ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. വിശാലമായ തീരത്താലും മലനിരകളാലും സംരക്ഷിക്കപ്പെടുന്ന ലോകത്തിലെ വിരളമായ സ്ഥലങ്ങളിലൊന്ന്. നദികളും പുഴകളും കായലുകളും തടാകങ്ങളും, മരങ്ങളും കാടുകളും അതിന്റെ പച്ചപ്പും, അപൂര്‍വ്വ സസ്യ ജന്തു ജീവജാലങ്ങളുടെ ആവാസവും, മറ്റു സ്ഥലങ്ങളെയപേക്ഷിച്ചു കുറഞ്ഞ ചൂടും തണുപ്പും, സമയാസമയങ്ങളിലെത്തുന്ന മഴയുമെല്ലാം കൊണ്ട് അനുഗ്രഹിക്കപ്പെട്ട നാട്. വന്‍ ഭൂകമ്പങ്ങളൊ, കൊടുങ്കാറ്റോ യുദ്ധമൊ, ഒന്നിന്റെയും കെടുതികള്‍ ഈ നാടേറെ അനുഭവിച്ചിട്ടുമില്ല.
പറഞ്ഞാല്‍ തീരില്ല നമ്മുടെ നാടിന്റെ മേന്മകള്. പിന്നെന്തേ ഈ അശുഭ ചിന്തകള്‍?
പൊന്ന് വിളയിക്കാന്‍ കഴിയുന്ന (കഴിഞ്ഞിരുന്ന) ഭൂമികള്‍ ഇന്നു വിളവിറക്കാതെ തരിശായി മാറുന്നു. അവിടെ വന്‍ മാളികകള്‍ വിളയുന്നു. മത-വര്‍ഗ്ഗങ്ങള്‍ നമ്മുടെ യുവ മനസ്സുകളില്‍ വര്‍ഗ്ഗീയതയുടെ വിളവിറക്കുന്നു. വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മയും നെറികെട്ട രാഷ്ട്രീയവുമതിന്നു വളമിടുന്നു. ഇതു തിരിച്ചറിയുന്ന പ്രതികരണശേഷി നശിച്ചിട്ടില്ലാത്ത നല്ലൊരു വിഭാഗം നക്സലിസത്തിലേക്കും തിരിയുന്നു. തീരവും നദികളും പുഴകളും കാടുമെല്ലാം ഇവയൊക്കെ സംരക്ഷിക്കേണ്ട അധികാരികളാല്‍ കയ്യേറ്റപ്പെടുന്നു. (അതോ കയ്യേറ്റക്കാര്‍ അധികാരികളായതൊ?). അണക്കെട്ടുകള്‍ സര്‍വ്വനാശികളെന്നു തിരിച്ചറിഞ്ഞിട്ടും ഇന്നും നാമതിനായ് കാടുകള്‍ വെട്ടിത്തെളിക്കുന്നു. കാടിന്റെ മക്കളെ കുടിയിറക്കുന്നു. ഇത്രയേറെ ജല സ്രോതസ്സുകളുള്ളയീ നാട്ടില്‍ കുടിവെള്ളത്തിനായ് ജനങ്ങള്‍ നെട്ടോട്ടമോടിത്തുടങ്ങിയിരിക്കുന്നു. പുഴകള്‍ മഴക്കാലങ്ങളില്‍ ഭീതി വിടര്‍ത്തുന്നു. വേനലിലവ നേര്‍ത്ത വരകള്‍ പോലുമല്ലാതായിത്തീരുന്നു. രാഷ്ട്രീയത്തില്‍ ജനസേവനമെന്നത് കാണുവാനില്ലാതായിരിക്കുന്നു. അത് അധികാരത്തിലേക്കുള്ള വഴിമാത്രമായി ഒതുങ്ങി. അധികാരം ആ വാക്കിലെ സര്‍വ്വ ധാര്‍ഷ്ഠ്യവും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നു. സ്വജനപക്ഷപാതവും അധികാരികളോടുള്ള ഭയവും മൂലം അസംഘടിത ജനത മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടുന്നു. അഭ്യസ്ത വിദ്യന്‍ ഉയര്‍ന്ന ജോലി കിട്ടാത്തതിനാല്‍ മറ്റൊന്നും ചെയ്യാതെ പട്ടിണി കിടക്കുന്നു.
