ആരാ ഈ മഅ്ദനി?
അറിയില്ലെ, കൊടിയ ഭീകരന്‍.
എത്രപേരെ കൊന്നിട്ടുണ്ടാവും?
കൊന്നിട്ടൊന്നുമില്ല. പക്ഷെ ഒരുപാട് കേസുകളില്‍ പ്രതിയാ. പത്തുകൊല്ലം ജയിലില്‍ കിടന്നതാ. മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ ജയിലില്‍ പോകും മുന്‍പ് വയസ്സിനേക്കാള്‍ കൂടുതല്‍ കേസുകള്‍ കേരളത്തിലങ്ങോളമിങ്ങോളം ഉണ്ടായിരുന്നു. ഓനെ അകത്താക്കിയതു പത്തറുപതു പേരു ചത്ത കോയമ്പത്തൂര്‍ സ്ഫോടന കേസിലാ. ഓന്റെ ആദ്യ സംഘടനേ കേന്ദ്രം നിരോധിച്ചതുമാ. കണ്ടാലോ ലാദനെപ്പോലെ, തൊപ്പിവെച്ചു താടി വളര്‍ത്തി, ജുബ്ബയിട്ട ഒരു മുസ്ലിം.
ഓഹോ, അത്ര വലിയ കുറ്റവാളിയാ. എന്തൊക്കെയായിരുന്നു വേറെ കേസുകള്‍?
അതൊക്കെ പ്രസംഗിച്ചതിനാ...
അത്രേയുള്ളോ?
വെറും പ്രസംഗമല്ല. പ്രസംഗിച്ചു വികാരമിളക്കിവിടും. എന്നിട്ടാ ആള്‍ക്കൂട്ടം എന്തിനും തയ്യാറാവും. കൊല്ലാനും ചാകാനും.
ഓഹോ, തൊഗാഡിയയെപ്പോലെയാണോ, അതോ മോഡിയെപ്പോലെയോ, അതോ അദ്വാനിയെപ്പോലെയോ, ഉമാഭാരതിയെപ്പോലെയോ, അതോ ബാല്‍ത്താക്കറയെപ്പോലെയോ? അവരൊക്കെ ആളേ പറഞ്ഞുവിട്ടു കൊല്ലുകേം കത്തിക്കുകേം പലതും തകര്‍ക്കുകേം ചെയ്യുന്ന പോലാണോ? അല്ല, എന്നിട്ടു മഅ്ദനി എത്ര കലാപമുണ്ടാക്കി?
പുള്ളി ഒന്നുമുണ്ടാക്കിയില്ല. കേരളമായതിനാല്‍ കൂടുതലാളെ കിട്ടിയില്ല. സമയവും കിട്ടിയില്ല. പിന്നെ എല്ലാം തുടങ്ങും മുന്‍പ് ഓനെ പൂട്ടിയില്ലെ നമ്മടെ പോലീസ്.
ഓഹോ അപ്പോ ഒന്നും നടന്നിട്ടില്ലല്ലേ? പ്രസംഗിച്ചതിന്നു പത്തുകൊല്ലം തടവോ? പിന്നെന്തിനാ ഓന്റെ സംഘടന നിരോധിച്ചെ?
അത്... അതു അയോദ്ധ്യേലെ തര്‍ക്ക മന്ദിരം തകര്‍ത്തപ്പോഴായിരുന്നു.
അപ്പോ, ക്വട്ടേഷന്‍ ടീമായിരുന്നാ, അപ്പുറത്തും ഇപ്പുറത്തും നില്‍ക്കാന്‍? ഞമ്മള്‍ കേട്ടിരിക്കുന്നതു സംഘ്പരിവാറാ പള്ളി പൊളിച്ചേന്നാ. ഇപ്പോ ലിബറാനും അതന്നേയല്ലെ പറഞ്ഞിരിക്കുന്നെ? പിന്നെങ്ങനെ ഈ മുസലിയാരു അതില്‍ പെട്ടു. എന്നിട്ട് ആ സംഘടന ഇപ്പോഴും നിരോധനത്തിലാ?
അല്ല, പള്ളിപൊളിച്ച ചില സംഘ്പരിവാര്‍ സംഘടനകളെ നിരോധിച്ചപ്പോള്‍ കൂട്ടിനു നിരോധിച്ചതാ. എല്ലാവരുടേയും നിരോധനം നീക്കി. പക്ഷെ ഈ പുള്ളിക്കാരന്‍ സംഘടന പിരിച്ചുവിട്ടു പുതിയ രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കി.
പുള്ളി എന്താ പ്രസംഗിച്ചെ?
