2006 ഡിസംബര്‍ 30-ന്റെ പ്രഭാതത്തില്‍ സമാധാനം ആഗ്രഹിക്കുന്ന ലോകജനതക്കുമുന്നിലേക്കു പറന്നെത്തിയ വാര്‍ത്ത "സദ്ദാം ഹുസ്സൈനിനെ തൂക്കിലേറ്റി" എന്നതായിരുന്നു. 2007 എന്ന പുതുവര്‍ഷത്തിന്റെ സമാധാനത്തിനു അതനിവാര്യമാണെന്നായിരുന്നു അതു നടത്തിയവരുടെ വാദം. പിന്നെയും വര്‍ഷം ഒന്നു കഴിഞ്ഞു. ഡിസംബറും എത്തി. ഈദും ക്രിസ്തുമസ്സും ആഘോഷപൂര്‍വ്വം കടന്നു പോയി. ഡിസംബറിന്റെ ദു:ഖാങ്ങളില്‍ ഒരു പേരുകൂടി കൂട്ടിച്ചേര്‍ത്തു "കിഴക്കിന്റെ പുത്രി - ബേനസീര്‍ ഭൂട്ടോ"യും കടന്നുപോയി. അതും ആര്‍ക്കൊക്കെയോ സമാധാനത്തോടെ പുതുവര്‍ഷത്തെ വരവേല്ക്കാനാവും. അങ്ങനെ ഒരു ദു:ഖത്തില്‍ തുടങ്ങി മറ്റൊരു ദു:ഖത്തില്‍ 2007 അവസാനിക്കുന്നു.
സദ്ദാമില്ലാത്ത ലോകം, സദ്ദാം ഭരണാധികാരിയായിരുന്ന കാലത്തെ ലോകത്തേക്കാള്‍ ഇറാക്കിലും ലോകത്തിലും സമാധാനം കൊണ്ടുവന്നില്ല. പാകിസ്ഥാനിലോ, പാലസ്ഥീനിലോ, അഫ്ഗാനിസ്ഥാനിലോ, ഇറാനിലോ, യൂറോപ്പിലോ അമേരിക്കയിലോ എവിടെയും അരക്ഷിതാവസ്തകള് വളരുന്നു എന്നതിനപ്പുറം സമാധാനത്തിലേക്കു ഒരുമാറ്റവും 2007 കൊണ്ടുവന്നിട്ടില്ല. ഹ്യൂഗോ ഷാവേസും. അഹമ്മദി നജാദുമൊക്കെയടങ്ങുന്ന ചുണക്കുട്ടികളുടെ ഒരു "ചങ്കൂറ്റത്തിന്റെ അച്ചുതണ്ട്" ഉയര്‍ന്നു വരുന്നതും ആയുധങ്ങള്‍ കൊണ്ടുവരുന്ന സമാധാനങ്ങള്ക്കുമപ്പുറം, ഇരകളുടെ കൂട്ടായ്മകളില്‍ നിന്നും ഉയര്‍ന്നുവരുന്ന ഉണര്‍ത്തുപാട്ടുകള്‍ കെട്ടിപ്പടുക്കുന്ന സമാധാനത്തിന്റെ ഒരു ലാഞ്ചന കണ്ടുവരുന്നു എന്നുള്ളതുമാണു ഇന്നിന്റെ പ്രതീക്ഷ.
ഏതൊരു ജനതക്കും അവരുടെ നിലവാരത്തിനൊത്ത ഭരണാധികാരികളയെ ലഭിക്കൂ എന്നാണ് പറയാറ്. സാമ്പത്തിക രംഗത്ത് ഭാരതമൊരു കുതിച്ചു ചാട്ടം തന്നെ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ, ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന അസമത്വവും, അസഹിഷ്ണുതയും, ജാതി-മത-ഭാഷാ വര്‍ഗ്ഗീയതയും, ഒപ്പം അവയെ വളര്‍ത്താനും വോട്ടുബാങ്കുകളെ ശൃഷ്ടിച്ചു അവരെ തങ്ങളുടെ ചേരികളിലാക്കാനുള്ള പ്രസ്ഥാനങ്ങളുടെ ശ്രമവും നാടിനെ നാശത്തിലേക്കു നയിക്കുന്നു.
ഭരണകൂടഭീകരതകളാണു കഴിഞ്ഞ വര്‍ഷങ്ങളില്‍ വ്യത്യസ്ത സംസ്ഥാങ്ങളില്‍ വ്യത്യസ്ത രീതികളില്‍ കണ്ടതിലൊന്നു. ഗുജറാത്തിലെ വംശീയ ഹത്യയും, ബംഗാളിലെ നന്ദിഗ്രാം കൂട്ടക്കൊലയും അവയില്‍ ചിലതുമാത്രം. വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാള്‍ "വധിക്കപ്പെടേണ്ടയാള്‍ തന്നെ"യെന്നും, നന്ദിഗ്രാമില്‍ "അതേ നാണയത്തില്‍ പകരം ചോദിച്ചു" എന്നുമൊക്കെ അവിടങ്ങളിലെ ഭരണാധികാരികള്‍ തന്നെ പറയുമ്പോളാണ് ഭരണകൂട ഭീകരതയുടെ ആഴം മനസ്സിലാകുക. ആണവക്കരാറും അതുണ്ടാക്കിയ പ്രതിസന്ധികളുമാണു കഴിഞ്ഞ വര്‍ഷത്തെ കേന്ദ്രഭരണവുമായി ബന്ധപ്പെട്ടു എടുത്തു പറയാനുള്ളതു. അമേരിക്കയിലെ ഹൈഡ് ആക്റ്റ് ഇന്ത്യയെ ബാധിക്കുന്നതു എങ്ങനെയെന്നു ഇന്നും എനിക്കു മനസ്സിലായിട്ടില്ല. ഒരു രാജ്യത്തെ നിയമങ്ങള്‍ മറ്റൊരു രാജ്യത്തിന്നു ബാധകമാകുന്നതു എങ്ങനെയാണ്. നമ്മുടെ ഏതെങ്കിലും ഒരു നിയമം ലോകത്തിനു മുഴുവന്‍ ബാധകമാണെന്നു നാം തീരുമാനിച്ചു എന്നാല്‍ പോലും അതു മറ്റൊരു സ്വതന്ത്ര രാജ്യത്തിനു ബാധകമാകുമൊ?
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തിനെ കണ്ടതു അപൂര്‍വ്വമായി മാത്രം. പിശാചുക്കളുടെ താണ്ഡവ നടനം കഴിഞ്ഞു നാട് വിറങ്ങലിച്ചു നില്ക്കുന്നു. "വിവാദങ്ങളുടെ നാടെന്നോ" മറ്റോ വിശേഷിപ്പിക്കുന്നതാവും ഉചിതം. ഇച്ഛാശക്തിയില്ലാത്ത, ദാര്‍ഷ്ഠ്യം മാത്രം കൈമുതലായുള്ള ഭരണകര്‍ത്താക്കള്‍ പ്രശ്നങ്ങള്‍ക്കു ഉചിതമായ പ്രതിവിധി കാണാനാകാതെയലയുന്ന കാഴ്ച. തകര്‍ന്ന ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങള്‍. തകര്‍ന്ന രോഡുകള്‍. കൂട്ടുത്തരവാദിത്തം പോലും തകര്‍ന്ന മന്ത്രി സഭ. കുതിച്ചു കയറുന്ന വിലക്കയറ്റം. തകര്‍ന്ന സമ്പത് വ്യവസ്ത. ക്രമസമാധാനത്തകര്‍ച്ച. കണ്ണൂരിലും മറ്റും തിരിച്ചുവരുന്ന രാഷ്ട്രീയ കൊലപാതക പരമ്പരകള്‍. വിശ്വാസം നഷ്ടപ്പെട്ട മത സമൂഹങ്ങള്‍. എല്ലാംകൂടി ബഹുരസം. സംസാരിക്കാന്‍ വിഷയദാരിദ്ര്യം എന്നൊന്നു ഇല്ലേയില്ല.
ഈ കൊച്ചു നാട്ടിലിരുന്നു, "വീണ്ടുമൊരുനാള്‍ വരും" എന്നുറക്കെ പാടി നല്ലതു വരാന്‍ പ്രാര്‍ത്ഥിച്ച്, പുതുവര്‍ഷം പ്രമാണിച്ചു സര്‍ക്കാര്‍ കനിഞ്ഞു നല്കുന്ന പവര്‍കട്ട് രണ്ടു കയ്യും നീട്ടി വാങ്ങി നമുക്കു വലതുകാല്‍ വെച്ചു അടുത്ത വര്‍ഷത്തേക്കു കയറാം. ഹാപ്പീ ന്യൂ ഇയര്‍.........
