പോലീസിനു കഴിയൂ. അതു അവരുടെ കുറ്റമല്ല. പഠിക്കാന്‍ പോയപ്പോള്‍ നന്നായി പഠിക്കുകയും ഗുണ്ടായിസം കാണിക്കാതെ ജീവിച്ചു, സ്വന്തം ജീവിതത്തിന്റെയും കുടുംബത്തിന്റെയും ജീവിതത്തിനു വേണ്ടി പണിയെടുക്കുന്നവരാണവര്‍? ആശയത്തെക്കാള്‍ ആമാശയം നിയന്ത്രിക്കുന്നവര്‍. അവര്‍ക്കു തനി ഗുണ്ടകളോട് എതിരിടാന്‍ കഴിയണമെന്നില്ല. അതും ജയിലില്‍ കിടക്കുന്ന കുറ്റവാളി കൊല്ലപ്പെട്ടാല്‍ കൊടുക്കുന്ന നഷ്ടപരിഹാരത്തിന്റെ പകുതിപോലും ഡ്യൂട്ടിക്കിടയില്‍ മരിക്കുന്ന പോലീസുകാരനു നമ്മുടെ ഭരണകൂടങ്ങള്‍ നല്‍കാത്ത അവസ്ഥയില്‍(?)
പോലീസിനെക്കാള്‍ കൂടുതല്‍ കാലം പരിശീലനം നടത്തിയിട്ടാണ് ഈ സംഘടനാംഗങ്ങള്‍ വിലസുന്നത്. കുട്ടിക്കാലത്തുതന്നെ മനസ്സില്‍ വിഷവും കയ്യില്‍ ആയുധവും വെച്ചുകൊടുക്കുന്നവര്‍ക്കെതിരെ സമൂഹം ജാഗ്രത കൈക്കൊള്ളേണ്ടിയിരിക്കുന്നു. തലതിരിഞ്ഞ ആശയങ്ങളും, മെയ്ക്കരുത്തുമായി പഠനകാലങ്ങളും നല്ലകാലങ്ങളും ആര്‍ക്കോ വേണ്ടി കഴിഞ്ഞുപോകുകയും, പിന്നീട് ജീവിതത്തില്‍(ശാപങ്ങളല്ലാതെ) ഒന്നും നേടിയില്ല എന്നു ബോധ്യമാകുകയും ചെയ്യുമ്പോള്‍ കൊല്ലും കൊലയും ഗുണ്ടായിസവും മാത്രമേ തൊഴിലായി സ്വീകരിക്കാന്‍ പോലുമുണ്ടാവൂ.
കായിക പരിശീലനം ആരോഗ്യമുള്ള ശരീരത്തിന്റെ നിര്‍മ്മിതിക്കു ആവശ്യമാണെന്നും, ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുകള്‍ ഉണ്ടാകൂ എന്നുമൊക്കെ മറുവാദങ്ങള്‍ ചിലപ്പോള്‍ ഉണ്ടായേക്കാം. കായിക പരിശീലനത്തിന്റെ സമയം മണ്ണില്‍ പണിയെടുക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ നേട്ടം പതിന്മടങ്ങായേനെ. മണ്ണിനെ സ്നേഹിക്കുന്ന കര്‍ഷകനു മനുഷ്യനെ സ്നേഹിക്കാതിരിക്കാന്‍ ആവില്ലല്ലോ? ആയോധന കലകളെ നിലനിര്‍ത്താനുള്ള ഭഗീരധ പ്രയത്നമൊന്നുമല്ലല്ലോ ഇക്കൂട്ടര്‍ ചെയ്യുന്നത്? അങ്ങനെയൊരു ഉദ്ദേശമുണ്ടെങ്കില്‍ അതിനായി സ്കൂളുകള്‍ തന്നെ തുടങ്ങാവുന്നതോ, നിലവിലുള്ള പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്നതോ ആണു താനും. മുന്‍പു സ്കൂളില്‍ ഒരു ഡ്രില്‍ പീരീഡ് ഉണ്ടായിരുന്നു. പാഠ്യപദ്ധതികളിലെ തുഗ്ലക്ക് പരിഷ്കരണങ്ങള്‍ അവയെ കുഴിച്ചുമൂടിയോ എന്തൊ?