ഇന്ത്യയില്‍ പലയിടത്തും മുസ്ലീംങ്ങളെ കൊന്നു തള്ളുന്നെന്നും, കേരളത്തില്‍ തന്നെ പള്ളിയില്‍ വരെ കേറി മുസലിയാക്കന്മാരെ കൊല്ലുന്നതു ഇവിടെ അതു നടപ്പാക്കുന്നതിന്റെ ആദ്യ പടിയാണെന്നുമൊക്കെയായിരുന്നു പ്രസംഗം. അക്കാലത്തു രാത്രി പള്ളിയില്‍ വെച്ചു വെട്ടേറ്റ് ചില മുസലിയാക്കന്മാര്‍ മരിച്ചിരുന്നു. പിന്നെ ഉത്തരേന്ത്യയിലെയും, ബംഗാളിലേയും, ലോകത്തെ പല രാഷ്ട്രങ്ങളിലേയും മുസ്ലീംങ്ങളുടെ അവസ്ഥയും, സാമ്രാജ്യത്ത അധിനിവേശങ്ങളും അതിന്റെ ലക്ഷ്യങ്ങളും, പ്രധിരോധ നിര തീര്‍ക്കേണ്ടതിന്റെ ആവശ്യകതയുമൊക്കെ വികാരം കൊള്ളിക്കുന്ന തീവ്രമായ വാക്കുകളില്‍ പച്ചക്കു വിളിച്ചു പറഞ്ഞുകളഞ്ഞു പഹയന്‍.
ഓന്‍ പറഞ്ഞതൊക്കെ കളവാ?
അല്ല, പറഞ്ഞതൊക്കെ നേരാ, എന്നാലും അങ്ങനങ്ങ് പറയാമൊ? ഇതൊരു മതേതര രാഷ്ട്രമല്ലെ?
ആദ്യമവന്‍ മുസ്ലീംങ്ങളുടെ അവസ്ഥയെപ്പറ്റി പറഞ്ഞു. എന്നിട്ടു ആര്‍.എസ്.എസ്സിനു ബദലായി ഐ.എസ്.എസ്സ് എന്നൊരു സംഘടനയുണ്ടാക്കി. കുറ്റം പറയരുതല്ലോ, പിന്നീട് വെട്ടേറ്റ് വേറെ മുസലിയാക്കന്മാരാരും മരിച്ചില്ലെന്നാണറിവു. നിരോധനം വന്നപ്പോ കുറച്ചുകൂടി പക്വത വന്നു. അപ്പോള്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി ഒണ്ടാക്കി ന്യൂനപക്ഷങ്ങളുടെ പൊതു അവസ്ഥയെക്കുറിച്ചായി പറച്ചില്‍. ഇനിയും പക്വത വന്നാല്‍ ശരിയാവില്ലെന്നു ഞമ്മടെ പാര്‍ട്ടികള്‍ക്കൊക്കെ പെട്ടെന്നു മനസ്സിലായി. പിന്നെ, ഇന്ത്യയില്‍ എല്ലായിടത്തും ഒരുപാട് തീവ്രവാദികളുണ്ട്. നമ്മടെ കേരളത്തിലും വേണ്ടേ ഒരു തീവ്രവാദി? കാഴ്ച്ചയില്‍ ലക്ഷണമൊത്ത ഓരാളെ കിട്ടിയാ വിടാന്‍ പറ്റുമോ?
എന്നാലും തീവ്രമായി പറഞ്ഞൂന്ന് വെച്ചു തീവ്രവാദിയാകുമൊ?
എടോ ഹിറ്റ്ലറും പറഞ്ഞതേയുള്ളായിരുന്നു. അതു കേട്ടു ചെയ്തതൊക്കെ മറ്റുള്ളവരാ.
അല്ല കോയാ, ഹിറ്റ്ലര്‍ ചെയ്തൂന്നു പറയുന്നതൊക്കെ കുറഞ്ഞുപോയോന്നു ഇപ്പോഴത്തെ ഇസ്രായേലിന്റെ പണികള്‍ കാണുമ്പോള്‍ തോന്നാറില്ലെ? അതുപോട്ടെ, ഓന്റെ ഭാര്യേ പൊക്കാന്‍ നമ്മടെ പോലീസു നടക്കുന്നതെന്തിനാ?
അതെ, വിചാരണയില്ലാതെ ഏഴെട്ടു വര്‍ഷം തമിഴ്നാട്ടിലൊരു ജയിലില്‍ പുള്ളിയെ പൂട്ടിയിട്ടപ്പം ഓന്റെ പാര്‍ട്ടിപ്പുള്ളാരു തമിഴ്നാടിന്റെ ഒരു ബസ്സങ്ങു കത്തിച്ചു. അതിന്റെ പേരിലാ ഈ പിടുത്തം. കത്തിച്ചോരു ഓളെ പലവട്ടം വിളിച്ചിരുന്നത്രേ.
ഓഹോ, അത്രേയുള്ളോ? ഞമ്മടെ പാര്‍ട്ടിക്കാരു പിള്ളേര് പെട്രോള്‍ ബോംബെറിഞ്ഞും തല്ലിയും എന്തുമാത്രം പൊതുമുതലു വര്‍ഷാവര്‍ഷം തുലക്കുന്നു. ഈ കേസുകൊണ്ട് അതെങ്കിലും നിന്നാല്‍ മതിയായിരുന്നു. അതങ്ങനെ തന്നെ വേണം. എറിയാനും കത്തിക്കാനും പറഞ്ഞുവിടുന്നോനെ തന്നെ പൊക്കണം. ഇങനെ പോയാല്‍ ഞമ്മടെ പാര്‍ട്ടി നേതാക്കന്മാരെല്ലാം ഉടന്‍ അകത്താകുമല്ലോ?