Monday, December 31, 2007
2007- മറവിയിലേക്ക്
Posted by
Irshad
at
8:08 PM
2
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: ലേഖനം
Sunday, October 28, 2007
കലാലയം കലാപഭൂമിയാക്കുന്ന രാഷ്ട്രീയം
കേരളാപോലീസിനു കേരളത്തിന്റെ സ്വന്തം ചട്ടമ്പികളുടെ കുട്ടിപ്പട്ടാളം ഒരു രക്തസാക്ഷിയെ സമ്മാനിച്ചു സിന്ദൂരത്തിലകക്കുറി ചാര്‍ത്തിയിരിക്കുന്നു. തങ്ങള്‍ കുട്ടികളല്ലെന്നും, പേപിടിച്ച പട്ടികളെക്കാള്‍ ആപത്ക്കാരിയാണെന്നും അവര്‍ തെളിയിച്ചു കഴിഞ്ഞു. ഡ്രില്ലും പാര്‍ട്ടി ക്ലാസ്സുകളും ആയുധപരിശീലനങ്ങളും വഴി നേടിയ പോരാട്ടവീര്യം പരീക്ഷിച്ചു വിജയിച്ചിരിക്കുന്നു. തങ്ങളുടെ പൂര്വ്വികരെപ്പോലെതന്നെയാണ് തങ്ങളെന്നും, തങ്ങള്‍ക്കു മുന്നില്‍ രണ്ടു വിഭാഗം മാത്രമേയുള്ളൂവെന്നും, അവ ശത്രുവെന്നതും മിത്രമെന്നതും മാത്രമാണെന്നും അവര്‍ പറയാതെ പറഞ്ഞിരിക്കുന്നു.
നിയമപാലകനെ പുഴയില്‍ എറിഞ്ഞു താഴ്ത്തിയവരുടെ പിന്മുറക്കാര് ഒരിക്കല്‍ സഹപാഠിയെ കുളത്തിലെറിഞ്ഞു താഴ്ത്തി കഴിവു തെളിയിച്ചു. പഠിപ്പിച്ചുകൊണ്ടിരുന്ന അദ്ധ്യാപകനെ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ടു അരിഞ്ഞു തള്ളുന്നവര്‍ക്കു ഇതാ നിയമപാലകനെ പട്ടാപ്പകല്‍ തലക്കടിച്ചു കൊല്ലുന്ന പിന്മുറക്കാര്. ചട്ടമ്പിത്തരം പഠിപ്പിക്കുന്ന ഏതെങ്കിലും ചന്തകളില്‍ നിന്നും വളര്‍ത്തിയെടുത്തതല്ല ഇവരെയെന്നു നാം ആദ്യം അറിയുക. ഇതു നാം വാനോളം പുകഴ്ത്തുന്ന നമ്മുടെ വിദ്യാഭ്യാസം സംസ്കരിച്ചെടുത്തവരാണെന്നതില് നമുക്കു ആഹ്ലാദിക്കാം(?).
കേരളത്തിലെ ഭൂരിപക്ഷം വരുന്ന അസംതൃപ്ത യുവത്വങ്ങളിലെ ക്ഷോഭത്തെ തങ്ങളുടെ ചേരികളിലാക്കുകയെന്നതാണ് കേഡര്‍ പ്രസ്ഥാനങ്ങളുടെ ശൈലി. രാഷ്ട്രീയപ്രവര്‍ത്തനം മുഖ്യ പ്രവര്ത്തനമാക്കിയിരിക്കുന്ന പല അദ്ധ്യാപരും മിക്ക ക്യാമ്പസ്സുകളിലും കാണാം. ഇവയെല്ലാം കൂടിച്ചേരുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നതു നല്ല ഒന്നാം തരം റൗഡികളാണെന്നതു സത്യം. കേവലം അഞ്ചു വര്‍ഷത്തെ രാഷ്ട്രീയ ബോധമെങ്കിലുമുള്ള വിദ്യാര്‍ത്ഥിക്കു ഇവയിലംഗമാകാന് കഴിയുമൊ? കഴിഞ്ഞ രണ്ടുവര്‍ഷത്തിനു മുന്‍പ് ഇവരൊക്കെ കൈക്കൊണ്ട നിലപാടുകളും, അതേ പ്രശ്നങ്ങളിലെ ഇന്നത്തെ നിലപാടുകളും തമ്മിലെ അന്തരം എത്ര വലുതാണ്?. തങ്ങള്‍ക്കു തന്നെ നിശ്ചയമില്ലാത്ത നിലപാടുകളില്‍ യാതൊരു രാഷ്ട്രീയ ബോധവും ഇല്ലാത്ത വിദ്യാര്‍ത്ഥികളെക്കൊണ്ട് ചുടുചോറു വാരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങളാണിന്നത്തെയവസ്ഥക്കു പ്രധാനകാരണം. കേവലം മൂന്നോ നാലോ വര്‍ഷത്തെ ആയുസ്സുമാത്രമുള്ള ഇന്നത്തെ ഉന്നതവിദ്യാഭ്യാസ ജീവിതത്തില്‍, രാഷ്ട്രീയ ബോധമില്ലായ്മയും വിവേകമില്ലായ്മയും, വര്‍ദ്ധിച്ച വികാരവിക്ഷോഭവും, സമൂഹത്തിലെ പൊതുവായ മൂല്യശോഷണവും ഒത്തു ചേരുമ്പോള്‍ കുട്ടികളെ വഴിതെറ്റിക്കുവാന്‍ വളരെയെളുപ്പമാണെന്ന തിരിച്ചറിവു രാഷ്ട്രീയമേലാളന്മാര്ക്കു നന്നായുണ്ട്. അതുകൊണ്ടാണല്ലോ അവര്‍ സ്വന്തം മക്കളെ രാഷ്ട്രീയക്കാരന്റെ കണ്ണെത്താത്ത അന്യസംസ്ഥാന സ്വാശ്രയ കോളേജുകളില്‍ പഠിപ്പിക്കുന്നത്.
ഒരിക്കലെത്തിപ്പെട്ടവനെ തങ്ങളുടെ ചട്ടക്കൂട്ടിലാക്കാനുള്ള മിടുക്കുമവര്ക്കുമുണ്ട്. പഴയ പ്രൊക്യുസ്റ്റസെന്ന കാട്ടാളനെപ്പോലെ, അഭിനവ രാഷ്ട്രീയക്കാരന് വഴിപോക്കരെ സ്നേഹത്തോടെ വിളിച്ചു തങ്ങളുടെ പ്രത്യയ ശാസ്ത്രക്കട്ടിലില് കിടത്തി, ആ പ്രത്യയശാസ്ത്രക്കട്ടിലിന്നെക്കാള് വലിയ ആത്മാവുകളെ അരിഞ്ഞു തള്ളിയും, ചെറിയ ആത്മാവുകളെ അടിച്ചു നീട്ടിയും പാകമാക്കിയെടുത്തുകൊണ്ടിരിക്കുന്നുവെന്ന വയലാറിന്റെ കാഴ്ചപ്പാടു എത്ര അര്‍ത്ഥവത്താണ്.
ശത്രുവിനെ ഉന്മൂലനം ചെയ്യണമെന്നു വിശ്വസിക്കുന്ന ചില പ്രത്യശാസ്ത്രങ്ങളാണ് ഈ നാടിന്റെ ശാപം. എതിര്‍ക്കുന്നവരെ മുഴുവന്‍ ശത്രുവായി കാണുകയും, അവരെ മനുഷ്യരായികാണാന്‍ പോലും തയ്യാറാകാതിരിക്കുകയും ചെയ്യുന്ന, ആരോഗ്യകരമായ ആശയ സംഘട്ടനങ്ങള്‍ക്കു തയ്യാറാകാന്‍ പോലും വിമുഖത കാട്ടുന്ന ഭീരുക്കളാണിന്നു വംശഹത്യക്കും ഉന്മൂലനങ്ങള്ക്കും നേതൃത്വം നല്‍കുന്നത്. ഗുജറാത്തുകളുടെ ശൃഷ്ടിക്കുവേണ്ടിയുള്ള അന്ധമായ മതവര്‍ഗ്ഗീയതയും, ബംഗാളുകളെ ശൃഷ്ടിക്കാനുള്ള അഭിനിവേശത്തില്‍ സൃഷ്ടിക്കുന്ന ന്യൂനപക്ഷവര്ഗ്ഗ ശാക്തീകരണവുമാണിന്നു കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. അവക്കുവേണ്ടി വര്‍ഗ്ഗീയ കലാപങ്ങളില്‍ പോലും രാഷ്ടീയ പാര്‍ട്ടികള്‍ വലിയ പങ്കുവഹിക്കുന്നുവത്രെ(?)