എഴുപതുകളിലെ ക്ഷുഭിതയൗവ്വനങ്ങള്‍ക്കു സമാനമായ മനസ്ഥിതിയുമായ് ഒരു വലിയ സമൂഹം രൂപപ്പെടുന്നു എന്നതിന്നു തെളിവാണു നക്സലിസം വളരുന്നുവെന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ടുകള്‍. സാക്ഷരതയും വിദ്യാഭ്യാസവും ഈ നാടിന്നു ശാപമായ് മാറുന്നുവൊ?
സമൂഹത്തില്‍ നന്നായി വേരോട്ടമുള്ള ഒരു പ്രസ്ഥാനം വിചാരിച്ചാല്‍ തന്നെ ഈ നാട്ടിലെ തൊഴിലില്ലായ്മയ്ക്കും, കാര്‍ഷിക വിളകള്‍ക്കും, തരിശായി കിടക്കുന്ന പാടങ്ങള്‍ക്കും ശാപമോക്ഷം നല്കാന് കഴിയുമെന്നും, അതുവഴി മത വര്‍ഗ്ഗീയതക്കും തടയിടാമെന്നുമിരിക്കെ വാക്കുകളില്‍ വിപ്ലവവും പ്രവര്‍ത്തികളില്‍ കാപഠ്യവുമായ് അധികാരം മാത്രം ലക്ഷ്യമാക്കി പ്രസ്ഥാനങ്ങള്‍ നീങ്ങുന്നതാണിന്നത്തെ ഏറ്റവും വലിയ ശാപങ്ങളിലൊന്ന്.
വിദ്യാഭ്യാസമിന്നൊരു ആഭാസമായി മാറിയിരിക്കുന്നു. അറിവു നേടുക എന്നതിന്നപ്പുറം ജോലി നേടുക എന്നതു ഇന്നെല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. എങ്കിലും, അറിവ് സംസ്കാരം പകര്‍ന്നു നല്‍കേണ്ടതല്ലെ? ഇന്നെത്തെ വിദ്യാഭ്യാസത്തില്‍ നമ്മുടെ സംസ്കാരത്തിന്നെവിടെയാണു സ്ഥാനം? ലൈംഗിക വിദ്യാഭ്യാസമെന്ന പേരില്‍ സുരക്ഷിത ലൈംഗിക മാര്‍ഗങ്ങളാണൊ നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത്? ഇവിടെയാ വിദ്യാഭ്യാസവും തുടങ്ങിക്കഴിഞ്ഞു. ഇതു ഈ നാടിനെയെവിടെയാണു കൊണ്ടുചെന്നെത്തിക്കുക?
പശ്ചാത്യതയോടും, സുഖ സൗകര്യങ്ങളോടുമുള്ള നമ്മുടെ ഭ്രമങ്ങള്‍ സാംസ്കാരികാധിനിവേശത്തിനും അതുവഴി നമ്മുടെ തന്നെ നാശത്തിനുമാണു വഴിവെക്കുകയെന്നു ഇനിയും ഈ സാക്ഷര സമൂഹത്തിനു മനസ്സിലായിട്ടില്ല. ചരിത്രങ്ങള്‍ പഠിക്കുന്നതു മാര്‍ക്കിനുവേണ്ടി മാത്രമാകുന്ന ഒരു സമൂഹത്തില്‍ ഇതല്ലാതെ മറ്റെന്തു വന്നു ചേരാന്‍?
ആര്‍ത്തി, സര്‍വ്വതിനോടുമുള്ളയീ ആര്‍ത്തി മനുഷ്യ കുലത്തിനു മുഴുവന്‍ അപകടമാണെന്നെന്തേ തിരിച്ചറിയുന്നില്ല? വരും തലമുറകള്‍ക്കു കൂടിയുള്ളതു ഇന്നു നാം തിന്നും മതിച്ചും നഷ്ടപ്പെടുത്തുന്നില്ലെ? നശീകരണത്തിലും ചൂഷണത്തിലും ഏറ്റവും മുന്നില്‍ നില്ക്കുന്നതു നാമുള്‍പ്പെടുന്ന അഭ്യസ്ത വിദ്യര് തന്നെയല്ലെ?