അപ്പോള്‍ പൊതുമുതല്‍ നഷിപ്പിച്ചതാ കേസല്ലെ?
അല്ല കോയാ, കത്തിച്ച പഹയന്മാരിപ്പോള്‍ ലഷ്കറിന്റെയൊക്കെ ഇവിടുത്തെ നേതാക്കന്‍മാരാണടോ? അതുകൊണ്ടാ അതൊരു തീവ്രവാദിക്കെസായതു.
അതു കള. പോളേട്ടനെ കൊന്നതില്‍ ഒരു മുസ്ലിമുണ്ടായിരുന്നേലതും തീവ്രവാദിക്കേസായേനെ. ലെറ്റര്‍ബോംബു പൊട്ടിക്കണവന്‍ മതമനുസരിച്ചു തീവ്രവാദിയും മന്ദബുദ്ധിയുമാവണതു നമ്മളെത്ര കണ്ടതാ കോയാ. പിന്നെ, ചെറിയ ചെറിയ കല്ലേറിനും ബസ്സുകത്തിക്കലിനുമൊക്കെ നേതൃത്വം കൊടുക്കുന്നോരയല്ലെ ഞമ്മളു സാധാരണ ഭരണമേല്‍പ്പിക്കാറ്. ഓന്മാര്‍ക്കെന്താ ആ പണി വേണ്ടേ? അതിനേക്കാള്‍ ബല്യപണിയാ ഈ ലഷ്കറിന്റെ പണി?
ഇതു നമ്മുടെ ശത്രുവിനുവേണ്ടി പണിയെടുക്കുന്നോരാ, അങ്ങനെയുള്ളവരും ശത്രു തന്നെ. പത്രങ്ങളു പുറത്തുകൊണ്ടുവരണ വാര്‍ത്തകള്‍ നി കാണുന്നില്ലേ?
അതു ശരി തന്നെ. ഇവിടുത്തെ പ്രശ്നങ്ങള്‍ ഇവിടെത്തന്നെ തീര്‍ക്കണം. അല്ലാതെ ശത്രുരാജ്യത്തെ കൂട്ടുപിടിക്കണോനെ കൊന്നു തള്ളണം. പക്ഷെ, മാധ്യമങ്ങളില്‍ വന്നതൊക്കെ നമുക്കു തൊണ്ടതൊടാതെ വിഴുങാന്‍ പറ്റുവോ? അങ്ങനാണേല്‍ പാര്‍ലമെന്റാക്രമണക്കേസിലെ ഗീലാനീം, കോയമ്പത്തൂര്‍ കേസില്‍ പെട്ട ഈ മഅ്ദനീം, ലണ്ടന്‍ സ്ഫോടനക്കേസില്‍ പെട്ട ഹനീഫുമൊക്കെ എന്നേ മയ്യത്തായേനെ. ലൌജിഹാദും റോമിയോയുമൊക്കെ തീര്‍ന്നില്ലെ? കലങ്ങിത്തെളിയും വരെ കാത്തിരിക്കുക തന്നെ?
പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......
Tuesday, December 15, 2009
ആരാ ഈ മഅ്ദനി?
Posted by
പഥികന്‍
at
11:52 AM
Labels: പ്രതികരണം, രാഷ്ട്രീയം
Subscribe to:
Post Comments (Atom)


19 പേരുടെ അഭിപ്രായങള്‍ ഇവിടെ:
ശരി തെറ്റുകള്‍ തിരിച്ചറിയാനാവാതെ വിഷമിക്കുന്ന മനസ്സിന്റെ ചോദ്യോത്തരങ്ങള്‍.
പേടിയാവുന്നു. :)
മദനിക്ക് പറ്റിയ കുഴപ്പം അയാള്‍ ഇടതു പക്ഷത്തെ അങ്ങ് സഹായിച്ചു എന്നതാണ്. യുഡീഎഫിനെ സപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ .... ഇത്ര വലിയ പുകില്‍ ഉണ്ടാകുമായിരുന്നില്ല...
മദനി മുമ്പ് ചെയ്ത തീവ്ര പ്രസംഗങ്ങള്‍ക്ക് അദ്ദേഹം മാപ്പ് പറഞ്ഞു. എന്നാല്‍ മുമ്പ് ചെയ്ത ഭീകരതെയും തീവ്ര പ്രസംഗങ്ങളെയും ശക്തമായി ന്യായീകരിക്കുന്ന തൊഗാഡിയ,കല്യാണ്‍സിംഗ്,ഉമാഭാരതിംതാക്കാറെ, ഋതാംബര മോഡിമാര്‍ ഇവിടെ കിടന്ന് വിലസുന്നു.
എന്ത് തന്നെ പറഞ്ഞാലും ശക്തമായ വിവേചനം നിലനില്‍ക്കുന്നു.