ക്യാമ്പസ്സുകളെ കുത്തകകളാക്കി നിര്‍ത്തി, ഇതര പ്രസ്ഥാനങ്ങള്‍ക്കു നില്ക്കാന് ഇടം നല്കാന് പോലും ഭയന്നു കായികമായി നേരിടുന്ന, ക്യാമ്പസ്സുകളെ ആയുധപ്പുരകളും ഗുണ്ടാനിര്മ്മാണഫാക്റ്ററികളുമായി കാണുന്ന പ്രസ്ഥാനങ്ങളെ നിലക്കു നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Posted by
Irshad
at
9:25 PM
5
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: പ്രതികരണം, രാഷ്ട്രീയം, ലേഖനം
Friday, August 17, 2007
Monday, August 13, 2007
Saturday, July 14, 2007
കാഴ്ചകളും കാഴ്ചപ്പാടുകളും
കാഴ്ചകളും കാഴ്ചപ്പാടും തമ്മിലുള്ള അന്തരങളെ കുറിച്ചാണ് ഞാന്‍ പറഞു വരുന്നത്. രണ്ടുള്ളവര്‍, ഒന്നു ഇല്ലാത്തവനുകൊടുക്കാന്‍ ഉപദേശിച്ച മഹാത്മാവിന്റെ അനുയായികളില്‍ ചിലര്‍ വിദ്യാഭ്യാസത്തില്‍ ക്രോസ് സബ്സിഡി പാടില്ലെന്നു പറയുന്നു. ചാരിറ്റി എന്ന പേരിനെപോലും അപമാനിച്ചുകൊണ്ടു കച്ചവടം നടത്തുന്നു. ആദര്‍ശ ധീരരുടെതെന്നു പറയപ്പെടുന്ന പ്രസ്ഥാനം കോടികള്‍ കോഴ വാങുന്നു. പാവപ്പെട്ടവനെ ഉന്നതിയിലെക്കെത്തിച്ചു സമത്വം നേടുന്നതിനു പകരം മറ്റുള്ളവനെക്കൂടി ദാരിദ്ര്യത്തിലാക്കി സമത്വം ഉണ്ടാക്കുന്നു. അഹിംസയെന്നതു ഈ ഭാരതത്തില്‍, വാക്കുകളില്‍ പോലും ഇല്ലാതെയായിരിക്കുന്നു. സ്നേഹത്തിന്റെ മതാനുയായികളില്‍ ചിലര്‍ നിരപരാധികളുടെ ചോരകൊണ്ട് പുതിയ ചരിത്രം രചിക്കുന്നു. നിരീശ്വര വാദികള്‍ ദേവാലയങളുടെ നടത്തിപ്പുകാരാകുന്നു. അങനെയങനെ എത്രയെത്ര വിരോധാഭാസങള്‍.
ആരാകണം? പുലിയോ, കഴുതയോ? ഭീമനോ, അര്‍ജ്ജുനനോ? എന്ന ചോദ്യത്തിനു ഒറ്റ വാക്കില്‍ ഉത്തരം പറഞ്ഞാലതു "പുലി" എന്നായിരിക്കും. ഇന്നെല്ലാമിത്തരം വാക്കുകളിലൂടെയാണല്ലോ നാമിന്നു വിശേഷിപ്പിക്കുക. മക്കള്‍ സിംഹവും പുലിയുമൊക്കെ ആയിത്തീരണമെന്നാണു മാതാപിതാക്കളുടെയും ആഗ്രഹം. സിംഹത്തേയും പുലിയെക്കാളുമൊക്കെ സമൂഹത്തിനു ഉപകാരപ്രദമായതു കഴുതകളായിരുന്നിട്ടുമാരും മക്കള്‍ മറ്റുള്ളവനുവേണ്ടികൂടി ജീവിക്കുന്ന കഴുതകളായ്ത്തീരാന്‍ ആരും ആഗ്രഹിക്കുന്നില്ല. മറ്റുള്ളവര്‍ക്കുവേണ്ടി ജീവിച്ച കഴുതകളിലെ പുലികള്‍ (അതോ, പുലികളിലെ കഴുതകളോ) സൃഷ്ടിച്ചതാണീ നാടുതന്നെ എന്ന സത്യം എത്രപേരോര്‍ക്കുന്നു.ഇവിടെ മക്കള്‍, സത്യം മാത്രം പറയുന്ന യുധിഷ്ഠിരനാകേണ്ട, സ്നേഹ സമ്പന്നരായ നകുല-സഹദേവന്മാരൊ, കുലച്ച വില്ലുമായ് നില്ക്കുമ്പോള് എന്തു കാണുന്നു എന്ന ചോദ്യത്തിനു, "ഞാന്‍ എന്റെ ഗുരുവിനെയും സഹോദരങ്ങളെയും വൃക്ഷത്തേയും അതിന്റെ ശിഖരങ്ങളേയും ആകാശത്തേയും പിന്നെ കിളിയേയും കാണുന്നു" എന്നു പറഞ്ഞ ഭീമനുമാവേണ്ട! അര്‍ജുനനാകണം, ലക്ഷ്യം മാത്രം മുന്നില്‍ കണ്ടു സര്‍വ്വസ്വവും തച്ചുതകര്‍ത്തു വിജയശ്രീലാളിതനായി വരുന്ന അര്ജ്ജുനന്മാര്. മരത്തിലിരിക്കുന്ന പക്ഷിയുടെ കഴുത്തില്‍ അമ്പെയ്തു കൊള്ളിക്കാന്‍ ആവശ്യപ്പെട്ടാല്‍ പിന്നെ, ചുറ്റും നില്ക്കുന്ന സഹോദരങ്ങളെയൊ, ഗുരുവിനെയൊ, അതിരിക്കുന്ന വൃക്ഷത്തെയൊ അതിന്റെ ശിഖരങ്ങളെയൊ പക്ഷിയുടെതന്നെ മറ്റു ഭാഗങ്ങളെയൊ കാണാത്ത അര്ജ്ജുനന്മാര്.
നാം, നമ്മുടെ സര്‍വ്വസ്വവും നല്കി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതും ഈ അര്ജ്ജുനന്മാരെ തന്നെ. ഒടുവില്‍ സര്‍വ്വസ്വവും തകര്‍ത്തെറിഞ്ഞു നേരും നെറിയുമില്ലാത്ത ലക്ഷ്യവും നേടി അവര്‍ വിജയശ്രീലാളിതരായി തിരിച്ചെത്തുമ്പോള്‍ മാത്രമാകും തകര്‍ന്നതു നാം തന്നെയാണെന്നു നാം തിരിച്ചറിയുക. പൊരുതുന്ന അര്‍ജ്ജുനനോടൊപ്പം, നേരിന്റെ മാര്‍ഗ്ഗം കാട്ടാനും നയിക്കാനും യുധിഷ്ഠിരനും, സ്നേഹത്തിന്റെയും ബന്ധത്തിന്റെയും വിലയെ ഓര്‍മ്മിപ്പിക്കാന്‍ നകുല സഹദേവന്മാരും, ചുറ്റുമുള്ളതു കാണാന്‍ ഭീമനും ഉണ്ടായിരുന്നാല്‍ മാത്രമെ നേരായ ലക്ഷ്യത്തിലെത്തിച്ചേരാനാവൂ എന്ന തിരിച്ചറിവു നമ്മിലുണ്ടാകേണ്ടിയിരിക്കുന്നു.
Posted by
Irshad
at
8:00 PM
4
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: ലേഖനം
Wednesday, June 13, 2007
അശുഭ ചിന്തകള്‍
ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. വിശാലമായ തീരത്താലും മലനിരകളാലും സംരക്ഷിക്കപ്പെടുന്ന ലോകത്തിലെ വിരളമായ സ്ഥലങ്ങളിലൊന്ന്. നദികളും പുഴകളും കായലുകളും തടാകങ്ങളും, മരങ്ങളും കാടുകളും അതിന്റെ പച്ചപ്പും, അപൂര്‍വ്വ സസ്യ ജന്തു ജീവജാലങ്ങളുടെ ആവാസവും, മറ്റു സ്ഥലങ്ങളെയപേക്ഷിച്ചു കുറഞ്ഞ ചൂടും തണുപ്പും, സമയാസമയങ്ങളിലെത്തുന്ന മഴയുമെല്ലാം കൊണ്ട് അനുഗ്രഹിക്കപ്പെട്ട നാട്. വന്‍ ഭൂകമ്പങ്ങളൊ, കൊടുങ്കാറ്റോ യുദ്ധമൊ, ഒന്നിന്റെയും കെടുതികള്‍ ഈ നാടേറെ അനുഭവിച്ചിട്ടുമില്ല.
