കേരളാപോലീസിനു കേരളത്തിന്റെ സ്വന്തം ചട്ടമ്പികളുടെ കുട്ടിപ്പട്ടാളം ഒരു രക്തസാക്ഷിയെ സമ്മാനിച്ചു സിന്ദൂരത്തിലകക്കുറി ചാര്‍ത്തിയിരിക്കുന്നു. തങ്ങള്‍ കുട്ടികളല്ലെന്നും, പേപിടിച്ച പട്ടികളെക്കാള്‍ ആപത്ക്കാരിയാണെന്നും അവര്‍ തെളിയിച്ചു കഴിഞ്ഞു. ഡ്രില്ലും പാര്‍ട്ടി ക്ലാസ്സുകളും ആയുധപരിശീലനങ്ങളും വഴി നേടിയ പോരാട്ടവീര്യം പരീക്ഷിച്ചു വിജയിച്ചിരിക്കുന്നു. തങ്ങളുടെ പൂര്വ്വികരെപ്പോലെതന്നെയാണ് തങ്ങളെന്നും, തങ്ങള്‍ക്കു മുന്നില്‍ രണ്ടു വിഭാഗം മാത്രമേയുള്ളൂവെന്നും, അവ ശത്രുവെന്നതും മിത്രമെന്നതും മാത്രമാണെന്നും അവര്‍ പറയാതെ പറഞ്ഞിരിക്കുന്നു.
നിയമപാലകനെ പുഴയില്‍ എറിഞ്ഞു താഴ്ത്തിയവരുടെ പിന്മുറക്കാര് ഒരിക്കല്‍ സഹപാഠിയെ കുളത്തിലെറിഞ്ഞു താഴ്ത്തി കഴിവു തെളിയിച്ചു. പഠിപ്പിച്ചുകൊണ്ടിരുന്ന അദ്ധ്യാപകനെ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ടു അരിഞ്ഞു തള്ളുന്നവര്‍ക്കു ഇതാ നിയമപാലകനെ പട്ടാപ്പകല്‍ തലക്കടിച്ചു കൊല്ലുന്ന പിന്മുറക്കാര്. ചട്ടമ്പിത്തരം പഠിപ്പിക്കുന്ന ഏതെങ്കിലും ചന്തകളില്‍ നിന്നും വളര്‍ത്തിയെടുത്തതല്ല ഇവരെയെന്നു നാം ആദ്യം അറിയുക. ഇതു നാം വാനോളം പുകഴ്ത്തുന്ന നമ്മുടെ വിദ്യാഭ്യാസം സംസ്കരിച്ചെടുത്തവരാണെന്നതില് നമുക്കു ആഹ്ലാദിക്കാം(?).
കേരളത്തിലെ ഭൂരിപക്ഷം വരുന്ന അസംതൃപ്ത യുവത്വങ്ങളിലെ ക്ഷോഭത്തെ തങ്ങളുടെ ചേരികളിലാക്കുകയെന്നതാണ് കേഡര്‍ പ്രസ്ഥാനങ്ങളുടെ ശൈലി. രാഷ്ട്രീയപ്രവര്‍ത്തനം മുഖ്യ പ്രവര്ത്തനമാക്കിയിരിക്കുന്ന പല അദ്ധ്യാപരും മിക്ക ക്യാമ്പസ്സുകളിലും കാണാം. ഇവയെല്ലാം കൂടിച്ചേരുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നതു നല്ല ഒന്നാം തരം റൗഡികളാണെന്നതു സത്യം. കേവലം അഞ്ചു വര്‍ഷത്തെ രാഷ്ട്രീയ ബോധമെങ്കിലുമുള്ള വിദ്യാര്‍ത്ഥിക്കു ഇവയിലംഗമാകാന് കഴിയുമൊ? കഴിഞ്ഞ രണ്ടുവര്‍ഷത്തിനു മുന്‍പ് ഇവരൊക്കെ കൈക്കൊണ്ട നിലപാടുകളും, അതേ പ്രശ്നങ്ങളിലെ ഇന്നത്തെ നിലപാടുകളും തമ്മിലെ അന്തരം എത്ര വലുതാണ്?. തങ്ങള്‍ക്കു തന്നെ നിശ്ചയമില്ലാത്ത നിലപാടുകളില്‍ യാതൊരു രാഷ്ട്രീയ ബോധവും ഇല്ലാത്ത വിദ്യാര്‍ത്ഥികളെക്കൊണ്ട് ചുടുചോറു വാരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങളാണിന്നത്തെയവസ്ഥക്കു പ്രധാനകാരണം. കേവലം മൂന്നോ നാലോ വര്‍ഷത്തെ ആയുസ്സുമാത്രമുള്ള ഇന്നത്തെ ഉന്നതവിദ്യാഭ്യാസ ജീവിതത്തില്‍, രാഷ്ട്രീയ ബോധമില്ലായ്മയും വിവേകമില്ലായ്മയും, വര്‍ദ്ധിച്ച വികാരവിക്ഷോഭവും, സമൂഹത്തിലെ പൊതുവായ മൂല്യശോഷണവും ഒത്തു ചേരുമ്പോള്‍ കുട്ടികളെ വഴിതെറ്റിക്കുവാന്‍ വളരെയെളുപ്പമാണെന്ന തിരിച്ചറിവു രാഷ്ട്രീയമേലാളന്മാര്ക്കു നന്നായുണ്ട്. അതുകൊണ്ടാണല്ലോ അവര്‍ സ്വന്തം മക്കളെ രാഷ്ട്രീയക്കാരന്റെ കണ്ണെത്താത്ത അന്യസംസ്ഥാന സ്വാശ്രയ കോളേജുകളില്‍ പഠിപ്പിക്കുന്നത്.