ഇരവാദം ഉണ്ടാക്കിയാൽ കുറച്ച് കാലം പിടിച്ച് നിൽക്കാം പക്ഷെ എപ്പോഴും അത് സത്യമാവണമെന്നില്ല.
എന്റെ പോസ്റ്റിൽ നിന്ന്
ഞാനും വിശ്വസിക്കാം എല്ലാം കെട്ടുകഥകൾ, മാധ്യമ സിൻഡികേറ്റ്, പോലിസ് കഥകൾ പക്ഷെ എന്റെ മനസാക്ഷി കോടതിയിൽ അങ്ങയെ വിചാരണ ചെയ്യാൻ കേരള സമൂഹത്തിൽ ഉണ്ടാക്കിയ വർഗ്ഗീയ ചിന്തകൾ തന്നെ ധാരാളം.
ശ്രദ്ധേയന്‍,
എനിക്കും പേടിയാവുന്നു. ഒരു സമൂഹം മുഴുവന്‍ ഭയപ്പാടിലാണെന്നതും സത്യം.
ചിന്തകന്‍,
താങ്കള്‍ പറഞ്ഞതില്‍ ശരിയുണ്ട്. ഇടതുപക്ഷം വളരെ മോശമായ അവസ്ഥയില്‍ കടന്നുപോകുമ്പോള്‍ കൂടെ കൂടിയവരെല്ലാം നാറുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ഇതൊക്കെയായിട്ടും മദനി ഇടതുപക്ഷത്തിന്റെ കൂടെ കൂടിയതു അധികാരത്തിന്റെ മറവില്‍ ചിലതെല്ലാം മറയ്ക്കാമെന്നു കരുതിയിട്ടുമാവില്ലെ? അങനെയും ചിന്തിച്ചു കൂടെ?
കാക്കര - kaakkara,
മദനി വര്‍ഗ്ഗീയ ചിന്തകള്‍ സമൂഹത്തില്‍ ഉണ്ടാക്കിയെന്നതു അദ്ദേഹമുള്‍പ്പെടെ ഏവരും സമ്മതിക്കുന്ന കാര്യമാണ്. ആര്‍.എസ്.എസ്സിനെപ്പോലുള്ള സംഘടനകള്‍ പതിറ്റാണ്ട് മുന്‍പേ ഒരു വിഭാഗത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുകയും അക്രമം നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ന്യൂനപക്ഷ സമുഹം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതും സത്യം.
ഇവിടെ ഇങ്ങനെയൊക്കെയാണ്, നിങ്ങള്‍ കാണുന്നില്ലേ? എന്നു ചോദിച്ചുള്ള ഒരു ബോധവല്‍ക്കരണമല്ലെ മദനി നടത്തിയതു?
മദനി കളവുകള്‍ പറഞ്ഞായിരുന്നോ വര്‍ഗ്ഗീയ വല്‍ക്കരണത്തിനു കളമൊരുക്കിയതു?
നിങ്ങളുടെ വീക്ഷണങ്ങളറിയിച്ച കൂട്ടുകാരെ ഇവിടെ വന്നതിനു നന്ദി. വീണ്ടും വരിക.
പാർശ്വവൽക്കരിക്ക പെട്ട സമുദായമെന്നുള്ളതും ഇരവാദത്തിന്റെ മറ്റൊരു രീതി.
മദനിയുടെ പ്രസംഗങ്ങളിൽ ആകൃഷ്ടരായി അല്ലെങ്ങിൽ മദനിയുടെ തണലിൽ വളർന്നവർ ചെയ്യുന്ന കലാപരിപാടികൾക്കും മദനി ഉത്തരവാദിയാണ്.
ബോധവൽക്കരണം നടത്തി കഴിയുമ്പോൾ ഇതാണ് സ്ഥിതിയെങ്ങിൽ ആ ബോധവൽക്കരണത്തിൽ എന്തൊ പന്തികേടില്ലേ?
ഇനി കളവിന്റെ കാര്യം: രാമൻ മുഹമ്മദിനെ തല്ലിയാൽ, ഒരു ഹിന്ദു മുസൽമാനെ തല്ലി എന്നു പറയാൻ അധികം ബുദ്ധിയൊന്നും വേണ്ടാ.
നമ്മുടെ തെറ്റുകൾ അന്യന്റെ തെറ്റുകൾകൊണ്ട് പ്രതിരോധിച്ചാൽ അന്യന് നമുടെ പേരിലും തെറ്റുകൾ ചെയ്യാമല്ലോ?
കാക്കര - kaakkara,
നന്ദി വീണ്ടുമെത്തിയതിനു.
തീര്‍ച്ചയായും അക്രമങ്ങള്‍ തെറ്റുകള്‍ തന്നെയാണ്. പ്രധിരോധമെന്നതിനെ അക്രമവുമായി കൂട്ടിക്കുഴക്കരുതു. കൂടാതെ ബോധവല്‍ക്കരണമെന്നതിനെ സ്വന്തമവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവിലെത്തുക എന്നാണ് ഉദ്ദേശിച്ചത്.