"അധികാരത്തിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ ഒരു സൈന്യത്തെ ഒരുക്കി നിര്‍ത്തേണ്ടതുണ്ട്" എന്ന മാവോയുടെ വാക്കുകള്‍ എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. ഇവരുടെയും ലക്ഷ്യം അതു തന്നെയെങ്കില്‍ നമ്മുടെ ജനാധിപത്യം അപകടത്തിലാണു എന്ന് ശങ്കിക്കാതെ വയ്യ. പോലീസ് ജീപ്പില്‍ നിന്നും, പോലീസ് സ്റ്റേഷനില്‍ നിന്നുപോലും പ്രതികളെ പിടിച്ചിറക്കി കൊണ്ടുപോകുന്ന പ്രവണതകള്‍ വര്‍ദ്ധിച്ചു വരുന്നു. പഴയകാല രാത്രി നക്സല്‍ ആക്രമണങ്ങളെ അനുസ്മരിപ്പിക്കും വിധം (അവയെ ലജ്ജിപ്പിക്കും വിധവും) ഇന്നു പട്ടാപ്പകല്‍ ജനപ്രധിനിധികളുടെ നായകത്വത്തോടെ നടമാടുമ്പോള്‍ ഭയക്കാതെ വയ്യ. ആയുധമേന്തിയ, യൂണീഫോമിട്ട നിയമപാലകരെ വരച്ചവരയില്‍ നിര്‍ത്തുകയും, മര്‍ദ്ധിക്കുകയും ചെയ്യുന്നവര്‍ക്കു നാളെ പോളിംഗ് ബൂത്തുകളില്‍ എന്തെല്ലാം ചെയ്തുകൂടാ?
ഭരണമോ സ്വാധീനമോ ഉള്ളവരുടെ ഇത്തരം നടപടികള്‍ ഭരണകൂട ഭീകരതയിലേക്കാണ് നയിക്കുന്നതെന്നതിന്നു ഗുജറാത്തും ബംഗാളും സാക്ഷി. ഈ കൊച്ചു കേരളത്തിലും കേഡര്‍ പാര്‍ട്ടികളും, കേഡര്‍ മതസംഘടനകളും അനസ്യൂതം പരിശീലനം നടത്തുന്നുണ്ട്. അവയില്ലാതാക്കാന്‍ നാം ആരോടാണ് പറയുക? കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലല്ലാതെ(അങ്ങനെ പറഞ്ഞു കേട്ടിട്ടേയുള്ളൂ), ഒരു മത വിഭാഗമോ രാഷ്ട്രീയ വിഭാഗമോ മാത്രം കഴിയുന്ന ഗ്രാമങ്ങള്‍ നമ്മുടെ നാട്ടില്‍ ഇല്ലെന്നാണ് എന്റെ വിശ്വാസം. അതു കൊണ്ട് തന്നെ പരിശീലന കളരികളെ കണ്ടെത്താനും നിയന്ത്രിക്കാനും അധികാരികള്‍ക്കു ഒരു ബുദ്ധിമുട്ടുണ്ടാകില്ല. എല്ലാത്തിനും ആദ്യം വേണ്ടതു ഇശ്ചാശക്തിയാണെന്നു മാത്രം. ഒപ്പം പക്ഷാഭേദമില്ലാത്ത നടപടികളും.
രാഷ്ട്ര പിതാവിന്റെ മാറു പിളര്‍ത്തി നാം തുടങ്ങിയതാണീ യാത്ര. ഈ 62-ആം സ്വാതന്ത്ര്യ ദിന വാര്‍ഷികത്തിലും ഭീതിയോടെയല്ലാതെ നമുക്കു നമ്മുടെ സഹോദരങ്ങളെ നോക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെന്തു സ്വാതന്ത്ര്യമാണു നാം നേടിയത്? കൂടെ പഠിക്കുന്നവന്റെ, കൂടെകിടന്നുറങ്ങുന്നവന്റെ, കൂടിരുന്നു ഒരേ പാത്രത്തില്‍ നിന്നും ഉണ്ണുന്നവന്റെ നെഞ്ചില്‍ കാലെടുത്തു വെച്ചു തലയറുത്തുമാറ്റാന്‍ പഠിപ്പിക്കുന്നതു ഏതു പ്രത്യയ ശാസ്ത്രമാണെങ്കിലും അംഗീകര്‍ക്കുക വയ്യ.