ഒരിക്കലെത്തിപ്പെട്ടവനെ തങ്ങളുടെ ചട്ടക്കൂട്ടിലാക്കാനുള്ള മിടുക്കുമവര്ക്കുമുണ്ട്. പഴയ പ്രൊക്യുസ്റ്റസെന്ന കാട്ടാളനെപ്പോലെ, അഭിനവ രാഷ്ട്രീയക്കാരന് വഴിപോക്കരെ സ്നേഹത്തോടെ വിളിച്ചു തങ്ങളുടെ പ്രത്യയ ശാസ്ത്രക്കട്ടിലില് കിടത്തി, ആ പ്രത്യയശാസ്ത്രക്കട്ടിലിന്നെക്കാള് വലിയ ആത്മാവുകളെ അരിഞ്ഞു തള്ളിയും, ചെറിയ ആത്മാവുകളെ അടിച്ചു നീട്ടിയും പാകമാക്കിയെടുത്തുകൊണ്ടിരിക്കുന്നുവെന്ന വയലാറിന്റെ കാഴ്ചപ്പാടു എത്ര അര്‍ത്ഥവത്താണ്.
ശത്രുവിനെ ഉന്മൂലനം ചെയ്യണമെന്നു വിശ്വസിക്കുന്ന ചില പ്രത്യശാസ്ത്രങ്ങളാണ് ഈ നാടിന്റെ ശാപം. എതിര്‍ക്കുന്നവരെ മുഴുവന്‍ ശത്രുവായി കാണുകയും, അവരെ മനുഷ്യരായികാണാന്‍ പോലും തയ്യാറാകാതിരിക്കുകയും ചെയ്യുന്ന, ആരോഗ്യകരമായ ആശയ സംഘട്ടനങ്ങള്‍ക്കു തയ്യാറാകാന്‍ പോലും വിമുഖത കാട്ടുന്ന ഭീരുക്കളാണിന്നു വംശഹത്യക്കും ഉന്മൂലനങ്ങള്ക്കും നേതൃത്വം നല്‍കുന്നത്. ഗുജറാത്തുകളുടെ ശൃഷ്ടിക്കുവേണ്ടിയുള്ള അന്ധമായ മതവര്‍ഗ്ഗീയതയും, ബംഗാളുകളെ ശൃഷ്ടിക്കാനുള്ള അഭിനിവേശത്തില്‍ സൃഷ്ടിക്കുന്ന ന്യൂനപക്ഷവര്ഗ്ഗ ശാക്തീകരണവുമാണിന്നു കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. അവക്കുവേണ്ടി വര്‍ഗ്ഗീയ കലാപങ്ങളില്‍ പോലും രാഷ്ടീയ പാര്‍ട്ടികള്‍ വലിയ പങ്കുവഹിക്കുന്നുവത്രെ(?)
ക്യാമ്പസ്സുകളെ കുത്തകകളാക്കി നിര്‍ത്തി, ഇതര പ്രസ്ഥാനങ്ങള്‍ക്കു നില്ക്കാന് ഇടം നല്കാന് പോലും ഭയന്നു കായികമായി നേരിടുന്ന, ക്യാമ്പസ്സുകളെ ആയുധപ്പുരകളും ഗുണ്ടാനിര്മ്മാണഫാക്റ്ററികളുമായി കാണുന്ന പ്രസ്ഥാനങ്ങളെ നിലക്കു നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......
Sunday, October 28, 2007
കലാലയം കലാപഭൂമിയാക്കുന്ന രാഷ്ട്രീയം
Posted by
Irshad
at
9:25 PM
5
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: പ്രതികരണം, രാഷ്ട്രീയം, ലേഖനം
Subscribe to:
Posts (Atom)