നല്ല മാര്‍ക്കു വാങ്ങിയാലെ നല്ല നിലയിലെത്തു എന്നു ഒരദ്ധ്യാപകന്‍ ഉപദേശിച്ചതുകൊണ്ട്, നല്ല മാര്‍ക്ക് വാങ്ങാനൊരുവന്‍ കോപ്പിയടിച്ചാല്‍ ആരെയാ ശിക്ഷിക്കേണ്ടതു? അദ്ധ്യാപകനെയോ?
മഅ്ദനിയോ, സൂഫിയോ ഏതെങ്കിലും അക്രമത്തിനു നേതൃത്വം കൊടുത്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ? എന്തിനു സാമൂഹ്യരംഗം കെട്ടുകഥകള്‍ കൊണ്ടു കലുഷിതമാക്കണം.
കലാപങ്ങള്‍ നയിച്ചവര്‍, ആയിരങ്ങളെ കൊലചെയ്തവര്‍, അന്വേഷണ കമ്മീഷനുകള്‍ പ്രതിപട്ടികയില്‍ ചുണ്ടിക്കാട്ടിയവര്‍, സ്വയം ഒളി-കാമറകള്‍ക്കു മുന്നില്‍ സത്യം വെളിപ്പെടുത്തിയവര്‍, എല്ലാവരും സസുഖം വാഴുമ്പോള്‍, ഒരു തെളിവുമില്ലാതെ, ആരോ ഫോണ്‍ വിളിച്ചു എന്ന ഒരൊറ്റ മൊഴിയില്‍ പത്തുവര്‍ഷം ഒരാള്‍ക്കു നഷ്ടപ്പെടുത്തിയതു ക്രൂരതയല്ലെ? വിണ്ടും ഒരു തനിയാവര്‍ത്തനം. ഒരു ഫോണ്‍കോള്‍. മറുപാതി ജയിലിലേക്ക്.
മാധ്യമങ്ങളെ പൂര്‍ണ്ണമായും വിശ്വസിക്കരുതെന്നു ഒരു അപേക്ഷയുണ്ട്. പോലീസ് ഭാഷ്യമെന്നു വരുന്ന കഥകളെ സത്യമെന്നു കരുതിയിരുന്ന ഒരു കാലം എനിക്കും ഉണ്ടായിരുന്നു. ഇന്നു ഒരു പക്ഷത്തിന്റേയും ഇത്തരം മാധ്യമകണ്ടെത്തലുകളെ ഞാന്‍ വിശ്വസിക്കില്ല. ലണ്ടന്‍ സ്ഫോടനാനന്തരം നമ്മുടെ മാധ്യമങ്ങലില്‍ നിറഞ്ഞ കഥകള്‍ പച്ചക്കള്ളങ്ങളായിരുന്നു എന്നതിന്റെ നേരിട്ടുള്ള അറിവാണതിനു കാരണം. ആ വിവരങ്ങള്‍ “അതിഭീകരം, ഈ മാധ്യമ ഭീകരത“ http://neerurava.blogspot.com/2008/12/blog-post.html എന്ന പോസ്റ്റിലുണ്ട്.
സത്യങ്ങളെ തിരിച്ചറിയരുതെന്ന ശാഠ്യത്തോടെ മാധ്യമങ്ങള്‍ വളരെ ശക്തമായിതന്നെ നുഴഞ്ഞുകയറിരിക്കുന്നു. വിശ്വസിക്കാനാവാത്ത നുണകളുടെ പെരുമഴ തന്നെ നമ്മുടെ തലക്കു മീതെ വീണുകൊണ്ടിരിക്കുന്നു,വിശ്വസിപ്പിക്കുന്ന വിധം.
ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു എല്ലാം...
മാധ്യമങ്ങളേയോ പോലിസിനേയോ എന്തിന് കോടതി വിധിയേയോ പൂർണമായി വിശ്വാസിക്കേണ്ട്തില്ല.
സ്വന്തം അവസ്ഥയിലേക്കല്ല മദനിയുടെ ബോധവൽക്കരണം എത്തിയത്. അതിന്റെ തെളിവാണല്ലോ നാം കാണുന്ന അനുയായികൾ
പഠിച്ച് നല്ല മാർക്ക് വാങ്ങണം എന്നതിന് പകരം നീയൊക്കെ പഠിച്ച് എന്ത് എഴുതിയാലും മാർക്ക് കിട്ടില്ല എന്ന് പറഞ്ഞാൽ, ഉത്തരവാദി ആർ?
പ്രതിരോധത്തിന്റെ മാർഗ്ഗമാണ് പ്രശ്‌നം, അതുകൊണ്ടാണ് പ്രതിരോധവും അക്രമവും കൂട്ടിവായിക്കുന്നത്.