ഒരു പൗരന് എന്ന നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നതും എനിക്കുവേണ്ടതും "ഈ ഇന്ത്യാ മഹാരാജ്യം അവന്റെ ഓരോ പൗരനും വാഗ്ദാനം ചെയ്യുന്ന സംരക്ഷണവും നീതിയും നിയമ പരിരക്ഷയുമാണ്. അല്ലാതെ ഏതെങ്കിലും കേഡര്‍ പ്രസ്ഥാനങ്ങള്‍ നല്കുന്ന സംരക്ഷണമല്ല. അതെനിക്കു ആവശ്യവുമില്ല". ഭരണകൂടത്തിന്റെ കൈവിട്ടുപോകും മുന്‍പേ, സമാന്തര ഭരണരംഗത്തേക്കു അക്രമികള്‍ കടക്കും മുന്‍പേ രാജ്യസ്നേഹികളായ ആരെങ്കിലും ഭരണരംഗത്തുണ്ടെങ്കില്‍ നടപടിയെടുക്കുക.
Posted by
Irshad
at
8:13 PM
8
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: ലേഖനം
Monday, May 26, 2008
കേരളസര്‍ക്കാരിന്റെ രണ്ട് വര്‍ഷങ്ങള്‍
നീരുറവ തേടിയുള്ള യാത്രയില്‍ കണ്ടതേറെയും മരുഭൂമികളായിരുന്നു. ഒരു ഉറവ കണ്ടെത്തിയിട്ടു എഴുതാം എന്നു കരുതിയിരുന്നപ്പോഴാണ് കള്ളസ്വാമിമാരെ തേടി സര്‍ക്കാര്‍ തേരോട്ടം തുടങ്ങിയതു. കള്ളന്മാരിലും വെട്ടിപ്പുകാരിലും ഉള്‍പ്പെട്ട കുറച്ചു പേരെങ്കിലും അകത്തായാല്‍ നല്ലത്. കള്ളസ്വാമിമാരെയും വെട്ടിപ്പുകാരെയും തേടിയുള്ളയാത്ര എന്നു സ്വന്തം പാര്‍ട്ടി ഓഫീസുകളില്‍ എത്തുമെന്നേ ഇനി അറിയാനുള്ളൂ. അതിന്നു മുമ്പ് ഈ ധീര നടപടിയെ ഞാന്‍ ഒന്നു അഭിനന്ദിച്ചോട്ടെ? "ഒരായിരം അഭിനന്ദനങ്ങള്‍"
ആക്ഷനോടൊപ്പം തന്നെ റിയാക്ഷനും നിറം കെടുത്തുന്നപ്രവര്ത്തികളും ഭരണാനുകൂലികളില്നിന്നു തന്നെ തുടങ്ങുന്നു. ചിലയിടങ്ങളില്‍ എതിര്‍പ്പിന്റെ സ്വരത്തിലാണെങ്കില് മറ്റു ചിലതില്‍ അനുകൂല സ്വരത്തിലാണെന്നു മാത്രം. മൂന്നാറിന്റെ കാര്യത്തില്‍ എതിര്‍ത്തു തോല്പ്പിച്ചെങ്കില്, ഈ കാര്യത്തില്‍ തകര്‍ത്തു തോല്‍പ്പിക്കാനാണ് ശ്രമമെന്നു തോന്നുന്നു. നിയമത്തിന്റെ വഴിയേ പ്രവര്‍ത്തികള്‍ തുടങ്ങി കഴിഞ്ഞതിനു ശേഷം, ആശ്രമം തകര്‍ക്കലും മറ്റും നടത്തുന്നതില്‍ ചില ഗൂഡനീക്കങ്ങള്‍ മണക്കുന്നുണ്ട്. നിയമം കയ്യിലെടുക്കുന്ന ഭരണപക്ഷ യുവജന സംഘടനകളെ നിലക്കു നിര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