പറഞ്ഞാല്‍ തീരില്ല നമ്മുടെ നാടിന്റെ മേന്മകള്. പിന്നെന്തേ ഈ അശുഭ ചിന്തകള്‍?
പൊന്ന് വിളയിക്കാന്‍ കഴിയുന്ന (കഴിഞ്ഞിരുന്ന) ഭൂമികള്‍ ഇന്നു വിളവിറക്കാതെ തരിശായി മാറുന്നു. അവിടെ വന്‍ മാളികകള്‍ വിളയുന്നു. മത-വര്‍ഗ്ഗങ്ങള്‍ നമ്മുടെ യുവ മനസ്സുകളില്‍ വര്‍ഗ്ഗീയതയുടെ വിളവിറക്കുന്നു. വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മയും നെറികെട്ട രാഷ്ട്രീയവുമതിന്നു വളമിടുന്നു. ഇതു തിരിച്ചറിയുന്ന പ്രതികരണശേഷി നശിച്ചിട്ടില്ലാത്ത നല്ലൊരു വിഭാഗം നക്സലിസത്തിലേക്കും തിരിയുന്നു. തീരവും നദികളും പുഴകളും കാടുമെല്ലാം ഇവയൊക്കെ സംരക്ഷിക്കേണ്ട അധികാരികളാല്‍ കയ്യേറ്റപ്പെടുന്നു. (അതോ കയ്യേറ്റക്കാര്‍ അധികാരികളായതൊ?). അണക്കെട്ടുകള്‍ സര്‍വ്വനാശികളെന്നു തിരിച്ചറിഞ്ഞിട്ടും ഇന്നും നാമതിനായ് കാടുകള്‍ വെട്ടിത്തെളിക്കുന്നു. കാടിന്റെ മക്കളെ കുടിയിറക്കുന്നു. ഇത്രയേറെ ജല സ്രോതസ്സുകളുള്ളയീ നാട്ടില്‍ കുടിവെള്ളത്തിനായ് ജനങ്ങള്‍ നെട്ടോട്ടമോടിത്തുടങ്ങിയിരിക്കുന്നു. പുഴകള്‍ മഴക്കാലങ്ങളില്‍ ഭീതി വിടര്‍ത്തുന്നു. വേനലിലവ നേര്‍ത്ത വരകള്‍ പോലുമല്ലാതായിത്തീരുന്നു. രാഷ്ട്രീയത്തില്‍ ജനസേവനമെന്നത് കാണുവാനില്ലാതായിരിക്കുന്നു. അത് അധികാരത്തിലേക്കുള്ള വഴിമാത്രമായി ഒതുങ്ങി. അധികാരം ആ വാക്കിലെ സര്‍വ്വ ധാര്‍ഷ്ഠ്യവും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നു. സ്വജനപക്ഷപാതവും അധികാരികളോടുള്ള ഭയവും മൂലം അസംഘടിത ജനത മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടുന്നു. അഭ്യസ്ത വിദ്യന്‍ ഉയര്‍ന്ന ജോലി കിട്ടാത്തതിനാല്‍ മറ്റൊന്നും ചെയ്യാതെ പട്ടിണി കിടക്കുന്നു.
എഴുപതുകളിലെ ക്ഷുഭിതയൗവ്വനങ്ങള്‍ക്കു സമാനമായ മനസ്ഥിതിയുമായ് ഒരു വലിയ സമൂഹം രൂപപ്പെടുന്നു എന്നതിന്നു തെളിവാണു നക്സലിസം വളരുന്നുവെന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ടുകള്‍. സാക്ഷരതയും വിദ്യാഭ്യാസവും ഈ നാടിന്നു ശാപമായ് മാറുന്നുവൊ?
സമൂഹത്തില്‍ നന്നായി വേരോട്ടമുള്ള ഒരു പ്രസ്ഥാനം വിചാരിച്ചാല്‍ തന്നെ ഈ നാട്ടിലെ തൊഴിലില്ലായ്മയ്ക്കും, കാര്‍ഷിക വിളകള്‍ക്കും, തരിശായി കിടക്കുന്ന പാടങ്ങള്‍ക്കും ശാപമോക്ഷം നല്കാന് കഴിയുമെന്നും, അതുവഴി മത വര്‍ഗ്ഗീയതക്കും തടയിടാമെന്നുമിരിക്കെ വാക്കുകളില്‍ വിപ്ലവവും പ്രവര്‍ത്തികളില്‍ കാപഠ്യവുമായ് അധികാരം മാത്രം ലക്ഷ്യമാക്കി പ്രസ്ഥാനങ്ങള്‍ നീങ്ങുന്നതാണിന്നത്തെ ഏറ്റവും വലിയ ശാപങ്ങളിലൊന്ന്.
വിദ്യാഭ്യാസമിന്നൊരു ആഭാസമായി മാറിയിരിക്കുന്നു. അറിവു നേടുക എന്നതിന്നപ്പുറം ജോലി നേടുക എന്നതു ഇന്നെല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. എങ്കിലും, അറിവ് സംസ്കാരം പകര്‍ന്നു നല്‍കേണ്ടതല്ലെ? ഇന്നെത്തെ വിദ്യാഭ്യാസത്തില്‍ നമ്മുടെ സംസ്കാരത്തിന്നെവിടെയാണു സ്ഥാനം? ലൈംഗിക വിദ്യാഭ്യാസമെന്ന പേരില്‍ സുരക്ഷിത ലൈംഗിക മാര്‍ഗങ്ങളാണൊ നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത്? ഇവിടെയാ വിദ്യാഭ്യാസവും തുടങ്ങിക്കഴിഞ്ഞു. ഇതു ഈ നാടിനെയെവിടെയാണു കൊണ്ടുചെന്നെത്തിക്കുക?
പശ്ചാത്യതയോടും, സുഖ സൗകര്യങ്ങളോടുമുള്ള നമ്മുടെ ഭ്രമങ്ങള്‍ സാംസ്കാരികാധിനിവേശത്തിനും അതുവഴി നമ്മുടെ തന്നെ നാശത്തിനുമാണു വഴിവെക്കുകയെന്നു ഇനിയും ഈ സാക്ഷര സമൂഹത്തിനു മനസ്സിലായിട്ടില്ല. ചരിത്രങ്ങള്‍ പഠിക്കുന്നതു മാര്‍ക്കിനുവേണ്ടി മാത്രമാകുന്ന ഒരു സമൂഹത്തില്‍ ഇതല്ലാതെ മറ്റെന്തു വന്നു ചേരാന്‍?
ആര്‍ത്തി, സര്‍വ്വതിനോടുമുള്ളയീ ആര്‍ത്തി മനുഷ്യ കുലത്തിനു മുഴുവന്‍ അപകടമാണെന്നെന്തേ തിരിച്ചറിയുന്നില്ല? വരും തലമുറകള്‍ക്കു കൂടിയുള്ളതു ഇന്നു നാം തിന്നും മതിച്ചും നഷ്ടപ്പെടുത്തുന്നില്ലെ? നശീകരണത്തിലും ചൂഷണത്തിലും ഏറ്റവും മുന്നില്‍ നില്ക്കുന്നതു നാമുള്‍പ്പെടുന്ന അഭ്യസ്ത വിദ്യര് തന്നെയല്ലെ?
"അവനവന് വേണ്ടതന്നന്നെടുക്കണം
അമിതമായ് കരുതി വെച്ചീടൊലാ
അരുതൊരാളെ തടഞ്ഞു നിര്‍ത്തുന്നതും
അഹിതം അന്യ പ്രയത്നം ഭുചിപ്പതും"
ശ്രീ. മധുസൂദനന് നായരുടീീ കവിതാ ശകലങ്ങള്‍ നാമിടക്കൊന്നോര്‍ക്കുന്നതു നന്നെന്നു തോന്നുന്നു.
ഇന്നു നാട്ടില്‍ പടര്‍ന്നു പിടിക്കുന്നതു കേട്ടു കേഴ്വി പോലുമില്ലാത്ത രോഗങ്ങള്‍. പകര്‍ച്ച വ്യാധികള്‍ വ്യക്തമാക്കുന്നതു തകരുന്ന നമ്മുടെ ആരോഗ്യ സംസ്കാരത്തെയല്ലെ? തകര്‍ന്ന ശുചിത്വ ബോധവും, ഫാസ്റ്റ് ഫുഡ് സംസ്കാരവുമൊക്കെ ഇതിനൊക്കെ കാരണങ്ങളല്ലേ?