എല്ലാം കാലം തെളിയിക്കട്ടെ!
pattepadamramji,
താങ്കളുടെ സാന്നിദ്ധ്യത്തിനും അഭിപ്രായത്തിനും നന്ദി. ആരോപണമുന്നയിക്കുന്നതില്‍ ഒരു ഉളുപ്പില്ലാതായിരിക്കുന്നു പലര്‍ക്കും. ദൃശ്യ മാധ്യമങ്ങള്‍ ഒരാളുടെയും മഹത്വം അംഗികരിക്കുന്നില്ല. എപ്പോഴും ഏതുവിഷയത്തിലും നെഗറ്റീവ് ചിന്തകളാണ് കാണുന്നതു. ഇപ്പോള്‍ സൂഫിയയെ അറസ്റ്റ് ചെയ്യിച്ചപ്പോള്‍ സന്തോഷം തോന്നുണ്ടാവും പലര്‍ക്കും. എത്രയും പെട്ടെന്ന് ഈ അവസ്ഥയില്‍ എത്തിക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിഞ്ഞു. പല തിരിച്ചറിവുകളിലും ദു:ഖിക്കുന്നവര്‍ക്കു ആരൊക്കെയോ നല്‍കുന്ന ഒരു പാഠമുണ്ടതില്‍, “നിങ്ങള്‍ ഷണ്ഠന്‍മാരാകുക, അല്ലെങ്കില്‍ പിച്ചിക്കീറുന്നതിന്ന് നിന്നു തരിക”.
ബസ്സ് കത്തിച്ചതു സൂഫിയ ആണെങ്കില്‍ പോലും, വിചാരണയില്ലാത്ത-ഉമ്മമരിച്ചിട്ടുപോലും ജാമ്യമില്ലാത്ത-നിരപരാധിയായ മഅ്ദനിയുടെ പത്തുവര്‍ഷങ്ങള്‍, എന്തെന്നറിയാതെയുള്ള ഒരു 25-കാരി പെണ്‍കുട്ടിയുടെ നെട്ടോട്ടത്തില്‍ ഒരു നിമിഷം പ്രതികാരചിന്ത ഉദിച്ചു പോയാല്‍ മനസ്സാക്ഷിക്കോടതികളില്‍ അവ ന്യായീകരണം നല്‍കും. നമ്മുടെ നായക സല്‍പ്പങ്ങളൊക്കെ അങ്ങനെയല്ലെ?
പൊതുപ്രശ്നത്തില്‍ പൊതുമുതല്‍ നശിപ്പിക്കുക എന്നൊരു ബോധം നമ്മുടെ പൊതുസമൂഹത്തിലുണ്ടായിപ്പോയി. അനുയായികളുടെ പ്രവര്‍ത്തിക്കു നേതാവു ജയിലില്‍ പോകുമായിരുന്നെങ്കില്‍ ഏതു നേതാവാ ഇന്നു പുറത്തുണ്ടാകുക?
കാക്കര - kaakkara
“പഠിച്ച് നല്ല മാർക്ക് വാങ്ങണം എന്നതിന് പകരം നീയൊക്കെ പഠിച്ച് എന്ത് എഴുതിയാലും മാർക്ക് കിട്ടില്ല എന്ന് പറഞ്ഞാൽ, ഉത്തരവാദി ആർ?”
ഈ ചോദ്യം എനിക്കിഷ്ടപ്പെട്ടു. നല്ല ചിന്ത.
“നീയൊക്കെ പഠിച്ച് എന്ത് എഴുതിയാലും മാർക്ക് കിട്ടില്ല“ എന്നതൊരു യാദാര്‍ത്ഥ്യമാണെങ്കിലോ?
“പ്രതിരോധത്തിന്റെ മാർഗ്ഗമാണ് പ്രശ്‌നം, അതുകൊണ്ടാണ് പ്രതിരോധവും അക്രമവും കൂട്ടിവായിക്കുന്നത്.“
ശരിയാണ്, ചിലര്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗം നല്ലതല്ല. പക്ഷെ ഒരു വലിയ വിഭാഗം നേരായ മാര്‍ഗ്ഗം തിരഞ്ഞെടുക്കുന്നുണ്ട്. അതും പ്രശ്നത്തെക്കുറിച്ചും വിഷയത്തെ കുറിച്ചും ബോധമുണ്ടായതിനാലാണ്.
നന്ദി. കാലം തെളിയിക്കട്ടെ.
അമ്മയെ തല്ലിയാലും രണ്ടൂ പക്ഷം.
മദനി നിരപരാധിയാണെന്നു കരുതാന്‍ വയ്യ.എന്തൊക്കെ പറഞ്ഞാലും ഇസ്ളാമിക തീവ്രവാദം കേരളത്തിലും തലപൊക്കിതുടങ്ങി.ശത്രുവിണ്റ്റെ തെറ്റുകള്‍ കൊണ്ടു സ്വന്തം ചെയ്തികളെ ന്യായീകരിക്കാന്‍ ആര്‍ക്കും കഴിയും.മതതീവ്രവാദങ്ങളെ ഫലവത്തായി നേരിടണമെങ്കില്‍ അതാതു സമുദായത്തിലെ മിതവാദികള്‍ ശക്തമായി രംഗത്തെത്തണം.കാരണം ജനക്കൂട്ടത്തിനെ പലപ്പൊഴും നയിക്കുന്നതു വികാരമാണു.പഥികണ്റ്റെ ധീരതയെ അംഗീകരിക്കുന്നു.വിവേചനത്തിനു കാരണം മുന്‍ വിധികള്‍ മാത്രമാണൊ?.