കേരളത്തിലെ അച്ചുതാനന്ദന് സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്കു കടന്നിരിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമാകില്ല ഈ വര്‍ഷവും എന്നു സൂചിപ്പിച്ചു കൊണ്ടുള്ള വിവാദങ്ങളുടെ മൂന്നാം കൊടിയേറ്റവും കഴിഞ്ഞു. നേട്ടങ്ങളേക്കാള്‍, കോട്ടങ്ങള്‍ മുഴച്ചു നില്ക്കുന്ന രണ്ട് വര്‍ഷങ്ങള്‍ കടന്നു പോയി. വിവാദങ്ങളുടെ പെരുമഴക്കാലങ്ങള്‍. ഇപ്പോള്‍ വിലവര്‍ദ്ധനവും, ഭക്ഷ്യക്ഷാമവും ജനജീവിതം ദുസ്സഹമാക്കുന്ന അവസ്ഥ. അതിന്നിടയില്‍ കോടിക്കണക്കിനു രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ കുട്ടനാട്ടിലും മറ്റും ഭരണപക്ഷ തൊഴിലാളികളുടെ പിടിവാശികള്‍ മൂലം കൊയ്തെടുക്കാനാവാതെ നശിച്ചും പോയിരിക്കുന്നു. ഇപ്പോള്‍ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുമ്പോള്‍ ആരു നേതാവാകണം എന്ന ചര്‍ച്ചയാണിവിടെ(?) ആഴ്ചകള്‍ പിന്നിടുമ്പോള്‍ ഇതെവിടെത്തും എന്നു ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥയിലാണ്. (പ്രശ്നം തീര്‍ന്നു എന്ന അറിയിപ്പെത്തിയെങ്കിലും, പലരുടെയും സ്വരങ്ങള്‍ മറ്റ് പലതും വിളിച്ചു പറയുന്നുണ്ട്)
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തും, ഈ സര്‍ക്കാരിന്റെ ആദ്യ നാളുകളിലും കണ്ട കര്‍ഷകരിലെ ആത്മഹത്യാപ്രവണത ഒരു രോഗമാണെന്ന മുഖ്യന്റെ പഴയ കണ്ടെത്തല്‍ ശരിയാണെങ്കില്‍, ആ രോഗികളില്‍ ഭൂരിഭാഗത്തിനും സ്വന്തം മരണം വഴി ചികിത്സ കിട്ടിക്കഴിഞ്ഞിരിക്കുന്നു. ഒരു നടപടിയും എടുക്കാതെ ആത്മഹത്യാ കണക്കുകളിലുണ്ടായ കുറവു സൂചിപ്പിക്കുന്നതു അതല്ലാതെ മറ്റെന്താണ്? ഏറെപേരും അരങ്ങൊഴിഞ്ഞപ്പോള്‍ ഉണ്ടായ ആത്മഹത്യാനിരക്കിലെ കുറവു നേട്ടമാണത്രെ? സ്വന്തം അടിസ്ഥാന ആവശ്യങ്ങള്‍ക്കു പോലും ആശ്വാസം നേടിയെടുക്കാന്‍ സാധിക്കാത്ത കടാശ്വാസ കമ്മീഷന്, കര്‍ഷകര്‍ക്കു എന്താശ്വാസം നേടിക്കൊടുക്കാനാണ്?. അതും ഖജനാവിന്നുമേല് അടയിരിക്കുന്നവരില് നിന്നും? കേന്ദ്രത്തിന്റെ വക വരുന്ന വായ്പ്പയെഴുതിതള്ളലുകളുടെയും മറ്റും ഗുണമെങ്കിലും കര്‍ഷകരില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ അത്രയും ആശ്വാസം. വളരെ നല്ല ആശയവും, അതിനേക്കാള്‍ ആവശ്യവും ആയിരുന്ന ഒന്നിന്റെ പ്രായോഗിക പാളിച്ചകള്‍, മൂന്നാറിലെ അനധികൃത കുടിയേറ്റങ്ങള്‍ ഒഴിപ്പിക്കലും മറ്റും എത്തിച്ചേര്‍ന്നതുപോലെ ഒടുവില്‍ വന്‍ നിരാശയിലേക്കു കൊണ്ടെത്തിച്ചു.
മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്, എച്ച്.എം.ടി, കെ.എസ്.റ്റി.പി, നഗരവികസനം, എ.ഡി.ബി. പകര്‍ച്ച വ്യാധികള്‍ തുടങ്ങിയവയെല്ലാം കഴിഞ്ഞ നാളുകളില്‍ ഭരണത്തിനു കളങ്കം ചാര്‍ത്തിയവയാണ്. ഭരണകക്ഷികള്‍ ഉള്‍പ്പെട്ട കോഴ വിവാദങ്ങളും, സുതാര്യമല്ലാത്ത കോടികളുടെ ക്രയവിക്രയങ്ങളും, സര്‍ക്കാര്‍ഭൂമിയിലെ കയ്യേറ്റങ്ങളും, കോടികള്‍ പൊടിപൊടിച്ചുള്ള അഭിനവ കമ്മ്യൂണിസ്റ്റ് വിവാഹ മാമാങ്കങ്ങളും, പോലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിക്കുന്ന ഭരണകഷികളുടെ നടപടികളും,കുട്ടി സഖാക്കന്മാര്ക്കു ഒത്തു കൂടുന്നതിന്നായി വിദ്യാഭ്യാസബന്ദ് പ്രഖ്യാപിക്കലും, വര്‍ദ്ധിക്കുന്ന ഗുണ്ടാ അക്രമങ്ങളും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും, ചങ്ങനാശ്ശേരിയില്‍ കൊല്ലപ്പെട്ട പോലീസുകാരന്റെ സഹപ്രവര്‍ത്തകരുടെ മൊഴിമാറ്റങ്ങളും എല്ലാം കഴിഞ്ഞ നാളുകളിലെ പത്ര താളുകള്‍ക്കു തിളക്കമേകി.
രണ്ട് വര്‍ഷമായി ചട്ടപ്പടി സമരം നടത്തുന്ന ഡോക്ടര്‍മാര്‍ ഒടുവില്‍ പ്രത്യക്ഷ സമരത്തിലേക്കു കടക്കാന്‍ തീരുമാനിച്ചുവെന്നതു കാര്യക്ഷമതയില്ലായ്മയുടെ ഏറ്റവും പുതിയ ഉദാഹരണം മാത്രം. അപ്പോഴും കേള്‍ക്കുന്നു, എന്തിനും എതിനും സമരം നടത്തി കേരളത്തെ നശിപ്പിച്ചവരുടെ ഏറ്റവും പുതിയ തമാശ - "സമരം ചെയ്യുന്ന ഡോക്ടര്‍ മാര്‍ക്കെതിരെ സമരം"-. സമരങ്ങള്‍ക്കെതിരെ സമരം ചെയ്യാന്‍ ഒരു ധാര്‍മികാവകാശവും ഇല്ലാത്തവര്‍ തന്നെ ഈ പരിപാടിക്കിറങ്ങാന്‍ ഉദ്ദേശിച്ചതുകൊണ്ടാണോ എന്തോ, ഇന്ത്യാവിഷന്റെ വോട്ട് ആന്റ് ടോക്ക് പോലെയുള്ള പരിപാടികളില്‍ സമരത്തോടായിരുന്നു അനുഭാവം.
എസ്.എസ്.എല്‍.സിക്കും +2വിനും ഇക്കുറിയും റെക്കോര്‍ഡ് വിജയം. കുത്തനെ ഉയര്‍ന്ന ശതമാനം സന്തോഷങ്ങളെക്കാള്‍ ആശങ്കകളാണു വിതറിയത്. പണ്ടൊരിക്കല്‍ മലപ്പുറം ജില്ലയില്‍ ഇത്തിരി വിജയ ശതമാനം കൂടിയപ്പോള്‍ പരിഭവിച്ചവര്‍ അധികാരികളായ കാലത്ത് അവിശ്വസനീയമായ വിജയം. അതില്‍ തന്നെ കണ്ണൂരില്‍ 94%്നും മേലെ. ആശങ്കകള്‍ക്കു പിന്നില്‍ കുട്ടികളെ നന്നായി അറിയുന്നതുകൊണ്ടാണോ(?) അതോ ഒന്നും അറിയാത്തതു കൊണ്ടാണോ? സഖാക്കന്മാര് ഭരണപക്ഷത്തെത്തിയപ്പോള്‍ കുറഞ്ഞ പണിമുടക്കുകളാണോ? കാര്യക്ഷമതാ വര്‍ഷത്തില്‍ കാട്ടിയ ശുഷ്കാന്തിയാനൊ? സത്യം ആര്‍ക്കറിയാം??