തൊഴിലില്ലായ്മ സഹ്യനെക്കാള്‍ വളര്‍ന്നിരിക്കുന്നു. പലര്‍ക്കും ഈ നാട്ടില്‍ തൊഴിലവസരങ്ങളെക്കാള് തൊഴിലില്ലായ്മ സൃഷ്ടിക്കാനാണ് താല്പര്യം എന്ന സത്യം അഭ്യസ്തവിദ്യരായ ഈ സമൂഹം തിരിച്ചറിയുന്നപക്ഷം ഉണ്ടാകുന്ന ഭവിഷ്യത്തുക്കള്‍ എത്ര ഭയാനകമാകില്ല.
ഇന്നു ജോലി തേടി അന്യ നാടുകളിലേക്കുപോയിരിക്കുന്നവര്‍ എന്തു മാത്രം? പശ്ചിമേഷ്യയിലും മറ്റും വളരുന്ന അശാന്തികള്‍ നമ്മുടെ നാടിന്റെ കൂടി അശാന്തിയായ് മാറുന്നതു നാമറിയുന്നുണ്ടൊ? ഒരു കുവൈറ്റ് യുദ്ധകാലത്തിവിടെ തകര്‍ന്ന ജീവിതങ്ങളെത്ര? എന്റെ അശുഭ ചിന്തകളില്‍ നാളെയുടെ അശാന്തികള്‍ പടര്‍ന്നു കയറുമ്പോള്‍ വാക്കുകള്‍ പോലും മരിക്കുന്നു.
നമ്മിലെ മൂല്യശോഷണങ്ങള്‍ക്കൊരു പ്രതിരോധം തീര്‍ക്കാന്‍ ആര്‍ക്കാണിന്നു കഴിയുക? പ്രതിരോധങ്ങളില്‍ പോലും തിന്മകളും സ്ഥാപിത താല്പര്യങ്ങളും കടന്നു കയറുമ്പോള്‍, നമുക്കു മൂല്യങ്ങള്‍ പകര്‍ന്നു തന്നിരുന്ന സംസ്കാരത്തിലും, മതങ്ങളിലും, രാഷ്ട്രീയത്തിലുമെല്ലാം നടക്കുന്ന തിന്മയുടെ കടന്നുകയറ്റങ്ങളെ എങ്ങനെയാണു പ്രതിരോധിക്കുക?
Posted by
Irshad
at
3:48 PM
11
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: ലേഖനം
Friday, May 25, 2007
കയ്യേറ്റവും കുടിയിറക്കും.
സമകാലിക വാര്‍ത്തകളില്‍ ഏറ്റവും തിളക്കത്തോടെ നിലകൊള്ളുന്നതു മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങളുടെ ഒഴിപ്പിക്കലാണാല്ലൊ? കടലും, കരയും ഒരുപോലെ ഈ നാട്ടില്‍ കയ്യേറ്റങ്ങല്‍ക്കു ഇരയാവുന്നു. ഗ്രാമമെന്നൊ നഗരമെന്നോ വ്യത്യാസവുമില്ല. കേരളത്തിന്റെ തനതു കലാരൂപങ്ങളില്‍ ഒന്നായി തീര്‍ന്നിരിക്കുന്നു കയ്യേറ്റങ്ങള്‍. പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള കയ്യേറ്റങ്ങളെ അംഗീകൃതമാക്കുക വഴി നാം അതിനു വളം വെച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. മുന്‍ കാലങ്ങളില്‍ താമസത്തിനും കൃഷിക്കുമായിട്ടാണു കയ്യേറ്റങ്ങള്‍ നടന്നിരുന്നതെങ്കില്‍ ഇന്നു കയ്യേറ്റങ്ങള്‍ ആര്‍ഭാടങ്ങള്‍ക്കു വേണ്ടിയായിരിക്കുന്നു.
സ്ഥലം കയ്യേറുക, പട്ടയം സംഘടിപ്പിക്കുക പിന്നെ അതു മറ്റാര്‍ക്കെങ്കിലും വില്‍ക്കുക എന്നതാണു ഇവിടുത്തെ രീതി. ഇതിനൊക്കെ കൂട്ടു നില്ക്കുന്ന കുറെ ഉദ്യോഗസ്തരും രാഷ്ട്രീയക്കാരും. ഒടുവില്‍ ഒഴിപ്പിക്കപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നതു മറ്റു ചിലര്‍ക്കും. എങ്കിലും ഇതു വേണ്ടതു തന്നെ. ഇനിയെങ്കിലും വാങ്ങുന്നവര്‍ ഇതൊക്കെയൊന്നു ശ്രദ്ധിക്കുമല്ലൊ?
കയ്യേറ്റങ്ങളെ തടയുക എന്ന പ്രാഥമിക ജോലി കഴിഞ്ഞുപോയ കാവലാളുകല്‍ നിറവേറ്റിയിട്ടില്ല എന്നതാണു യാദാര്‍ത്ഥ്യം. നാടിന്റെ സ്വത്തും മുതലും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായിരുന്നവരുടെ അപരാധങ്ങള്‍ക്കു ശിക്ഷ ലഭിക്കേണ്ടതല്ലെ? ആരതു നിര്‍വ്വഹിക്കും?
ബഹു: മുഖ്യമന്ത്രി ഈ തീരുമാനമെടുക്കാന്‍ കാണിച്ച ചങ്കൂറ്റത്തെയും അതിനായി അധ്വാനിക്കുന്ന സംഘത്തെയും അഭിനന്ദിക്കാതെ വയ്യ.
നാടിനെ എ.ഡി.ബിക്കു തീറെഴുതിയ മുഖ്യമന്ത്രി എന്ന അപഖ്യാതി മായില്ലെങ്കിലും കുത്തകകള്‍ക്കെതിരെ ധൈര്യം കാണിച്ച മുഖ്യന് എന്നു തല്ക്കാലം വിധിയെഴുതാം. എ.ഡി.ബി കാര്യത്തിലെ കുറ്റങ്ങള്‍ പാര്‍ട്ടിക്കുമേല്‍ വെച്ചുകെട്ടുകയും ചെയ്യാം.
അപ്പോഴും ചില സംശയങ്ങള്‍?
ഇതും സി. ഡി റെയ്ഡ് പോലെ വമ്പന്മാര്ക്കു വെണ്ടിയുള്ള വഴിയൊരുക്കലാണൊ? സി. ഡി റെയ്ഡ് കഴിഞ്ഞപ്പോള്‍ മോസര്‍ ബെയര്‍ പോലുള്ള ആഗോള ഭീമന്മാര് അരങ്ങത്തെത്തിയിരിക്കുന്നു. അതുപോലെ തന്നെ അധികാരത്തിലേറി ആറുമാസം തികയും മുന്‍പെ വന്‍പാല്‍ക്ഷാമവും വിലകൂട്ടലും. ഇപ്പോള്‍ കേള്‍ക്കുന്നതു അമുല്‍ പാല് വില്‍പ്പനക്കായി മാത്രം നാല്‍പ്പതോളം സ്റ്റാളുകള്‍ തിരുവനന്തപുരം നഗരത്തില്‍ തുറക്കുന്നതിനെ പറ്റിയും. പാല് ക്ഷാമം താനെ ഉണ്ടായതൊ ശൃഷ്ടിച്ചതൊ?
എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫലം വന്നിരിക്കുന്നു. മോഡറേഷന് കൂടാതെ തന്നെ റെക്കോര്‍ഡ് വിജയം. പരീക്ഷകളിലും അതിന്റെ നടത്തിപ്പിലും മൂല്യനിര്‍ണ്ണയത്തിലുമൊക്കെ മലയാളിക്കു വിശ്വാസം നഷ്ടപ്പെട്ടിട്ട് ഏറെ നാളായി. എങ്കിലും ഇതൊരു സന്തോഷവാര്‍ത്ത തന്നെ. നമ്മുടെ കുട്ടികള്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടു മോഡറേഷന് കൂടാതെ റെക്കോര്‍ഡ് വിജയം നേടാന്‍ പ്രാപ്തരായി എന്നതു കുറഞ്ഞ കാര്യമാണൊ? പഴയ റെക്കോര്‍ഡ് മോഡറേഷനോടു കൂടിയുള്ളതു 70%. ഇപ്പോഴത്തേതു 82%. എന്തൊരു വളര്‍ച്ച. ആഹ്ലാദിക്കാന്‍ ഇതില്പരം എന്തു വേണം. രണ്ടു വര്‍ഷംകൊണ്ടു നാം നൂറു മേനി കൊയ്യും. എന്തായിരിക്കും ഇതിനു കാരണം? ഭരണം മാറിയപ്പോള്‍ നാട്ടിലെ സമരങ്ങള്‍ കുറഞ്ഞതു കൊണ്ടാവുമൊ? എന്തെങ്കിലുമാവട്ടെ. പക്ഷെ ഇവര്‍ക്കു ഉപരിപടനത്തിനു അവസരമെവിടെ? ഉടന്‍ വന്നു മന്ത്രിയുടെ വാഗ്ദാനം. പുതിയ +2 സ്കൂളുകള്‍ അനുവദിക്കും. എത്ര ന്യായമായ കാര്യം. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ അനുവദിച്ചതു പോലെ നിക്ഷ്പക്ഷമായും(?) സുതാര്യമായും(?) തന്നെയാവും എന്നു വിശ്വസിക്കാം.