സണ്ണിക്കുട്ടന്‍,
പക്ഷം പിടിക്കുന്നൊന്നുമില്ല മാഷേ. ശരിയേതെന്നു കണ്ടെത്താനുള്ള ശ്രമമാണ്.
ഡെന്നി,
മദനി നിരപരാധിയാനെന്നു കരുതേണ്ടതില്ല. പക്ഷെ കുറ്റവാളിയാണെന്നു ഉറപ്പിക്കാനും പാടില്ല. ഒന്നിലും ശിക്ഷിക്കപ്പെട്ടില്ല. ഒരു അന്വേഷണകമ്മീഷനും കുറ്റവാളിയെന്നു പറഞ്ഞിട്ടുമില്ല.
നമുക്കു ശരിയെന്നു ഉത്തമ ബോധ്യമുള്ളതിനെ അവതരിപ്പിക്കുമ്പോള്‍ വാക്കുകളില്‍ തീവ്രതയുണ്ടാവുക സ്വാഭാവികമല്ലെ? മദനിയുടെ സംസാരം തീവ്രമായിരുന്നു. പക്ഷെ കൊല്ലാനോ കലാപത്തിനോ ഉള്ള ആഹ്വാനം പ്രസംഗങ്ങളില്‍ ഉണ്ടായിരുന്നില്ല. പ്രതിരോധം ആവശ്യമെന്നു സ്ഥാപിക്കുകയും, ആവശ്യം വന്നാല്‍ കായികമായി നേരിടാന്‍ ആളെക്കൂട്ടുകയും ചെയ്തു ആദ്യകാലങ്ങളില്‍. ആര്‍.എസ്.എസിനെപ്പോലെ, ഡിഫിയെപ്പോലെ ഒരു സംഘടന. ഞാനതിനെ അംഗീകരിക്കുന്നില്ല. വ്യക്തികളും സംഘടനകളും ആയുധമെടുക്കുന്നതിന്റെ ഭവിഷത്തുകളെ കുറിച്ചു ഞാന്‍ തന്നെ മുന്‍പ് എഴുതിയിട്ടുമുണ്ട്. ഇന്ത്യയില്‍ ഏവര്‍ക്കും അനുയോജ്യമായ മാര്‍ഗം ഗാന്ധിമാര്‍ഗം തന്നെയാണെന്നു ഉത്തമ ബോധ്യമുള്ള ഒരാളാണ് ഞാന്‍.
തീര്‍ച്ചയായും കേരളത്തിലും ചില ചെറുപ്പക്കാര്‍ വഴി പിഴച്ചു പോയിട്ടുണ്ട്. ചെയ്യുന്ന തെറ്റിനെ തള്ളിപ്പറയുമ്പോള്‍ തന്നെ അവരതിനു തയ്യാറായ സാഹചര്യം കണ്ടെത്തേണ്ടതുണ്ട്.
വീടും കുടുംബവും എല്ലാമുപേക്ഷിച്ചു ഇതിനൊക്കെ ഇറങ്ങണമെങ്കില്‍ കാരണം മതമാണോ? അല്ല, ഇവിടെ മുന്‍പും മതമുണ്ടായിരുന്നു. കേരളത്തില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ വളരുന്നതു ഏതു മതത്താലാണ്?
മതമാണ് കുട്ടികളെ മരിക്കാന്‍ കൊണ്ട്പോകുന്നതെങ്കില്‍ ഇക്കാലമത്രയും ഇവിടെ ഈ മതം ഉണ്ടായിരുന്നില്ലെ?
മിതവാദികള്‍ രംഗത്തെത്തിയാല്‍ അവരെയും തീവ്രവാദിയെന്നു മുദ്രകുത്തില്ലെ? മിതമായിപ്പോലും മതത്തിനുവേണ്ടി പറയാന്‍ പാടില്ലെന്നു വരുത്തി തീര്‍ത്തിരിക്കുന്നു.
നാമൊക്കെ ക്യാമ്പസ്സുകള്‍ വഴി വന്നവരാണ്. കണ്ടിട്ടുണ്ടോ ലൌജിഹാദിനെ? എന്തൊക്കെ കൊലാഹലങ്ങളായിരുന്നു ഇവിടെ? അര്‍ദ്ദസത്യങ്ങള്‍ മാധ്യമങ്ങള്‍ എഴുന്നള്ളിച്ചാലും മനസ്സിലാക്കാം. പൂര്‍ണ്ണ അസത്യവും അതിന്മേല്‍ അപസര്‍പ്പക കഥകളും വന്നാല്‍ എന്തു ചെയ്യും. ചിലതൊക്കെ അറിഞ്ഞു പോയതുകൊണ്ടാണ് ഈ പരിഭവം.
അസത്യം വിളമ്പുന്ന മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടേ?