"അവനവന് വേണ്ടതന്നന്നെടുക്കണം
അമിതമായ് കരുതി വെച്ചീടൊലാ
അരുതൊരാളെ തടഞ്ഞു നിര്‍ത്തുന്നതും
അഹിതം അന്യ പ്രയത്നം ഭുചിപ്പതും"
ശ്രീ. മധുസൂദനന് നായരുടീീ കവിതാ ശകലങ്ങള്‍ നാമിടക്കൊന്നോര്‍ക്കുന്നതു നന്നെന്നു തോന്നുന്നു.
ഇന്നു നാട്ടില്‍ പടര്‍ന്നു പിടിക്കുന്നതു കേട്ടു കേഴ്വി പോലുമില്ലാത്ത രോഗങ്ങള്‍. പകര്‍ച്ച വ്യാധികള്‍ വ്യക്തമാക്കുന്നതു തകരുന്ന നമ്മുടെ ആരോഗ്യ സംസ്കാരത്തെയല്ലെ? തകര്‍ന്ന ശുചിത്വ ബോധവും, ഫാസ്റ്റ് ഫുഡ് സംസ്കാരവുമൊക്കെ ഇതിനൊക്കെ കാരണങ്ങളല്ലേ?
തൊഴിലില്ലായ്മ സഹ്യനെക്കാള്‍ വളര്‍ന്നിരിക്കുന്നു. പലര്‍ക്കും ഈ നാട്ടില്‍ തൊഴിലവസരങ്ങളെക്കാള് തൊഴിലില്ലായ്മ സൃഷ്ടിക്കാനാണ് താല്പര്യം എന്ന സത്യം അഭ്യസ്തവിദ്യരായ ഈ സമൂഹം തിരിച്ചറിയുന്നപക്ഷം ഉണ്ടാകുന്ന ഭവിഷ്യത്തുക്കള്‍ എത്ര ഭയാനകമാകില്ല.
ഇന്നു ജോലി തേടി അന്യ നാടുകളിലേക്കുപോയിരിക്കുന്നവര്‍ എന്തു മാത്രം? പശ്ചിമേഷ്യയിലും മറ്റും വളരുന്ന അശാന്തികള്‍ നമ്മുടെ നാടിന്റെ കൂടി അശാന്തിയായ് മാറുന്നതു നാമറിയുന്നുണ്ടൊ? ഒരു കുവൈറ്റ് യുദ്ധകാലത്തിവിടെ തകര്‍ന്ന ജീവിതങ്ങളെത്ര? എന്റെ അശുഭ ചിന്തകളില്‍ നാളെയുടെ അശാന്തികള്‍ പടര്‍ന്നു കയറുമ്പോള്‍ വാക്കുകള്‍ പോലും മരിക്കുന്നു.
നമ്മിലെ മൂല്യശോഷണങ്ങള്‍ക്കൊരു പ്രതിരോധം തീര്‍ക്കാന്‍ ആര്‍ക്കാണിന്നു കഴിയുക? പ്രതിരോധങ്ങളില്‍ പോലും തിന്മകളും സ്ഥാപിത താല്പര്യങ്ങളും കടന്നു കയറുമ്പോള്‍, നമുക്കു മൂല്യങ്ങള്‍ പകര്‍ന്നു തന്നിരുന്ന സംസ്കാരത്തിലും, മതങ്ങളിലും, രാഷ്ട്രീയത്തിലുമെല്ലാം നടക്കുന്ന തിന്മയുടെ കടന്നുകയറ്റങ്ങളെ എങ്ങനെയാണു പ്രതിരോധിക്കുക?
പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......
Wednesday, June 13, 2007
അശുഭ ചിന്തകള്‍
Posted by
Irshad
at
3:48 PM
11
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: ലേഖനം
Subscribe to:
Posts (Atom)