വീണ്ടും അല്‍പ്പം മൂന്നാര്‍ ചിന്തകള്‍......
മൂന്നാറിലെ റിസോര്‍ട്ടുകള്‍, കയ്യേറിയ സ്ഥലത്താണെങ്കില്‍ ഒഴിപ്പിക്കേണ്ടതു തന്നെ. കെട്ടിടങ്ങള്‍ തകര്‍ത്തെറിയണമായിരുന്നൊ? അതു സര്‍ക്കാരിലേക്കു സ്വരുക്കൂട്ടിയിരുന്നെങ്കില്‍ അതല്ലായിരുന്നൊ നല്ലത്. മൂന്നാര്‍ ഇന്നു ഒരു വിനോദസ്ഥലമാണു. അവിടെ ലാഭമുണ്ടാക്കാന്‍ എറ്റവും ഉചിതമായതു റിസോര്‍ട്ടുകള്‍ തന്നെ. കെട്ടിടങ്ങള്‍ തകര്‍ത്തെറിഞ്ഞ സ്ഥലങ്ങളില്‍ പ്രകൃതിക്കിണങ്ങിയ രീതിയില്‍ പുനസൃഷ്ടിക്കുകയാനു ഉദ്ദേശ്മെങ്കില്‍ നല്ലതു.
സി.ഡി കടകള്‍ക്കു പകരം മൊസേര്‍ ബയെറിന്റെ കുത്തക വന്നതു പോലെ, മില്‍മക്കു പകരം അമുല്‍ വരുന്നതു പോലെ, സര്‍വ്വ പ്രതിരോധങ്ങളെയും നാണം കെടുത്തി എ.ഡി.ബി സവ്വവും വിഴുങ്ങുന്നതു പോലെ, ചെറിയ റിയല്‍ എസ്റ്റേറ്റ് മാഫിയയെ ഒഴുപ്പിച്ചു റ്റീകോം പോലുള്ള വന്‍ മാഫിയക്കു സ്ഥലം കാഴ്ച്ചവെക്കുകയാണൊ ഉദ്ദേശമെന്നു സംശയിക്കാതിരിക്കാനും വയ്യ.
സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ചു ശുഭാപ്തി വിശ്വാസമൊന്നും എനിക്കില്ല. ഒരു നേട്ടവും കാണിക്കാനില്ലാതെ ഒരു വര്‍ഷം കടന്നു പോകുന്നതു ഒഴിവാക്കാന്‍ കഴിഞ്ഞു എന്നു മാത്രം. സ്മാര്‍ട്ട് സിറ്റി ഈ ഗവണ്മന്റിന്റെ നേട്ടമായി ഞാന്‍ കാണുന്നില്ല. കരാറില്‍ എന്തു നേട്ടം ഉണ്ടായാലും (ഏറെയൊന്നുമില്ല എന്നതിനു മുഖ്യന്റെ മൗനം സാക്ഷി) അതു, നഷ്ടപ്പെടുത്തിയ മൂന്നു വര്‍ഷങ്ങള്‍ക്കു സമമാകില്ലയെന്നു ഇവിടുത്തെ അഭ്യസ്തവിദ്യനു മനസ്സിലാകും. നടപ്പിലാക്കാന്‍ ഇടതുപക്ഷം തയ്യാറയതു തന്നെ ഈ ജനത അതു വളരെയധികം ആഗ്രഹിക്കുന്നു എന്നതുകൊണ്ടു മാത്രമാണു താനും.
എങ്കിലും, വളരെ നിലവാരം കുറഞ്ഞ ഒരു പറ്റം മന്ത്രിമാരെയും വഹിച്ചു നീങ്ങുന്നതിന്നിടയില്‍ നിലനില്‍പ്പിനു വേണ്ടിയാണെങ്കില്‍കൂടി കടന്നു കയറ്റങ്ങളെ എതിര്‍ക്കുന്ന, ഒഴിപ്പിക്കാന്‍ ചങ്കൂറ്റം കാണിക്കുന്ന ബഹു: മുഖ്യമന്ത്രിയില്‍ ഞാന്‍ ഇന്നൊരു നീറുറവ കണ്ടെത്തുന്നു.
Posted by
Irshad
at
5:35 PM
4
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: പ്രതികരണം, രാഷ്ട്രീയം
Saturday, March 10, 2007
സിങ്ങൂരും നന്ദിഗ്രാമും പിന്നെ എ. ഡി. ബിയും - അഭിനവ മാക്സിസ്റ്റുകളുടെ തനിനിറം
നൂറ്റാണ്ടു മുമ്പ് റഷ്യയില്‍ സമത്വത്തിന്റെ മന്ത്രവുമായി ഉയര്‍ന്നു വന്ന പ്രസ്ഥാനം സംഘടിത പ്രസ്ഥാനങ്ങളുടെയും ആശയങ്ങളുടെയും ശക്തി ലോകത്തിനു മനസ്സിലാക്കി കൊടുത്തു. സമത്വം അവകാശമാണെന്നുള്ള തിരിച്ചറിവു, പ്രഭുക്കന്മാരെവരെ മാളികമുകളില്‍ നിന്നും ഇറങ്ങിവന്നു തെരുവു തെണ്ടിയുടെവരെ തോളില്‍ കൈവെച്ചു "സഖാവെ" എന്നു വിളിക്കാന്‍ പോലും പ്രാപ്തനാക്കി. അസംഘടിതരായിരുന്ന തൊഴിലാളികള്‍ ഈ സംഘടിത ശക്തിയാലും ആശയത്താലും അധികാരംവരെ നേടുകയും ചെയ്തു. മാറുന്ന ലോകക്രമത്തില്‍ കാലാനുസൃത മാറ്റങ്ങല്‍ക്കു തയ്യാറാകാതെ അതെ പ്രസ്ഥാനം നാടിനെത്തന്നെ തകര്‍ക്കുന്നതും നാം കണ്ടു.
ഇതു ചരിത്രം. പ്രസ്ഥാനങ്ങള്‍ക്കു കാലാനുസൃതമായ മാറ്റം ഉണ്ടാവേണ്ടതുണ്ട്. ആ മാറ്റങ്ങള്‍ ഉചിതമായ സമയങ്ങളിലാകുകയും വേണം. ദീര്‍ഘവീക്ഷണമുള്ള നേതൃത്വങ്ങള്‍ക്കെ അതിനു കഴിയുകയുള്ളൂ. അഭിനവ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങല്‍ക്കു സംഭവിച്ചിരിക്കുന്ന അപചയങ്ങള്‍ക്കു കാരണവും മറ്റൊന്നല്ല. എന്തിനെയും ഏതിനെയും എതിര്‍ക്കുക എന്ന ശൈലി ജനതയെ വളരെയധികം പിന്നോട്ടു കൊണ്ടുപോയിട്ടുണ്ടെന്നതു അവര്‍ തന്നെ സമ്മതിക്കുന്ന കാര്യവുമാണ്.