മത വര്‍ഗ്ഗീയതയെ താരതമ്യങ്ങളിലൂടെ വെള്ളപൂശി വാഴ്ത്തപ്പെടേണ്ട സത്കര്‍മ്മമായി മാറ്റാമെന്ന് ഈ പോസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു....
ഹഹഹഹഹ....... സത്യത്തില്‍ ഇസ്ലാം മതവിശ്വാസികളല്ലാത്ത
ജനങ്ങളും ഈ വിധത്തില്‍ ഭയപ്പെടണമെന്നും, തങ്ങളുടെ മതങ്ങളുടെ
ചിറകിനുള്ളില്‍ സുരക്ഷ തേടണമെന്നും ധ്വനിപ്പിക്കപ്പെടുന്നു.
രാഷ്ട്രീയ കക്ഷികളെ എന്നോ വിലക്കെറ്റുത്തുകഴിഞ്ഞു...
ഇപ്പോള്‍ കുറച്ചെങ്കിലും ആശ്വാസം ലഭിക്കുന്നത് മാധ്യമങ്ങളെങ്കിലും
മതവര്‍ഗ്ഗീയതയുടെ കുറ്റവാളികളെ മറനീക്കി പുറത്തുകൊണ്ടുവരുന്നു എന്നതിലാണ്.
ചിത്രകാരന്റെ പോസ്റ്റ്:സൂഫിയ-മദനി മെഗസീരിയല്‍ ?
ചിത്രകാരന്‍,
മതവര്‍ഗ്ഗിയതയെ വെള്ളപൂശാനുള്ള ശ്രമമല്ല. ചില കാര്യങ്ങളെ ഉള്ളി പൊളിക്കുമ്പോലെ പൊളിച്ചതാ. പക്ഷെ അതില്‍ പരസ്പരം വെള്ളപൂശാനുള്ള വകയുണ്ടെന്നു താങ്കള്‍ക്കു ബോധ്യമായോ? ആ അസമത്വങ്ങളെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാം.
മതത്തിലേക്കു മടങ്ങുകയെന്നൊന്നും ഉദ്ദേശിച്ചില്ല. ആശ്രയം ദൈവം മാത്രമെന്നു ബോധ്യമാകുന്ന വിശ്വാസി മതത്തിലേക്ക് ഒതുങ്ങുന്നതാവും. അത് നമ്മുടെ സാമൂഹ്യരംഗത്തു സംഭവിക്കുന്ന ഒരു മോശമായ പരിണതിയായി കാണാം. പടിക്കുപുറത്തു നിര്‍ത്തപ്പെടുന്നവന്‍ സ്വാഭാവികമായും തുറന്നിട്ട വാതായനങ്ങള്‍ തേടിയേക്കും. അതു നേര്‍വഴിയാവട്ടേയെന്നു ആശിക്കാം. നന്ദി.
പഥികൻ,
പഠിച്ചെഴുതിയാൽ മാർക്ക് കിട്ടാത്ത അവസ്ഥ് ചുരുങ്ങിയ പക്ഷം കേരളത്തിലെങ്ങിലും കുറവാണ്. 100% സമത്വം ഉണ്ട് എന്ന് അവകാശപ്പെടുന്നില്ല.
ഒരു വലിയ വിഭാഗം നേരായ മാർഗ്ഗം തിരഞ്ഞേടുക്കുന്നുണ്ട്. നൂറു ശതമാനം സത്യം, ഞാനും അങ്ങികരിക്കുന്നു.
നേരായ മാർഗ്ഗം സീകരിക്കുന്നവരുടെ ഏറ്റവും വലിയ ഉത്തരവാദിതം - സ്വന്തം മതത്തിന്റെ പേരിൽ ആരെങ്ങിലും മുതലെടുക്കുണ്ടെങ്ങിൽ അത് എന്റെ മതത്തിന്റെ പേരിൽ വേണ്ടാ എന്ന് ഉറക്കെ പറയുക തന്നെ വേണം. ഇത് എല്ലാ മതത്തിനും പാർട്ടികൾക്കും ബാധകം.
പാളയം പള്ളിയിൽ ജുമാ നമസ്കാരത്തിന് ശേഷം സെക്രട്ടറിയേറ്റ് നടയിൽ നിരഹാരമിരിക്കും. ഇവിടെ നിശബ്ദ വിശ്വാസികൾ ഉറക്കെ പറയണം സൂഫിയ പ്രശ്‌നവും ഇസ്ലാമും തമ്മിൽ കൂട്ടികുഴക്കരുത്!
ശ്രീ പത്മനാഭ ക്ഷേത്രത്തിൽ തൊഴുത് ഉണ്ണിത്താനും പാളയം ക്രിസ്‌ത്യൻ പള്ളിയിൽ ഞായഴാഴ്‌ച്ച കുർബനക്ക് ശേഷം ജോസഫും... എങ്ങനെയിരിക്കും.
പോസ്റ്റ് നന്നായി. പിന്നെ അല്പം ചരിത്രം ഇവിടെ
fantastic post!!
Buy Essay | Buy Thesis | Research Paper Writing
Post a Comment