അനന്തമായി നീളുന്ന സ്വാശ്രയ പ്രശ്നം ഒരുവശത്ത്. അതിന്നിടയില്‍ പാഠപുസ്തകങ്ങളിലെ കമ്മ്യൂണിസ്റ്റ്വല്‍ക്കരണം ഉയര്‍ത്തുന്ന കോലാഹലങ്ങള്‍ മറുവശത്തും. ഇക്കൊല്ലവും വിദ്യാഭ്യാസരംഗത്ത് അരക്ഷിതാവസ്ഥതന്നെയാകാനാണു സാദ്ധ്യത.
ഇടതുപക്ഷത്തിന്റെ എല്ലാക്കാലത്തേയും രഹസ്യ അജണ്ടകളിലൊന്നു മതത്തെ തകര്‍ക്കലാണെന്നു തോന്നിയിട്ടുണ്ട്. കള്ളന്മാരെ തേടിയുള്ളയാത്രക്കുമപ്പുറം, മതം തന്നെ തെറ്റാണ് എന്നു വരുത്തിതീര്‍ക്കാനുമുള്ള പ്രവര്‍ത്തികള്‍ നടക്കുന്നോ എന്നു സംശയിക്കാനുള്ള വകകള്‍ ഉണ്ടുതാനും. വിവാഹ രജിസ്റ്റ്രേഷന് നിയമം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുണ്ടാക്കിയ മോശം പ്രതിശ്ചായ, വിവിധ മത വിഭാഗങ്ങളെ ബന്ധപ്പെടുത്തിയുള്ള വിവാദങ്ങള്‍, പാഠപുസ്തകങ്ങളിലെ നിരീശ്വര വാദപ്രോത്സാഹനങ്ങള് എന്നിവയെല്ലാം അവയിലേക്കു വെളിച്ചം വീശുന്നു.
കെ.എസ്.റ്റി.പി, നഗരവികസം എന്നീ പദ്ധതികളില്‍ 200 കോടിയോളം നഷ്ടപ്പെടുകയും, എ.ഡി.ബി, കരിമണല്‍ ഖനനം,എക്സ്പ്രസ് ഹൈവേ, സ്വാശ്രയ വിദ്യാഭ്യാസം എന്നിവയില്‍ ഇടതുപക്ഷത്തിന്നു ബദലുകള്‍ ഇല്ലായെന്നുബോധ്യമാകുകയും ചെയ്യുമ്പോള്‍ വിവാദങ്ങളിലാണവര് രക്ഷകണ്ടെത്തുന്നത് എന്നു തോന്നുന്നു. കഴിഞ്ഞ പ്രതിപക്ഷ കാലത്തു നടത്തിയ പ്രക്ഷോഭങ്ങളുടെ വിഷയങ്ങളില്‍ ഒട്ടുമിക്കതിലും അന്നത്തെ സര്‍ക്കാരിന്റേതില്‍ നിന്നും വ്യത്യസ്ഥമായ ഒരു തീരുമാനം എടുക്കാന്‍ കഴിയാതിരിക്കുന്നതും വിവാദങ്ങളില്‍ ഒളിക്കുന്നതിന്നു മുഖ്യ കാരണമാവാം. എതിര്‍ക്കുന്നവരെ മുഴുവന്‍ പരിഹസിച്ചും അവഹേളിച്ചും വിവാദങ്ങളുണ്ടാക്കിയും അതിന്റെ മറവില്‍ ദിവസങ്ങള്‍ തള്ളിനീക്കിയും എത്രനാള്‍ മീന്‍പിടിക്കും? കാത്തിരുന്നു കാണുകതന്നെ.
Posted by
Irshad
at
12:09 PM
2
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: പ്രതികരണം, രാഷ്ട്രീയം, ലേഖനം