നേരായ രീതിയിലുള്ള നാടിന്റെ വികസനമെന്നതു ജനതയുടെ അവകാശമാണ്. ഒപ്പം തന്നെ തൊഴിലും ജീവിതവും സംരക്ഷിക്കപ്പെടേണ്ടതുമുണ്ട്. പ്രസ്ഥാനങ്ങള്‍ അധികാരത്തിലും പുറത്തും വാക്കിനു നേരും നെറിയും പാലിക്കേണ്ടതുണ്ട്. അതു നഷ്ടപ്പെടുന്നിടത്തു നിന്നാണു അരാഷ്ട്രീയ വാദങ്ങളുടെ തുടക്കം. ഒരോ പ്രശ്നങ്ങളില്‍ തങ്ങളെടുക്കുന്ന നിലപാടുകള്‍ (നിലപാട് മാറ്റങ്ങളും) ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അവര്‍ ബാധ്യസ്തരുമാണ്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കു (പ്രത്യേകിച്ചു സി. പി. എമ്മിനും, സി. പി. ഐക്കും) നിഷേധ നിലപാടുകള്‍ക്കപ്പുറം ഒരു ബദല്‍ കാഴ്ചപ്പാടില്ല എന്നതാണു സത്യം. എ. ഡി. ബി വായ്പ്പയുടെ കാര്യത്തില്‍ ഇന്നെത്തെ നിലാപാടു മാറ്റത്തിലേക്കു നയിക്കുന്ന ഏക മാറ്റം അവര്‍ പ്രതിപക്ഷത്തു നിന്നും ഭരണപക്ഷത്തേക്കു മാറി എന്നതു മാത്രമാകുന്നു. സി. പി. ഐ സമ്മതപത്രം നല്കിയതു ഒരു മന്ത്രിയുടെ രാജി ഒഴിവാക്കാനത്രെ? ഒരു നാടിന്റെ ഭാവിയെക്കാള്‍ വലുതത്രെ ഇവര്‍ക്കു മന്ത്രിയുടെ ഭാവി. അതും കോടതിക്കെതിരെ വായില്‍ തോന്നിയതു വിളിച്ചു പറഞ്ഞിട്ടു കോടതിയില്‍ പോയി മാപ്പു പറഞ്ഞ നട്ടെല്ലില്ലാത്തവരുടെ ഭാവി.
ഇതു കേരളത്തിന്റെ അവസ്ഥ. അര നൂറ്റാണ്ടിനടുത്ത് സി. പി. എം ഭരിക്കുകയും നാടിന്റെ വികസനം ലക്ഷ്യമാക്കി മുന്നൊട്ടു കുതിക്കുകയും ചെയ്ത ബംഗാളില്‍ ഇന്നു സി. പി. എം ജനങ്ങളില്‍ നിന്നും അകന്നു തുടങ്ങിയിരിക്കുന്നു. തങ്ങളെ അധികാരത്തിലേറ്റിയ തൊഴിലാളികളെ സംരക്ഷിക്കാനുള്ള ബാധ്യത വിസ്മരിച്ചു വമ്പന്‍ കുത്തകകള്‍ക്കു വേണ്ടി അവരെ തെരുവിലേക്കു വലിച്ചെറിയുന്നു. അനുസരിക്കാത്തവരെ ഇരുട്ടിന്റെ മറവില്‍ ഗുണ്ടകളെ ഉപയോഗിച്ചു കൊന്നു തള്ളുന്നു. സിങ്ങൂരില്‍ റ്റാറ്റയ്ക്കു വേണ്ടിയാണെങ്കില്‍ നന്ദിഗ്രാമിനെ സംരക്ഷിതമേഖലയാക്കി വമ്പന്മാര്ക്കു കാഴ്ചവെക്കാനാണിതെല്ലാം. ഫലപുഷ്ടമായ കൃഷി പ്രദേശങ്ങളാണു ഇങ്ങനെ തീറെഴുതുന്നതു എന്നാണു മനസ്സിലാക്കാന്‍ കഴിയുന്നത്. ഒറ്റ രാത്രികൊണ്ടു സര്‍ക്കാരും ഗുണ്ടകളും നന്ദിഗ്രാമില്‍ കൊന്നു തള്ളിയതു 16 വയസ്സുള്ള യുവാവിനെയടക്കം എട്ടുപേരെയാണത്രെ?
സ്ഥിരമായ അധികാരം സ്വേച്ഛാധിപത്യത്തിലേക്കു നയിക്കുന്നു എന്നതിനു ഒരു തെളിവു കൂടി.
ഇതു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഭരിക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ അവസ്ഥ. ഇന്നലളില്‍ മുതലാളിത്വത്തിനെതിരെ മുഴങ്ങിയ മുദ്രാവാക്യങ്ങള്‍ ഇന്നത്തെ മുതലാളിയായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെതിരെ മുഴങ്ങുന്ന നാള് വിദൂരമല്ല. ഒരു പക്ഷെ അതിലൊന്നു ഇങ്ങനെയുമാകാം, "സര്‍വ്വ രാജ്യത്തൊഴിലാളികളെ സംഘടിക്കുവിന്‍ കമ്മ്യൂണിസത്തിനെതിരെ".
Posted by
Irshad
at
6:07 PM
0
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: പ്രതികരണം, രാഷ്ട്രീയം
Thursday, January 25, 2007
ഭരണമോ സമരമോ ?
നീണ്ട അഞ്ച് വര്‍ഷത്തെ സമരകോലാഹലങ്ങള്‍ കേരളീയര്‍ മറന്നിട്ടുണ്ടാവില്ല എന്നാണെന്റെ വിശ്വാസം. 'അസംതൃപ്തരായ ഒരു ജനതയില്‍ മാത്രമെ വിപ്ലവം വിരിയൂ' എന്നതു കൊണ്ടാകാം, അസംതൃപ്തരായ ഒരു കേരള സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ചിലര്‍ ഇത്ര ശുഷ്കാന്തി കാട്ടുന്നത്. അസംതൃപ്തരായ ഒരു സമൂഹത്തില്‍ അത്യന്താപേക്ഷിതമായതു ദാരിദ്ര്യം ആണല്ലൊ. സമരങ്ങളിലൂടെ പുതു വ്യവസായങ്ങളെ തടഞ്ഞു നിര്‍ത്തിയും, ഉണ്ടായിരുന്ന വ്യവസായങ്ങളെ പൂട്ടിച്ചും, വികസനങ്ങളെ പിറകിലേക്കു വലിച്ചു ദശാബ്ദങ്ങല്‍ എറെയായി ഭൂരിഭാഗം ജനതയെ ദരിദ്രരായി നിര്‍ത്തുകയും, പാര്‍ട്ടിയെ വളര്‍ത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഭരണത്തിലേറിയാലെങ്കിലും സ്വസ്ഥതയോടെ ജീവിക്കാമല്ലോ എന്നു കരുതിയ കേരള ജനതക്കു ഭരണം(അങ്ങനെ വിളിക്കാമൊ?) സമരങ്ങളെക്കാല്‍ വലിയ പ്രഹരങ്ങളാണു നല്കിക്കൊണ്ടിരിക്കുന്നത്. ആരെയെങ്കിലും എതിര്‍ത്തുകൊണ്ടേയിരുന്നില്ലെങ്കില്‍ അണികളെ പിടിച്ചു നിര്‍ത്താന്‍ ബുദ്ധിമുട്ടാകും എന്നവര്‍ക്കു നന്നായറിയാം. ഇത്ര കാലവും പറഞ്ഞ വാക്കുകള്‍ക്കു വിപരീതമായി ഭരണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍, അണികളെ സമരത്തിലേക്കു തള്ളിവിട്ടു എല്ലാവരുടെയും ശ്രദ്ധ തിരിക്കുകയാണു ഉത്തമം. ഒന്നിനു പിറകെ ഒന്നായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും അവര്‍ തന്നെ രണ്ടു വിഭാഗങ്ങളായി നിന്നു ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
എ.ഡി.ബിയുടെയും, ചിക്കന്‍ ഗുനിയയുടെയും, ലാവ്ലിന് കേസിന്റെയും കരിമണല്‍ ഖനനത്തിന്റെയും, സ്വാശ്രയ കോളേജ്ന്റെയും, സ്മാര്‍ട് സിറ്റിയുടെയും, എക്സ്പ്രസ്സ് ഹൈ വെയുടെയുമെല്ലാം കാര്യത്തില്‍ ഇതൊക്കെ തന്നെയല്ലെ നടന്നു കൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ പ്രശ്നം ഹൈ കോടതി ചീഫ് ജസ്റ്റിസായിരുന്ന വി. കെ. ബാലിയെ സുപ്രീം കോടതി ജഢ്ജിയാക്കണമെന്നു ആവശ്യപ്പെട്ടു മുഖ്യമന്ത്രി, രാഷ്ട്രപതിക്കു എഴുത്തു എഴുതിയതായിരിക്കുന്നു.
മുഖ്യമന്ത്രി ചെയ്തതു ഭരണഘടനാ വിരുദ്ധമൊ എന്തൊ? അതു ഭരണഘടനാ വിദഗ്ധര്‍ തീരുമാനിക്കട്ടെ. ഒരുവനു അര്‍ഹതപ്പെട്ടതു കിട്ടിയില്ലെങ്കില്‍ അതു വേണ്ടപ്പെട്ടവരെ അറിയിക്കേണ്ടതില്ലെ? ആ ചെയ്തതു തെറ്റാകുന്നതു എങ്ങനെ എന്നു മനസ്സിലാകുന്നില്ല? തഴയപ്പെടുമ്പൊല്‍ ദു:ഖിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നതു തെറ്റാണൊ? ശ്രീ. അച്ചുതാനന്ദനു ഒരു പക്ഷെ അതില്‍ രാഷ്ട്രീയം ഉണ്ടായിരിക്കാം. എന്നാല്‍ മുഖമന്ത്രി എന്ന നിലയില്‍ ചെയ്യേണ്ടതു തന്നെയാണിതു എന്നു തോന്നുന്നു.
കുറെയേറെ കേസുകളില്‍ വി.കെ ബാലി അടങ്ങുന്ന ബെഞ്ചിന്റെ വിധി തങ്ങള്‍ക്കു പ്രതികൂലമായതു കൊണ്ടു അദ്ദേഹം മോശക്കാരനാകുന്നതെങ്ങനെ എന്നു മനസ്സിലാകുന്നില്ല. ആ വിധികളെ അസ്ഥിരപ്പെടുത്തുന്ന വിധികള്‍ മുകള്‍ കോടതികളില്‍ നിന്നും നേടിയെടുക്കാനും എതിര്‍ക്കുന്നവര്‍ക്കു കഴിഞ്ഞിട്ടില്ല എന്നതാണു സത്യം. കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ക്കു തീര്‍പ്പു കല്പ്പിച്ചതു അദ്ദേഹത്തിന്റെ കാലത്താണു എന്നതു മറക്കാവുന്നതല്ല.
ജയകൃഷ്ണന് വധ കേസ്സിലേതടക്കം സി. പി. എമ്മിനു അനുകൂലമായ പലവിധികളും അംഗീകരിക്കാന്‍ മാനസിക വൈശമ്യം ഉള്ള ഒരുപാടുപേര് നമ്മുടെ നാട്ടിലുണ്ട്. അവരൊക്കെയും ഇതേ രീതിയില്‍ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ എന്താവും നമ്മുടെ നാടിന്റെ അവസ്ത. കോടതിയുടെ നിക്ഷ്പത ചോദ്യം ചെയ്യുമ്പോല്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കേണ്ടതുണ്ട്. അങ്ങനെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രി ഇങ്ങനൊരു എഴുത്തു എഴുതുമായിരുന്നില്ലല്ലൊ?
വില വര്‍ദ്ധനവും, ക്രമസമാധാന തകര്‍ച്ചയും ജനങ്ങളെ വലച്ചു കൊണ്ടിരിക്കുന്നു. വര്‍ഗ്ഗീയ ശക്തികള്‍ ശക്തിപ്രകടനങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നു കുറച്ചു ദിവസങ്ങളായുള്ള ആയുധ പ്രയോഗ പരമ്പര വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കാം. മോഡിയെ (വിവരണങ്ങള്‍ക്കു പ്രസക്തിയെവിടെ?) സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണൊ ഇതെല്ലാം? ഗുണ്ടാ നിയമങ്ങള്‍ പിന് വലിച്ചോ, നിയമത്തിന്റെ പരിധിയില്‍ നിന്നും വേണ്ടപ്പെട്ടവരെ മാറ്റിനിര്‍ത്തിയോ അക്രമികള്‍ക്കു സൗകര്യം ചെയ്തു കൊടുക്കാം.. സ്വയം ആസൂത്രണം ചെയ്യുന്ന വര്‍ഗ്ഗീയ കലാപങ്ങള്‍ അധികാരതിലെക്കുള്ള പടികളാക്കാം. ആധികാരത്തില്‍ ഇരിക്കുമ്പോള്‍ ഉണ്ടാകുന്ന കലാപങ്ങള്‍ സുസ്ഥിരഭരണത്തിന്നു വളവുമാക്കാം. അതിനൊക്കെയായി ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഏതു ചെകുത്താനും സ്വാഗതവുമരുളാം.
Posted by
Irshad
at
8:12 PM
0
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: പ്രതികരണം, രാഷ്ട്രീയം
Saturday, January 20, 2007
കോടതികള്‍ക്കെതിരെ സമരം ശരിയൊ ?
നിയമനിര്‍മാണങ്ങള്‍ നീതി രഹിതമാകുകയും, നിയമ നിര്‍മാണസഭകള്‍ അഴിമതിയുടെ കൂത്തരങ്ങുകളാകുകയും ചെയ്യുമ്പോള്‍ നന്മയുടെ നീരുറവ തേടി നാമെത്തുക കോടതികള്‍ക്കു മുന്നിലാണു. വ്യക്തമായ സ്വജനപക്ഷപാതം കാട്ടുന്ന ഭരണകൂടങ്ങളെയും മാധ്യമങ്ങളെയും അപേക്ഷിച്ചു നിക്ഷ്പക്ഷത പുലര്‍ത്താന്‍ കോടതികള്‍ക്കു കഴിയുന്നുമുണ്ട്. വ്യക്തമായ നിയമതിന്റെയും, അപഗ്രഥനത്തിന്റെയും, മറുവാദങ്ങളുടെയും അടിസ്ഥാനത്തിലാണല്ലൊ കോടതിവിധികള്‍ ഉണ്ടാവുക. വിധി ശരിയല്ല എന്ന് തൊന്നുന്നവര്‍ക്കു സമീപിക്കാന്‍ വേറെ വേദികളും ഉണ്ട്.
യാതൊരു ന്യായാന്യായങ്ങള്‍ക്കും പ്രസക്തിയില്ലാത്ത നിയമനിര്‍മാണ സഭകളെക്കാള് ഭേദമല്ലെ ഇത്. ജനങ്ങലുടെ വിഢിത്തം കനിഞ്ഞു നല്കുന്ന മൃഗീയ ഭൂരിപക്ഷങ്ങളുടെ ഹുങ്കില്‍ എന്തും കാട്ടാമെന്നും, പ്രതിപക്ഷം എന്നാല്‍ തോറ്റവരാനെന്ന ധാരണയില്‍ ജയിക്കുന്നവന് പറയുന്നതാണു നിയമം എന്ന പ്രാകൃത വ്യവസ്ഥകളെ അനുസ്മരിപ്പിക്കും വിധം ഭരണഘടനയുടെ അന്തസത്തെയെ പോലും മാറ്റിമറിക്കുന്ന രീതിയില്‍ നിയമനിര്‍മാണങ്ങള്‍ നടക്കുമ്പോള്‍ എവിടെയാണു അഭയം തേടുക. ഭരണഘടനയുടെ അന്തസത്തെയെ കാത്തുസൂക്ഷിക്കുന്ന രീതിയില്‍ അഭിപ്രായം പ്രകടിപ്പിക്കാതെ, ഏതെങ്കിലും പക്ഷം പിടിക്കാനാണു ഇന്നു മാധ്യമങ്ങള്‍ക്കും താല്പര്യം.
തങ്ങളുടെ അഭിപ്രായമാണു ശരിയെന്നു സ്ഥാപിക്കാന്‍ കോടതികളിലേക്കു സമരം നടത്തി കൊടതികളിലുള്ള ജനങ്ങളുടെ വിശ്വാസം നശിപ്പിക്കുകയല്ല വേണ്ടത്. സാധാരണക്കാരന്റെ കോടതികളിലുള്ള വിശ്വാസം ഇപ്പോഴെ തകര്‍ത്തില്ലെങ്കില്‍ തങ്ങളുടെ തനി നിറം നാളെ കോടതികള്‍ വഴി പുറത്തെത്തുമ്പോള്‍ ജനങ്ങല്‍ അതും വിശ്വസിക്കില്ലേ ? അതു കൊണ്ടാകും ഇപ്പൊഴേ ഈ കോലാഹലങ്ങള്‍. കോടതികളുടെ വിധികള്‍ അനുകൂലമാകുമ്പോള്‍ അതിനെ അനുമോദിക്കുകയും എതിരാകുമ്പോള്‍ കൊലവിളി നടത്തുകയും ചെയ്യുന്നതു ഉചിതമാണൊ?
തങ്ങളെ എതിര്‍ക്കുന്നവരെല്ലാം തെറ്റെന്നു വിശ്വസിക്കുന്നതു ശരിയല്ല. "നിങ്ങളെയൊരാള്‍ എതിര്‍ക്കുന്നു എന്നതുകൊണ്ടു എതിരാളി തെറ്റായിക്കൊള്ളണമെന്നില്ല"യെന്ന ഗാന്ധിജിയുടെ വാക്കുകള്‍ ഇത്തരുണത്തില്‍ ഓര്‍ത്തുപൊകുന്നു. എന്താണു നിങ്ങളുടെ അഭിപ്രായം??
Posted by
Irshad
at
4:20 PM
1 പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: പ്രതികരണം, രാഷ്ട്രീയം